മലയാള ഭാഷയുടെ ഉൽപത്തി – ചില വസ്‌തുതകൾ

വളരെയേറെ ചർച്ചകൾക്കും പഠനങ്ങൾക്കും വഴി തെളിച്ച വിഷയമാണ്‌ മലയാള ഭാഷയുടെ ഉൽപത്തി. മലയാളം രൂപപ്പെട്ടത്‌ സംസ്‌കൃതത്തിൽ നിന്നാണെന്നും തമിഴിൽ നിന്നാണെന്നുമുളള രണ്ടു വാദഗതികളായിരുന്നു ആദ്യകാലത്ത്‌ പ്രബലമായി നിലനിന്നിരുന്നത്‌. പിന്നീട്‌ സ്വതന്ത്രതാവാദം, മിശ്രഭാഷാവാദം, ഉപഭാഷാവാദം, പൂർവ്വ കേരള ഭാഷാവാദം തുടങ്ങിയ നിഗമനങ്ങളുമുണ്ടായി. ഈ വാദഗതികളൊക്കെയും സ്ഥാപിക്കുവാൻ വ്യത്യസ്‌ത കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന നിരവധി ഭാഷാപണ്‌ഡിതർ ശ്രമം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ പിൽക്കാല പഠനങ്ങൾ മലയാളഭാഷയുടെ ദ്രാവിഡ ഗോത്രത്വവും സംസ്‌കൃതഭാഷയോടുളള വ്യതിരിക്തതയും തെളിയിച്ചു. അതോടെ നിലവിലുണ്ടായിരുന്ന പല വാദങ്ങളും പ്രത്യക്ഷത്തിൽ പരാജയപ്പെട്ടുവെന്ന്‌ പറയാം. ആധുനിക ഭാഷാശാസ്‌ത്രത്തിന്റെ വളർച്ചയോടെ മലയാളഭാഷയുടെ ഉൽപത്തി ഒരു പ്രത്യേക കാലഘട്ടത്തിലെ ഭാഷാ ജനനമായിട്ടല്ല ‘ഭാഷാപരിണാമ’മായി തിരിച്ചറിയപ്പെട്ടു. മുൻവിധിയോടെ വരമൊഴി രേഖകളെ പരിശോധിച്ചതുമായി ബന്ധപ്പെട്ടോ പരമ്പരാഗത വ്യാകരണ സങ്കൽപ്പങ്ങളുടെ മേൽക്കോയ്‌മയുടെ ഫലമായോ ഉടലെടുത്തവ ആയിരുന്നു ആദ്യകാല വാദഗതികളൊക്കെയും. ഭാഷാശാസ്‌ത്രം പരമ്പരാഗത വ്യാകരണത്തെ ഉൾക്കൊണ്ടുതന്നെ വാമൊഴി, വരമൊഴി ഭാഷാഭേദങ്ങൾ അപഗ്രഥിച്ചുകൊണ്ട്‌ ഭാഷാപരിണാമ വസ്‌തുതകൾ തെളിയിച്ചു.

മലയാള ഭാഷയുടെ പരിണാമത്തെക്കുറിച്ച്‌ കൂടുതൽ യുക്തിഭദ്രമായി അപഗ്രഥിച്ച രണ്ടു ഭാഷാശാസ്‌ത്രജ്ഞന്മാരാണ്‌ എൽ.വി.രാമസ്വാമി അയ്യരും എ.സി.ശേഖറും. ഇംഗ്ലീഷ്‌ ഭാഷയിൽ എഴുതപ്പെട്ടതു കൊണ്ടാവാം ഇവരുടെ ഗ്രന്ഥങ്ങൾക്ക്‌ (ദി എവലൂഷൻ ഓഫ്‌ മലയാളം മോർഫോളജി, എവലൂഷൻ ഓഫ്‌ മലയാളം) ആഴമേറിയ പഠനങ്ങൾ ഉണ്ടാകാതെ പോയത്‌. “എൻസൈക്ലോപീഡിയ ഓഫ്‌ ലാംഗ്വേജ്‌ ആൻഡ്‌ ലിംഗ്വിസ്‌റ്റിക്‌സി‘ൽ മലയാള ഭാഷ അർഹമായ സ്ഥാനം നേടിയതും ലോകോത്തര പഠനങ്ങളിലൂടെ സ്‌മരിക്കപ്പെടുന്നതും എൽ.വി.രാമസ്വാമി അയ്യരിലൂടെയാണ്‌. ഈ ഭാഷാശാസ്‌ത്രജ്ഞരുടെ പഠനങ്ങൾ മലയാള ഭാഷാവിജ്ഞാനീയത്തെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടോടെ സമീപിക്കുന്നതിനും ദത്തങ്ങളിൽ നിന്നും വസ്‌തുതകൾ ക്രോഡീകരിക്കുന്ന ഗവേഷണരീതിയുടെ തുടക്കം കുറിക്കപ്പെടുന്നതിനും കാരണമായി.

പന്ത്രണ്ടാം ശതകത്തിന്‌ മുമ്പ്‌ മലയാളത്തിൽ എഴുതിയതെന്ന്‌ വ്യക്തമായി പറയാവുന്ന കൃതികളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. എങ്കിലും ഇതിന്‌ മുൻപ്‌ തന്നെ കേരളഭാഷയ്‌ക്ക്‌ ലിഖിതരൂപം ഉണ്ടായിരുന്നുവെന്നതിന്‌ തെളിവാണ്‌ ഒമ്പതു മുതൽ പന്ത്രണ്ട്‌ വരെയുളള ശതകങ്ങളിൽ കേരളത്തിൽ ഉണ്ടായിട്ടുളള ശാസനങ്ങൾ. പിൽക്കാല ഭാഷയിലും സാഹിത്യത്തിലും കാണപ്പെടുന്ന തമിഴ്‌ സംസ്‌കൃത പ്രഭാവങ്ങളുടെ പൂർവ്വകാല മാതൃകകൾ ഈ ശാസനങ്ങളിൽ കാണാം. മലയാളത്തിലെ പാട്ട്‌ പ്രസ്ഥാനം ചെന്തമിഴ്‌ സാഹിത്യത്തിന്റെയും മണിപ്രവാളം സംസ്‌കൃത സാഹിത്യത്തിന്റെയും പാരമ്പര്യങ്ങൾ ഉൾക്കൊളളുന്നു.

ഭാഷയുടെ ഉൽപത്തി വിചാരത്തിൽ വരമൊഴി-വാമൊഴി സാഹിത്യത്തിനും അന്യഭാഷാകൃതികൾക്കും ഉളള പ്രാധാന്യം എന്താണ്‌? സാമാന്യ വ്യവഹാരഭാഷ (സംസാരഭാഷ)യിലെ ഭാഷാരൂപങ്ങളും ശൈലികളും വിശേഷ വ്യവഹാര (എഴുത്തുഭാഷ)ത്തിൽ കാണണമെന്നില്ല. എന്നിരുന്നാലും സാമാന്യവിശേഷ വ്യവഹാരഭാഷകൾക്ക്‌ പരസ്‌പര സ്വാധീനം ചെലുത്താൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭാഷയുടെ വികാസ പരിണാമം മനസ്സിലാക്കുവാൻ വാമൊഴി-വരമൊഴി രൂപങ്ങളെ ആശ്രയിക്കാം. ഭാഷയുടെ അടിസ്ഥാനമാണ്‌ വാമൊഴിയെങ്കിലും ഇതിന്റെ അഭാവത്തിൽ സാഹിത്യകൃതികളാണ്‌ പഠനത്തെ സഹായിക്കുന്നത്‌. മലയാളം സ്വതന്ത്രഭാഷയാകുന്നതിന്‌ മുമ്പുളള അവസ്ഥയെക്കുറിച്ച്‌ അറിയണമെങ്കിൽ സഹോദരഭാഷകളിലെ പ്രാചീനഗ്രന്ഥങ്ങളും പരിശോധിക്കേണ്ടതുണ്ട്‌. ഭാഷാഗോത്രത്തിന്റെ പൊതു പ്രത്യേകതകളും വ്യാകരണ പ്രത്യേകതകളും കണ്ടെത്താൻ അന്യഭാഷാകൃതികളിലൂടെ കഴിയും. ഇത്തരമൊരു അടിസ്ഥാനത്തിലാണ്‌ എൽ.വി. രാമസ്വാമി അയ്യരും എ.സി. ശേഖറും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത്‌.

ഒമ്പത്‌ മുതൽ പതിമൂന്ന്‌ വരെയുളള നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ശാസനങ്ങളിലെ ഭാഷാ പ്രത്യേകതകളെ ആണ്‌ എ.സി. ശേഖർ ”എവലൂഷൻ ഓഫ്‌ മലയാളം“ എന്ന ഗ്രന്ഥത്തിൽ ശേഖരിച്ചിട്ടുളളത്‌. ഇതിന്‌ വേണ്ടി 34 ശാസനങ്ങളിലെ ഏഴായിരത്തോളം വാക്കുകൾ പഠനവിധേയമാക്കി. സ്വനവിജ്ഞാനീയം, രൂപവിജ്ഞാനീയം എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങളായി തിരിച്ച്‌ അതിൽ തന്നെ അനേകം ഭാഷാശാസ്‌ത്ര വസ്‌തുതകൾ അപഗ്രഥിക്കുന്നു. ഭാഷാരൂപപ്പെടലിനെ ധാരാളമായി ഉദാഹരിക്കുകയും ചെയ്യുന്നുണ്ട്‌.

എൽ.വി രാമസ്വാമി അയ്യരാവട്ടെ ശാസനഭാഷയുടെ അനുക്രമമായ വികാസത്തെ സൂചിപ്പിക്കുന്ന ഗദ്യസാഹിത്യം ഭാഷാസാഹിത്യത്തിന്റെ വികാസ പരിണാമങ്ങൾക്കൊപ്പം കേരളത്തിൽ നിലനിന്നിരുന്നു എന്ന്‌ ചൂണ്ടിക്കാട്ടി. ഇത്‌ സമർത്ഥിക്കുന്നതിനായി പത്താം നൂറ്റാണ്ടു മുതൽ എഴുതപ്പെട്ടവ എന്നു കരുതുന്ന 80 ഓളം കൃതികളും അന്യഭാഷാ കൃതികളും അദ്ദേഹം പഠനവിധേയമാക്കുന്നുണ്ട്‌. ബ്രഹ്‌മാണ്ഡ പുരാണഗദ്യം, ഭാഷാകൗടലീയം, ദൂതവാക്യം, നളോപാഖ്യാനം, അംബരീഷോപാഖ്യാനം, ക്രമദീപിക, ആട്ടപ്രകാരം തുടങ്ങിയവ പ്രാചീന ഭാഷാഗദ്യങ്ങളിൽ ചിലതാണ്‌. ഈ കൃതികളിലെല്ലാം സംസ്‌കൃത പദബാഹുല്യം കാണാം. എന്നിരുന്നാലും സാമാന്യഭാഷയുടെ സ്വഭാവങ്ങൾ പ്രാചീന ഗദ്യത്തിൽ നിന്നും മനസ്സിലാക്കാമെന്നും അപ്രകാരം ഭാഷാപരിണാമ വസ്‌തുതകൾ വ്യക്തമാക്കാമെന്നുമാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ”ദി എവലൂഷൻ ഓഫ്‌ മലയാളം മോർഫോളജി“ (1936) എന്ന ഗ്രന്ഥത്തിലാണ്‌ ഇത്തരമൊരു പഠനം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. അദ്ദേഹമെഴുതിയ ദ്രാവിഡ ഭാഷാ തുടർലേഖനങ്ങളിലൂടെ ഈ വസ്‌തുത ദൃഡീകരിക്കുന്നു. ”പ്രാചീന മധ്യകാല തമിഴിൽ നിന്നുമാണ്‌ മലയാള ഭാഷയുടെ രൂപപ്പെടൽ“ എന്നാണ്‌ എൽ.വി.ആറിന്റെ സിദ്ധാന്തം. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങൾ ഇവയാണ്‌.

1. പ്രാചീന മധ്യകാല തമിഴിനോടാണ്‌ രൂപഘടനാപരമായി മലയാളത്തിന്‌ കൂടുതൽ അടുപ്പമുളളത്‌.

2. രൂപഘടനാപരമായ അടുപ്പം സ്വനസ്വനിമ തലത്തിലും ചരിത്രാത്മകരീതിയിലും പ്രാചീന മധ്യകാല തമിഴിനോട്‌ ബന്ധപ്പെട്ടിരിക്കുന്നു.

3. മലയാളത്തിൽ നിലനിൽക്കുന്ന എന്നാൽ പ്രചാരലുപ്‌തങ്ങളായ ചില പദങ്ങളും പ്രയോഗങ്ങളും പശ്ചിമതീര വാമൊഴിയിലോ ഭാഷയിലോ ഉപഭാഷാഭേദങ്ങളിലോ നിലനിൽക്കുന്നു.

ഇവയുടെ അടിസ്ഥാനത്തിൽ മലയാളഭാഷാപരിണാമത്തെ പ്രധാനമായും മൂന്ന്‌ കാലഘട്ടങ്ങളിൽ ഉൾപ്പെടുത്താം.

1. പഴന്തമിഴ്‌

2. മധ്യകാല തമിഴ്‌

3. പുതിയ മലയാളം

ഇതിൽ മധ്യകാല തമിഴിന്റെ ഉപഘട്ടമാണ്‌ “Early Middle Tamil”. ഈ കാലഘട്ടത്തിലാണ്‌ മലയാളം രൂപപ്പെടാൻ തുടങ്ങിയത്‌. എൽ.വി.ആർ പറഞ്ഞിരിക്കുന്ന മധ്യകാല തമിഴിന്റെ ആദ്യഘട്ടത്തിലുളള ശാസനങ്ങളെ ആണ്‌ എ.സി.ശേഖർ ”എവലൂഷൻ ഓഫ്‌ മലയാള“ത്തിൽ പഠിക്കുന്നത്‌. രണ്ടു കാലഘട്ടങ്ങളിലാണ്‌ പുസ്‌തകങ്ങൾ രൂപപ്പെട്ടതെങ്കിലും പഠനങ്ങൾ തമ്മിലൊരു തുടർച്ച കാണാൻ കഴിയും. ഈ പഠനങ്ങളെ വേറിട്ട്‌ നിർത്തുന്ന മറ്റൊരു ഘടകം പരമ്പരാഗത വ്യാകരണമൂല്യങ്ങളെ ഭാഷാശാസ്‌ത്രാടിസ്ഥാനത്തിൽ കണ്ടു എന്നുളളതാണ്‌.

ഒരേ കാലഘട്ടത്തിൽ തന്നെ വ്യത്യസ്‌ത ഭാഷാസ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന ഒന്നിലേറെ കൃതികൾ നിലനിന്നിരുന്നു എന്നുളളത്‌ കൊണ്ടുതന്നെ ഭാഷാപരിണാമത്തെ ഘട്ടങ്ങളായി വിഭജിക്കുന്നത്‌ ശരിയോ എന്ന ചോദ്യം പ്രസക്തമാണ്‌. എന്തുകൊണ്ടെന്നാൽ ഭാഷാപരിണാമം അനുസ്യൂതമാണ്‌. അതിനെ ഘട്ടവത്‌കരിക്കുക തികച്ചും സത്യസന്ധമായിരിക്കണമെന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുളള കൃതികളെയും കാലഘട്ടത്തെയും അതിർത്തികളായി കണക്കാക്കുന്നത്‌ ചരിത്രത്തെ ആപേക്ഷികമായി വ്യാഖ്യാനിക്കുന്നതിന്‌ സമാനമാണ്‌. എന്നിരുന്നാലും ഭാഷാവിദ്യാർത്ഥികൾക്കും അന്വേഷകർക്കും ഭാഷാപരിണാമം വ്യക്തമായി മനസ്സിലാക്കുന്നതിനും പ്രായോഗിക സൗകര്യത്തിനും വേണ്ടി ഘട്ടങ്ങളായി തിരിക്കുന്നുവെന്ന്‌ മാത്രം. ഇത്തരമൊരു പ്രശ്‌നത്തിന്റെ സാധുത അറിഞ്ഞത്‌ കൊണ്ടായിരിക്കണം എൽ.വി.ആർ താൻ ക്രമീകരിച്ച ഘട്ടവിഭജനത്തെ അനേകം ഉപഘട്ടങ്ങളും പലവക, ”ഖിലരൂപ“ങ്ങളും കൊണ്ട്‌ സമ്പന്നമാക്കിയത്‌. ഈ രണ്ടു ഗവേഷകരും തങ്ങളുടെ ആശയങ്ങൾക്ക്‌ വേണ്ടി വസ്‌തുതകളെ വളച്ചൊടിച്ചില്ല. മറിച്ച്‌ ഭാഷാപ്രത്യേകതകളിൽ ഭൂരിഭാഗവും മധ്യകാല തമിഴിനോട്‌ കൂറു പുലർത്തുന്നു എന്ന്‌ പറയുക മാത്രം ചെയ്‌തു.

Generated from archived content: essay1_may18_06.html Author: soumya_baby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here