ഹൃദയത്തിലേക്ക് തുറന്നിട്ടവാതില്‍

കാലത്തിന്റെ ആകുലതകളെ തിരിച്ചറിയുകയും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയും സാമൂഹ്യബോധത്തിലൂന്നിയ കടമ നിറവേറ്റലാണ്. ഇതൊരു ആചാര ക്രമത്തിന്റെയോ അനുഷ്ടാനത്തിന്റെയോ ഭാഗമല്ല. മറിച്ച് ജാഗരൂഗമായ ഒരു മനസ്സിന് സഹജീവികളോടുള്ള കരുതലാണ്. ഈയൊരു ധര്‍മ്മത്തെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും നിറവേറ്റുകയാണ് ‘ഹൃദയപൂര്‍വ്വം’ എന്ന ലേഖന സമാഹാരത്തിലൂടെ, പ്രശസ്തപത്രപ്രവര്‍ത്തകയായ ലീലാമേനോന്‍.

‘ഹൃദയപൂര്‍വ്വം’ പേരുപോലെത്തന്നെ ഹൃദയങ്ങളോടുള്ള ആഹ്വാനമാണ്. പെണ്‍വഴികളാണ് ഈ സമാഹാരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. സ്ത്രീ തന്റെ കരുത്തും വിശാലതയും കണ്ടെത്തുമ്പോള്‍, പ്രയോജനപ്രദമാകുമ്പോള്‍ ‘വിധികള്‍’ മാറ്റി എഴുതപ്പെടുമെന്നു തന്നെ ലേഖിക ഉറപ്പിച്ചു പറയുന്നു. കേവലമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ ലിഖിതങ്ങള്‍. നെടുനാളത്തെ, സമൂഹമായുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെട്ട അനുഭവപാഠങ്ങളാണിവ.

28 ലേഖനങ്ങള്‍. ഒരെണ്ണം പോലും ദീര്‍ഘമല്ല. എന്നിട്ടും അവ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ക്ക് ദൈര്‍ഘ്യവും തെളിച്ചവും ഏറെയാണ്. ‘ഒളിച്ചോട്ടത്തില്‍ എന്തര്‍ത്ഥം’ എന്ന ആദ്യലേഖനത്തില്‍ വൈയക്തികാനുഭവങ്ങള്‍ക്കാണ് പ്രസക്തി. എന്നാല്‍, ഏകാന്തതയെക്കുറിച്ചുപറയുമ്പോള്‍ ആത്മഹത്യയും വിഷയീഭവിക്കുന്നു. ‘വിശാഖവിധിയുണ്ട്, പക്ഷെ..’ എന്ന ലേഖനം കേരളത്തില്‍, സ്ത്രീ സുരക്ഷിതയാണോ എന്ന ചോദ്യത്തിലാണ് ആരംഭിക്കുന്നത്.

1997 ല്‍ വിശാഖകേസില്‍ സുപ്രീംകോര്‍ട്ട് പാസാക്കിയ വിധിയെ ഇവിടെ പരിശോധിക്കുകയാണ്. എന്നിട്ടും പീഡനം പേടിച്ച് സ്ത്രീ എല്ലാം ഉള്ളിലൊതുക്കുന്നു. എങ്ങും എന്നും ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വത്തിന് കരുത്ത് അനിവാര്യം തന്നെയെന്ന് ഇതോര്‍മ്മിപ്പിക്കുന്നു.

‘ബാല്യം: ഒരു ജാലകകാഴ്ച’ ഓര്‍മ്മകളിലേക്കുള്ള ഒരു മടക്ക യാത്രയാണ്. ചിരി അറിയാമായിരുന്ന ബാല്യമായിരുന്നു അത്. എന്നാല്‍ ഇന്നത്തെ ബാല്യത്തിന്റെ നെറുകയില്‍ തിളയ്ക്കുന്നത് അഗ്നിയാണ്. ‘ഭയം ഫാഷനാക്കിയവരു’ടെ ലേകത്തെ, പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകളുടെ, സ്ത്രീത്വലക്ഷണം തെറ്റിച്ച അരുന്ധതീ റോയിയും വയനാട്ടിലെ വിനയയും ജാനുവും മണ്ണെണ്ണയില്‍ പൊലിയാനുള്ളതല്ല സ്ത്രീയുടെ ജീവിതമെന്ന് അടിവരയിടുന്നു. ‘മരിച്ചു ജീവിക്കുന്നതെന്തിന്’ എന്ന ലേഖനം മരണത്തിനുശേഷവും ജീവിക്കാനും ചിരിക്കാനുമാകുമെന്ന് വെളിപ്പെടുത്തുന്നു; എന്നാല്‍ അതിനിത്തിരി ഹൃദയവിശാലത വേണമെന്നുമാത്രം.

ആധുനികസ്ത്രീയുടെ പുത്തനുണര്‍വിനെക്കുറിച്ചാണ് സ്ത്രീകള്‍ സെക്സ് തിരിച്ചറിയുമ്പോള്‍ എന്ന ലേഖനം. അതിനൊപ്പം വരുന്ന പാതിപ്പിഴകളും ഇതില്‍ പരാമര്‍ശിതമാകുന്നുണ്ട്. പെണ്‍ഭ്രൂണഹത്യയുടെ ഉത്തരവാദിത്തം സ്ത്രീക്കല്ലേ? എന്നു ചോദിക്കുന്ന ലേഖനത്തിന്റെ അന്തസത്ത, സ്ത്രീ തന്നില്‍ നിന്നു തന്നെ പുറത്തുകടക്കുന്നതിനുള്ള ആഹ്വാനമാണ്.

അപകര്‍ഷബോധത്തെ, കരയുന്ന പെണ്ണിനെ, നിഷയെ, കഞ്ഞിക്കു കാത്തിരിക്കുന്നവരെ, ബന്ധമെന്ന പദത്തിനര്‍ത്ഥത്തെ, പൊങ്ങച്ച സംസ്കാരത്തിന്റെ ഇരകളെ, വസ്ത്രധാരണത്തെ, വാണിഭങ്ങളുടെ ഹീനമാര്‍ഗ്ഗളെ… തുടങ്ങി നിരവധി കാലികവിഷയങ്ങളെ ലീലാമേനോന്‍ ഗൗരവത്തോടെ സമീപിക്കുന്നു. ചിലതില്‍ ഘനീഭവിച്ച ദു:ഖം, ചിലതില്‍ അമര്‍ഷത്തിന്റെ പൊട്ടിച്ചിതറലുകള്‍, മറ്റുചിലതില്‍ സ്നേഹ സാഹോദര്യങ്ങളുടെ തെളിനീരുറവ…. ഇങ്ങനെ ആ ലേഖനങ്ങള്‍ ഹൃദയഹാരികളാകുന്നു. സ്ത്രീകള്‍ മാത്രമല്ല, പുരുഷനും അറിയണം ഈ ചിന്തകളെ, അനുവര്‍ത്തിക്കണം ഈ ആഹ്വാനങ്ങളെ.

ഹൃദയപൂര്‍വ്വം – ലീലാമേനോന്‍

പ്രസാധനം : എച്ച് ആന്‍ഡ് സി ബുക്സ്, വില – 60, പേജ് – 88

Generated from archived content: book1_aug16_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English