ബാഹ്യമായ യാത്രകൾ പലപ്പോഴും അവനവനുള്ളിലേക്കു തന്നെയുള്ള യാത്രകളായി പരിണമിക്കാറുണ്ട്. വ്യത്യസ്‌തരായ വ്യക്തികൾ, സ്‌ഥലങ്ങൾ, കാഴ്‌ചകൾ, അനുഭവങ്ങൾ…. എല്ലാമെല്ലാം ജീവിതത്തിന് പുതിയൊരു അർത്ഥം നൽകും. ഈ പ്രപഞ്ചത്തിൽ നിന്ന് ഉദ്‌ഭൂതമായി, ഈ പ്രപഞ്ചത്തിൽ മൂർത്തരൂപത്തിനുള്ളിൽ ചേക്കേറി, വീണ്ടും അമൂർത്തതയായി ഈ പ്രപഞ്ചത്തിലേക്കുതന്നെ ലയിക്കുന്ന ജീവന് ഒരുപക്ഷേ, ഒരു സ്‌ഥലവും, ഒരനുഭവവും അന്യമല്ല. ശരീരത്തിനു മാത്രമാണ്, മനസ്സിനു മാത്രമാണ് അനുഭവങ്ങളുടെയും കാഴ്‌ചകളുടേയും പുതുമകളും പഴമകളും. അതുകൊണ്ട് യാത്രയിലുടനീളം ശരീരവും മനസ്സും നേരിടുന്ന അനുഭൂതികൾക്കൊപ്പം തന്നെ ജീവനിലുണരുന്ന മിന്നൽപ്പിണരുകളും യാത്രയുടെ സമ്പാദ്യങ്ങളാണ്.
ഗ്രീൻബുക്‌സ് പ്രസിദ്ധീകരിച്ച കേദാർനാഥിലെ കാക്കകൾ – എന്ന കൃതിക്ക് ഒരു ഹിമാലയൻ യാത്രാനുബന്ധം എന്നാണു വിശേഷണമെങ്കിലും മൗനത്തിന്റെ നാനാർത്ഥങ്ങളാണ് ഇതിൽ ഇതൾ വിരിയുന്നത്. ഹിമാലയത്തിലേക്കുള്ള തീർത്ഥയാത്രയിൽ, ധ്യാൻതർപ്പൺ അവനവനോടു തന്നെ നടത്തിയ സംവാദങ്ങളാണ് ഈ പുസ്‌തകത്തിന്റെ കാതൽ. കേവലമായ കാഴ്‌ചകളുടെ ചിത്രം വളരെക്കുറച്ചേ ഈ കൃതിയിൽ കാണാനാകൂ – അതിലുപരി, സത്യസൗന്ദര്യങ്ങൾ തേടുന്ന മനസ്സിന്റെ, ജീവന്റെ സുപഥ സഞ്ചാരങ്ങളാണ് ഇതിൽ തെളിയുന്നത്. ഗുരുപരമ്പരകളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിതമാണ് ഈ കൃതി. ഓഷോ, സെൻ, ബാവുൾ ഗായകർ, ഗോരഖ്, സനാതൻദാസ്, മിലരേപ, ഉപനിഷദ് ദർശനങ്ങൾ, മനനം, സംഗീതം, ഗന്ധം, അശ്വ ചരിത്രം, മനഃശാസ്‌ത്രം രൂപശാസ്‌ത്രം, ഭാഷാശാസ്‌ത്രം, ശിവപുരിബാബ, ഡോ. എസ് രാധകൃഷ്‌ണൻ, ഗോവിന്ദഭാരതി, കാക്കയുടെ തത്വശാസ്‌ത്രം, ബുദ്ധമതം, ഗംഗ, ബോധോദയം, കേദാർനാഥ്, ബദരീനാഥ് – എന്നിങ്ങനെ നാമറിയേണ്ടതും അറിവിന് എത്തിച്ചേരാനാകാത്തതുമായ അനവധി വിഷയങ്ങൾ 132 പേജുകൾ മാത്രമുള്ള ഈ പുസ്‌തകത്തിന്റെ താളുകളിൽ ഒരുമയോടെ, ഒതുക്കം പൂണ്ടു നിറയുമ്പോൾ, ധ്യാൻതർപ്പണിന്റെ ഭാഷയുടെ സൗകുമാര്യവും വായനക്കാരൻ അറിയുന്നു.
വെളിച്ചം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നില്ല. ഏതോ ജന്മ സുകൃതം കൊണ്ട് ഒരിറ്റു വെളിച്ചം ജീവിതപ്പാതയിൽ ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവരുണ്ട്. ആ ഇത്തിരിപ്പോന്ന വെളിച്ചത്തിൽ നിന്നുകൊണ്ട് ഈ മഹാപ്രപഞ്ചത്തിനു നേരെ നോക്കുമ്പോൾ, അർത്ഥഗർഭങ്ങളായ കാഴ്‌ചകൾ കാണാനാകും. മൗനത്തിന്റ സാന്ദ്രലയവും ശബ്‌ദഗാഭീര്യവും തിരിച്ചറിയാനാകും – അത്യപൂർവ്വമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ – ആ ഒരറിവ് ധ്യാൻതർപ്പണിന്റെ കേദാർനാഥിലെ കാക്കകളിൽ കാണാം.
കവിതപോലെ സുന്ദരമാണ് ഇതിലെ ഓരോ വരിയും – ആത്മീയതയും കവിതയും മനശാസ്‌ത്രവും സാമൂഹ്യശാസ്‌ത്രവും അതിമനോഹരമായി ഇഴ ചേർന്നിരിക്കുന്ന ഈ കൃതിക്ക് സഞ്ചാരസാഹിത്യത്തിലല്ല ഇടം. ദർശനങ്ങളാണ് ഇതിന്റെ അന്തസത്ത – അവനവനോടു തന്നെയുള്ള ആമന്ത്രണങ്ങളാണിത്. ഈ കൃതി വായിക്കുമ്പോൾ, ആഴങ്ങളിലെവിടേയോ, വായനക്കാരന്റെ മനമൊന്നിടറുന്നുവെങ്കിൽ, ധ്യാൻതർപ്പണിന്റെ രചന സഫലമായി. അതു സംഭവിക്കും – അല്ലാതെ തരമില്ലല്ലോ.
ഈ പുസ്‌തകത്തിന്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്ന ഗ്രീൻബുക്‌സും, ഡിസൈൻ നിർവ്വഹിച്ച രാജേഷ് ചാലോടും അഭിനന്ദനാർഹരാണ്. ആഴമുള്ള ലാളിത്യം (a profound simplicity) അങ്ങനെ ഈ ഗ്രന്ഥത്തിന്റെ മുഖമുദ്രയാകുന്നു.
കേദാർനാഥിലെ കാക്കകൾ
ധ്യാൻ തർപ്പൺ
പ്രസാധനം – ഗ്രീൻ ബുക്സ്
വില – 85&-
Generated from archived content: book1_dec18_10.html Author: sp_suresh_elavoor
Click this button or press Ctrl+G to toggle between Malayalam and English