ഫ്രീ കോപ്പി

തോമാച്ചൻ മനസമാധാനമില്ലാതെ ചുറ്റിത്തിരിഞ്ഞു. രണ്ട്‌ ചെക്കുകളാണ്‌ മടങ്ങിയത്‌. ദേശസ്‌നേഹി വാരാന്ത പത്രത്തിന്റെ ഫിലിമുമായി പ്രസിലേക്ക്‌ പോയ ഭാസ്‌കരൻ തന്റെ റിപ്പോർട്ട്‌ ബുക്കിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

പഴയ കണക്കുകൾ തീർത്തശേഷം മാത്രമേ പുതിയ വർക്കിൽ തൊടുകയുളളൂ.

കടുത്ത പ്രതിസന്ധി. പത്രം പുറത്തിറങ്ങിയില്ലെങ്കിൽ സാംസ്‌കാരിക കേരളത്തിന്റെ അവസ്ഥയെന്താവും? വായനക്കാർ പത്രശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കില്ലേ. ഉടനടി പതിനായിരം ഉറുപ്പിക സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

ഭാര്യ ആനിക്കുട്ടി അടുക്കളയിൽ എന്തൊക്കെയോ തട്ടിമറിക്കുന്നുണ്ട്‌. ചിന്താവിഷ്‌ടയും കഠിനാദ്ധ്വാനിയുമായ അവൾ ബ്യൂട്ടിപാർലർ നടത്തി കുറെ സമ്പാദിക്കുന്നതുകൊണ്ട്‌ പട്ടിണികൂടാതെ കുടുംബം കഴിയുന്നു. പെൻഷനും പറമ്പിലെ തേങ്ങയും വിറ്റ്‌ ഇത്രയും നാൾ മുന്നോട്ടുപോയി. ഇനിയെന്ത്‌? ഭാര്യയുടെ മുമ്പിൽ എന്ത്‌ ആത്മാഭിമാനം? ചോദിക്കുക തന്നെ.

മോളേ!

തോമാച്ചൻ സ്‌നേഹമസൃണമായി വിളിച്ചു.

അതൊരു മഹാലഹളയുടെ ആരംഭമാകുമെന്ന്‌ ആരും കരുതിയില്ല.

കയ്യിൽ പണമില്ലെങ്കിൽ പത്രം പൂട്ടിക്കെട്ടി ഇവിടെങ്ങാനും ചുരുണ്ടുകൂടി കിടന്നൂടെ നിങ്ങൾക്ക്‌..

ആനിക്കുട്ടിയിൽ അടങ്ങിക്കിടന്നിരുന്ന ക്ഷോഭം അണപൊട്ടിയൊഴുകാൻ പിന്നെ താമസമുണ്ടായില്ല.

കൊല്ലം അഞ്ചെട്ടായല്ലോ നാട്‌ നന്നാക്കാൻ തുടങ്ങിയിട്ട്‌. എന്നിട്ട്‌ നന്നായോ? കയ്യിലുളള കാശും പോയി നാട്ടുകാരുടെ ചീത്തയും കേട്ടു. പത്രം നടത്തി നടത്തി തിരുവാതുക്കലെ പത്തുപറ കണ്ടം വിറ്റു. ഉണ്ടായിരുന്ന സർക്കാർ ജോലി മൂപ്പെത്തും മുമ്പേ ഇട്ടേച്ചുപോന്നു. പഴയ ഫിയറ്റ്‌ കാർ ഇരുമ്പ്‌ വിലയ്‌ക്ക്‌ ആരോ കൊണ്ടുപോയി. വല്ലപ്പോഴും പുറകിലിരുത്തി പളളിയിൽ കൊണ്ടുപോയിരുന്ന എസ്‌ഡി ബൈക്കും നഷ്‌ടമായി. വന്നിട്ടും പോയിട്ടും രണ്ടുമക്കളും ഞാനുമൊണ്ട്‌ മിച്ചം… ഇനിയും മതിയായില്ലേ മനുഷ്യാ നിങ്ങളുടെ പൊതുജനസേവനം.

എടീ പെണ്ണേ… കുരിശെടുക്കുന്നവനേ കിരീടമുളളൂവെന്ന്‌ നീ തിരുവെഴുത്തുകളിൽ വായിച്ചിട്ടില്ലേ?

മുടിയാൻ… ഇങ്ങേരോട്‌ എന്ത്‌ പറഞ്ഞാലും മനസ്സിലാകത്തില്ലല്ലോ കർത്താവേ.. വെറുതെയല്ല മനുഷ്യർ ഓരോന്ന്‌ പറയുന്നത്‌?

എന്ത്‌?

നിങ്ങൾക്ക്‌ ഭ്രാന്താണെന്ന്‌?

ബുദ്ധിയുളളവർക്കല്ലേ ബുദ്ധിഭ്രമമുണ്ടാകൂ… അല്ലെങ്കിലും ഈ ഭ്രാന്ത്‌ എല്ലാവർക്കുമൊന്നും വരില്ല. അതിനൊക്കെ ഒരു യോഗം വേണം. എല്ലാവരിലും ഭ്രാന്തിന്റെ അംശം അല്പമുണ്ട്‌. അത്‌ കൂടുതലുളളവരാണ്‌ മഹാപ്രതിഭകൾ. ഉദാഹരണത്തിന്‌ യേശുക്രിസ്‌തുവിന്‌ കുരിശിൽ തൂങ്ങി മരിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ. കുലത്തൊഴിലായ മരപ്പണിയും ചെയ്‌ത്‌ പെണ്ണും കെട്ടി സുഖമായി കഴിയാമായിരുന്നില്ലേ മൂപ്പർക്ക്‌. രാജകൊട്ടാരത്തിൽ സുഖലോലുപനായി കഴിഞ്ഞ ഭഗവാൻ ബുദ്ധനെന്തിനാണ്‌ കല്ലും മുളളും നിറഞ്ഞ കാനനം തെരഞ്ഞെടുത്തത്‌. എടീ ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ പേർക്കേ ഇങ്ങനെ ഭ്രാന്ത്‌ വരൂ. മഹത്തായ എല്ലാ നേട്ടങ്ങൾക്ക്‌ പിന്നിലും ആരുടെയെങ്കിലും ഭ്രാന്തുണ്ട്‌….

മതി നിങ്ങളുടെ ഭ്രാന്തിനെക്കുറിച്ചുളള ഉപന്യാസം. കയ്യിലുളള പൈസ കളഞ്ഞുകുളിക്കുന്നതാ ഭ്രാന്ത്‌… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. കഴിഞ്ഞ ദിവസം കത്തോലിക്കാ ടൈംസുകാരൻ ജേക്കബ്‌ മുരിക്കൻ ഇവിടെ വന്ന്‌ ഈ കൂട്ടിവച്ചിരിക്കുന്ന പഴയ പത്രങ്ങൾ കണ്ട്‌ എന്താ പറഞ്ഞതെന്ന്‌ അറിയാമോ? പിളേളര്‌ തിന്നേണ്ട മുതലാണല്ലോ കർത്താവേ ഇങ്ങനെ ഇരട്ടവാലൻ കരണ്ട്‌ പോകുന്നതെന്ന്‌?

ആ എംബോക്കിയുടെ കാര്യം എന്നോട്‌ പറയേണ്ട. നേരം വെളുക്കുമ്പോൾ ഭാര്യയുമായി കടകൾ തോറും തെണ്ടാനെറങ്ങും പരസ്യത്തിന്‌. ഭാര്യയുടെ തൊലിവെളുപ്പ്‌ കണ്ട്‌ ചിലരെല്ലാം നൂറിന്റെയും അമ്പതിന്റെയും പരസ്യം നൽകും. മുടക്കുമുതലും ലാഭവും കിട്ടിയാലേ അവൻ പത്രമടിക്കുകയുളളൂ. ഇറക്കുന്നതോ സ്വർണ്ണക്കടക്കാരന്റെയും മെത്രാന്മാരുടെയും പഞ്ചാരയിൽ പൊതിഞ്ഞ ഫീച്ചറുകൾ. എടീ അതുപോലാണോ നമ്മുടെ ദേശസ്‌നേഹി… തറവാടിത്തം കളഞ്ഞ ഏതെങ്കിലും പരിപാടിക്ക്‌ ഞാൻ പോയിട്ടുണ്ടോ?

ഇട്ടോണ്ട്‌ നടക്കുന്ന അടിവസ്‌ത്രം വരെ കീറി… എന്നിട്ടും തറവാടിത്തം മാത്രം മിച്ചമുണ്ട്‌.

ഫ പുല്ലേ… രൂപാ ഇല്ലെങ്കിൽ വേണ്ട… അല്ലേലും നിന്റെയൊന്നും പൈസ കണ്ടിട്ടല്ല തോമാച്ചൻ ഈ പത്രം തുടങ്ങിയത്‌. ഇത്‌ തുടങ്ങാനും ഇത്രയും നാൾ നടത്തിക്കൊണ്ടുപോകാനും അറിയാമെങ്കിൽ ഇനി മുന്നോട്ട്‌ എന്താ വേണ്ടതെന്നും എനിക്കറിയാം. ഈ വീട്‌ വിറ്റിട്ടായാലും ഇത്‌ ഞാൻ നടത്തും.

വിൽക്ക്‌… വിറ്റ്‌ നശിപ്പിക്ക്‌…. എന്റെ കർത്താവേ ഇതിയാനേ കെട്ടിയ നേരത്ത്‌ വല്ല മഠത്തിലും ചേർന്നാൽ മതിയായിരുന്നു. വയസ്സുകാലത്ത്‌ സമാധാനത്തോടെ കൊന്തചൊല്ലി കഴിയാമായിരുന്നു.

ആനിക്കുട്ടി തലയിൽ കൈവെച്ച്‌ നിലവിളിച്ചുകൊണ്ട്‌ അകത്തേയ്‌ക്ക്‌ പോയി.

ചീഫ്‌ എഡിറ്റർ എന്നെഴുതിയ നെയിം ബോർഡിന്‌ മുകളിലേക്ക്‌ കാലുകൾ കയറ്റി വെച്ച്‌ തോമാച്ചൻ ചിന്താകുലനായി. കടുത്ത മാനസിക സമ്മർദ്ദമുണ്ടാവുമ്പോഴൊക്കെയും അദ്ദേഹത്തിന്‌ ആശ്വാസം നൽകിയിരുന്നത്‌ ആ ഇരിപ്പായിരുന്നു.

ആലോചിച്ചിട്ട്‌ ഒരു എത്തുംപിടിയും കിട്ടാതെ അങ്ങനെ ശ്വാസം മുട്ടിയിരിക്കുമ്പോഴാണ്‌ കൈപ്പുഴ ദാമോദരൻ കയറി വന്നത്‌.

വന്നപാടെ അദ്ദേഹം തന്റെ കറുത്ത സ്യൂട്ട്‌കേസ്‌ വളരെ ഭക്തിപൂർവ്വം തുറന്ന്‌ ചെക്കുബുക്കുകളുടെയും ബാങ്ക്‌ വൗച്ചറുകളുടെയും ഇടയിൽ നിന്ന്‌ ഒരു കടലാസ്‌ എടുത്ത്‌ ജപ്‌തി നോട്ടീസ്‌ പോലെ ഉച്ചത്തിൽ വായിച്ചു തുടങ്ങി.

‘ചൊല്ലാമോ… ചൊല്ലാമോ ഒരു ഗീതകം

ഇവിടെ ചൊല്ലാമോ ചൊല്ലാമോ ഒരു ഗീതകം’

ഞാൻ ഇന്നലെ രാത്രി ഉറക്കമിളച്ച്‌ എഴുതിയ കവിതയുടെ ആദ്യ വരികളാണ്‌. സാധനം ആധുനികോത്തരമാണ്‌. ഇത്‌ ഈ ലക്കം ദേശസ്‌നേഹിയിൽ ചേർക്കണം.

തോമാച്ചൻ ഭവ്യനായി

അയ്യോ മാഷേ…. ഈ ലക്കത്തിൽ പറ്റില്ല. അതിനുമടുത്ത ലക്കത്തിൽ ചേർക്കാം… പുതിയ ലക്കം പ്രസ്സിൽ കൊടുത്തുകഴിഞ്ഞു. അവർ അടിച്ചു കൊണ്ടിരിക്കുകയാണ്‌.

ശരി…. അടുത്ത ലക്കത്തിലാണെങ്കിലും മതി. അടിച്ചു വന്നു കഴിയുമ്പോൾ ഒരു ഫ്രീ കോപ്പി അയച്ചു തരുമല്ലോ! വിലാസം കവിതയുടെ അവസാനം ചേർത്തിട്ടുണ്ട്‌.

ഓ!

Generated from archived content: story1_june9_08.html Author: sony_josepha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here