കാലം കൈവെള്ളയിൽ വരച്ചത്‌

ജീവിതത്തിലെ നിഴലും വെളിച്ചവുമാണ്‌ തുമ്പും തുരാലും. അനുഭവങ്ങൾക്ക്‌ ദാരിദ്ര്യമില്ലാത്ത ശ്രീ. സി.വി. ശ്രീരാമനാണ്‌ ഈ പുസ്‌തകത്തിന്റെ രചയിതാവ്‌. അനുഭവങ്ങൾ നിരന്തരം വ്യക്തികളായും സംഭവങ്ങളായും അദ്ദേഹത്തിലേക്ക്‌ ഒഴുകിയെത്തുന്നു. സർവഥാ ഉണർന്നിരിക്കുന്ന ഈ ഗ്രന്ഥകാരൻ സ്വജീവിതത്തിലെ 12 പടികളേയും ഒരഭിമുഖത്തേയും ഈ പുസ്‌തകത്തിലേക്ക്‌ സന്നിവേശിപ്പിച്ചിരിക്കുകയാണ്‌. എന്നാൽ ഗ്രന്ഥകർത്താവിന്റെ അനുഭവങ്ങൾ ഒരു പുസ്‌തകത്തിലൊതുക്കാവുന്നതല്ല എന്നു നമുക്കറിയാം. കൈയൊന്നു നീട്ടിയപ്പോൾ കൈക്കുടുന്നയിൽ കിട്ടിയ ചുരുക്കം ചില അനുഭവങ്ങളാണ്‌ ഇതിലൂടെ അദ്ദേഹം പകരുന്നത്‌. ഇവയിലാകട്ടെ സത്യരേണുക്കളുടെ പ്രകാശം ആവോളമുണ്ടുതാനും.

കുട്ടിക്കാലം ഇതൾ വിരിയുന്ന ഒന്നാം പടിയിൽ വച്ച്‌ എഴുത്തുകാരൻ അറിയുന്നു, താനിപ്പോൾ ഒരു പുതിയ ലോകത്തിന്റെ താഴ്‌വരയിലാണെന്ന്‌. എസ്‌.എൻ.ഡി.പി. പ്രവർത്തനത്തിൽ നിന്നും വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകൻ എന്ന നിലയിലേക്കുള്ള ഉയർച്ചയോ വളർച്ചയോ ആണ്‌ അവിടെ നടക്കുന്നത്‌. അന്തിക്കാട്‌ ചെത്തുതൊഴിലാളി സമരത്തിൽ നിന്നാണ്‌ മൂന്നാം പടി ആരംഭിക്കുന്നത്‌. ഈഴവമോചനത്തിന്റെ മാഗ്നാകാർട്ട എന്നാണ്‌ അദ്ദേഹം ആ സമരത്തെ വിശേഷിപ്പിക്കുന്നത്‌. അഡ്വ. ടി.ആർ. ജഗദീശ്വരൻ, ഇയ്യൂച്ചൻ, 1950-ലെ പോലീസ്‌ സ്‌റ്റേഷൻ ആക്രമണം എന്നീ ചിത്രങ്ങളാണ്‌ ഈ പടിയിൽ കൊത്തിവച്ചിരിക്കുന്നത്‌.

നാലാംപടി കുന്ദംകുളത്തിന്റെ വർണനയാണ്‌. ബസ്സുകൾ, വാണിഭക്കാർ, പഴഞ്ഞി അങ്ങാടീ ചരിതം, തുപ്പേശ്വരം ക്ഷേത്രം, ഗുരുദേവന്റെ സാന്നിദ്ധ്യം, ചിത്രകൂടക്കല്ലിനരികിലെ സർപ്പക്കളവും സർപ്പം തുള്ളലും, കമ്മ്യൂണിസത്തിന്റെ വളർച്ചക്ക്‌ എസ്‌.എൻ.ഡി.പിയുടെ പങ്ക്‌ എന്നിവയെല്ലാം ഈ പടിയിലൊതുങ്ങുന്നു.

ചെറുതരുത്തിയിലെ ശിവരാത്രിക്ക്‌ പ്രാധാന്യമേറെയാണ്‌. കുറുമ്പൂർ അപ്പുക്കുട്ടേട്ടന്റെ സ്‌മരണയും ഇതിൽ ഇഴചേർന്നു കിടപ്പുണ്ട്‌. അനേകം ത്യാഗങ്ങൾ സഹിച്ച്‌ പാർട്ടിക്ക്‌ വേണ്ടി ജീവിച്ച മനുഷ്യൻ. ശിവരാത്രിനാളിലാണ്‌ ശ്രീരാമൻ കെ. കരുണാകരനെ കാണുന്നതും. എന്തോ കെ. കരുണാകരനോട്‌ ഗ്രന്ഥകാരന്‌ അന്നൊരു ആദരവുതോന്നിയിരുന്നു. ഈ ചരിത്രകഥനത്തിനിടക്കാണ്‌ ഈഴവനായ ഭാസ്‌ക്കരൻ ഡോക്‌ടറെ കുറിച്ചും ശ്രീരാമൻ കഥിക്കുന്നത്‌. വ്യക്തിയൊ സംഭവമോ എന്തായിരുന്നാലും മാഞ്ഞുപോയൊരു കാലഘട്ടത്തെയാണ്‌ ചായക്കുട്ടുകളില്ലാതെ അദ്ദേഹം അവതരിപ്പിക്കുന്നത്‌. അങ്ങനെ അഞ്ചാം പടി കയറിക്കഴിയുമ്പോൾ കുന്ദംകുളം നസ്രാണിമാരെക്കുറിച്ചുള്ള വിവരണങ്ങൾ ആരംഭിക്കുകയായി. ആണിയെക്കുറിച്ചും പെട്രോളിനെക്കുറിച്ചും ബസ്സുകളെ കുറിച്ചുമുള്ള പരാമർശങ്ങളുമായി ആറാംപടിയിൽ നിൽക്കുന്ന ഗ്രന്ഥകാരനെ നമുക്കു കാണാം.

കമ്യൂണിസ്‌റ്റ്‌ വേട്ടക്കു നിയോഗിച്ച കോൺസ്‌റ്റബിൾ കുഞ്ഞയ്യപ്പനാണ്‌ പന്ത്രണ്ടാം പടിയിലെ കഥാപാത്രം. സോവിയറ്റ്‌ യൂണിയനേ, ചൈനയോ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ രക്ഷക്കെത്തുമെന്ന വ്യാമോഹം നിലച്ചനാളുകളായിരുന്നു അത്‌. തിരശ്ശീലക്കുള്ളിൽ മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തുമ്പും തുരാലും ഓർമ്മയിലിപ്പോഴും പച്ചയാകുന്നു, അത്‌ സ്വപ്‌നമോ മിഥ്യയോ എന്നറിയാതെ.

പ്രദീപ്‌ പനങ്ങാട്‌ സി.വി. ശ്രീരാമനുമായി നടത്തിയ നീണ്ടൊരു അഭിമുഖവും ഈ കൃതിയിലുണ്ട്‌. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ, എഴുത്തിന്റെ പാരമ്പര്യം, സിലോൺ യാത്ര, സംസ്‌കൃത പഠനം, പുസ്‌തകങ്ങൾ, കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ ശക്തി, ആദ്യ കഥ, മായാത്ത കഥാപാത്രങ്ങൾ, ചലച്ചിത്രബന്ധങ്ങൾ, വിശ്വാസങ്ങൾ, വി.കെ.എൻ., എം.ടി., ആൻഡമാൻ അനുഭവങ്ങൾ…. അങ്ങനെ അങ്ങനെ സമഗ്രമായ അന്വേഷണത്തിന്റേയും കണ്ടെത്തലുകളുടേയും വാതായനമാണ്‌ ഈ അഭിമുഖം തുറന്നിടുന്നത്‌. സി.വി.ശ്രീരാമൻ എന്ന കഥാകൃത്തിനേയും വ്യക്തിയേയും അടുത്തറിയാനുതകുന്ന തെറ്റില്ലാത്ത കൃതിയാണ്‌ തുമ്പും തുരാലുമെന്ന്‌ നിസ്സംശ്ശയം പറയാം.

എച്ച്‌ ആന്റ്‌ സി യാണ്‌ ഈ പുസ്‌തകത്തിന്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്‌. ആകർഷകമായ ലേ ഔട്ട്‌ ഈ പുസ്‌തകത്തിനുണ്ടെന്നതും ഒരു മികവുതന്നെയാണ്‌.

തുമ്പും തുരാലും – സി.വി. ശ്രീരാമൻ

പ്രസാധനം – എച്ച്‌ ആന്റ്‌ സി ബുക്‌സ്‌

പേജ്‌ – 80, വില – 55 രൂപ.

Generated from archived content: book1_jun20_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here