നമുക്കു ചിരിയ്‌ക്കാം

നർമ്മം രസിയ്‌ക്കാത്തവർ ചുരുക്കമാണ്‌. ചിരിവിരിയാൻ ചിലർക്ക്‌ നന്നേ പ്രയാസമാണ്‌. എങ്കിലും, അവരും ഉള്ളിലൂറി ചിരിക്കുന്നവരാണ്‌.

ചിരി ഔഷധമാണ്‌. നന്നായി ചിരിച്ചാൽ പ്രാണായാമത്തിന്റെ ഫലം കിട്ടും. രക്തത്തിലേക്ക്‌ ആവശ്യമുള്ള ഓക്‌സിജൻ ലഭിക്കും. ഒരുന്മേഷം തോന്നും. വലിഞ്ഞുമുറുകിയ മുഖഭാവം അപ്രത്യക്ഷമാകും. ആസ്‌തമയ്‌ക്കും ബ്രോങ്കൈറ്റിസിനും കുറുവുണ്ടാകും. രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറയും. ശരീരവും മനസ്സും ജീവിതവും ആരോഗ്യപ്രദമാകും. ചിരിപ്പിക്കാൻ സിനിമകളുണ്ട്‌. കോമഡി പരിപാടികൾ ടെലിവിഷനിലും റേഡിയോവിലും മറ്റെല്ലാ മാദ്ധ്യമങ്ങളിലുമുണ്ട്‌. ചിരിയ്‌ക്കാൻ ചിരിക്ലബ്ബുകളുണ്ട്‌. ചിരിപ്പിക്കുന്ന യോഗക്ലാസുകളുണ്ട്‌. ചിരികളും പലവിധമുണ്ട്‌. ചിന്തയിൽ നിന്നുരുത്തിരിയുന്ന ചിരി. മണ്ടത്തരങ്ങളിൽ നിന്നുതിരുന്ന ചിരി, പരിഹാസ ചിരി….. അങ്ങനെ ചിരിനിര നീളുന്നു.

കുഞ്ചൻ നമ്പ്യാർ തൊട്ടിങ്ങോട്ട്‌ കേരളീയനും ചിരിയുടെ ഉദാത്ത പാരമ്പര്യമുണ്ട്‌. എഴുത്തച്ഛനും പൂന്താനവും ഇ.വി. കൃഷ്‌ണപിള്ളയും സഞ്ജയനും ചെമ്മനം ചാക്കോയും സുകുമാറും തുടങ്ങി പത്രപ്രവർത്തകരും രാഷ്‌ട്രീയക്കാരും മതമേലധ്യക്ഷന്മാരും സന്യാസിമാരും സിനിമാക്കാരും സാംസ്‌ക്കാരിക നായകരും നമ്മെ നിരന്തരം ചിരിപ്പിച്ചിട്ടുണ്ട്‌. ചിരിയുടെ കാർട്ടൂണുകൾ, ഫലിതബിന്ദുക്കൾ, എന്നിവയും അരങ്ങേറി. ഒടുവിലിതാ ടിന്റുമോന്റെ ഹാസ്യസന്ദേശങ്ങളും! പുസ്‌തകരൂപത്തിൽ ഇറങ്ങുന്നതിനു മുമ്പേ തന്നെ മൊബൈൽ സന്ദേശങ്ങളായും പത്രത്താളുകളിലും ഈ സന്ദേശങ്ങളിൽ പലതും വെളിച്ചം കണ്ടവയാണ്‌.

64 പേജുകളിൽ എച്ച്‌ ആന്റ്‌ സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച എസ്‌.എം.എസ്‌. ജോക്‌സ്‌ ഓഫ്‌ ടിന്റുമോൻ നേരം കൊല്ലി വായനയ്‌ക്കുതകുന്നതാണ്‌. എന്തിനേയും ഏതിനേയും ഹാസ്യത്തിലേക്ക്‌ വലിച്ചിഴച്ച്‌ അവയുടെതല്ലാത്ത ഒരു താഴ്‌ന്നതലത്തിൽ നിർത്തി. ഹാസ്യത്തിന്റെ ലേബലൊട്ടിച്ച്‌ പ്രദർശിപ്പിക്കുന്ന ലാഘവത്വത്തിന്റെ സൃഷ്‌ടിയാണിത്‌. ഗൗരവമായ പലവിഷയങ്ങളും വിലകുറഞ്ഞ തമാശകളായി ഇവിടെ പുനഃരവതരിയ്‌ക്കുന്നത്‌ കാണാം. ഇതൊരു ജനത. ഇങ്ങനെയൊരു കാലത്തിൽ എങ്ങനെ ജീവിയ്‌ക്കുന്നു, എങ്ങനെ ചിന്തിയ്‌ക്കുന്നു എന്നതിന്റെ പ്രതിഫലനവും വിപണിയുടെ താല്‌പര്യത്തിന്റെ ഉല്‌പന്നവുമാണ്‌.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഇതിലെ തമാശകളിൽ പലതും നമ്മെ ചിരിപ്പിക്കുന്നവയാണ്‌. എന്നാൽ അവയ്‌ക്കു പിന്നിലെ രാഷ്‌ട്രീയം വായനക്കാരൻ കാണാതിരുന്നുകൂടാ. അവ പകരുന്ന നൈതികത എന്തെന്ന്‌ അറിയാതിരുന്നുകൂടാ. അങ്ങനെ ടിന്റുമോന്റെ ഹാസ്യ സന്ദേശങ്ങൾ മലയാളിയെ നോക്കിയുള്ള, അവന്റെ ഉള്ളറിഞ്ഞ പരിഹാസമാണ്‌. നമുക്കിതും ഏറ്റുവാങ്ങാം – നേരം കൊല്ലാം, പ്രബുദ്ധരാകാം. സമാഹരിച്ച എ.ബി.വി. കാവിൽപാടിന്‌ അഭിനന്ദനങ്ങൾ.

ടിന്റുമോന്റെ ഹാസ്യസന്ദേശങ്ങൾ

പേജ്‌-64, പ്രസാധനം – എച്ച്‌ ആന്റ്‌ സി ബുക്‌സ്‌​‍്‌, വില – 40&-

Generated from archived content: book1_feb17_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here