കാവുകൾ ഃ ജൈവവൈവിധ്യങ്ങളുടെ കലവറ

നമ്മുടെ നിത്യഹരിത വനങ്ങളുടെ ശേഷഭാഗങ്ങളായി ഇന്ന്‌ നിലനില്‌ക്കുന്നത്‌ കാവുകൾ മാത്രമാണ്‌. വനനശീകരണം മൂലം ഇവയിൽ പലതും നശിച്ചു പോവുകയും ചെയ്‌തു. ആരാധനമൂർത്തികളുടെ വാസസ്‌ഥലമെന്നോണം നാം സംരക്ഷിക്കുന്ന ഈ കാവുകളിലെ സസ്യജീവജാലങ്ങൾ വൈവിധ്യം നിറഞ്ഞതാണ്‌. ഔഷധസസ്യങ്ങളും, കുറ്റിച്ചെടികളും തുടങ്ങി ഒട്ടനേകം സസ്യജാലങ്ങൾ കാവുകളിൽ കാണാൻ കഴിയും. ഔഷധസസ്യങ്ങളുടെ കാര്യത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കാവുകൾ തന്നെയാണ്‌ മുന്നിട്ട്‌ നില്‌ക്കുന്നത്‌.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം കാവുകൾ ഇന്ന്‌ കാണാൻ കഴിയും, ഇവയിൽ പലതും നശീകരണത്തിന്റെ വക്കിലാണ്‌. പല തരത്തിലുള്ള നൈസർഗീക ജീവജാലങ്ങളുടെ കലവറയായ കാവുകൾ സംരക്ഷിക്കേണ്ടത്‌ നമ്മുടെ നാടിന്റെ നിലനില്‌പിനു തന്നെ അത്യന്താപേക്ഷിതമാണ്‌.

കാവുകളിലെ ചെടികളെക്കുറിച്ച്‌ പറയുകയാണെങ്കിൽ, നമ്മുടെ മുറ്റത്തും പറമ്പുകളിൽ നിന്നും അന്യം നിന്നു പോകുന്ന തെറ്റി, തുമ്പ, തുളസി തുടങ്ങിയ പല സസ്യങ്ങളും ഇന്നു കാണാൻ കഴിയുന്നത്‌ കാവുകളിൽ മാത്രമാണ്‌. അതോടൊപ്പം വനസസ്യങ്ങളായ നാഗമരം, അകിൽ, ആഞ്ഞിലി, തമ്പകം, മരോട്ടി, ഈഞ്ച, മരവുരി, ഏഴിലംപാല തുടങ്ങിയ സസ്യങ്ങളും കാവുകളിൽ കാണാൻ കഴിയും. അപൂർവ്വയിനം കുറ്റിച്ചെടികളായ മധുരകാഞ്ഞിരം, വരണ്ടവള്ളി, തെന്നൽ വള്ളി തുടങ്ങിയവയും കാട്ടുതെറ്റി, വെള്ളകുറിഞ്ഞി തുടങ്ങിയ അപൂർവ്വയിനം കുറ്റിച്ചെടികളും ചില പ്രത്യേക കാലാവസ്‌ഥകളിലും, ഇടവേളകളിലും മാത്രം വളരുന്ന നിലനാരകം, കുടുങ്ങൽ, ബലിപ്പൂവ്‌, കിരിയാത്ത്‌ തുടങ്ങിയ സസ്യങ്ങളും കാവുകളിൽ കാണാൻ കഴിയും.

കാവുകളിലെ ആവാസ വ്യവസ്‌ഥയെ താങ്ങി നിർത്തുന്ന ഒരു പ്രധാന സവിശേഷത ഇവിടത്തെ ജീവജാലങ്ങളുടെ വൈവിധ്യത തന്നെയാണ്‌. പല പരാദ സസ്യങ്ങളുടെയും അർദ്ധപരാദ സസ്യങ്ങളുടെയും സഹവർത്തിത്വം ഒന്ന്‌ മറ്റൊന്നിന്ന്‌ എന്നപോലുള്ള ഒരു സംരക്ഷണം നല്‌കുന്നു. സസ്യങ്ങളുടെ ധാരാളിത്തം മഴയ്‌ക്ക്‌ സഹായകമാകുകയും ഇവയുടെ വേരുകൾ മണ്ണൊലിപ്പിനെ തടഞ്ഞ്‌ ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നു. പലദേശാടന പക്ഷികളുടെയും സങ്കേതമാണ്‌ കാവുകൾ. അപൂർവ്വങ്ങളായ പല പക്ഷികളുടേയുംആവാസ സ്‌ഥലമാണ്‌ കാവുകൾ. പലതരം ശലഭങ്ങളേയും ചെറുജീവികളെയും ഇവിടെ നമുക്ക്‌ കാണാൻ കഴിയും. കാലാവസ്‌ഥയിലുള്ള സന്തുലിതാവസ്‌ഥ കാവുകളെ ഇവയുടെ സ്വൈര്യവിഹാരകേന്ദ്രമാക്കുന്നു. അതുപോലെ മനുഷ്യസ്‌പർശമേൽക്കാത്ത കാവുകളിലെ മണ്ണ്‌ കോടി കണക്കിന്‌ സൂക്ഷ്‌മജീവികളുടെ ആവാസ സ്‌ഥലം കൂടിയാണ്‌.

ഇതുപോലുള്ള ഒട്ടനേകം സവിശേഷതകൾ കൊണ്ട്‌ നമ്മുടെ കാവുകൾ ജൈവവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ്‌. വനനശീകരണം നമ്മുടെ ഭൂമിയെ ഇല്ലാതാക്കുമ്പോൾ അവശേഷിക്കുന്ന ഈ കാവുകൾ ഭൂമിയുടെ നൈസർഗികതയെ നിലനിർത്തുന്നു. കാവുകളുടെ നാശം നമ്മുടെ ഭൂമിയുടെ നാശം തന്നെയാകും. കാവുകളുടെ സംരക്ഷണം, നമ്മുടെ ഭൂമിയുടെ, വരും തലമുറയുടെ നിലനില്‌പിന്‌ അത്യന്താപേക്ഷിതമാണ്‌. അതിനാൽ നാം ഇതെക്കുറിച്ച്‌ ബോധവാൻമാരാകേണ്ടതും, കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും ഇവയെ നമ്മുടെ പാരമ്പര്യ സ്വത്തായി സംരക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്‌.

Generated from archived content: essay2_july31_09.html Author: sooraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here