സാന്ത്വനത്തിന്റെ സുവിശേഷങ്ങള്‍

സ്വപ്നങ്ങളുടെ നിര്‍ഭരതയാണ് ജീവിതത്തെ ആകര്‍ഷകമാക്കുന്നത് .തോമസ് മൂറിന്റെ ‘ഉട്ടോവ്യ’ പോലെ , ഏതൊരാള്‍ക്കും അയാളുടേതായ ഒരാദര്‍ശ ലോകമുണ്ടായിരിക്കും. ഏകാന്തതകളില്‍ അയാള്‍ അഭിരമിക്കുന്നത് ആ ലോകത്തിലായിരിക്കും. വര്‍ത്തമാന ഇടപെടലുകളിലെ, വിജയത്തിന്റെ , സംതൃപ്തിയുടെ ചില നിമിഷങ്ങള്‍ ആ സ്വപ്നലോകത്തിന്റെ ദര്‍ശനവും അയാള്‍ക്ക് സാദ്ധ്യമാക്കുന്നു. മറ്റു ചിലപ്പോള്‍ ആഴമേറിയ നിരാശയും സ്വപ്നങ്ങള്‍ വെറും നീര്‍ക്കുമിളകളാണെന്നും, സാമുവല്‍ ബക്കറ്റിനെപ്പോലെ , ജീവിതമൊരു അസംബന്ധ നാടമാണെന്ന് തോന്നും. എന്നാല്‍ നിരന്തരമായി , നിര്‍ബന്ധചിത്തനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, അധികനേരം നിരാശതയുടെ തടവറയില്‍ കഴിയുക അസാദ്ധ്യമാണ്.

ചിന്തള്‍ക്ക് , പ്രവൃത്തികള്‍ക്ക് , അവനവന്റെ തന്നെ ജീവിതത്തിന് ചിലര്‍ക്കുള്ളത് വൈയക്തികമായ തലങ്ങളാണെങ്കില്‍, മറ്റു ചിലര്‍ പുലര്‍ത്തുന്നത് സാമൂഹ്യതലങ്ങളാണ്. വൈയക്തികമായ കിനാവുകള്‍ക്ക് പലപ്പോഴുമതിരുകളെ ഭേദിക്കാനാകില്ല . കാരണം അതിന്റെ ചിന്തയുടെ ചലനങ്ങളുടെ പരിധിക്കുള്ളില്‍ ഒരു പക്ഷെ താന്‍ മാത്രമോ, തന്റെ കുടുംബാംഗങ്ങള്‍ മാത്രമോ ആയിരിക്കും സന്നിഹിതര്‍. എന്നാല്‍ സാമൂഹ്യമാനങ്ങളില്‍ ഇടപെടുന്ന മനസ്സിന് വൈയക്തിക ദു:ഖങ്ങളോ , സ്വപ്നങ്ങളോ അല്ല കാതല്‍. അയാള്‍ കിനാവു കാണുന്നത് ഒരാദര്‍ശ സമൂഹത്തേയാണ്. അത് മതപരമോ , രാഷ്ട്രീയമോ , പാരിസ്ഥിതികമോ ശാസ്ത്രീയമോ , യുക്ത്യാധിഷ്ഠിതമോ ഒക്കെ ആകാം. അയാളുടെ നോവലുകളാകട്ടെ , കെട്ട സമൂഹത്തിന്റെ ചെയ്തികളുമാണ്.

ഫ്രാന്‍സിന് ആലുക്കയുടെ ‘ സൃഷ്ടിയും സൃഷ്ടാവും’ എന്ന ചെറിയ പുസ്തകം ഇത്തരം സ്വപ്നങ്ങളുടേയും നോവുകളുടേയും തുറന്നെഴുത്താണ്. മതബോധനത്തില്‍ നിന്നുരുത്തിരിഞ്ഞ ജീവിത വീക്ഷണമാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധം , സൃഷ്ടിയുടെ ലക്ഷ്യം എന്നിവ ഇതിലെ ഏതു താളിലും അന്തര്‍ലീനമാണ്. അസ്വസ്ഥമായ മനസ്സ് കാണുന്ന ശാ‍ന്തിയുടെ, സ്വാസ്ഥ്യത്തിന്റെ സ്വപ്നമാണിത്. ലേഖനങ്ങളും കവിതകളും കഥകളുമായി ജീവിതാനുഭവങ്ങളെ, ചിന്തകളെ ,വിശകലനത്തിനു വിധേയമാക്കുകയാണ് ഫ്രാ‍ന്‍സിസ് . ക്രിസ്തീയ മതത്തിന്റെ അന്തസാരമാണിതിന്റെ കാതല്‍. എങ്കിലും മതാതീതമായ ആത്മീയതയുടെ തലങ്ങളാണ് സംവദിക്കപ്പെടുന്നത്. എന്നാല്‍ അവതരിപ്പിക്കപ്പെടുന്ന ചിന്തകളുടെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ പുസ്തകം ശ്രമിക്കുന്നില്ല. ശരാശരി ചിന്തകള്‍ മത്രമായി ഇവ അവശേഷിക്കുന്നു എന്നു പറയാതെ വയ്യ . വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നതിനോ തന്റെ തന്നെ ഉള്ളറകളിലുള്ള വെളിച്ചത്തെ തിരിച്ചറിയുന്ന അനുഭൂതി സൃഷ്ടിക്കുന്നതിനോ ഈ പുസ്തകം പര്യാപ്തമല്ല. കേവലമായ മതപ്രഭാഷണങ്ങളുടെ സാധാരണത്വം ഈ പുസ്തകത്തെ ഉപരിതല സ്പര്‍ശിയാക്കുന്നു. മാത്രമല്ല, ഇതില്‍ ചേര്‍ത്തിട്ടുള്ള, ഇംഗ്ലീഷ് കവിതകള്‍ മലയാളം കവിതകളിലെന്നപോലെ , ശരിയായ എഡിറ്റിംഗ് ആവശ്യപ്പെടുന്നവയാണ്.

‘മറക്കാന്‍ കഴിയുമോ?’ എന്ന കവിത, ചില ന്യൂനതകളൊഴിച്ചാല്‍ നന്നായിട്ടുണ്ട് എച്ച് & സി കുന്നംകുളം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ലേ ഔട്ട് നന്ന്.

സൃഷ്ടിയും സൃഷ്ടാവും – ഫ്രാന്‍സിസ് ആലുക്ക.

പ്രസാധനം – എച്ച് & സി

പേജ് – 48 വില – 40 രൂപ

Generated from archived content: book1_feb20_12.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here