ജീവിതത്തിന് കലയില്‍ നിന്നും പഠിക്കേണ്ടത്.

കല ജീവിതത്തെ എന്നതിനേക്കാളുപരി ജീവിതം കലയെയാണ് അനുകരിക്കുന്നതെന്ന് ഒക്റ്റോവിയോ പാസ് . അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ജീവിതത്തിന് അനുകരണീയമാ‍യി കലയ്ക്ക് മാറാനാകുമെന്ന് അസംഖ്യം കലാസൃഷ്ടികള്‍ അനുവാചകരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

ജീവിതം ഒരു വട്ടം ജീവിച്ചു തീരുമ്പോള്‍ മാത്രമേ ആ ജീവിതത്തിന്റെ ആകെത്തുക എന്തെന്നു വിലയിരുത്തപ്പെടാനാകു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത ഇതിവൃത്തത്തിനുള്ളില്‍ രൂപപ്പെടുന്ന ഒരു കലാസൃഷ്ടി അതില്‍ തന്നെ പൂര്‍ണ്ണമാണ്. പലപ്പോഴും അതൊരു ദര്‍ശനത്തെ മുന്നോട്ടു വയ്ക്കുന്നു. ആ ദര്‍ശനത്തില്‍ ഒരു പാടു ജീവിതങ്ങള്‍ ഇഴ ചേര്‍ന്നിട്ടുണ്ടാകും. അവസാനിക്കാതെ പോകുന്ന ജീവിത പാഠങ്ങകള്‍ക്കു മുമ്പില്‍ കലാസൃഷ്ടി ഒരു വഴികാട്ടിയോ, ദീപ സ്തംഭമോ ആകാം. വ്യക്തി ജീവിതത്തേയും സമസൃഷ്ടി ജീവിതത്തേയും മാറ്റി മറിക്കാനുള്ള കരുത്തും അതില്‍ പ്രകടമായേക്കാം.

‘ വസന്തം തീര്‍ത്ത വഴികള്‍ ’ ടി. നന്ദകുമാര്‍ കര്‍ത്ത എഴുതിയ നോവലാണ്. ഒരു ഡാം സൈറ്റിലെ ജീവിതാനുഭവങ്ങളാണ് ഈ നോവലിന്റെ പ്രമേയം . കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ അഖില്‍ എന്ന എഞ്ചിനീയറുടെ കാലടിപ്പാടുകളാണിത്. മാളവികയോടുള്ള അഖിലിന്റെ പ്രണയം, അവരുടെ വേര്‍പാട് , പിന്നെയൊരിക്കല്‍ അപര്‍ണ്ണയുമായുള്ള അയാളുടെ വിവാഹം, അഖിലയറിയാതെ മാളവികയില്‍ അയാള്‍ക്കു ജനിച്ച കുഞ്ഞ് , കൊച്ചമ്മുവിന്റെ വളര്‍ച്ച, അയാള്‍ക്കൊപ്പം സഞ്ചരിക്കുന്ന ജോസഫ്, ജയദേവന്‍ , ജയശങ്കര്‍, ആരതി എന്നിവരുടെ സമാന്തര ജീവിതങ്ങള്‍. നന്മയുടെ പൂക്കളെയാണ് അഖില്‍ സ്വപ്നം കാണുന്നത്. സ്വത്വത്തെ തിരിച്ചറിയലും ജീവിതത്തിന്റെ ധാര്‍മ്മികതയെ കാത്തു സൂക്ഷിക്കലുമാണ് അയാളുടെ ഈടുവയ്പ്പുകള്‍. എന്നാല്‍ ആധുനികത ജീവിതത്തിന്റെ , ആര്‍ത്തി പുരണ്ട സമൂഹത്തിന്റെ കീടങ്ങള്‍, അതു കരാറുകാരനായും അയാള്‍ക്കു വേണ്ടി വലകള്‍ നെയ്യുന്നു. അരുതായ്മകളെ അയാള്‍ക്കുമേലുള്ള സമ്മര്‍ദ്ദങ്ങളാക്കുന്നതിനും ശ്രമങ്ങള്‍ നടക്കുന്നു. ഒടുവില്‍ എല്ലാ വലക്കണ്ണികളെയും തകര്‍ത്ത് വിനയ് ചാ‍ക്കോയുടെ , ഇന്ദുചൂഢന്റെ കപതന്ത്രങ്ങളില്‍ നിന്ന് മോചിതനാകുന്ന അഖിലിനെ നാം കാണുന്നു. മാളവികയില്‍ തനിക്കു ജനിച്ച കുഞ്ഞിന്റെ , കൊച്ചമ്മുവിന്റെ പിതൃത്വത്തെ അയാള്‍ തിരിച്ചറിയുന്നതും വന്ധ്യമായ ജീവിതപ്പരപ്പില്‍ , തെളിനീരുറവ കിനിയുന്നതും കാണാറാകുന്നു.

വായനക്കാരന് അപരിചിതമായ പശ്ചാത്തലത്തില്‍ ജീവിതഗന്ധിയായ കഥ പറയുകയാണ് ടി. നന്ദകുമാര്‍ കര്‍ത്ത എങ്കിലും സാധാണത്വം ഈ നോവലിന്റെ അവതരണ രീതിയെ വിട്ടൊഴിയുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. പലപ്പോഴും ജനപ്രിയ സാഹിത്യത്തിന്റെ അതിരുകള്‍ വിട്ടുപോകാന്‍ സാദ്ധ്യതകളുണ്ടായിരുന്നിട്ടുകൂടി നോവലിന്റെ ഭാഗത്തുനിന്നും അതിനുള്ള ശ്രമം കാണുന്നില്ല. എങ്കിലും ഒരു സാധാരണ അനുവാചകനെ തൃപ്തിപ്പെടുത്തുവാന്‍ ഈ കൃതിക്കു കഴിയും

സെഡ് ലൈബ്രറി , തിരുവനന്തപുരം പ്രസിദ്ധീകരിച്ച ‘ വസന്തം തീര്‍ത്ത വഴികള്‍’ എന്ന പുസ്തകം ലേ ഔട്ടിലും അവതരണത്തിലും മികവ് പുലര്‍ത്തിയിട്ടില്ല . എഴുത്തിന്റെ വഴികളില്‍ ഒട്ടേറെ സഞ്ചരിച്ച ആളാണ് ടി. നന്ദകുമാര്‍ കര്‍ത്ത. ആ വഴക്കവും ഒതുക്കവും നിലനിര്‍ത്തുന്നതില്‍ എത്രമാത്രം വിജയിച്ചു എന്നത് ഒരാത്മപരിശോധനക്ക് വിധേയമാക്കുന്നത് എന്തുകൊണ്ടും ഉചിതമാകും.

വസന്തം തീര്‍ത്ത വഴികള്‍

ടി നന്ദകുമാര്‍ കര്‍ത്ത

പ്രസാധനം : സെഡ് ലൈബ്രറി, തിരുവനന്തപുരം.

പേജ് : 240

വില : 195

Generated from archived content: book1_jan26_12.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here