ജീവിതം സമസ്യയാണ്. എത്രെയൊക്കെ പൂരിപ്പിച്ചാലും പിന്നേയും ബാക്കിയാവുന്ന സമസ്യ. ചിലരതിലെ സുഗമ സഞ്ചാരികള്‍. ചിലര്‍ അമ്പരന്നു നില്‍ക്കുന്നവര്‍. ചിലരാകട്ടെ അടിയറവു പറയുന്നവരും. ഏതെല്ലാം നിര്‍ദ്ധാരണകളുണ്ടായാലും അവയ്ക്കൊക്കെ വഴങ്ങാത്ത എന്തോ ഒന്ന് ജീവിതം കൈവിടാതെ കാത്തു സൂക്ഷിക്കുന്നു. അങ്ങനെ ഓരോരുത്തര്‍ക്കും ഒരോന്നായി, ജീവിതം പുരാഇതി നവമായി അവശേഷിക്കുന്നു. കഥയുടെ കണ്ണുകളുള്ളവര്‍ ഈ തീരത്തെത്തുമ്പോള്‍ , കൃതികള്‍ മനുഷ്യകഥാനുഗായികളായി പിറവിയെടുക്കുന്നു.
ജീവിതത്തെ ജാഗ്രതയുടെ അഭാവത്തില്‍ , മനസ്സിനു കളിക്കാനിട്ടു കൊടുത്ത പന്താക്കി മാറ്റുമ്പോള്‍ , ജീവിതം കൈപ്പടിയില്‍ നിന്നൂര്‍ന്നു പോകുന്നതു കാണാം. ശ്രദ്ധയുടേതെന്നു നാം അഹങ്കരിക്കുന്നതും , എന്നാല്‍ അശ്രദ്ധക്ക് തീര്‍ത്തും ഇരിപ്പിടമൊരുക്കിയതുമായ ചില ബുദ്ധിപൂര്‍വ്വ ചിന്തകളാകും പലപ്പോഴും അതിന് കളമൊരുക്കുന്നത്. ഒടുവില്‍ നിസ്സഹായന്റെ നിലവിളികള്‍ മാത്രം പെരുമഴക്കു ശേഷം കേള്‍ക്കാനാകും.
സൗമിനിയുടെ , ജയദേവന്റെ , പ്രൊഫ. വിശ്വനാഥ മേനോന്റെ , ജയസൂര്യയുടെ , മാളുവിന്റെ ജീവിത രഥ്യകള്‍ വിളക്കു മരങ്ങളില്ലാത്ത ഇരുളിലേക്കു നീളുന്നു. പെരുമഴ പെയ്ത്തില്‍ കയ്യിലെ കുട കാറ്റെടുക്കുന്നു. നനഞ്ഞു കുതിരുമ്പോള്‍ , വഴിയമ്പലങ്ങള്‍ അകലെയെന്നു തിരിച്ചറിയുന്നു. പ്രണയം, വിശ്വാസരാഹിത്യം, സംശയം, തന്‍പോരിമ, മൂല്യങ്ങളുടെ കെട്ടുറപ്പില്ലായ്മകള്‍….. അങ്ങനെ ഒരുപാടൊരുപാട് അടിതെറ്റിയ പിരമിഡുകള്‍ സദാ ഭൂമികുലുക്കങ്ങളാകുന്നു. അതിജീവന തന്ത്രങ്ങളെല്ലാം പാളുമ്പോള്‍ വിവാഹമോചനം, അനാതത്വം, ആശ്രിതന്റെ അടിമബോധം എന്നിവയ്ക്ക് ഓരോരുത്തരും വിധേയരാകേണ്ടി വരുന്നു. ഒരിക്കല്‍ കൂടി ജീവിച്ച് തെറ്റുകള്‍ തിരുത്താന്‍ ജീവിതം ഒന്നും ബാക്കി വയ്ക്കുന്നില്ല. ബാബു ജി. നായരുടെ ‘ കിഴക്കു പെയ്ത പെരുമഴ’ – യുടെ ഇതിവൃത്തം ഇങ്ങനെയാകുന്നു. കഥാഗതിയിലുടനീളം അസ്ഥിരബോധത്തെ വിന്യസിപ്പിക്കുകയാണ് നോവലിസ്റ്റ്.
പലപ്പോഴും നാം നേരിട്ട സാഹചര്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തും, ചിന്തിപ്പിക്കാനും ഇത്തിരി കൂടി ശ്രദ്ധ അനിവാര്യമാണെന്ന ബോധമുണര്‍ത്താനും ഒളിച്ചോട്ടങ്ങളല്ല, സുധീരമായ മുന്നേറ്റങ്ങളാണ് ആവശ്യമെന്ന്നുറപ്പിക്കാനും ഈ നോവല്‍ ശ്രമിക്കുന്നു.
ഒഴുക്കുള്ള എഴുത്ത്, തെളിമയുള്ള അവതരണം , പ്രമേയത്തിന്റെ പ്രസക്തി, കാലികാവസ്ഥകളോടുള്ള പ്രതികരണം, എന്നി തലങ്ങളില്‍ കിഴക്കു പെയ്ത പെരുമഴ ശ്രദ്ധേയമാണ്.
നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധപ്പെടുത്തിയ ഈ നോവലിന്റെ കവര്‍ ഡിസൈന്‍ , ഗ്രന്ഥത്തിനുള്ളിലെ വിഹ്വലതകളുടെ കണ്ണാടിയാണ്.
കിഴക്കു പെയ്ത പെരുമഴ
ബാബു. ജി. നായര്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ പേജ് – 250 വില – 175
Generated from archived content: book1_jan18_12.html Author: sp_suresh_elavoor