സഹനത്തിന്റെ സത്യം

ഹ്യൂവാലോസ്‌ ഗ്രീസിലെ ഒരു പണ്ഡിതനാണ്‌. രണ്ടായിരം വർഷങ്ങൾക്കപ്പുറം ചരിത്രത്തിന്റെ വിസ്‌മൃതിയിലാണ്‌ ഹ്യൂവാലോസിന്റെ ഇടം.

റോക്കി റക്‌സ്‌ എന്ന പത്രപ്രവർത്തകനും മെൽക്കകോഹൻ എന്ന ജൂതപ്പെൺകുട്ടിയും ഇസ്രായേലിലെ സിയോൺ ആർക്കിയോളജിക്കൽ സെന്റർ ഫോർ സ്‌ക്രോൾസ്‌ എന്ന സ്‌ഥാപനത്തിലെത്തുന്നു. ഇരുവരും മലയാളികളാണ്‌. മണൽ മാഫിയയിൽ നിന്നു രക്ഷതേടിയാണ്‌ മെൽക്കയ്‌ക്കൊപ്പം റോക്കി ഇസ്രായേലിലെത്തുന്നത്‌.

ധോക്‌സ്‌ ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന ചുരുൾ ഗവേഷണ കേന്ദ്രമാണ്‌. ചാവുകടലിന്റെ തീരത്തുള്ള കുമ്‌റാൻ ഗുഹകളിൽ നിന്നും ലഭ്യമായിട്ടുള്ള പുരാതന ലിഖിതങ്ങളടങ്ങിയ ചുരുളുകൾ ഇവിടെ സൂക്ഷിച്ചിരുന്നു. എബ്രായ, ഗ്രീക്ക്‌, ആരാമ്യ തുടങ്ങിയ ഭാഷകളിലുള്ള തുകലിലും ചെമ്പുതകിടുകളിലും എഴുതപ്പെട്ടവയും ഭരണികളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടവയുമായിരുന്നു ഈ ചുരുളുകൾ. റോക്കിറക്‌സും മെൽക്കയും പ്രൊഫസർ യാക്കിന്റെ സഹായത്തോടെ ചുരുളുകളുടെ പഠനം ആരംഭിയ്‌ക്കുന്നു. ഇത്‌ ഒട്ടനവധി രഹസ്യങ്ങളുടെ, നിഗൂഢതകളുടെ വാതിൽ തുറക്കുന്നു.

കൂടുതൽ ചുരുളുകൾ തേടി അവർ കുമ്‌റാൻ ഗുഹാപരിസരങ്ങളിലും മറ്റും അന്വേഷണങ്ങൾ നടത്തുന്നു. വനവാസികളായ ബഡൂവിയൻ വർഗ്ഗക്കാരുടെ സഹായം ഇവർക്കിവിടെ ലഭിയ്‌ക്കുന്നു. ഒടുവിലവർ ഹ്യൂവാലോസിന്റെ സുവിശേഷങ്ങളടങ്ങിയ ചുരുളുകൾ കണ്ടെത്തുന്നു. ഈ ചുരുളുകളിലൂടെയുള്ള ഗവേഷണം പൗരാണിക ചരിത്രത്തിന്റെ അനാവരണമാകുന്നു. ഹ്യൂവാലോസ്‌ എന്ന പണ്ഡിതൻ ഒട്ടനവധി യാത്രകൾക്കൊടുവിലാണ്‌ യേശുവിനെ ഒരിക്കൽ നേരിൽ കാണുന്നത്‌. അപ്പോഴേയ്‌ക്കും യേശുകുരിശിലേറ്റപ്പെട്ടുകഴിഞ്ഞിരുന്നു. ആ കുരിശിൽ നിന്നും തലയുയർത്തി ഹ്യൂവാലോസിനെ യേശുനോക്കുമ്പോൾ അയാളുടെ മുടന്ത്‌ അപ്രത്യക്ഷമാകുന്നു; കടപ്പാടിന്റെ നിർഭരതകൊണ്ട്‌ ആ യാത്രികന്റെ മിഴികൾ സജലങ്ങളാകുന്നു. അതൊരു പുതിയ സുവിശേഷമാകുന്നു.

റക്‌സിനും മെൽക്കയ്‌ക്കും യേശുവിന്റെ വഴിതേടിപ്പോയ ഹ്യൂവാലോസിന്റെ പാത പിന്തുടർന്നപ്പോൾ, ഒട്ടേറെ കഷ്‌ടതകൾ, ആകസ്‌മികതകൾ, ചതികൾ അങ്ങനെ പലതിന്റെയും സഹനങ്ങളുടെ യാത്രയാകുന്നു. ചരിത്രസത്യത്തിലേയ്‌ക്ക്‌ നടന്നുകയറുന്ന അല്ലെങ്കിൽ നടന്നിറങ്ങുന്ന മനുഷ്യന്‌ പലപ്പോഴും നേരിടേണ്ടിവരുന്ന വിഹ്വലതകൾ ഈ പുസ്‌തകത്തിന്റെ സത്തയാകുന്നു. യേശു സത്യമാകുമ്പോൾ ഹ്യൂവാലോസിനും സത്യമാകാതിരിക്കാൻ തരമില്ല. ഹ്യൂവാലോസിന്റെ വഴിയേയുള്ള യാത്രകളും സത്യമാകുന്നു.

കെ.പി. മാത്യുവിന്റെ ‘ഹ്യൂവാലോസിന്റെ സുവിശേഷങ്ങൾ’ എല്ലാം കൊണ്ടും ശ്രദ്ധേയമായ കൃതിയാണ്‌. വായനയുടെ സുഖം ഈ പുസ്‌തകത്തിന്‌ അന്യമല്ല. ഉദ്വോഗത്തിന്റെ നിമിഷങ്ങളെ തുന്നിച്ചേർക്കുന്നതിലുള്ള ഗ്രന്ഥകാരന്റെ വൈദഗ്‌ദ്ധ്യവും പ്രശംസനീയമാണ്‌. മലയാളനോവൽ സാഹിത്യത്തിന്‌ പുതിയ കാലത്തിന്റെ സംഭാവനയായി ഈ കൃതി സമ്മാനിക്കാൻ കഴിഞ്ഞതിൽ ഡി.സി.ബുക്‌സിന്‌ അഭിമാനിയ്‌ക്കാം.

ഹ്യൂവാലോസിന്റെ സുവിശേഷം

പ്രസാധകർ – ഡി.സി. ബുക്‌സ്‌

പേജ്‌ – 330, വില – 175&-രൂപ.

Generated from archived content: book1_feb24_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English