സൌഖ്യത്തിലേക്ക് ഒരു ക്ഷണം

ഓര്‍മ്മകള്‍ക്കു പറയാന്‍ കാര്യങ്ങളുണ്ടാകും. ഹൃദയത്തിന്റെ ഏതോ കോണുകളില്‍ ഒരു ജീവിതകാലം കൊണ്ട് നേടിയ അനുഭവങ്ങളുടേയും അറിവുകളുടേയും ആകെത്തുകയായി അവ അങ്ങണെ അവശെഷിക്കുകയും ചെയ്യുന്നു. ഓരോരോ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അവക്കനുസൃതമായ ഓര്‍മ്മകള്‍ എത്തി നോക്കും ചിലപ്പോളവ നമ്മെ ഒട്ടുദൂരം മൌനത്തിലൂടെ നയിക്കും. മറ്റു ചിലപ്പോള്‍ മനസിനെ ആകെ പ്രക്ഷുബ്ധമാക്കും. ചില ഓര്‍മ്മകള്‍ സുഖദായകങ്ങളാണ്. മറ്റു ചിലവയാകട്ടെ നൊമ്പരപ്പെടുത്തുന്നവയും . എങ്കിലും മനുഷ്യമനസിന്റെ സവിശെഷത ദു:ഖപൂര്‍ണ്ണങ്ങളായ ഓര്‍മ്മകളെ പങ്കുവക്കാനാണിഷ്ടം എന്നുള്ളതാണ്. വല്ലപ്പോഴുമേ സുഖം തന്ന ഓര്‍മ്മകള്‍ക്കു നാം കൂട്ടിരിക്കാറുള്ളു.

ഇപ്പോള്‍ നമുക്കു മുമ്പിലുള്ളത് നല്ലൊരു ഓര്‍മ്മ പുസ്തകമാണ്. നിശ്ശബ്ദതയുടെ സൗഖ്യം എന്നാണിതിനു പേര്‍. എഴുതിയതാകട്ടെ ഒ. വി. ഉഷയും. കവിതയുടെ വഴികള്‍ താണ്ടി മനസിന്റെ ഉള്ളറകളിലൂടേ ഒരു പാടു സഞ്ചരിച്ച എഴുത്തുകാരിയാണ് ഒ. വി. ഉഷ. അതിലപ്പുറം ദര്‍ശനങ്ങളെ ജീവിതപ്പാതയിലെ വെളിച്ചമായും കാണുന്ന ഇരുത്തം വന്ന എഴുത്തുകാരി. അതിനാല്‍ ഈ ഓര്‍മ്മകുറിപ്പുകളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളേക്കാള്‍ വിചാരങ്ങളുടെ തെളിച്ചങ്ങള്‍ക്കാണ് പ്രാധാന്യം. താനറിഞ്ഞതും അനുഭവിച്ചതുമായ ഒട്ടേറെ നേരിന്റെ കാഴ്ചകള്‍ ഇതില്‍ ഉണ്ട്. അവ പലപ്പോഴും നമ്മുടെ ശീലങ്ങളെ, ചിന്തകളെ, കര്‍മ്മങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നുണ്ട്. എഴുത്തുകാരി മന:പ്പൂര്‍വം അതിനുള്ള ശ്രമങ്ങല്‍ നടത്തുന്നില്ലെങ്കില്‍ കൂടി, നമ്മുടെ കുറ്റബോധങ്ങള്‍ അറിയാതെയെങ്കിലും ഏറ്റു പറച്ചിലിനു മുതിരും.

മുപ്പത്തിയൊന്നു കൊച്ചു കുറിപ്പുകളിലൂടെയാണു നിശ്ശബ്ദതയുടെ സംഗീതം നാം ശ്രവിക്കുന്നത്. നമ്മുടെ മറ്റൊരു കവി പറഞ്ഞതു പോലെ ശബ്ദസാഗരത്തിന്റെ നിശ്ശബ്ദ ശാന്തതയില്‍ നിന്നുറവയെടുക്കുന്ന സംഗീതമാണിത്. മനസ്സ് അല്‍പ്പം ധ്യാനാത്മകമാകുമെങ്കില്‍ നമുക്കീ സംഗീതം കേള്‍ക്കാം. ജ്ഞാനിയുടെ സവിധത്തില്‍ നമുക്കുണ്ടാകുന്ന ഉണര്‍വിനെക്കുറിച്ചാണ് ആദ്യലേഖനമായ ‘ അവസരം’ നമ്മോടു പറയുന്നത് ‘ തീര്‍ത്ഥക്കരപ്പാപികള്‍’ ആരെന്ന ചോദ്യത്തിനുത്തരമാണ് അതേ പേരുള്ള കുറിപ്പ് . ഭൂമി ഒരു പവിത്ര സ്ഥാനമാണെന്നും അതുതന്നെയാണ് ആത്മാവിന്റെ തീര്‍ത്ഥാടന കേന്ദ്രമെന്നും ഓര്‍മ്മിപ്പിക്കുകാണിതില്‍. ‘ ആശ്രമമൃഗം’ തൃഷ്ണയെ ഉയര്‍ത്തുകയും ഭരിക്കുകയും ചെയ്യുന്ന കമ്പോള സംസ്ക്കാരത്തിനു നാമെങ്ങനെ ഇരയാകുന്നുവെന്നതിന്റെ ഉദാഹരണമാണ്. ‘ നിശ്ശബ്ദതയുടെ സൗഖ്യത്തില്‍ ശ്രീ ശങ്കരനില്‍ നിന്നു ലഭിച്ച നിശ്ചലതത്വത്തെക്കുറിച്ചു പറയുന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഒ. വി വിജയനുമെല്ലാം ഈ കുറിപ്പിലെ ഓര്‍മ്മയുടെ കണങ്ങളാകുന്നു. ആഴത്തിലുള്ള ആ നിശബ്ദതയെ അനുഭവിച്ചറിയാനുള്ള ഒരു ക്ഷണം കൂടിയാണ് ഈ കുറിപ്പ് .

ക്വാലാലം പൂരിലെ ബുദ്ധ സന്യാസിമാരെ പറ്റി പറയുന്ന കുറിപ്പില്‍ അഹിംസയുക്കുറിച്ചും നന്ദി ഗ്രാമത്തിലെ അസ്വാസ്ഥ്യങ്ങളെക്കുറിച്ചും പറയുന്നു. എന്തുകൊണ്ടാണ് ഹിംസയിലാറാടിയ ഈ ലോകം നശിച്ചു പോകാത്തതെന്ന ചോദ്യത്തിനുത്തരവും ഈ ലേഖനത്തിലൂടെ ഒ. വി. ഉഷ മുന്നോട്ടു വക്കുന്നു. അസ്ഥിരമായ ശ്രീയെക്കുറിച്ചു പറയുന്ന ‘ ഹാ പുഷ്പമേ’ എന്ന കുറിപ്പ് അവസാനിക്കുന്നത് ഗീതയിലാണ്.

ഇതിലെ ഓരോ ലേഖനവും വായനക്കാരുടെ ശ്രദ്ധാപൂര്‍വമായ വായന ആവശ്യപ്പെടുന്നതാണ്. ഇത്തിരിപ്പോന്ന ഒട്ടനവധി അസ്വസ്ഥകളുണ്ടാകുമെങ്കിലും പിന്നീടുള്ള ഏതെങ്കിലുമൊക്കെ കര്‍മ്മങ്ങളിലും ചിന്തകളിലും അല്‍പ്പം വെളിച്ചം തരാതിരിക്കാന്‍ ഈ കുറിപ്പുകള്‍ക്കാവില്ല. വായാനാസുഖം ഓരോ ഓര്‍മ്മക്കുമുണ്ട്. അവ സംവദിക്കുന്നത്, തലച്ചോറിനോടല്ല മനസിനോടാണ്. ലളിതമായ ഭാഷയില്‍ ക്ലിഷ്ടതകളേതുമില്ലാതെ സംസാരിക്കുകയാണ് എഴുത്തുകാരി അല്ലെങ്കില്‍ നമുക്കൊപ്പം നടക്കുന്ന ഈ സഹോദരി. എച്ച് & സി ബുക്സ്, കൃതിയുടെ ലാളിത്യം പുസ്തകത്തെ അണിയിച്ചൊരുക്കുന്നതിലും പുലര്‍ത്തിയിട്ടുണ്ട്.

നിശ്ശബ്ദതയുടെ സൗഖ്യം

ഒ. വി. ഉഷ

വില 60 രൂപ

പേജ് – 92

പ്രസാധനം – എച്ച് & സി ബുക്സ്.

Generated from archived content: book1_july21_12.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English