ഫണല്‍ മേഘം

മേഘമൊരു നിറഗര്‍ഭമായി ഗൗരി ചന്ദനയ്ക്കു മുകളില്‍ കറുത്ത പര്‍ദ്ദയണിഞ്ഞ് മുഖം നോക്കാന്‍ കണ്ണാടിക്കായി ചിണുങ്ങി. വര്‍ഷങ്ങള്‍ പിരിഞ്ഞിരുന്ന പ്രണയാര്‍ദ്ര മനസ്സുകളുടെ ഒത്തിണങ്ങല്‍ പോലെ പല ദിക്കുകളില്‍ നിന്ന് കാറ്റിന്റെ കുളിരുള്ള ക്ഷണം സ്വീകരിച്ചെത്തിയ ഇരുണ്ട മേഘക്കൂടുകള്‍ തമ്മില്‍ ഒടുങ്ങാത്ത ആസ്ക്തിയോടെ പുണര്‍ന്നു. കുളുകുളു ചരല്‍ മണ്ണില്‍ കിടന്ന് മേഘമിഥുനങ്ങളുടെ രഹസ്യസല്ലാപങ്ങളും പ്രണയ പങ്കുവെപ്പുകളും അവള്‍ കേട്ടിരുന്നുവെങ്കിലും കേട്ടില്ലെന്നു നടിച്ചു. അവരുടെ പ്രേമം ആവോളം പൂത്ത് മദിക്കുമ്പോള്‍ മഴവിത്തുകളായി എറിഞ്ഞു തരും. അവയില്‍ ആണ്‍ വിത്തും പെണ്‍വിത്തും പ്രത്യേകം പെറുക്കി സൂക്ഷിക്കണമെന്ന് ഗൗരി നിശ്ചയിച്ചിരുന്നതാണ്. പെട്ടന്നാണ് മേഘങ്ങള്‍ക്കിടയില്‍ നിന്ന് കുഴല്‍ പോലെ കാറ്റിന്റെ ചൂണ്ട് വിരലില്‍ തൂങ്ങിയാടി ഗൗരിയെ തൊട്ടു തൊട്ടില്ല എന്നൊരു ഫണല്‍ മേഘം. ഫണല്‍ മേഘം അവള്‍ക്കരികിലേക്കു എത്തുന്തോറും ഗൗരിയുടെ കര്‍ണ്ണങ്ങള്‍ക്ക് പിന്നിലായുള്ള നനുത്ത രോമങ്ങള്‍ ചിന്നം വിളിച്ചു നിന്നു. അവളുടെ ചുണ്ടുകള്‍ മീതെ തേന്‍ നിറമുള്ള മുഴുപ്പായി അത് വെമ്പി നിന്നു. പനിനീരിന്റെ നിറമുള്ള അവളുടെ‍ ചുണ്ടുകള്‍ക്കു മീതെ തേന്‍ നിറമുള്ള മുഴുപ്പായി അത് വെമ്പി നിന്നു. പനിനീരിതളിന്റെ നിറമുള്ള അവളുടെ ചുണ്ടുകളോട് അമരുവാന്‍ കൊതിക്കുന്ന രണ്ട് തേന്‍ ചുണ്ടകളായി അവ പരിണമിച്ചു. ഇറ്റ് വീഴുന്ന എന്തിനേയോ സ്വീകരിക്കുവാന്‍ ചുണ്ടുകള്‍ കൂമ്പിപ്പിടിച്ച ഗൗരിയുടെ കണ്‍പോളകളിലേക്ക് സൂചി പോലെ കുത്തി നോവിച്ചുകൊണ്ട് സൂര്യ രശ്മികള്‍ തുളച്ചു കയറി.

‘’ കോളേജില്‍ പോയില്ലേലും വേണ്ടില്ല രാവിളെ കുളിച്ച് വന്ന് ഒരു സരസ്വതീ മന്ത്രം ജപിച്ചൂടെ പെണ്ണിന്’‘

കര്‍ട്ടന്‍ നീക്കി മുറിയിലേക്ക് ആവശ്യമില്ലാതെ സൂര്യനെ വിളിച്ച് കയറ്റി അമ്മ അവളോടു കയര്‍ത്തു.

ഫണല്‍ മേഘം ബാക്കി വെച്ച് പോയ ചുംബനത്തിന്റെ മധുരത്തെ കോള്‍ഗേറ്റിന്റെ നീറ്റലുള്ള എരിവിനു മറിച്ച് വില്‍ക്കാന്‍ മനസ്സ് വരാതെ അവള്‍‍ മുട്ടും കെട്ടിപ്പിടിച്ച് കട്ടിലില്‍ തന്നെയിരുന്നു. മുറ്റത്ത് തുരുമ്പിന്റെ കരകരപ്പുള്ള ഗേറ്റ് ഒരു വട്ടം തുറഞ്ഞടഞ്ഞു. ‘ യു’ ആകൃതിയിലുള്ള ഗേറ്റിന്റെ കൊണ്ടി അഹങ്കാരക്കിലുക്കത്തോടെ ഗേറ്റിന്റെ പാളികളെ ബന്ധിച്ചു. അച്ഛന്‍ ഓഫീസില്‍ പോയതാണ് , അതിനാല്‍ മണി 9.30 ആയിക്കാണണം.

‘’ നീ ഇന്നു കോളേജില്‍ പോന്നില്ലെ? പോന്നില്ലെല്‍ വേണ്ട , മുറ്റമടിച്ചിട് , ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുത്തന്റെ കൂടേ പോയി പൊറുക്കേണ്ടവളാ’‘

അടുക്കളയില്‍ നിന്നും തെന്നിവന്ന കുറ്റിച്ചൂല്‍ ‘’ ശ്ശീ’‘ ശബ്ദത്തില്‍ ഒരു വൃത്തം തീര്‍ത്ത് വലിഞ്ഞ് ലൂസായ ഹെയര്‍ബാന്റിട്ട മുടിക്കെട്ട് പോലെ അനുസരണകെട്ട് കിടന്നു. ഓരോ ഈര്‍ക്കിലും ഗൗരിക്ക് നേരെ വിഷം പുരണ്ട കുന്തങ്ങളായി എഴുന്നു നില്‍ക്കുന്നു. ബാത്ത് റൂമിലേക്കു പോകും വഴി കരുതികൂട്ടി കുറ്റിച്ചൂലിനെ ഒന്ന് ചവിട്ടി മെതിക്കാന്‍ അവള്‍ മറന്നില്ല.

ഒട്ടുകറപോലെ ചുണ്ടിന്റെ കോണില്‍ നിന്ന് ഒലിച്ചിറങ്ങിയ പേസ്റ്റ് അലഷ്യമായി തോള്‍ പൊക്കി ചുരിദാറില്‍ തുടച്ചു. മഞ്ഞപ്പുള്ള ചുരിദാറില്‍ അതൊരു വാലുമുളച്ച് പഞ്ഞിക്കെട്ടായി പറ്റിപ്പിടിച്ചിരുന്നു. മുറ്റത്ത് വീണ് കിടന്ന അഴുകിത്തുടങ്ങിയ മുരുക്കിന്റെ ഇലകളിലേക്ക് അവള്‍ നീട്ടിത്തുപ്പി.

‘’മൂദേവി, മുറ്റമടിക്കാന്‍ പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാനാണോടീ ഇങ്ങനെ തുപ്പി നാറ്റുന്നത്?’‘ അരത്തിണ്ണയിലിരുന്ന് കണ്ണുകളാല്‍ അമ്മയ്ക്ക് നേരെ ലേസര്‍ രശ്മികള്‍ തൊടുത്ത് വിട്ട അവളെ അമ്മ ഒരു ഉന്ത് വച്ചു കൊടുത്തു.

‘ യാ അള്ളാ….’‘ അവള്‍ ഏങ്ങി.

‘’ എന്താടീ? എന്റെ ദേവി ഇതേതേതോ താത്താന്റെ ബാധ തന്നെയാ , ഇന്ന് മാറും നാളെ മാറുമെന്ന് കരുതിയിരിക്കാന്‍ തുടങ്ങീട്ടിപ്പോ മാസം നാലഞ്ചായി ‘’

പാട്ടത്തെ പള്ളീല്‍ മഗരിബിനു ബാങ്ക് കൊടുക്കുമ്പോ ഗൗരി കിണറ്റിന്‍ കരയില്‍ നിന്ന് വുളു ചെയ്തു കേറും. വാതലടച്ചിരുന്നു അവള്‍ എന്തെടുക്കുവാണെന്ന് അറിയാന്‍ അമ്മ പല വട്ടം ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും വിട്ട് കൊടുത്തിട്ടില്ല. സന്ധ്യാ നേരത്തെ നാമജപവും വിളക്ക് കത്തിക്കലും അമ്മയുടെ മാത്രം ഉത്തവാദിത്വമായി ഒതുങ്ങി നിന്നു. ഓത്ത് പള്ളിയുടെ ചുവര്‍ പറ്റി ബസ്സ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ കേള്‍ക്കുന്ന അലിഫ് ബാതാ ‘’ അവള്‍ വെറും വായ്പ്പാട്ടായി പാടുന്നതാവാമെന്നായിരുന്നു ആദ്യമാദ്യം അമ്മ സമാധാനിച്ചിരുന്നത് ഉറക്കം തരാത്തൊരു സമസ്യയായി അത് മാറിയത് അവള്‍ തട്ടമണിഞ്ഞ് കോളേജിലേക്ക് പോകാന്‍ തുടങ്ങിയതു ശേഷമാണ്.

തറവാട്ടില്‍ നിന്ന് അമ്മൂമ്മയുടെ മരണവിവരം വിളിച്ചു പറഞ്ഞ അമ്മാവനോട് ‘’ ഇന്നാലില്ലാഹി വ ഇന്നാനീ ലൈഹി റാജിഹൂണ്‍’‘ എന്ന് മറുപടി കൊടുത്തതോടെ അവളുടെ വീട്ടില്‍ നിന്ന് പുറപ്പെട്ട കൊടുംകാറ്റ് കുടുംബക്കാരുടെയെല്ലാം വീടുകളില്‍ ആഞ്ഞു വീശി.

ശീമക്കൊന്ന കമ്പുകള്‍ നിരത്തിയ വേലിയിന്മേല്‍ ചാരി നിന്ന് അമ്മ അയലത്തെ ഗീതച്ചേച്ചിയോടു പരിഭവിച്ചു ‘’ രാവിലെയും വൈകീട്ടും അമ്പലത്തില്‍ പോയി കൃഷ്ണനെ തൊഴാത്ത ദിവസങ്ങളിലായിരുന്നു. വന്ന് വന്നിപ്പോ ഉത്സവം കാണാന്‍ കൂടി അമ്പലത്തില്‍ കയറില്ലെന്നായി ‘’

‘’ നമ്മുടെ കേശവന്‍ ഗുരുക്കളെ വിളിച്ചൊന്നു പരിഹാരം ചോദിച്ചാലോ പള്ളി മുറ്റത്തല്ലേ വീട് വല്ല മേത്ത പ്രേതവും കൂടീട്ടുണ്ടാവും’‘ ഗീതച്ചേച്ചിക്ക് ഉടന്‍ പ്രധിവിധിയാണ് എന്തിനും.

ചുവന്ന ചേല മുറുക്കിചുവന്ന നാവുമായി രക്തം കലങ്ങിയ കണ്ണുകളാല്‍ ഈറനുടുത്ത് വന്ന ഗൗരിയെ നോക്കി ഗുരുക്കള്‍ ഒന്നിരുത്തി മൂളി. ബ്രഹ്മരക്ഷസിനോളം ചുവന്ന ആ മനുഷ്യനുമായി കണ്ണുകളിടഞ്ഞപ്പോള്‍ ഗൗരി തന്റെ മിഴികള്‍ മാറ്റി ഊന്നി. കണക്ക് പുസ്തകത്തിലെ ജ്യോമെട്രിക് ആകൃതികളെ ഓര്‍മ്മിപ്പിക്കുന്ന നിലത്തെഴുതിയ കളങ്ങളില്‍ മഴവില്ലിന്റെ നിറങ്ങള്‍ക്ക് കടുപ്പമേറിയ പോലെ. കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും തലചൊരുക്കുന്ന ഗന്ധത്തിനോട് ഇഴുകിപ്പിണഞ്ഞ അരളിപ്പൂവിന്റെ ഭ്രാന്തമായ സുഗന്ധം ഗൗരിയില്‍ മാദകത്വം നിറച്ചു. എന്തോ തിരക്കി വന്നൊരു ഈറന്‍ കാറ്റ് കുരുത്തോലക്കീറുകളെ നൃത്തമാടിച്ചുകൊണ്ട് കടന്നു പോയി. ഇതളുകള്‍ ചതഞ്ഞൊരു പാതി വിടര്‍ന്ന താമരമൊട്ടില്‍ ദൃഷ്ടി പതിപ്പിച്ച് ഉരുക്ക് വിഗ്രഹം കണക്കവളിരുന്നു. ഹോമകുണ്ടത്തോടൊപ്പം എരിയുന്ന മന്ത്രങ്ങളെയും മുഖത്തേക്ക് പാറിവരുന്ന ഭസ്മത്തേയും ചെറുത്തുകൊണ്ടവള്‍ ചൊല്ലി ‘’ അവൂദ് ബില്ലാഹി മിന ഷൈതാനിറജീം” ”പടക്കപ്പെട്ട ഷൈത്താന്മാരില്‍ നിന്നും എന്നെ കാത്ത് രക്ഷിക്കണേ പടച്ചവനേ’‘ നീട്ടിയും കുറുക്കിയും ഘനപ്പിച്ചുമുള്ള സൂറത്തുകളുടെ മാറ്റൊലികള്‍ ഗൗരി ചന്ദനയുടെ ചുണ്ടുകളില്‍ നിന്ന് തെറിച്ചു വീഴുന്ന തിളയ്ക്കുന്ന ഉല്‍ക്കകളായി നാലു പാടും ചിതറി.

സൈക്യാട്രിസ്റ്റ് ഉമ്മന്‍ കോശിയുടെ തടിച്ച ഗോള കണ്ണടകളിലേക്ക് ആത്മവിശ്വാസത്തോടെ കണ്‍ കോര്‍ത്തവള്‍ക്ക് മുന്നില്‍ രോഗാവസ്ഥയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവാതെ അയാള്‍‍ കാക്ക കൊത്തിപ്പറിച്ച് ഉപേക്ഷിച്ച പഴുത്ത ചക്ക പോലെ വാ പൊളിച്ചിരുന്നു.

ഒരു ചെയ്ഞ്ച് ആയിക്കോട്ടേന്ന് കരുതി അച്ഛന്റെ തറവാട്ടിലെക്ക് കുറച്ചു ദിവസങ്ങള്‍ അവളെ മാറ്റി നടുന്നതിനെ കുറിച്ച് തീരുമാനിച്ച ദിവസമാണ് അവള്‍ അപ്രത്യമാകുന്നത് . അന്ന് തന്നെയാണ് ടൗണില്‍ ലഹള പൊട്ടിപ്പുറപ്പെടുന്നത്. ഉടയ്ക്കാവുന്നതൊക്കെയും തല്ലിയുടച്ചും വെന്തു ചാരമാകുന്നതൊക്കെയും നീറ്റി നശിപ്പിച്ചു തൊട്ടാല്‍ രക്തം ചിന്തുന്നതെന്തും വാളാല്‍ കീറിയിട്ടും ലഹളയുടെ സുനാമി ത്തിരകള്‍‍ അനു നിമിഷം മുന്നില്‍ കാണുന്നതെന്തിനും കവച്ച് വച്ചു മുന്നേറിക്കൊണ്ടിരുന്നു.

നഷ്ടപ്പെട്ടു പോയ മകളെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാം ദിവസം അര്‍ദ്ധരാത്രിയോടു കൂടി പോലീസ് സ്റ്റേഷന്‍ വഴി വിവരം കിട്ടത്തക്ക വിധം അനായാസമായിരുന്നു അവളെ തേടിപ്പിടിക്കല്‍. പ്ലാസന്റയുടെ പതുപതുപ്പില്‍ കാല്‍ പിണച്ചു വച്ച് കിടന്നുറങ്ങുന്ന ഗൗരി ചന്ദന ഒരു പിടയ്ക്കുന്ന വേദനയായി അമ്മയുടെ അടിവയറ്റില്‍ നീറിപ്പടര്‍ന്നു. ലാത്തി ചാര്‍ജും ജലപീരങ്കിയും അരങ്ങേറ്റം കുറിച്ച് തകര്‍ന്നാടിയ ടൗണും പരിസരവും പുതിയ തിരിച്ചറിവുകളുടെ തരിപ്പോടെ ഉത്തരം മുട്ടി നിന്നു.

മനുഷ്യ ചേതനയുടെ മണം പുരണ്ട നനവുള്ള കറുത്ത മണ്ണ് കൂന കൂട്ടിയ കബറില്‍ തലചായ്ച്ചവള്‍ യാസീന്‍ ഓതിക്കൊണ്ടിരുന്നു. പാതിയടഞ്ഞ മിഴികളില്‍ നഷ്ടപ്രതീക്ഷകളുടെ നിഴലിപ്പ്. പനിനീര്‍ ചുണ്ടുകള്‍ അപ്പോഴും വിടര്‍ന്നിരുന്നു. അവ അന്വേഷിച്ചുകൊണ്ടിരുന്നത് തേന്‍ നിറമുള്ള തേന്‍ ചുവയുള്ള മെഹബൂബിന്റെ ചുണ്ടുകള്‍ക്കു വേണ്ടിയായിരുന്നു. അവന്റെ മിനുപ്പുള്ള കണ്‍പോളകളില്‍ നിന്ന് കറുകനാമ്പുകള്‍ പോലുള്ള കണ്‍പീലികള്‍ ഉയരുന്നതും താഴുന്നതും നോക്കി അവളിരിക്കുമായിരുന്നു. മെഹദി ഹസ്സന്റെ ഗസലുകള്‍ ഊറി വരുന്ന അവന്റെ തേന്‍ ചുണ്ടുകള്‍ നോക്കി മടിയില്‍ മുടി വിടര്‍ത്തിയിട്ട് ഗൗരി കിടക്കും. അവളെ കൂടാതെ പള്ളിക്കാട്ടിലെ കബറുകള്‍ക്കു മാത്രം കേള്‍ക്കാവുന്ന മെഹ്ബൂബി‍ന്റെ പ്രണയമൂറും ഗസലുകള്‍! നടവഴിയായി ആരുമധികം സ്വീകരിക്കാത്ത കബറിസ്ഥാനിന്റെ മതില്‍ ചാരിയിരുന്ന് പനിനീരും തേനുമായി അവര്‍ അലിഞ്ഞു. അവള്‍ക്കുള്ളില്‍ അവനൊരു വീടു പണിതു ചെറുതെങ്കിലും അവന്റെ ചിന്തളുടെ വിരല്‍ പതിഞ്ഞൊരു വീട് . മെഹബൂബ് ഒരു അനുഭൂതിയായി അവളില്‍ ഇറ്റ് വീണ് അവളുടെ രസതന്ത്രത്തില്‍ അലിഞ്ഞ് ചേര്‍ന്നത് അവള്‍ക്ക് കണക്കു കൂട്ടാവുന്നതിലും വേഗത്തിലായിരുന്നു. സൂറത്തുകള്‍ ഒരോന്നായി അവന്‍ ഓതി പഠിപ്പിക്കുമ്പോള്‍ അവളുടെ കൃഷ്ണമണികളില്‍ നിഴലിച്ചത് അറ്റം കൂര്‍ത്തൊരു കാന്തമുനയായിരുന്നു.

അവനോടൊപ്പം കൈപിടിച്ചു ഇറങ്ങുമ്പോള്‍‍ മര്‍ദ്ദിച്ചു പതഞ്ഞു പൊങ്ങുന്ന രണ്ട് സമുദ്രങ്ങള്‍ എതിര്‍ ദിശകളില്‍ നിന്ന് കുതിച്ചുയരുന്നത് അവള്‍ കണ്ടിരുന്നില്ല. അലറിയടുത്ത ഇരു സമുദ്രങ്ങളില്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേര്‍ന്നതിന്റെ ചാരിതാര്‍ഥ്യത്തില്‍ കാവിനിറം ആര്‍ത്തുല്ലസിച്ചു. കഴുത്തില്‍ അഴത്തിലേറ്റ മുറിവിലൂടെ സ്വാതന്ത്ര്യം പ്രഖാപിച്ച് ഒഴുകിയിറങ്ങിയ ചുവന്ന പുഴ ടാറിട്ട റോഡിന്റെ ഇടുക്കത്തില്‍ നിന്നും മണ്ണിന്റെ വിശാലതയിലേക്ക് ഒലിച്ചിറങ്ങി. എതിരെ അലയടിച്ചു വന്ന സമുദ്രത്തിന്റെ തിരമാലകള്‍ മെഹ്ബൂബിന്റെ ശരീരം തോളിലേറ്റി തക്ബീറിന്റെ ഈണത്തോടെ പിന്‍ വാങ്ങി . പള്ളിക്കാട്ടിലെ കബറിസ്ഥാനില്‍ അഭയം പ്രാപിച്ച ഗൗരിയുടെ കണ്ണിരിന്റെ നനവില്‍ തലതല്ലി പൂത്ത് കിടന്ന മുക്കൂറ്റിപ്പൂക്കള്‍ നനഞ്ഞൊട്ടി. മെഹ്ബൂബിനെ പേറിയ സന്ധൂക്ക് തോളിലേറ്റി വരുന്നവരുടെ കണ്ണില്‍ പെടാതെ മീസാന്‍ കല്ലുകളുടെ മറവില്‍ ചുരുണ്ടു കിടന്നു. ആളൊഴിഞ്ഞ പള്ളിക്കാട്ടില്‍ മെഹ്ബൂബിന്റെ കബറില്‍ തലചായ്ച്ചിരുന്ന അവളെ ഉണര്‍ത്തിയത് കബറിസ്ഥാനിലേക്ക് ഇരച്ചു കയറിയ വെകിളിക്കൂട്ടത്തിന്റെ ഇരമ്പലാണ്.

ഭ്രാന്തമായ പോര്‍വിളികളോടെ അവളെ വലിച്ചു കീറുവാന്‍ ആഞ്ഞുവരവെ ഇരുണ്ട മേഘപ്പളികളില്‍ നിന്ന് കുഴലായി ചുറ്റിവന്നൊരു ഫണല്‍ മേഘം അവളെയും ചുഴറ്റിയെടുത്ത് ഉയരങ്ങളിലേക്കു പറന്നു. പാഞ്ഞടുത്ത വെകിളിത്തിരമാലകള്‍ക്ക് തൊണ്ടിയായി കിട്ടിയ അറുത്തിട്ട മാംസപിണ്ഡത്തിന്‍ മേല്‍ അവര്‍ വേലിയേറ്റവും വേലിറക്കവും മത്സരിച്ചു ആഘോഷിച്ചു.

Generated from archived content: story1_nov15_13.html Author: sonia_rafeek

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here