കവിതയുടെ ജലപാത

കര ഒരിക്കൽ ജലവുമായി സ്‌നേഹത്തിലായിരുന്നു,

ആഴമേറിയ ബന്ധം,

തീരവും തിരമാലകളും പോലെ.

നിറഞ്ഞഹ്ലാദത്തിലവർ കഴിഞ്ഞു,

കെട്ടുറപ്പോടെ…..

സർവ്വം സഹയായ ഭൂമി നിശ്ശബ്‌ദമായി എല്ലാം സഹിച്ചു. പിന്നെ ആ നിശ്ശബ്‌ദതയിലവർ നശിച്ചു….. നിശ്ശബ്‌ദതയുടെ പ്രതിധ്വനികളായി കവിത ഹൃദയഭിത്തികളിൽ തട്ടുന്നു. തളരാതെ കാതോർത്തിരിക്കുമ്പോൾ കണ്ണീരുപൊടിയും, രാത്രികൾ ദുഃസ്വപ്‌നങ്ങളാൽ പങ്കിലമാകും, പകലുകൾ നെടുവീർപ്പിലലിഞ്ഞില്ലാതാകും. അപ്പോഴാണ്‌ –

അന്ധൻ റോഡുകുറുകെ കടക്കുന്നത്‌,

മറ്റുള്ളവർക്ക്‌ കാഴ്‌ചയുണ്ടെന്നതാണ്‌ അവന്റെ പ്രത്യാശ,

പക്ഷെ അതറിയുന്നില്ല ലോകം അന്ധമാണെന്ന്‌.

രാഷ്‌ട്രത്തിനു കാവൽ നിൽക്കുമ്പോൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ട സഹോദരങ്ങൾ, പ്രകൃതി നിയമത്തിൽ ഇരക്കുമുകളിലൂടെയുള്ള സിംഹത്തിന്റെ, സിംഹിയുടെ, കുഞ്ഞുങ്ങളുടെ, ചെന്നായ്‌ക്കളുടെ, കഴുകുകളുടെ, ഉറുമ്പുകളുടെ, ആഹ്ലാദഭരിതമായ ഘോഷയാത്ര. സ്വാതന്ത്ര്യം, മരണം, നിശ്ശബ്‌ദത, സ്‌നേഹം – കവി ആവർത്തിച്ചെഴുതുന്നത്‌ ഇവയെക്കുറിച്ചാണ്‌. ഇത്തിരിപ്പോന്ന കവിതകളായി, ഒത്തിരി സാന്ത്രാസങ്ങളായി, കവിത വിരിയുന്നു.

‘വൈരാഗ്യമേറിയൊരു വൈദികനാട്ടെ- ഏറ്റ-

വൈരിക്കു മുമ്പു തോറ്റോടിയഭീരുവാട്ടെ

നേരെവിടർന്നു വിലസീടിന നിന്നെനോക്കി

ആരാങ്കിലെന്ത്‌, മിഴിയുള്ളവർ നിന്നിരിക്കാം.

ആശാന്റെ വരികൾ ഇവിടെ സാർത്ഥമാകുന്നു. കാരണം ഡോ. വി. കുര്യൻ ബേബി എന്ന കവിയുടെ ആമന്ത്രണം ഹൃദയത്തോടാണ്‌. ക്ലിഷ്‌ടതകളില്ലാതെ, ഋജുവും സുതാര്യവുമായ ഭാഷയിൽ അദ്ദേഹം ’നിശ്ശബ്‌ദതയുടെ പ്രതിധ്വനികൾ‘ രചിക്കുമ്പോൾ, ചന്ദനചർച്ചിതമായ തളിക മുന്നോട്ടു വയ്‌ക്കുമ്പോൾ തിരിഞ്ഞു നടക്കുക എളുപ്പമല്ല.

ഔദ്യോഗിക തിരക്കുകൾക്കിടയിൽ കാത്തുസൂക്ഷിച്ച കവിഹൃദയത്തിന്‌ നന്ദി. ഭരണത്തിൽ കവിത കലരുമ്പോൾ കാലം കല്‌മഷരഹിതമാകും. ആംഗലേയ ഭാഷയുടെ ലാവണ്യം ഉയർത്തിക്കാട്ടിക്കൊണ്ടാണ്‌ ഈരടികൾ ഉതിർന്നുവീഴുന്നത്‌. ഒത്തിരി വികാരങ്ങളുടെ, സ്വപ്‌നങ്ങളുടെ ചിപ്പിയാണ്‌ Echose of silence-ലെ ഓരോ കവിതയും.

സുകുമാർ അഴീക്കോടും കെ. ജയകുമാറും അവതാരികയും ആമുഖവുമെഴുതി അനുഗ്രഹിച്ച ഈ കാവ്യസമഹാരത്തിൽ 53 കവിതകളാണുള്ളത്‌. ഒരു പുഞ്ചിരിയിൽ (A smile) തുടങ്ങി കുരിശിലെ രക്ഷകനിൽ (Saviour in cross) എത്തിച്ചേരുമ്പോൾ മനസ്സ്‌ ഘനീഭവിയ്‌ക്കുന്നത്‌ അറിയാനാകും. ചിലപ്പോൾ ദുഃഖംകൊണ്ടാകും, മറ്റു ചിലപ്പോൾ കുറ്റബോധംകൊണ്ടും…..

നിത്യഹരിതയായ ഭൂമിയിൽ ഈ ജന്മം എന്തുചെയ്യുന്നു എന്തുനേടി?….. ഒരു പിടി ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇത്‌ തിരിച്ചറിയാനാകുമ്പോൾ കവിത വിജയിക്കുന്നു. ഏകാന്തതയുടെ നിശ്ശബ്‌ദതയിൽ ഈ അനുരണനം നമുക്കനുഭവിക്കാറാകണം.

നിശ്ശബ്‌നാകാൻ പഠിക്കുക – ഫ്രാൻസ്‌ കാഫ്‌കയുടെ ഉദ്ധരണി ഈ കവിതകളിലേക്കുള്ള വഴികാട്ടിയാണ്‌. ഓരോ വായനക്കാരനും ഈ കവിതകളുടെ ഉപ്പും പുളിപ്പും ചവർപ്പും സ്വയം ബോദ്ധ്യപ്പെടേണ്ടതാണ്‌. ഇരുളിലിതൊരു തിരിവെട്ടമാകും.

ഗ്രീൻ ബുക്‌സ്‌ പ്രസിദ്ധീകരിച്ച Echoes of silence’ ആഴമുള്ള സമാഹാരമാണ്‌. കവിതാ ബാലകൃഷ്‌ണന്റെ വരയും രാജേഷിന്റെ ഡിസൈനും ഭാവതീവ്രമാണ്‌.

Echoes of silence

Dr.V. Kurien Baby

പ്രസാധനം – ഗ്രീൻ ബുക്‌സ്‌

പേജ്‌ – 100, വില – 100& രൂപ.

Generated from archived content: book1_jun13_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English