ശിശിദ്വാനന്‍…

ആത്മീയതയുടെ
തൂവെള്ളവസ്ത്രത്തില്‍
രതിയുടെ പാപക്കറകള്‍
ചിരിക്കുന്നൂ…

ജപമാലകളും
വേദപുസ്തകങ്ങളും
ദൈവത്തിന്റെ
പുത്രന്മാര്‍
സാത്താന്മാരാകുന്നതിനു
സാക്ഷികള്‍…

പ്രതീക്ഷയാല്‍ തുന്നിയ
നിറമുള്ള ജീവിത
പട്ടുപാവാടകള്‍
ചരടു തെറ്റി
അശുദ്ധചെളിയില്‍ വീഴുന്നൂ…

ശുദ്ധമാക്കി എടുക്കാന്‍
പറ്റാത്ത വിധം
വാര്‍ത്താപരുന്തുകള്‍
അവ റാഞ്ചി പറത്തിടുന്നൂ…

കുഞ്ഞുമിഴിയിലെ തിളക്കം
ചൊടിയിലെ നിഷ്‌കളങ്കത
പൂവുടലിന്‍ നൈര്‍മ്മല്യം
നിന്‍ ഭോഗത്തിനു വേണ്ടി
എറിഞ്ഞുടയ്ക്കുന്നൂ..

സംഭവിക്കുന്നതെന്തെന്നറിയാതെ
ഭീതി നിഴലിക്കും
പിഞ്ചുമുഖം
കണ്ടു നീ നിന്‍
സ്വര്‍ഗ്ഗീയാനുഭൂതിയില്‍
ഉന്മത്തനാകുന്നു…

സങ്കടത്തിന്‍
തുള്ളികള്‍
ചാരിത്ര്യകല്ലറയ്ക്കു
മുകളിലൂടെ
തോരാമഴയായ്
പെയ്തിറങ്ങുന്നൂ…

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്‌ത്രോതം പാടി
അഭയമില്ലാതെ ആയ
അഭയയും
ഇടയന്റെ കാമത്യഷ്ണയ്ക്കു
ഇരയാകേണ്ടി വന്ന കുഞ്ഞാടും
ആത്മീയതയുടെ ആത്മാവാകും
നാഥനു നേരെ
ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍
വിശ്വാസമെവിടെ
വിശ്വാസികള്‍ എവിടെ
ഉത്തരം നല്‍കാന്‍!!!!

Generated from archived content: poem1_july24_14.html Author: soya_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English