ചില സുന്ദരസ്വപ്നങ്ങള്‍

ഒരു മനുഷ്യജീവിയുടെ ഭയചകിതമായ അലമുറയിടല്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. വ്യാഴാഴ്ച്ച രാത്രി ആയതിനാല്‍ ഊരുതെണ്ടല്‍ കഴിഞ്ഞു നേരമേറെ വൈകിയാണ്‌ കിടക്കപ്പായില്‍ അഭയം പ്രാപിച്ചത്‌. ഉറക്കത്തിലേക്ക്‌ തെന്നിനീന്തി ഇറങ്ങാനുള്ള പുറപ്പാടിലാണ്‌ ആ നിലവിളി കാതില്‍ പതിഞ്ഞത്‌. പിടഞ്ഞെണീറ്റപ്പോള്‍ വാവിട്ട്‌ നിലവിളിക്കുന്ന പ്രാണനാഥനെയാണ്‌ കണ്ടത്‌. ” അയ്യോ…..കള്ളന്‍, കള്ളന്‍…” പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാണ്‌. സ്വപ്നത്തില്‍ കള്ളനെയോ മറ്റോ കണ്ട്‌ പേടിച്ചതാവാം എന്നു കരുതി സമാധാനിച്ച് ഞാന്‍ വീണ്ടും ഉറങ്ങാന്‍ ഭാവിച്ചു. എതാനും മണിക്കൂറുകള്‍ കഴിഞ്ഞുകാണും. വീണ്ടും അലര്‍ച്ച. “അയ്യോ….ദേ …കള്ളന്‍ പതുങ്ങിനില്‍ക്കുന്നു…കൂയി..കൂയി…” നിലവിളി മാറി കൂകിവിളിയില്‍ കലാശിച്ചു. അടുത്ത്‌ കിടന്ന്‌ ഉറങ്ങുന്ന ആറ്‌ വയസ്സുകാരന്‍ മകനേയും ഉണര്‍ത്തുമല്ലോ എന്നു കരുതി നാഥനെ കുലുക്കിവിളിച്ചു. എന്താ കാര്യമെന്നു തിരക്കി. പൂരംകണ്ട പെരുച്ചാഴിയെപ്പോലെ അല്‍പനേരം മുഖത്തേക്ക്‌ തുറിച്ചുനോക്കി ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ മൂടിപ്പുതച്ച്‌ കൂര്‍ക്കംവലിച്ച്‌ ഉറക്കമായി. അതോടെ പ്രസ്തുത രാത്രിയില്‍ എന്‍റെ ഉറക്കം “ഡ്ഡിം”

പിന്നെ ഒരാഴ്ച്ചക്കാലം കൂകിവിളികളൊന്നുമില്ലാതെ ശാന്തമായി പിന്നിട്ടു. അങ്ങിനെയിരിക്കെ വ്യാഴാഴ്ച്ച ദിനം വന്നണഞ്ഞു. രാത്രി എതാണ്ട്‌ ഒരു മണി ആയിട്ടുണ്ടാകും. നല്ല സുന്ദരമായ ഉറക്കത്തിലായിരുന്ന എന്നെ ആരോ തട്ടിവിളിക്കുന്നു. കണ്ണ്‌ തുറന്നപ്പോള്‍ എന്തോ അത്യാവശ്യ കാര്യം പറയാനെന്ന മട്ടില്‍ എന്‍റെ നേര്‍ക്ക്‌ തലയുയര്‍ത്തി നോക്കുന്നു കണവന്‍. എന്താണെന്ന്‌ അറിയാനുള്ള വ്യാകുലതയോടെ ആശ്ചര്യനേത്രങ്ങള്‍ കണവന്‍റെ നേര്‍ക്ക്‌ തുറിച്ചു. ഉടന്‍ ചോദ്യശരം.. ” നീ എത്രാം ക്ളാസ്സില്‍ പടിക്കുന്നെന്നാ പറഞ്ഞേ?””ദൈവമേ ഇതെന്ത്‌ ചോദ്യം. !! ചോദ്യം ചോദിച്ച്‌ അടുത്ത സെക്കന്റില്‍ കൂര്‍ക്കം വലിയും തുടങ്ങി. ആറ്‌ വയസ്സുള്ള കുറുബന്‍റെ പലവിധ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കും യുക്തിപരമായി മറുപടി കൊടുക്കുന്ന അമ്മ എന്ന നിലയില്‍ ഞാന്‍ സ്വയം അഭിമാനം കൊണ്ടിട്ടുണ്ട്‌. എന്നിരുന്നാലും അര്‍ദ്ധരാത്രിയില്‍ കണവന്‍റെ ഓര്‍ക്കാപ്പുറത്തുള്ള ഈ ചോദ്യത്തിന്‌ മുന്നില്‍ ഉത്തരം മുട്ടിപ്പോയി. അങ്ങിനെ ആ കീറാമുട്ടി ചോദ്യത്തിന്‌ ഉത്തരം തേടി തേടി ആ വ്യാഴാഴ്ച്ച രാത്രിയും വെളുപ്പിച്ചു.

അടുത്ത വ്യാഴാഴ്ച്ച കിടക്കുന്നേനു മുന്നെതന്നെ ഞാന്‍ ഒരു താക്കീത്‌ കൊടുത്തു. ഇന്നുമെന്‍റെ ഉറക്കം കളയാനാണ്‌ ഭാവമെങ്കില്‍ ഞാന്‍ വരാന്തയിലെങ്ങാനും കിടന്നോളാം എന്ന്‌. ഇനി അങ്ങിനെയൊന്നും ഉണ്ടാകില്ലെന്ന ഉറപ്പിന്‍റെ പുറത്ത്‌ ഞാന്‍ ബെട്‌റൂമില്‍തന്നെ കിടന്നു. അര്‍ദ്ധരാത്രിയായപ്പോള്‍ ഒരു ആക്രോശവും സീല്‍ക്കാരവും ഒക്കെ കേള്‍ക്കുന്നു. പിടഞ്ഞെണീറ്റ്‌ നോക്കിയപ്പോള്‍ പ്രിയപുത്രന്‍റെ കാലുകള്‍ പിതാവിന്‍റെ നെഞ്ചത്ത്‌. ഉറക്കത്തില്‍ സാധാരണ അവന്‍റെ പാദങ്ങള്‍ ചുമക്കുവാനുള്ള ഭാഗ്യം സിദ്ധിക്കാറുള്ളത്‌ എനിക്കാണ്‌. ഇന്നു എന്തുകൊണ്ടോ അവന്‌ ഡയറക്ഷന്‍ മാറിപ്പോയി. സീല്‍ക്കാരങ്ങള്‍ കൂകിവിളികളായി മാറി. ” അയ്യോ…..കൊല്ലുന്നേ,..” മരണവെപ്രാളത്തില്‍ പിടയുന്ന നാഥനെ കുലുക്കി ഉണര്‍ത്തി.

“ആരോ എന്‍റെ കൊങ്ങായ്ക്ക്‌ കേറി പിടിച്ചു.. ” അത് ആരും കഴുത്തിനു പിടിച്ചതല്ല, പുത്രന്‍റെ കാലുകളാണെന്ന്‌ പറഞ്ഞ്‌ മനസ്സിലാക്കി പുള്ളിയെ ഉറക്കത്തിലേക്കയച്ചു. ശിഷ്ടം രാത്രി എനിക്കു കാളരാത്രി.

കലണ്ടറില്‍ വ്യാഴാഴ്ച്ചകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. വ്യാഴാഴ്ച്ചപ്പനി പിടിച്ച നാഥന്‍റെ കൂടെ ഇതാ അടുത്ത വ്യാഴാഴ്ച്ച സന്നിഹിതമായി. ഇത്തവണയും പലവുരു ആണയിട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ കട്ടിലില്‍തന്നെ കിടന്നു. നല്ല ഉറക്കം, സുന്ദരസ്വപ്നങ്ങള്‍….. പെട്ടന്ന്‌ വെടി പൊട്ടുന്ന ഒച്ചത്തില്‍ ” ആസിഡ് കത്തിച്ച്‌ നന്നായി സീല്‍ വെക്കണം, അതാണ്‌ വേണ്ടത്‌, എന്നാലേ നന്നായി ചാകാന്‍ പറ്റൂ”

ദൈവമേ!!! ഇതില്‍ ഞാന്‍ പെട്ടുപോയി. ഈ മനുഷ്യന്‍ ആസിഡ്‌ ഒഴിച്ച്‌ കൊല്ലാനുള്ള പദ്ധതി വല്ലതും ആസൂത്രണം ചെയ്തേക്കുവാണോ?മനസ്സിലിരുപ്പാണോ സ്വപ്നമഴയായി പെയ്തിറങ്ങുന്നത്‌? എയ്‌…അങ്ങിനെ ഒന്നും ആവില്ല….എങ്കിലും ഇനി മുതല്‍ രാത്രികളില്‍ പിച്ചാത്തി, വെട്ടുകത്തി, ബ്ളയ്ഡ് മുതലായ വീട്ടില്‍ ലഭ്യമായ ആയുധങ്ങള്‍ രഹസ്യസങ്കേതങ്ങളില്‍ ഒളിപ്പിച്ചശേഷം ഉറങ്ങാന്‍ കിടക്കണം എന്നുള്ള ഒരു താക്കീത്‌ സ്വയം നല്‍കി. അങ്ങിനെയൊക്കെ ചിന്തിച്ച്‌ എപ്പൊഴോ ഉറങ്ങിപ്പോയി.

അടുത്ത വ്യാഴാഴ്ച്ച..എന്തൊക്കെയോ കൂകിവിളിയും ആക്രോശവും നിലവിളിയും എവിടെയോ കേള്‍ക്കുന്നപോലെ. ബ്ളാങ്കെറ്റ്‌ തലവഴിയേ മൂടിപ്പുതച്ചു, ചുരുണ്ടുകൂടി…ഇമ്പമുള്ള ഏതോ താരാട്ടുപാട്ട്‌ കേള്‍ക്കുന്ന പ്രതീതി.ആ കൂകിവിളിയില്‍ ലയിച്ച്‌ രാത്രിയുടെ ആലസ്യത്തില്‍ ഞാന്‍ സുഖസുഷുപ്ത്തിയില്‍ വഴുതിവീണു. സമീപഭാവിയില്‍ത്തന്നെ അയല്‍പ്പക്കത്തെ ഫ്ളാറ്റിലുള്ളവര്‍ സഹിക്കവയ്യാതെ ഡോര്‍ബെല്ലടിച്ച്‌ ഞങ്ങളെ ഉണര്‍ത്തേണ്ടിവരുന്ന ഒരു വ്യാഴാഴ്ച്ചരാത്രിയും പ്രതീക്ഷിച്ച്കൊണ്ട്‌ ആ സീല്‍ക്കാരങ്ങള്‍ തീര്‍ക്കുന്ന ഇമ്പം നുകര്‍ന്ന്‌ ഞാന്‍ ഉറക്കത്തിന്‍റെ അഗാധതലങ്ങളിലേക്ക് തെന്നി നീന്തി…..

Generated from archived content: story2_jan14_12.html Author: sonia_rafeek

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here