“ഞാൻ ഒരു വീട്” – ഓർമ്മകളുടെ പുസ്‌തകമാണ്. കടന്നുപോയ ഒരു കാലത്തിന്റെ ഓർമ്മകളാണ്. ഈ ഓർമ്മകൾക്കും പുസ്‌തകത്തിനുമിടയിൽ ചന്ദ്രമതിയെന്ന കഥാകാരിയുമുണ്ട്. ബാല്യകാലത്തിൽ നിന്ന് ചില ജീവിതനുറുങ്ങുകൾ എന്നാണിവയ്‌ക്കു വിശേഷണമെങ്കിലും മധ്യാഹ്നത്തിന്റെ ചൂടും അപരാഹ്‌നത്തിന്റെ കനകചാരുതയും അവയ്‌ക്കുണ്ട്. ആർക്കാണ് അനുഭവങ്ങളെ പിന്നിട്ട കാലങ്ങളെ ജലവിമുക്ത കമ്പാർട്ടുമെന്റുകളിലാക്കാൻ കഴിയുക.
കുമാരി ചന്ദ്രികയിൽ നിന്നു തുടങ്ങി ചന്ദ്രമതിയിൽ എത്തി നിൽക്കുന്ന കഥാകാരിയെ കഥയിലൂടെയേ വായനക്കാർക്കു പരിചയമുള്ളു. വ്യക്തിജീവിതത്തിന്റെ സമസ്യകൾ ആരും പൂരിപ്പിച്ചു കണ്ടിട്ടില്ല. അവർക്കുമുമ്പിൽ, വായനയുടെ വസന്തത്തെ തിരിച്ചറിഞ്ഞ് അക്ഷരങ്ങളെ സ്‌നേഹിയ്‌ക്കുന്നവർക്കായി കഥാകാരി പകർത്തുന്ന വഴിയോരക്കാഴ്‌ചകളാണിവ. വ്യക്തിയേക്കാളധികം ഈ ഓർമ്മപ്പുസ്‌തകത്തിൽ തെളിയുന്നത് മാധവീമന്ദിരമെന്ന വീടാണ്. അച്ഛന്റെ യൗവനോർജ്ജവും വിയർപ്പും ആ വീടിന്റെ വികാസ പരിണാമങ്ങൾക്കു വളമായിട്ടുണ്ട്. എന്നാൽ വളർന്നു തിടം വച്ചപ്പോൾ ആ മകൾക്ക് അച്ഛന്റെ സ്വപ്‌നഭവനത്തെ അത്രയധികം ഉൾക്കൊള്ളാനായില്ല.
ഒരു വീട് സ്വന്തമായി തനിയ്‌ക്കും വേണമെന്നു തോന്നിയത് തെറ്റല്ല. കാലം വരുത്തിയ മാറ്റമാണ്. എന്നിട്ടും വിട്ടകന്ന തറവാടു വീടുകാണുമ്പോൾ ഇടയ്‌ക്കെവിടേയോ ഒരുനൊമ്പരം ബാക്കിയാവുന്നത് അവരറിയുന്നു. അവസാനമായി അച്ഛനൊപ്പം ആ വീടു സന്ദർശിച്ച ഓർമ്മയ്‌ക്ക് ഇപ്പോഴും കണ്ണീരിന്റെ നനവുണ്ട്.
അച്ഛനെക്കുറിച്ചുള്ള ചന്ദ്രികടീച്ചറിന്റെ ഓർമ്മകൾക്കാണ് ഹൃദ്യത ഏറെ. ഒരു പക്ഷേ, കഥാകാരി പറയുമ്പോലെ, തന്നെ പൂർണ്ണമായി മനസ്സിലാക്കിയ ഒരേയൊരാൾ അച്ഛനായതുകൊണ്ടാകാം. അമ്മയിൽ നിന്ന്, വല്യമ്മാവനിൽ നിന്ന്, തയ്യൽടീച്ചറിൽനിന്ന് അങ്ങനെ ഒട്ടേറെ ക്രൗര്യങ്ങളിൽ നിന്ന് അച്ഛൻ രക്ഷകനായിരുന്നു. മാത്രമല്ല, ഭാവനയുടെ ചിറകുമുളച്ച കൗമാരക്കാരിയുടെ സാഹിത്യപരിശ്രമങ്ങളിൽ, മനസ്സിൽ വിരിഞ്ഞ നുണക്കഥകൾക്ക് സാന്ത്വനമായത് അച്ഛനായിരുന്നു.
കഥകേട്ടു വളർന്ന ബാല്യം, കഥ ചിതറിക്കിടക്കുന്ന ചുറ്റുപാടുകൾ, ചമ്പുക്കുട്ടിയമ്മയുടെ കഥകളും പാട്ടുകളും, തലമുറകളിൽനിന്നും തലമുറകളിലേക്കൊഴുകുന്ന സ്‌നേഹവാത്സല്യങ്ങൾ, ഏകാന്തബാല്യത്തിൽ കൂട്ടിനായി കുഞ്ഞനുജനെ കണ്ടെത്തിയ മനസ്സിൽ വിരിഞ്ഞ കവിതകളും പാരഡികളും….. അങ്ങനെ അനുഭവങ്ങളുടെ നിര നീളുകയാണ്.
ഭൂതകാലത്തോട്, അതിന്റെ എല്ലാ വേദനയോടും ചാരുതയോടും കൂടി ഗൃഹാതുരത്വം പുലർത്തുന്ന മനുഷ്യന് ഏതുന്നതിയിലും ബാല്യവും കൗമാരവും പിന്നിട്ട വഴികളും പ്രിയങ്കരമാകുന്നു. അവയുടെ ലാവണ്യം ചോർന്നു പോകാതെയോ, കൂടുതൽ മനോഹാരിതയോടെയോ പുനരവതരിപ്പിയ്‌ക്കപ്പെടുമ്പോൾ വായനക്കാരനും തന്റെ ഓർമ്മകളെ വീണ്ടെടുക്കാനവസരം ലഭിയ്‌ക്കുന്നു. അങ്ങനെ ഓർമ്മകളുടെ ആ ഊർജ്ജപ്രവാഹങ്ങളിൽ നമുക്കു നമ്മെ തിരിച്ചറിയാനാകുകയും ഒരു പക്ഷേ, തിരിച്ചു പിടിയ്‌ക്കാനാകുകയും ചെയ്യുന്നു. ഈയൊരു സഫലശ്രമത്തിൽ വിജയം വരിയ്‌ക്കാൻ ചന്ദ്രികയെന്ന ചന്ദ്രമതിടീച്ചറിന്റെ തിരിഞ്ഞു നോട്ടത്തിന് കഴിയുന്നുവെന്നത് നേരാകുന്നു. കഥയുടെ കൈവഴികൾ ഏറെ നിശ്ചയമുള്ളതുകൊണ്ട് വായനാസുഖവും ഈ ഓർമ്മകൾക്ക് അന്യമല്ല.
ഇരുപത് അദ്ധ്യായങ്ങളും ഒരു പിൻകുറിപ്പും കാലത്തിൽ നിന്നും കടംകൊണ്ട ചില ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്‌തകങ്ങൾ എച്ച് ആന്റ് സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോയ് ആലൂരിന്റെ കവർ ഡിസൈൻ ആകർഷകമാണ്.
ഞാൻ ഒരു വീട്
പ്രസാധകർഃ എച്ച് ആന്റ് സി പബ്ലീഷിംഗ് ഹൗസ്
ഗ്രന്ഥകർത്താഃ ചന്ദ്രമതി
പേജ് – 72, വില 45 രൂപ.
Generated from archived content: book1_feb3_11.html Author: sp_suresh_elavoor