സാഹിത്യത്തിന്റെയും ആത്മീയതയുടെയും അദ്വൈതവൽക്കരണം

എം.കെ. ഹരികുമാറിന്റെ ‘എന്റെ മാനിഫെസ്‌റ്റോ’ എന്ന താത്ത്വികഗ്രന്ഥം വാസ്‌തവത്തിൽ സാഹിത്യകാരന്മാരല്ല വായിക്കേണ്ടത്‌, സന്യാസിമാരാണ്‌. സന്യാസിമാർ പല ശ്ലോകങ്ങളും ഉരുവിടുമെങ്കിലും അവർക്ക്‌ ജീവിതത്തിൽ ആവശ്യമായ അദ്വൈതചിന്ത വേണ്ടത്ര ഉൾക്കൊള്ളനായിട്ടുണ്ടോ എന്ന സംശയമാണ്‌. അവർ ഈ പുസ്‌തകം ചർച്ച ചെയ്യണമെന്ന്‌ ഞാൻ ശുപാർശ ചെയ്യുന്നു.

നമ്മുടെ സാഹിത്യമേഖലയിൽ ഏറ്റവും അപൂർവ്വമായ ഒരു സംഭവമായി ഇതിനെ കാണാൻ ഞാനിഷ്‌ടപ്പെടുന്നു. ഇത്‌ മലയാള സാഹിത്യത്തിന്‌ പരിചിതമായ രീതിയുമല്ല. ഇവിടെ സാഹിത്യകൃതികളെ സമീപിക്കുന്ന രീതിയിലും, അവലംബിക്കുന്ന സൈദ്ധാന്തിക ആലോചനയിലും ഒരു കടംകൊള്ളലിന്റെ സ്വഭാവം എപ്പോഴുമുണ്ട്‌. സ്വന്തമായ അന്വേഷണത്തിനു പകരം മറ്റുള്ളവർ ആലോചിച്ച്‌ കണ്ടെത്തിയ വസ്‌തുതകൾ ഉപയോഗിച്ച്‌ നാം പലതും പഠിക്കാൻ ശ്രമിക്കുന്നു. തീർച്ചയായും പഠനങ്ങൾ ഉണ്ടാകുന്നു. എന്നാൽ അത്‌ നമ്മുടെ കണ്ടെത്തലെന്ന്‌ പൂർണ്ണമായി പറഞ്ഞുകൂടാ. പാശ്ചാത്യരുടെ ആശയപരമായ ഉപകരണങ്ങൾ എടുത്തുപയോഗിച്ച്‌, അവർ പലകൃതികളിൽ കണ്ട യാഥാർത്ഥ്യങ്ങൾ, അതേപടി നാം ഇവിടത്തെ കൃതികളിലും കാണാൻ ശ്രമിക്കുന്നു. ഇത്‌ വലിയൊരു താത്ത്വികമുന്നേറ്റമായി വിലയിരുത്തുന്നത്‌ ശരിയായിരിക്കില്ല. ഇവിടെയാണ്‌ ഹരികുമാറിന്റെ മാനിഫെസ്‌റ്റോയുടെ പ്രസക്തി.

മാനിഫെസ്‌റ്റോയിൽ പറയുന്ന കാര്യങ്ങൾ ഹരികുമാർ സ്വന്തം താത്ത്വികതലങ്ങളിൽ പരീക്ഷിച്ച്‌ മനസ്സിലാക്കി ഉണ്ടാക്കിയവയാണ്‌. അതിനൊരു വ്യവസ്‌ഥയുണ്ട്‌. അതുപോലെ ഒരു കേന്ദ്രവുമുണ്ട്‌. അത്‌ വിദേശചിന്തകരുടെ സാഹിത്യ സൈദ്ധാന്തിക സാഹചര്യങ്ങൾക്ക്‌ തുല്യമായിത്തന്നെ നിലനിൽക്കുന്നതാണ്‌. നൂതനമായ സാഹിത്യ സിദ്ധാന്തങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉണ്ടാകുന്നു. അതുപോലെ ഇവിടെയും സംഭവിക്കുന്നു എന്നറിയുമ്പോൾ ആഹ്‌ളാദം തോന്നുകയാണ്‌. ഇവിടുത്തെ സാഹിത്യകാരന്മാർക്ക്‌ ഹരികുമാറിന്റെ മാനിഫെസ്‌റ്റോ അന്യമായി തോന്നാനും ഇടയുണ്ട്‌. എന്നാൽ ഈ മാനിഫെസ്‌റ്റോ പലരുടെയും ബി.പി.കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. എഴുത്തുകാരുടെ ബി.പി. കൂടുന്നത്‌ നല്ലകാര്യമായി ഞാൻ കരുതുന്നു.

ദൈവം ഓരോ നിമിഷവും തന്റെ സാന്നിദ്ധ്യം മാറ്റിക്കൊണ്ടിരിക്കുന്നു ഓരോ നിമിഷത്തിലുമുള്ള ഈ വേഷംമാറൽ തിരിച്ചറിയുക എന്നതാണ്‌ യഥാർത്ഥ ആത്മീയത. ഇത്‌ സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്‌ത അനുഭവങ്ങളിലും ഉണ്ടെന്ന്‌ തിരിച്ചറിയുന്നതാണ്‌ ഹരികുമാറിന്റെ മാനിഫെസ്‌റ്റോ. നേതി നേതി, ഇതൊന്നുമല്ല എന്നത്‌ ഉപനിഷദ്‌ കാലം മുതൽ അംഗീകരിക്കപ്പെട്ട സത്യാന്വേഷണ പ്രക്രിയയാണ്‌. ഇത്‌ സർഗ്ഗശക്തിയെ മഹത്വപ്പെടുത്തുമെന്നതിൽ ഒരു സംശയവും വേണ്ട. അങ്ങനെയാണ്‌ ഹരികുമാർ സാഹിത്യത്തെയും ആത്മീയതയെയും അദ്വൈതവത്‌കരിക്കുന്നത്‌. യഥാർത്ഥത്തിൽ ജീവിതത്തിൽ ഒരു നിമിഷമേ നിലനിൽക്കുന്നുള്ളൂ.

സമയം വേണ്ടുവോളമുള്ളവർക്കും അത്‌ തീരെയില്ലാത്തവർക്കും ആകെക്കൂടി സ്വന്തമായിട്ടുള്ളത്‌ വർത്തമാനകാലത്തിലെ ഈ നിമിഷമാണ്‌. ഈ ഒരു നിമിഷത്തെ ആർക്കും നശിപ്പിക്കാനാകില്ല. ആർക്കും എടുത്തുമാറ്റാനുമാവില്ല. എന്നാൽ ഈ നിമിഷത്തിന്‌ ആയുസ്സ്‌ തീരെകുറവാണ്‌. കാരണം നമ്മൾ ഈ നിമിഷത്തിലാണെന്ന്‌ തിരിച്ചറിയുന്നതോടെ നമ്മൾ അതിൽനിന്ന്‌ പുറത്താകുന്നു. എന്നിരുന്നാലും നമ്മൾ എപ്പോഴും ഈ ഒരു നിമിഷത്തിന്റെ അതിരുകൾക്കുള്ളിൽത്തന്നെയായിരിക്കും. കാരണം, ചിന്തകളിലൂടെ ഭൂതകാലത്തിലേയ്‌ക്കും ഭാവിയിലേയ്‌ക്കും പോകുന്നത്‌ വർത്തമാനകാലത്തെ ഈ നിമിഷം എന്ന ജംഗ്‌ഷനിൽ നിന്നാണ്‌. അങ്ങനെയെങ്കിൽ നമുക്ക്‌ ഈ നിമിഷത്തിൽനിന്ന്‌ പുറത്തുപോകാനാവില്ലല്ലോ? പുറത്തുപോകാനാവില്ലെങ്കിൽ ഇതിൽ എങ്ങനെ പ്രവേശിക്കാം എന്ന്‌ ചോദിക്കേണ്ട കാര്യമില്ലല്ലോ. ഇക്കാരണംകൊണ്ടാണ്‌ പരമസത്തയിലേക്കുള്ള മാർഗ്ഗം എന്താണെന്ന്‌ ചോദിക്കുന്നത്‌ മണ്ടൻ ചോദ്യമാകുന്നത്‌. പരമസത്യത്തിലേയ്‌ക്ക്‌ നാലുവരിപ്പാതകളൊന്നുമില്ലെന്ന്‌ അറിവിലും ഏറെ അറിഞ്ഞ ഗുരുക്കന്മാർ നിശ്ശബ്‌ദത എന്ന ഭാഷയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്‌. നിശ്ശബ്‌ദത ഏറ്റവും ശക്തമായ ഭാഷയാണ്‌ എന്നകാര്യത്തിൽ ആർക്കും വിയോജിപ്പുണ്ടാകുവാനിടയില്ല.

പരമമായ സത്യം ഒരു നിമിഷത്തിന്റെ രൂപത്തിലാണ്‌ എപ്പോഴും അവതരിക്കുന്നത്‌. ഈ ഒരു നിമിഷം, ഒരേ സമയംതന്നെ നൈമിഷികമായും ശാശ്വതമായും നിലനിൽക്കുന്നു. ഈ നിമിഷത്തിൽനിന്ന്‌ പുറത്താകുന്നില്ല എങ്കിൽ അത്‌ ശാശ്വതമാണ്‌. അതായത്‌, അത്‌ സമയത്തിനും മനസ്സിനും അപ്പുറമാണ്‌. അങ്ങനെയാണ്‌ പരമസത്യം ഒരേസമയം നൈമിഷികമായും ശാശ്വതമായും നിലനിൽക്കുന്നത്‌. പരമമായ സത്യത്തിൽ പ്രകടമായ ഈ വൈരുദ്ധ്യം ഉൾക്കൊള്ളാനാകുമ്പോൾ മാത്രമാണ്‌ പരമസത്യത്തെ സ്വീകരിക്കാൻ നമ്മൾ യോഗ്യരാകുന്നത്‌. പരമമായ സത്യത്തെ കൊണ്ടുനടക്കുക എന്നത്‌ ഒരു കാലത്ത്‌ ലക്ഷ്വറി ആയിരുന്നു. ഇപ്പോൾ ഇത്‌ നിത്യജീവിത സന്ദർഭങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്‌ എന്നാണ്‌ മാനിഫെസ്‌റ്റോയിലൂടെ ഹരികുമാർ ഗർജ്ജിക്കുന്നത്‌. ഇതിൽ ഓശാന പാടാൻ എനിക്ക്‌ സന്തോഷമേയുള്ളൂ.

ഒരാൾ സ്വയം സാഹിത്യവൽക്കരിക്കേണ്ടതിന്റെയോ സത്യവൽക്കരിക്കേണ്ടതിന്റെയോ ആവശ്യമില്ല. യാഥാർത്ഥ്യം എന്താണെന്ന്‌ മനസ്സിലാക്കിയാൽ മതി. ഹരികുമാറിന്റെ കൃതി ആ വഴിക്കാണ്‌ നീങ്ങുന്നത്‌. ഓരോ വസ്‌തുവും പുതുതായി ജനിക്കുന്നു‘ എന്ന ഹരികുമാറിന്റെ ചിന്ത അദ്ദേഹത്തിന്റെ ’നവാദ്വൈത‘ത്തെ പുറത്തുകൊണ്ടുവരുന്നു. പുതിയ വസ്‌തുവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ എന്തിന്‌ എഴുതണമെന്നാണ്‌ ഹരികുമാർ ചോദിക്കുന്നത്‌.

“വസ്‌തുക്കളെ പുനർനിർമ്മിക്കുന്നത്‌. നവാദ്വൈതമാണ്‌ എന്തിനാണ്‌ ഈ പുനർനിർമ്മാണം? ഇത്‌, ഓരോ വസ്‌തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്‌ഥയെയും മാറ്റി പ്രാപഞ്ചികമായ ലോകാവസ്‌ഥയ്‌ക്കു നിദാനമായ ചലനങ്ങളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌. ഇങ്ങനെ പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. ഏത്‌ വസ്‌തുവിനെയും അതല്ലാതാക്കുകയാണ്‌ എഴുത്തുകാരന്റെ ജോലി. ഒന്നിനെയും അതായിരിക്കാൻ മാനസികമായി അനുവദിക്കരുത്‌. വസ്‌തുവിനെ അതിൽനിന്ന്‌ മോചിപ്പിക്കുക എന്നതാണ്‌ കലാപം ഇതിലൂടെ വസ്‌തുവിന്റെ മൗലിക വാദം ഉപേക്ഷിച്ച്‌ നവാദ്വൈതത്തിലേക്ക്‌ സംക്രമണം സാധ്യമാകും.”

വസ്‌തുക്കളിൽ പുതുമ കാണണമെങ്കിൽ നമ്മൾ പുതിയതാകണം. നമ്മൾ പുതിയതാകണമെങ്കിൽ ഭൂതകാലവും ഭാവികാലവുമായുള്ള നമ്മുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടണം. ഇപ്രകാരം വിച്ഛേദിക്കുന്നതിനെയാണ്‌ യോഗ എന്ന്‌ പതഞ്ഞ്‌ജലി മഹർഷി വിശേഷിപ്പിച്ചത്‌. ഇത്തരം ഒരു യോഗ എഴുത്തിൽ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. സാഹിത്യാദി കലകളിലും, ബന്ധങ്ങളിലും ഇത്‌ ബാധകമാണ്‌. ഇരുപത്‌വർഷം ഒരുമിച്ചുജീവിക്കുന്നവർ യോഗയുടെ നിമിഷങ്ങളിലാകുമ്പോൾ ജീവിതത്തിൽ ആദ്യമായി കാണുന്നതുപോലെ അനുഭവപ്പെടും. ജീവിതത്തിലെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ നേരിട്ടും അല്ലാതെയും പരിഹാരമാകുമെന്ന കാര്യം നമുക്കൊക്കെ അറിയുമല്ലോ.

പുതുമയും സന്തോഷവും തമ്മിലുള്ള ബന്ധം എഴുത്തുകാർക്ക്‌ മാത്രമല്ല സാധാരണക്കാർക്കും അറിയുന്ന കാര്യമാണ്‌. അതുകൊണ്ടാണല്ലോ ഹാപ്പി ന്യൂ ഇയർ എന്ന്‌ പറഞ്ഞ്‌ ആശംസിക്കുന്നത്‌. പുതിയ വർഷം എന്നത്‌ കലണ്ടറിന്റെ ഉൽപ്പന്നമാണ്‌. കലണ്ടറിന്‌ സന്തോഷിക്കാനാവില്ല. സന്തോഷം ഉണ്ടാകുന്നെങ്കിൽ നമ്മൾ അല്‌പനേരം പുതിയതായതുകൊണ്ടാണ്‌. നമ്മൾ പുതിയതായാൽ സന്തോഷിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ടതില്ല. എല്ലാ നിമിഷവും പുതിയതുതന്നെ. നമ്മൾ പുതിയതാകുന്നതിനു തടസ്സം നമ്മൾ നമ്മുടെ ചിന്തകളെ ച്യൂയിംഗമായി ഉപയോഗിക്കുന്നതുകൊണ്ടാണ്‌. ’യോഗഃ ചിത്ത വൃത്തി നിരോധഃ‘ എന്ന പതഞ്ജലി മഹർഷി പറയുന്ന തത്വം ഇതാണ്‌. ഹരികുമാർ ഇതിനെ എഴുത്തുകാരന്റെ ഫിസിക്‌സ്‌ എന്ന്‌ പറയുന്നു. ചിന്തകളെ നിരോധിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം.

തത്ത്വവാദങ്ങൾ രണ്ടും വ്യത്യസ്‌തമല്ല. ബാഹ്യലോകം മാറിക്കൊണ്ടിക്കൊണ്ടിരുന്നു. നമ്മളും മാറുന്നു. അതുകൊണ്ടാണല്ലോ നമുക്ക്‌ വയസ്സാകുന്നത്‌. ഈ രണ്ടു മാറ്റങ്ങൾക്കുമപ്പുറം മാറ്റമില്ലാത്ത ഒന്നുണ്ട്‌ എന്നാണ്‌ മുഴുവൻ ആത്മീയസാഹിത്യവും പറയുന്നത്‌. താത്ത്വികമായി ഇത്‌ ശരിതന്നെയാണ്‌. കാരണം മാറ്റമില്ലാത്ത ഒന്നുണ്ടെങ്കിലേ മാറ്റങ്ങൾ അറിയാനാകൂ. അപ്രകാരം നമ്മിലെ മാറ്റമില്ലാത്ത ഒന്നിനെ അറിയുകയും അതാകുകയും ചെയ്യുക എന്നതാണ്‌ ഒഫീഷ്യൽ ആത്മീയത. ഒ.വി. വിജയനെപ്പോലുള്ള എഴുത്തുകാർക്ക്‌ സഹജമായി ഇത്തരം ബോധമുണ്ട്‌. അവരുടെ ഈ ബോധാവസ്‌ഥ അപ്‌ഗ്രേഡ്‌ ചെയ്യപ്പെടേണ്ടതുണ്ട്‌ എന്നാണ്‌ ഹരികുമാർ സമർത്ഥിക്കുന്നത്‌.

ഈ വാദത്തെ അദ്ദേഹം ഇങ്ങനെ സംക്ഷേപിക്കുന്നു.

“ഓരോ വസ്‌തുവും ചലനാത്‌മകമാണ്‌. നിശ്ചലത ഒരിടത്തുമില്ല. അണുവിന്റെ സ്വഭാവമാണ്‌ വാക്കുകളുടെ രൂപീകരണത്തിലും എഴുത്തിലും പുലർത്തേണ്ടത്‌. ന്യൂക്ലിയസും പ്രോട്ടോണും ഇലക്‌ട്രോണും അടങ്ങുന്ന ആറ്റത്തിന്റെ ഘടനയിലാണ്‌ ഓരോ ആശയത്തെയും കാണേണ്ടത്‌. അതോടെ ഓരോ നിമിഷവും വസ്‌തു മാറുന്നു. അളവും തോതും മാറുന്നു. അവബോധാത്മകമായ അറിവിനനുസരിച്ച്‌ വസ്‌തുവിന്റെ പ്രവാഹം സജ്ജമാവുന്നു. ഇത്‌ എഴുത്തുകാരൻ വസ്‌തുവിന്റെ കാണുമ്പോൾ സംഭവിക്കുന്ന ഫിസിക്‌സാണ്‌.”

പ്രസാധനം – ഗ്രീൻ ബുക്‌സ്‌

Generated from archived content: book1_dec23_10.html Author: sookshmananda_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here