കല്ലുമാലയ്‌ക്ക് കളങ്കം പിണഞ്ഞപ്പോൾ
കല്ലപ്പണിക്കത്തി കാടുകേറി
കണ്ടിട്ടില്ലന്നുതൊട്ടിന്നോളം ഞാനെന്റെ
തങ്കക്കുടത്തിനെ കണ്ടോരുണ്ടോ
തേന്മലക്കാടിന്റെയോരത്തു കൂട്ടിയൊ-
രോലക്കുടിലതിലായിരുന്നു
പിച്ചവച്ചോടിക്കളിച്ചു നടന്നതും
പാവാടയിട്ടു തുടങ്ങിയതും
കോതി തലമുടി പിഞ്ഞിയൊതുക്കീട്ടു
കാട്ടുപൂവിൻമാല ചൂടിയതും
കാവിലെപ്പൂരത്തിന്നോടിയണഞ്ഞിട്ടു
കാതില കൈവള വാരിയതും
കത്തിയമരും വെടിക്കെട്ടിൻ ദീപ്തിയിൽ
കല്ലുമാല ഞാനണിയിച്ചില്ലെ
ചെഞ്ചുണ്ടിൽ പൂക്കുമാ പുഞ്ചിരി കാണുവാ-
നെന്തൊരു ചേലുളളതായിരുന്നു.
ചില്ലയിൽ ചാഞ്ചാടും ചാവാലിപ്പക്ഷിയും
ചീവിടും ചീന്തുകൾ പാടിനിന്നു
കാവടിയാട്ടം നടത്തുന്ന തെങ്ങോല
കാര്യമറിയാതെ കൂമ്പിനിന്നു.
സ്വപ്നങ്ങൾ നെയ്യുന്നകാലത്തു നീയെന്റെ
സ്വന്തമെന്നോതി പിരിഞ്ഞതല്ലെ
പാടത്തെ പെണ്ണൊത്തു പയ്യാരം ചൊല്ലുമ്പോൾ
പാതിമിഴിയെന്നിലായിരുന്നു.
കന്നിയിൽ കൊയ്‌ത്തിന്നു കാണാമെന്നോതി നീ
കളളക്കണ്ണാലെന്നെ നോക്കിയില്ലെ
പിന്നെപ്പിരിയുന്ന നേരത്തു നിൻ കണ്ണിൽ
അശ്രുബിന്ദുക്കൾ നിറഞ്ഞിരുന്നു.
നാടു നന്നാക്കി മടുത്തവർ മെല്ലവെ
കാടു നന്നാക്കുവാൻ വന്നിരുന്നു
കാപട്യമെന്തെന്നറിയാത്ത നിൻ മേടൊ
കശ്‌മലൻമാരെയറിഞ്ഞതില്ല.
കാഷായവേഷത്തിനുളളിൽ പതുങ്ങുമാ-
കാളകൂടവിഷം കണ്ടതില്ല
തേനോലും വാക്കിനാൽ നീ മറന്നോ
നിന്റെ താരിളം മെയ്യും വിലക്കെടുത്തോ
കല്ലുമാലയ്‌ക്ക് കളങ്കം പിണഞ്ഞപ്പോൾ
എൻ പണിക്കത്തിയും പൊയ്‌മറഞ്ഞു
വേറൊരു ജന്മത്തിൽ വേറൊരു മേട്ടിലെൻ
സുന്ദരിപ്പെണ്ണു വിരുന്നുവന്നാൽ
കല്ലുമാലയ്‌ക്കു പകരമെൻ പൊന്മാല
കണ്മണിക്കായി കരുതിവയ്‌ക്കും
കാപട്യമില്ലാത്ത നാട്ടിലന്നു ഞങ്ങൾ
കാക്കത്തൊളളായിരമാണ്ടു വാഴും.
Generated from archived content: poem_mar5.html Author: soumini_nambuthiri