അവസ്ഥാന്തരങ്ങള്‍…

ഉറക്കെ നിന്റെ
ശബ്ദം കേട്ടു പോകരുതു
അയലത്തുകാരെ കൊണ്ടു
പറേപ്പിക്കരുതു
നാളെ വേറൊരു വീട്ടില്‍
പൊറുക്കേണ്ടതാ
ബാല്യത്തിലെ വാ
അടപ്പിച്ചു
അടക്കം പഠിപ്പിച്ച
മാതാപിതാക്കള്‍!!

നല്ല ഉടുപ്പൊന്നും വേണ്ട
ഉള്ളതൊക്കെ ഇട്ടോണ്ടു
പോയാല്‍ മതി
ആ കാശിനു ചെറുക്കനൊരു
പുത്തന്‍ ഉടുപ്പു വാങ്ങാം
അവന്‍ അല്ലേ നാളെ ഈ
കുടുംബത്തിന്റെ നാഥന്‍ !!!

ചെക്കന്മാരോടു മിണ്ടരുതു
അവരൊടു ഒത്തിരി
കൊഞ്ചി കുഴയരുതു
അപരിചിതര്‍ ആരു
എന്തു സമ്മാനമായി
തന്നാലും വാങ്ങരുതു
പ്രത്യേകിച്ചും ആണ്‍കുട്ട്യൊള്‍ !! !

നല്ലോണം ഒരുങ്ങി പോണം
പക്ഷെ തുണി ഒരിത്തിരി
പോലും മാറാതെ നോക്കിക്കോണം
അവള്‍ രതിയെക്കുറിച്ച്
പറയാനും വായിക്കാനും
എഴുതാനും പാടില്ല
രതിരേഖകളാല്‍
ജീവിതം കൂട്ടിചേര്‍ക്കാന്‍
ഒരാളെ ഞങ്ങള്‍ കണ്ടെത്തും
ശാസനാരൂപത്തില്‍ ആജ്ഞ !!!

ഇതൊക്കെയായിരുന്നു പണ്ടത്തെ
അടക്കവും ഒതുക്കവും
ആണ്‍കുട്ടോളൊടു രാപകല്‍
ഭേദമന്യെ മൊബെയിലില്‍
പഞ്ചാര അടിക്കണം
രാത്രിയാമങ്ങളില്‍
ഇക്കിളി വര്‍ത്തമാനം
കൈവിരലിലൂടെ ടൈപ്പ് ചെയ്യണം
അംഗവടിവു
വ്യക്തമാക്കുന്ന ഇറുകിയ
വസ്ത്രമേ ഇടാവൂ
രതിയും വിരതിയും
ഇടകലര്‍ത്തി സംസാരീക്കാം
പക്ഷെ അത്ര ഇഴുകി ചേര്‍ന്നു
ആഴത്തില്‍ വേരോടിക്കരുതു
സ്റ്റാറ്റസിനു പറ്റിയ ഒരു ചെക്കനെ
ബോയ്ഫ്രണ്ട് ആക്കിക്കോളു
ഈ പ്രണയം എന്നൊക്കെ
കള്ളപ്പേരിട്ട് വിളിക്കാന്‍ വേണ്ടി മാത്രം !!
കാലം മാറിയപ്പോള്‍
അച്ഛന്‍ മുതല്‍ അച്ചന്‍
വരെ ഭോഗലഹരിയില്‍
അര്‍മ്മാദിക്കുന്നു !!

പഴമയില്‍ നിന്നും
പുതുമയിലേക്കുള്ള
ചുവടുതെറ്റി വീഴ്ചയെപറ്റി
പതം പറഞ്ഞിരിക്കുന്നു
പാവം ബ്ലാക് ആന്‍ഡ് വൈറ്റ് കാലവും
തന്റേടി കളര്‍ കാലവും
വര്‍ണജാലപെട്ടിയ്ക്കുള്ളില്‍!!!

Generated from archived content: poem1_june5_14.html Author: soya_binu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here