വേനല്‍ വസന്തങ്ങള്‍

കൊല്ലപ്പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടുമ്പൊഴേ മനസ്സില്‍ തകിലുകൊട്ടിന്‍റെ മേളമാണ്‌. പരീക്ഷയോടുള്ള അടങ്ങാത്ത ആസക്തി മൂലമല്ല, പരീക്ഷക്ക്‌ ശേഷമുള്ള വേനലവധി ഓ‍ര്‍ത്തിട്ടാണ്‌. വേനല്‍കാലത്താണ്‌ വേനലവധി എന്നിരുന്നാലും വസന്തകാലത്തിന്‍റെ പരിമളമാണ്‌ മനസ്സിലത്‌ നിറച്ചത്‌. അവസാന ദിവസ പരീക്ഷ എഴുതാന്‍ വല്ലാത്തൊരുന്‍മേഷം. കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ ചില സുന്ദരസ്വപ്നങ്ങള്‍ മനസ്സില്‍ നിറയുന്നുണ്ടാകും. വീട്ടിലെത്തിയാലുടന്‍ അച്ഛനമ്മമാരുടെ വക ക്യാന്‌വാസിംഗ്‌ തുടങ്ങും. ” മക്കളേ … ബീച്ചില്‍ കൊണ്ട്‌ പോകാം, ഊട്ടി, …. തേക്കടി…” അങ്ങനെ പലപല മധുര വാഗ്ദാനങ്ങള്‍ പൂവുള്ള കുപ്പിപ്പാത്രങ്ങളില്‍ വിളമ്പും. അതില്‍ ചില പാത്രങ്ങള്‍‍ കാണുമ്പോള്‍ എന്‍റെ കനിഷ്ട സഹോദരന്‍റെ മനസ്സിന്‌ അല്‍പം ചാഞ്ചല്യം സംഭവിച്ചോ എന്നു നേരിയ സംശയം ഉള്ളില്‍ പുകയും. എങ്കിലും ഇതിലൊന്നും വീഴില്ലെന്ന ഉറച്ച നിലപാട്‌ അവന്‍റെ ഇളം മനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ ഞാന്‍ നന്നേ സമര്‍ത്ഥയായിരുന്നു. ഒരേ സ്വരത്തില്‍ ഇരുവരും കൂകി. …”ഞങ്ങള്‍ക്ക്‌ കുളത്തൂപ്പുഴ പോയാല്‍ മതിയേ.. ” ഉറച്ച തീരുമാനത്തിന്‌ മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങി മാതാപിതാക്കള്‍ അടിയറവ്‌ പറയും.

അങ്ങനെ അദ്ധ്വാനിച്ച്‌ നേടിയെടുത്ത അവകാശങ്ങളുടെ നിറവില്‍ കട്ടിലിലേക്ക്‌ ചുരുണ്ടുകൂടും. അമ്മയുടെ കുടുംബവീട്‌ സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ എന്ന രാജ്യത്തോട്‌ അമ്മയേക്കാള്‍ സ്നേഹം ഞങ്ങള്‍ കുട്ടികള്‍ക്കാണ്‌. കണ്ണടയുമ്പോള്‍ നേര്‍ത്ത പനിനീര്‍ പൂമണം പോലെ അരിച്ചരിച്ച്‌ ഇറങ്ങുന്ന ഓരോ ചിത്രങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നൃത്തം വെക്കാന്‍ തുടങ്ങി. ഈ വേനല്‍കാലം കഴിയുമ്പോള്‍ ഓര്‍മ്മവിളക്കിലെ തിരികളുടെ എണ്ണം വീണ്ടും കൂടും…..ചിന്തകളില്‍ ഊളിയിട്ട്‌ ഞാന്‍ ഉറക്കത്തിലേക്ക്‌ തെന്നിനീന്തി.

പിറ്റേന്ന്‌ കിഴക്ക്‌ വെള്ളകീറിയപ്പോള്‍തന്നെ ചാടിപ്പിടഞ്ഞ്‌ എണീറ്റു. അടുത്ത കട്ടിലില്‍ ചാക്കുകെട്ടുപോല്‍ ചുരുണ്ട്‌ കിടക്കുന്ന അനുജനേം തട്ടിയുണര്‍ത്തി. 7 മണിക്കുള്ള ഫാസ്റ്റിലാണ്‌ യാത്ര തീരുമാനിച്ചിരിക്കുന്നത്‌. യാത്രയ്ക്കായി തയ്യാറാക്കിയ പള്ള വീര്‍ത്ത ഗര്‍ഭിണിയായ എയര്‍ബാഗിലേക്ക്‌ നോക്കുമ്പോള് ‍തന്നെ നല്ല ചുകചുകാന്നുള്ള ജിലേബി തിന്ന പ്രതീതിയാണ്‌. ബസ്റ്റാന്റിലേക്കുള്ള യാത്രയില്‍ ഒരു കായികതാരത്തിന്‍റെതെന്നപോലുള്ള ചുറുചുറുക്കും ഉന്‍മേഷവും പ്രകടിപ്പിച്ച്‌ അനുജന്‍റെ കയ്യും പിടിച്ച്‌ ഞാന്‍ മുന്നേ നടക്കും. പുറകേ പൂര്‍ണ്ണ ഗര്‍ഭിണിയായ ബാഗും ചുമന്ന്‌ മാതാവ്‌.

ബസ്സില്‍ കയറിക്കഴിഞ്ഞാല്‍ സൈഡ് സീറ്റിനു വേണ്ടിയുള്ള യുദ്ധമായി. ആശ്ചര്യമെന്നോണം ഇത്തവണ സൈഡ്‌ സീറ്റ്‌ അവന്‍ സ്വന്തമാക്കിയിരിക്കുന്നു. ” ഹും വളര്‍ന്നിരിക്കുന്നു ചെക്കന്‍” അരകിലോമീറ്റര്‍ പിന്നിട്ടില്ല , അതിനുമുന്നേ തക്കിടിമുണ്ടന്‍ മാതാവിന്‍റെ മടിയിലേക്ക്‌ ചാഞ്ഞു. ഒറ്റ കുതിപ്പിന്‌ അവന്‍റെ സീറ്റ്‌ കൈക്കലാക്കി. ഒരോ സ്റ്റോപ്പിലും ബസ്‌ നിര്‍ത്തുമ്പോള്‍ തലചുമടുമായി കയറുന്നവര്‍, കുട്ടികളേയും പിടിച്ചു ഓടി കയറുന്നവര്‍, മീന്‍ കുട്ടയും ചുമന്നു കയറുന്നവര്‍….അങ്ങനെ എന്തെല്ലാം കാഴ്ചകള്‍. കാഴ്ചകളുടെ ആനന്ദത്തില്‍ ഇരിക്കുമ്പോള്‍ അനുജനെ തഴുകിയ അതേ കാറ്റ്‌ എന്നേയും തഴുകിയുറക്കി. പിന്നെ ഉണരുമ്പോള്‍ ബസ്‌ മുക്കാല്‍ ദൂരം താണ്ടിക്കഴിഞ്ഞിട്ടുണ്ടാകും. റോഡിനിരുവശവും കുട്ട മേയുന്ന കറുമ്പികള്‍ , നിരനിരയായുള്ള കുടിലുകളുടെ മുന്നില്‍ നൂല്‍ ബന്ധമില്ലാതെ ഓടിക്കളിക്കുന്ന കുട്ടികുറുമ്പന്‍മാര്‍. ഈ കുടിലുകള്‍ക്ക്‌ പിന്നാമ്പുറത്തുകൂടി എവിടെയോയുള്ള ഒരു കടലില്‍ ചെന്നുചേരാനായി വെപ്രാളം പിടിച്ച്‌ പായുന്ന ആറ്. ബോധംകെട്ട്‌ ഉറങ്ങുന്ന സോദരനെ തട്ടിയുണര്‍ത്തി.

“എത്തിയോ?”

“എത്താറായി. “

അപ്പോഴാണു മണ്ടത്തരം ഓര്‍ത്തത്‌. അവന്‍ നേടിയെടുത്ത സൈഡ്‌ സീറ്റെങ്ങാനും തിരികെ അവശ്യപ്പെട്ടാലോ….ശോ….ഉണര്‍ത്തണ്ടായിരുന്നു. എതായാലും അവന്‍ അത്‌ എന്നില്‍നിന്ന്‌ തട്ടിപറിച്ചില്ല, ഞാന്‍ ഒട്ട്‌ ഓര്‍മ്മിപ്പിച്ചതുമില്ല.

ബസ്‌ കുളത്തൂപ്പുഴ അടുക്കുന്നതിന്‍റെ മറ്റൊരു അടയാളമാണ്‌ ആന കുനിഞ്ഞു നില്‍ക്കുന്ന പോലുള്ള ബോഗയിന്‍ വില്ല ചെടിയുള്ള ഒരു വീട്‌. അത്‌ ഏതു കാലത്തും തലതല്ലി പൂത്തു കിടക്കും. ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി. ഉത്സാഹഭരിതരായ 2 വേനല്‍കാല ടൂറിസ്റ്റുകള്‍ ബസ്സില്‍നിന്ന്‌ ചാടിയിറങ്ങി. വീണ്ടും 2 കി.മി കൂടി നടക്കണം വീട്ടിലെത്താന്‍. പോകുന്ന വഴിയെല്ലാം കുശലം ചോദിച്ച്‌ വീട്ടുറ്റത്ത്‌ ഇറങ്ങി നില്‍ക്കുന്ന വായാടി താത്തമാര്‍. അതിനിടേല്‍ ഞങ്ങള്‍ അമ്മയോട്‌ നൂറു ചോദ്യങ്ങളാ…”ആരൊക്കെ വന്നിട്ടുണ്ടാകും, ഇപ്പൊ എല്ലാരും എത്തിക്കാണുമോ..” അമ്മയുടെ അനുജത്തിമാരുടെ മക്കള്‍ക്കെല്ലാം വെക്കേഷന്‍ കൊണ്ടാടാനുള്ള താവളമാണ്‌ ആ വീട്‌. 2 മാസത്തേക്കു നിറച്ച ഉപ്പുമാങ്ങാഭരണി പോലെ നിറവുള്ളതാകും ആ വീട്‌, ഭരണിയുടെ വായ മൂടി കെട്ടിയിട്ടില്ല എന്നുള്ള ഒരു വ്യത്യാസമേ ഉള്ളൂ.

ഞങ്ങള്‍ എട്ടു പത്ത്‌ എണ്ണം കാണും കാക്കകൂട്ടില്‍ കുരങ്ങന്‍മാര്‍ കേറിയപോലെ. ഞങ്ങള്‍ എത്തിച്ചേരുമ്പോള്‍തന്നെ സ്വീകരണകമ്മിറ്റി മുറ്റത്ത്‌ നിരന്നിട്ടുണ്ടാകും. ഒരു കുന്നിന്‍പുറത്താണു വീട്‌. അവിടെന്ന്‌ ആര്‍പ്പ്‌ വിളികളോടെ ഞങ്ങളെ വരവേല്‍ക്കും ആ കുട്ടിപട്ടാളം. പിന്നെ ഉത്സവകാലമായി….. ഞങ്ങള്‍ വന്ന വിവരം അറിഞ്ഞ്‌ അങ്ങേതിലെ അമ്മിണിചേട്ടത്തി കയറിവരും. ചട്ടയും മുണ്ടും ഉടുത്ത അമ്മിണിച്ചേട്ടത്തിക്ക്‌ മക്കള്‍ 5… മോനായി, അനിയങ്കുഞ്ഞ്‌, മോളമ്മ, പൊടിമോന്‍ പിന്നെ മോനച്ചന്‍. അവരുടെ വീട്ടിലെ ചാണകം മെഴുകിയ തറയിലിരുന്ന്‌ അനിയങ്കുഞ്ഞ്‌ ഒരു ആട്ടിന്‍ കുട്ടിയെ കളിപ്പിക്കുന്നത്‌ കാണാം എപ്പോഴും. അമ്മിണി ചേട്ടത്തി ഏതുനേരവും തൊഴുത്തിലും അടുക്കളയില്‍ തീയൂതിയും മറ്റുമായി കഴിച്ചുകൂട്ടും. പിള്ളേര്‍ടെ അപ്പന്‍ ജോര്‍ജ്ജ്‌ അച്ചായന്‍ സദാ ബീഡിക്കുറ്റിയും കടിച്ചുപിടിച്ച്‌ കവലയില്‍ ഉണ്ടാകും.

എല്ലാ ഈസ്റ്ററിനും അമ്മിണിച്ചേട്ടത്തി ഈസ്റ്ററപ്പം കൊണ്ടുത്തരുന്ന പതിവുണ്ട്‌. എന്നാല്‍ തലയിണപോലുള്ള ആ അപ്പകഷ്ണങ്ങള്‍ രുചിക്കുവാനുള്ള ധൈര്യം ആരും കാണിച്ചിരുന്നില്ല. അതു അന്നേദിവസംതന്നെ പശുവിനുള്ള കാടിയിലേക്ക്‌ തള്ളപ്പെടും. ഒരിക്കല്‍ വീട്ടില്‍ ജോലിക്കു നിക്കുന്ന ബീനക്കൊച്ച്‌ ഈസ്റ്ററപ്പം അതേപടി യാതൊരു ഒടിവും ചതവും കൂടാതെ കാടിയിലേക്ക്‌ നിക്ഷേപിച്ചു. അന്നു പശുവിനു കൊടുക്കാന്‍ കാടി ചോദിച്ച്‌ അമ്മിണിച്ചേട്ടത്തി വന്നപ്പോ ബീനാക്കൊച്ച്‌ യാതൊരു സങ്കോചവും കൂടാതെ അപ്പമിട്ട കാടി എടുത്തു കൊടുത്തു. പിന്നീടാണ്‌ ചെയ്ത ബുദ്ധിശൂന്യതയെപറ്റി വിഡ്ഡികൂഷ്മാണ്ടം ഓര്‍‍ത്തത്‌. എന്തൊക്കെ ആയാലും പിന്നെ ഒരിക്കലും അമ്മിണിച്ചേട്ടത്തി ഈസ്റ്ററപ്പവുംകൊണ്ട്‌ ആ പടി ചവിട്ടിയിട്ടില്ല. കാപ്പികുടി കഴിഞ്ഞ്‌ എല്ലാ കുരങ്ങന്‍മാരും കുരങ്ങത്തികളും മുറ്റത്തെ പേരമരത്തില്‍ ചേക്കേറി. വീടിന്‍റെ പുറകുവശത്ത്‌ കുളിമുറിയും കിണറും കഴിഞ്ഞാല്‍പിന്നെ മരിച്ചീനിതോട്ടവും കശുമാവിന്തോട്ടവും …പിന്നങ്ങോട്ട്‌ റബ്ബര്‍ ‍കാടുകളുമാണ്‌ . കശുമാങ്ങയുടെ കറപുരണ്ട ഉടുപ്പുകളേ അന്നു എല്ലാവര്‍‍ക്കും ഉണ്ടാകാറുള്ളു, കാരണം നല്ല പറങ്കിപ്പഴം കണുമ്പോള്‍ വേണ്ടെങ്കിലും ഒരെണ്ണം വെറുതെ വായില്‍ ചൂമ്പാന്‍ തോന്നും. നട്ടുച്ച നേരത്ത്‌ അങ്ങനെ ഇരിക്കുമ്പോള്‍ ഇളം കാറ്റില്‍ ആടിയുലയുന്ന പറങ്കിമാവിന്‍ കൊമ്പിലൂടെ തിരക്കിട്ട് ഓടിനടക്കുന്ന ചുമന്നുറുമ്പുകള്‍. അവന്‍മാരെ എല്ലാവര്‍‍ക്കും പേടിയാണ്‌. തികഞ്ഞ തീവ്രവാദികളാണ്‌ അവന്‍മാര്‍‍.

അങ്ങനെ ഇരിക്കുമ്പോള്‍ അപ്പുറത്തെ പുരയിടത്തിലെ ചെറിയ ഓലക്കുടിലില്‍ നിന്നു മധുര സംഗീതം ഒലിച്ചിറങ്ങുന്നത്‌ കേള്‍ക്കാം. അതിന്‍റെ ഉറവിടം എല്ലാവര്‍‍ക്കും അറിയാം. ഞൊണ്ടിക്കാലന്‍ മജീദിന്‍റെ ഗാനമാധുരി…..അവന്‍റെ വാപ്പ പണ്ടേ മയ്യത്തായതാ, കാലിനു പോളിയോ ആണെന്നാ അവന്‍റെ ഉമ്മാടെ വാദം. അത്‌ എന്തേലും ആകട്ടെ. നമ്മുടെ കടമകള്‍ നിറവേറ്റാന്‍ ആകെ 2 മാസം അല്ലേ ഉള്ളൂ. അതിനുള്ളില്‍ പരമാവധി കടമകള്‍ ഞങ്ങള്‍ വീട്ടാന്‍ ശ്രമിക്കും. അതിനുള്ള തത്രപ്പാടിലാണ്‌ വാനരസംഘം. പറങ്കിമാവുകള്‍ കഴിഞ്ഞാല്‍ ഒരു വേലി ഉണ്ട്‌. അതില്‍ ഇടക്കിടക്ക്‌ ഒളിഞ്ഞും മറഞ്ഞും നമ്മളെ നോക്കി കൊഞ്ഞനംകാട്ടുന്ന അരണക്കുഞ്ഞുങ്ങള്‍. വേലിയില്‍ പടര്‍ന്ന് കിടക്കുന്ന ഒരു കുന്നിക്കുരുവള്ളി ഉണ്ട്‌. കുന്നിക്കുരു ഭക്ഷിക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണെന്ന് അമ്മൂമ്മ പറഞ്ഞ്‌ പടിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അതു പറിച്ചെടുത്ത്‌ സൂക്ഷിക്കുന്നതില്‍ മാത്രം ഞങ്ങള്‍ ആനന്ദം കണ്ടെത്തി. എന്നാല്‍ കൂട്ടത്തില്‍ ഇളയവളായ സുമിക്കൊച്ച്‌ ഒരിക്കല്‍ അതില്‍ രണ്ടുമൂന്നെണ്ണം അകത്താക്കി ആരും കാണാതെ. അഞ്ചാറ്‌ ആവര്‍‍ത്തി വയറിളകിയതല്ലാതെ അവള്‍ക്ക്‌ യതൊരു കേടും സംഭവിച്ചില്ല. അത്‌ കണ്ടപ്പോള്‍ ചുമപ്പും കറുപ്പും നിറത്തില്‍ പളപളാന്ന് ഞങ്ങളെ ഭ്രമിപ്പിച്ച കുന്നിക്കുരു ഒന്നു രുചിക്കാന്‍ തോന്നാത്തതില്‍ ഞാന്‍ ആത്മാര്‍‍ത്ഥമായി ഖേദിച്ചു.

പറങ്കിമാവിന്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ കാണാം മെഷീന്‌കാരി താത്താടെ വീട്‌. താത്ത മക്കളേയും പെറുക്കികൂട്ടി കുശലം അന്വേഷിക്കാന്‍ വരും. ” നീ ആരുടെ കൊച്ചാ?, നിനക്ക്‌ എത്ര വയസ്സായി?…” അങ്ങനെ കുറേ അനാവശ്യ അപ്രസക്ത ചോദ്യങ്ങള്‍. ഏതാണ്ട്‌ എഴെട്ട്‌ പിള്ളേര്‍ അവര്‍ടെ ചുറ്റും എപ്പൊഴും കാണും. മക്കളെ പോറ്റുവാനായി സ്വയം തൊഴിലെന്നോണം കഷ്ടകാലത്തിന്‌ അവര്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങി. അടുത്ത വീട്ടിലെ ചേച്ചിമാര്‍‍ക്കും ചേട്ടത്തിമാര്‍‍ക്കും താത്താമാര്‍‍ക്കും കുപ്പായം തുന്നികൊടുക്കാന്‍ തുടങ്ങി. അതിന്‍റെ പേരില്‍ അവള്‍ക്ക്‌ കിട്ടിയ പേരാണ്‌ മെഷീങ്കാരി. കഷ്ടം …. കേരളത്തിലെ പ്രബുദ്ധ ജനങ്ങള്‍ തങ്ങളുടെ ഭാഷാനൈപുണ്യം കാരണം മറ്റുള്ളവര്‍‍ക്ക്‌ പേരിടാന്‍ കാട്ടുന്ന മിടുക്ക്‌ എന്തേ സ്വന്തം മക്കളില്‍ കാണിക്കുന്നില്ല?!!. ഇപ്പൊഴും അവരുടെ മക്കള്‍ സീന ടീന മീന നീന റീന വീണ ബീന ജീന ലീന എന്ന പേരുകള്‍ അലങ്കരിക്കുന്നു.

അക്കാലത്തെ എന്‍റെ ഉറ്റതോഴിയും രഹസ്യം സൂക്ഷിപ്പുകാരിയുമായിരുന്നു കൊച്ചേച്ചി. അമ്മയുടെ ഏറ്റവും ഇളയ സഹോദരി. ഞങ്ങള്‍ കളിക്കൂട്ടുകാരും നിഗൂഡസത്യങ്ങള്‍ പങ്കിടുന്നവരും ആയിരുന്നു. എന്‍റെ കൂട്ടുകാരി കൊച്ചേച്ചിക്ക്‌ വല്ലാത്തൊരു കമ്പം ഉണ്ട്‌. ഉച്ചതിരിഞ്ഞ നേരത്ത്‌ ഐസ്സുകാരന്‍റെ മണിയടി ശബ്ദം കേട്ടാല് ‍പിന്നെ പുള്ളിക്കാരിക്ക്‌ ഇരിക്കപ്പൊറുതിയില്ല. പക്ഷെ നേരിട്ടു ചെന്നു ഐസ്സ്‌ വാങ്ങാന്‍ പേടിയുമാണ്‌. അപ്പൂപ്പന്‍ എങ്ങാനും അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ ഐസ്സ്‌ പോയിട്ട്‌ “ഐ”കൂട്ടി ഒന്നും തിന്നാന്‍ പറ്റില്ലെന്ന അവസ്ഥ സംജാതമാകും. വെക്കേഷന്‍ ചിലവിടാന്‍ വന്ന കൊച്ചുമക്കളോട്‌ അപ്പൂപ്പനുള്ള സെന്റിമെന്റ്സ് ‌ മുതലെടുത്ത്‌ കൊച്ചേച്ചി എന്നെ തള്ളിവിടും ഐസ്സ്‌ വാങ്ങാന്‍. വേലിപ്പുറത്തുകൂടി എത്തിവലിഞ്ഞ് കിടന്ന് ഐസ്സുകാരന്റെ കയ്യില്‍ നിന്നും കമ്പൈസ്സും വാങ്ങി ഒറ്റ പാച്ചിലാണ്‌ അടുക്കളയിലേക്ക്‌. അവിടെ ആര്‍‍ത്തിമൂത്ത്‌ നില്‍ക്കുന്ന കൊച്ചേച്ചിയും ഞാനും കൂടി ഐസ്സ്‌ നൊട്ടിനുണയും. കൂടെ ചില പീക്രികളും കാണും. കരിങ്കാലികള്‍ അല്ലെന്നു ഉറപ്പ്‌ ഉള്ളവരെ മാത്രമേ ഞങ്ങള്‍‍ ഈ ഉദ്യമത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. അങ്ങനെ “കമ്പൈസ്സ്‌” എന്ന അത്ഭുത ഭോജനം ജീവിതത്തില്‍ ആദ്യമായി ഞാന്‍ അനുഭവിക്കുന്നത്‌ അവിടെ വെച്ചാണ്‌.

പിന്നാമ്പുറത്തുള്ള വലിയ കിണര്‍ പലവട്ടം എന്‍റെ ബ്രഷുകള്‍ വിഴുങ്ങിയവളാണ്‌. പാതാളം വരെ നീണ്ട്‌ കിടക്കുന്ന തൊടികള്‍ നോക്കി രാവിലെ ബ്രഷുംകൊണ്ട്‌ ഉറക്കച്ചടവില്‍ നില്‍ക്കുമ്പോള്‍ എതേലും കള്ളികാക്കകള്‍ ബ്രഷ്‌ കൊത്തിയെടുത്ത്‌ കിണറ്റിലിട്ടാല്‍ ഞാനെന്തെടുക്കാനാ? വേനലിനു പാതാളക്കിണറില്‍ വെള്ളം വറ്റും.അപ്പോള്‍ ഞങ്ങള്‍ ഒരു ജാഥയായി അടുത്തുള്ള അമ്മൂമ്മയുടെ കുടുംബവീട്ടിലേക്ക്‌ യാത്രയാകും.(..കുളിക്കാനും നനയ്ക്കാനും മാത്രം…..)അവിടെ കുളിയും നനയും കഴിഞ്ഞു അവിടത്തെ അയ്യത്ത്‌ നിന്ന് മാങ്ങയും പുളിയും ജാംബയ്ക്കായുമൊക്കെ അടിച്ചുമാറ്റി പെറ്റികോട്ടില്‍ കെട്ടി ഞങ്ങള്‍ യാത്രയാകും.

കുളത്തൂപ്പുഴ ദേശം തമിഴ്‌നാടിന്‍റെ തെങ്കാശിക്ക്‌ അടുത്ത പ്രദേശമായതിനാല്‍ എല്ലാ വര്‍‍ഷവും ശക്തമായ കാറ്റ്‌ വീശാറുണ്ട്‌. ചൂളം വിളിയോടെ പാഞ്ഞടുക്കുന്ന കാറ്റ്‌ തെങ്ങിനേം കവുങ്ങിനേമൊക്കെ ചുഴറ്റിയടിച്ച്‌ സംഹാരതാണ്ടവമാടും. പക്ഷെ ഞങ്ങളുടെ താല്‍പര്യം പുളിമരത്തില്‍ അടിക്കുന്ന കാറ്റില്‍ മാത്രമായിരിക്കും. വെളുപ്പിനെ കുട്ടയുംകൊണ്ടു പുളി പെറുക്കാന്‍ പോകും. പുളിയോട്‌ പണ്ടേ വല്യ താല്‍പര്യം ഇല്ലത്തതിനാല്‍ എന്‍റെ അനുജന്‍റെ പ്രായക്കാരിയായ മാലുക്കൊച്ചിന്‌ എന്‍റെ വക പുളികള്‍ സമ്മാനിക്കുന്നതില്‍ ഞാന്‍ ചാരിതാര്‍ഥ്യം അടഞ്ഞു. പച്ച മാങ്ങ പച്ച പുളി എന്നീ വസ്തുക്കള്‍ എന്നില്‍ അറപ്പും അവളില്‍ ആക്രാന്തവും ഉണര്‍‍ത്തുന്ന വസ്തുക്കള്‍ ആയിരുന്നു. അതിനാല്‍ പുളി പെറുക്കുന്നതിലും സമ്മാനിക്കുന്നതിലും ഞാന്‍ തികച്ചും ഒരു മദര്‍ തെരേസ ആയി മാറി.

രാത്രി വെള്ള പൂശിയ ചുമരിന്‍റെ തണുപ്പുപറ്റി കിടക്കുമ്പോള്‍ ചൂളം വിളിച്ചു ചുഴറ്റുന്ന കാറ്റ്‌ ഏതോ അനുസരണയില്ലാത്ത ഭ്രാന്തിപ്പെണ്ണിന്‍റെ രൂപം ഉള്ളില്‍ ജനിപ്പിച്ചു. ആ ഈണവും കേട്ട്‌ മൂടിപ്പുതച്ച്‌ കിടക്കുമ്പോള്‍ “ദൈവമേ ഈ രാത്രി ഒരിക്കലും അവസാനിക്കരുതേ ” എന്നു പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്‌.

രാത്രി വൈകിയാണ്‌ അപ്പൂപ്പന്‍ കട പൂട്ടി വീട്ടിലെത്തുക. എത്ര താമസിച്ചാലും കയ്യിലൊരു പലഹാരപ്പൊതി കരുതാതെ വരാറില്ല. ഉറക്കത്തില്‍നിന്ന് ഉണര്‍‍ത്തി അതു തരുമ്പോള്‍ ആ കൈകളില്‍ നിന്നു പ്രസരിക്കുന്ന സ്നേഹത്തിന്‌ വല്ലാത്ത ചൂടുണ്ടെന്ന് തോന്നിയിട്ടുണ്ട്‌. കഷണ്ടി തിന്നു തീര്‍ത്ത തലയും, അല്‍പം വളഞ്ഞ ശരീരവും, വെളുപ്പ്‌ വീശിയ തലമുടിയും ഒരു ആവരണം മാത്രമേ ആകുന്നുള്ളൂ. ഉള്ളില്‍ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്‍റെയും ആഡ്യനായ ഒരു കുടുംബനാഥന്‍റെയും ഹൃദയം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കൊച്ചുമക്കളെയെല്ലാം വിളിച്ചുകൂട്ടി വിവിധ കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അപ്പൂപ്പന്‍ വളരെയധികം സന്തോഷിച്ചിരുന്നു. വയസ്സ്‌ ഏറെ ആയിട്ടും അസുഖം ബാധിച്ചിട്ടും അപ്പൂപ്പന്റെ മുന്നില്‍ നില്‍ക്കാന്‍ മുട്ടിടിക്കുന്ന അച്ചനും അമ്മയും ഒക്കെ ആയി രൂപാന്തരം പ്രാപിച്ച മക്കളെ കാണുമ്പോള്‍ എനിക്കു അപ്പൂപ്പനോട്‌ അതിരില്ലാത്ത ആദരവ്‌ തോന്നിയിട്ടുണ്ട്‌.

അമ്മയുടെ 2 അനുജന്‍മാരില്‍ ഒരാള്‍ ചെറുപ്പത്തിലേ ഗള്‍ഫില്‍ ചേക്കേറിയിരുന്നു. ഇളയ അനുജന്‍ അപ്പൂപ്പനെ സഹായിക്കാനായി നാട്ടില്‍ തന്നെ കൂടിയിരുന്നു. ഇളയ അമ്മവന്‍റെ മുറിയില്‍ ഞങ്ങള്‍ വാനരന്‍മാര്‍‍ക്ക്‌ പ്രവേശനം ചില നിബന്ധനകളോടു കൂടിയതായിരുന്നു. തീണ്ടാവുന്നതും തീണ്ടിക്കൂടാത്തതുമായ പല വസ്തുക്കളും ആ മുറിയില്‍ ഉണ്ടായിരുന്നു. വിവിധ തരം ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കുവാനും അഴിച്ചുപണിയുവാനും നിപുണന്‍ ആയിരുന്നു കുഞ്ഞമ്മാവന്‍. അടുക്കളയിലെ പുളിങ്കലം നഷ്ടപ്പെട്ടതിന്‍റെ പരാതി അമ്മൂമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു. അവസാനം തൊണ്ടിസാധനം അമ്മാവന്‍റെ മുറിയുടെ വാതിലിനു പുറകില്‍നിന്നു കണ്ടുകിട്ടി. ആ പാവം കലം കാലത്തിന്‍റെ വഴിത്താരയില്‍ ഒരു സ്പീക്കര്‍ ആയി രൂപാന്തരപ്പെട്ടുകഴിഞ്ഞിരുന്നു.

ഇതിനെല്ലാം പുറമേ അമ്മാവന്‍ നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു. കുഞ്ഞമ്മാവന്‍റെ മുറിയുടെ ചുമരില്‍ ഒരു പെണ്‍കുട്ടി വീണയില്‍ തല ചായ്ച്ചിരിക്കുന്ന ചിത്രം പെയിന്റ് ചെയ്തിട്ടുണ്ടായിരുന്നു. അടുത്ത ആവര്‍ത്തി വീടു വെള്ള പൂശിയപ്പോള്‍ അത്‌ മായ്ക്കപ്പെട്ടതില്‍ ഞാന്‍ നന്നേ മനസ്താപപ്പെട്ടിരുന്നു. ആ ചായക്കൂട്ടുകള്‍ ഇപ്പോഴും അതേ മിഴിവോടെ മനസ്സില്‍ പോറി കിടപ്പുണ്ട്‌.

അമ്മവനെ എന്തുകൊണ്ടോ നിരന്തരം പാമ്പുകള്‍ വേട്ടയാടിയിരുന്നു. ഇടക്കിടക്ക്‌ മൂര്ഖന്‍റെയും മറ്റും കടികളും കിട്ടാറുണ്ട്‌. എന്നാല്‍ കുഞ്ഞമ്മാന്‍ അതീവ ആത്മവിശ്വാസതോടെ അവയെല്ലാം അതിജീവിച്ചു. ഒരു മൂര്‍ഖന്‍ ഒക്കെ പുള്ളിക്ക്‌ നിസ്സാര കേസ്കെട്ടുകള്‍ ആണ്‌. ഒരിക്കല്‍ ഒരു അവധിക്കാലത്ത്‌ രാവിലെ ഉറക്കമെണീറ്റ്‌ വന്ന്‌ കട്ടിലിലിരുന്ന്‌ ചായ കുടിച്ചോണ്ട്‌ ജനലില്‍കൂടി മഴ കണ്ടിരുന്ന കുഞ്ഞമ്മാനെ ഒരു മൂര്‍ഖന്‍ വെറുതേ ഒന്നുമ്മവെച്ചു. കാലില്‍ കയറി ചുറ്റിപ്പിടിച്ച്‌ ആശാന്‍ ഒരു കിടപ്പാണ്‌. ശക്തിയായി കാലു കുടഞ്ഞ്‌ അവനെ അടര്‍ത്തിവിട്ട്‌ നോക്കിയപ്പോള്‍ ആശാന്‍ കണ്ണങ്കാലിനിട്ട്‌ സാമാന്യം നല്ല ഒരു കടി പാസ്സാക്കിയിട്ടുണ്ട്‌. ഉടനടി വേണ്ട പരിചരണം കിട്ടിയതിനാല്‍ ആള്‌ രക്ഷപ്പെട്ടു. ഇങ്ങനെ എത്രയെങ്കിലും തവണ കുഞ്ഞമ്മാവന്‍ ഈ നാടകത്തിന്‌ വേഷമണിഞ്ഞിട്ടുണ്ട്‌. എന്‍റെ മനസ്സില്‍ തോന്നിയ ഒരു ലഘു സംശയം ഞാന്‍ അമ്മാവനോട്‌ ഉണര്‍ത്തിച്ചു….”പാമ്പുകള്‍ കരയാറുണ്ടോ? കടിക്കുമ്പോള്‍ അതു എന്തേലും ശബ്ദം പുറപ്പെടുവിക്കാറുണ്ടോ?” ആര്‍ക്കും തോന്നാവുന്ന ഒരു സംശയമായേ എനിക്കത്‌ തോന്നിയുള്ളൂ. എന്നാല്‍ കുഞ്ഞമ്മാവന്‍ എനിക്കു തന്ന മറുപടി ഇതായിരുന്നു..”എന്നെ കടിച്ചപ്പോള്‍ അതു ക്രീ ക്രീ എന്നു കരയുന്നുണ്ടായിരുന്നു”. പട്ടി, പൂച്ച, കിളികള്‍, തവളകള്‍ എന്നിവയുടെ ശബ്ദങ്ങള്‍ എല്ലാം സുപരിചിതം അണല്ലോ. എന്നാലും പാമ്പിന്‍റെ കരച്ചില്‍ “ക്രീ ക്രീ” എന്നാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഒന്നു ശങ്കിച്ചു, എന്‍റെ മനസ്സിലിട്ട്‌ ഞാനത്‌ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും അവലോകനം ചെയ്തു. ഇന്നും അതൊരു ഉത്തരംകിട്ടാത്ത സമസ്യയായി എന്‍റെ മനസ്സില്‍ നീറുന്നുണ്ട്‌. പക്ഷേ ആരോടും ചോദിക്കുവാന്‍ മാത്രം തന്‍റെടം കാണിച്ചില്ല ഇന്നേവരെ.

കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നിട്ടാല്‍ കാണാം വള്ളിവീശി തഴച്ചു വളര്‍‍ന്നു കൊഴുത്തൊരു കുടമുല്ലവള്ളി. അവള്‍ നിന്നിരുന്ന ഭാഗം മുഴുവന്‍ അവളുടെ രാജ്യമാണ്‌. പടര്‍‍ന്ന് പന്തലിച്ച്‌ തന്‍റെ വള്ളികളൊക്കെ വിശാലമായി നീട്ടി വിരാജിച്ചൊരു നില്‍പ്പാണ്‌. അവളുടെ കുടമുല്ലമൊട്ടുകള്‍ ഞങ്ങള്‍ വട്ടികളിലാണ്‌ ശേഖരിക്കാറുള്ളത്‌. സന്ധ്യക്ക്‌ മുല്ലമൊട്ടുകള്‍ കോര്‍‍ത്ത്‌ മാലകെട്ടി മുറ്റത്തെ പാരിജാതത്തില്‍ തൂക്കിയിടുന്നത്‌ എന്‍റെയും കൊച്ചേച്ചിയുടേയും പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു. രാവിലെ കണ്ണുതുറന്നാല്‍ ആദ്യം നോക്കുക പാരിജാതത്തിന് ‍മേല്‍ തൂക്കിയ മുല്ലമാലകളെ ആകും. കുളിച്ച്‌ വൃത്തിയായി മുല്ലമാലയും തലയില്‍ അലങ്കരിച്ച്‌ നടക്കുമ്പോളുള്ള ആത്മനിര്‍‍വൃതി പറഞ്ഞറിയിക്കാന്‍ പ്രയാസം .

ഇടക്ക്‌ ചില വൈകുന്നേരങ്ങളില്‍ അമ്മൂമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക്‌ വാനരജാഥ പുറപ്പെടും. അവിടെ മുറ്റത്തൊരു കുങ്കുമച്ചെടി ഉണ്ട്‌. അതിന്‍റെ കായ പറിച്ച്‌ കൈ ആകെ ചുമപ്പിക്കും. കൂടെ വസ്ത്രങ്ങളിലും ആ ചുമപ്പ്‌ പടരും എന്നുള്ളത്‌ നിസ്സംശയം. പറിങ്കിമാങ്ങാപ്പഴത്തിന്‍റെ കറ യഥേഷ്ടമുള്ള ഉടുപ്പുകള്‍ക്ക്‌ കുങ്കുമത്തിന്‍റെ കറ താങ്ങാനാകുന്നതല്ലേ ഉള്ളൂ.

ചാണകം മെഴുകിയ ഓല മേഞ്ഞ ഒരു കളിയല്‍ ഉണ്ട്‌ അടുക്കളയ്ക്ക്‌ സമീപം. അവിടെ ഒരു തടിയന്‍ പത്തായം സ്ഥിതി ചെയ്യുന്നുണ്ട്‌. അതിനു മുകളില്‍ ആണ്‌ നുണപറയല്‍ സംഘത്തിന്‍റെ സമ്മേളനം നടക്കുക. സമ്മേളനത്തിന്‍റെ സംഘാടകര്‍‍ ബീനാത്താത്ത സലീനാത്താത്ത എന്ന 2 നുണയാത്മാക്കള്‍. രണ്ടാളും അരി ഇടിക്കുന്നേന്റെയും നെല്ല് കുത്തുന്നതിന്റെയും ഇടയില്‍ അല്ലറ ചില്ലറ ബടായികളും നുണക്കഥകളും പറഞ്ഞ്‌ കേള്‍പ്പിക്കും. പ്രത്യേകിച്ച്‌ വേറെ പണി ഒന്നും ഇല്ലാത്തവര്‍ ആയോണ്ട്‌ ഞങ്ങള്‍ അതില്‍ സജീവ സാന്നിധ്യം വഹിക്കും.

ഞങ്ങളുടെ അടുത്ത സങ്കേതം അപ്പൂപ്പന്‍റെ അനുജന്‍റെ വീടാണ്‌. കീഴ്ക്കാംതൂക്കായി കിടക്കുന്ന ഒരു കുന്ന് ഇറങ്ങികയറി ആണ്‌ അവിടെ എത്തുന്നത്‌. അപ്പൂപ്പന്‍റെ സഹോദരന്‍ ആളൊരു രസികനാണ്‌. അവരുടെ വീട്‌ ഏഴെട്ടു കഷണങ്ങളായാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. അടുക്കളയും ഒരു കിടപ്പുമുറിയും അടങ്ങുന്ന ഒരു കഷണം. പിന്നെ ഒരു ചുമ്മാമുറി, അവിടം എലികളുടെ പ്രജനന കേന്ദ്രമായി കണക്കാക്കാം. പിന്നെ അതുപോലെ വേറേയും രണ്ട്‌ മൂന്ന് കഷണങ്ങള്‍. അവിടെ പശുവുണ്ട്‌ മുയലുണ്ട്‌ ആടുണ്ട്‌ എലിയുണ്ട്‌ പട്ടിയുണ്ട്‌ പൂച്ചയുണ്ട്‌ എല്ലാമുണ്ട്‌. വീടിന്‍റെ മുറ്റത്തുനിന്നു താഴേക്ക്‌ നോക്കിയാല്‍ പച്ചപ്പ്‌ വിരിച്ച നെല്‍പാടങ്ങള്‍ കാണാം. അതെല്ലാം കുട്ടിയപ്പന്‍റെ അദ്ധ്വാനഫലമാണ്‌. വില്ലുപോലെ വളഞ്ഞ്‌ മെലിഞ്ഞ രൂപം, സദാ എന്തോ ചിന്തയിലാണെങ്കിലും വെടിവഴിപാടുപോലെ ഇടക്ക്‌ ചില ചോദ്യശരങ്ങള്‍ നമുക്ക്‌ പ്രതീക്ഷിക്കാം . ഞങ്ങളുടെ തലവെട്ടം കണ്ടാലുടന്‍ കുട്ടിയമ്മ ഇടിയപ്പത്തിനും ഇറച്ചിക്കുമുള്ള വട്ടംകൂട്ടലായി. സദാ ചിരിക്കുന്ന സ്നേഹസമ്പന്നയായ അവരുടെ മുഖത്ത്‌ ഒരു വട്ടം നോക്കിയാല്‍തന്നെ 10 ഓണം ഉണ്ട പ്രതീതി ആണ്‌. പിന്നെ പലതരം പലഹാരങ്ങളായി….അച്ചപ്പം, ഉണ്ണിയപ്പം, മുറുക്ക്‌….അതിനും പുറമേ വിവിധയിനം കാര്‍‍ഷികവിളകള്‍ പിന്നാലെ സ്ഥാനം പിടിക്കും. മാങ്ങാ ചക്ക പേരക്ക അങ്ങനെ അങ്ങനെ.

ആടിയും പാടിയും ആര്‍‍ത്തുല്ലസിച്ച്‌ 2 മാസം കടന്നുപോകും. അപ്പോ യമദൂതന്‍മാരെ പോലെ മാതാപിതാക്കള്‍ വന്നെത്തും. തിരികേ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ട്‌ പോകാന്‍ എത്തുന്ന മാതാപിതാക്കളുടെ മുന്നില്‍ ഞങ്ങള്‍ കൊലക്കുറ്റം ചെയ്ത പ്രതികളെ ജീവപര്യന്തം തടവിന്‌ വിധിച്ച മാനസികാവസ്ഥയോടെ ചൂളിചുളുങ്ങി നില്‍ക്കും. എങ്കിലും പോയല്ലേ പറ്റൂ. പട്ടണത്തിലെ സ്കൂള്‍ ഞങ്ങളെത്തേടി കുളത്തൂപ്പുഴയില്‍ വരില്ലല്ലോ….നമ്മള്‍ അങ്ങോട്ട്‌ പോയല്ലേ മതിയാവൂ. അങ്ങനെ വീണ്ടും എയര്‍ബാഗിന്‌ ഗര്‍‍ഭം പിറക്കും. ഇത്തവണ അതില്‍ പലവിധ സമ്മാനങ്ങള്‍ കാണും. അവധികാലത്ത്‌ സമ്പാദിച്ചവ കൂടാതെ ദേഹത്തും പലവക മുറിവുചതവുകള്‍ സമ്മാനമായി ലഭിച്ചവയും‍ കൂട്ടത്തില്‍ കാണും.

യാത്ര പറഞ്ഞ്‌ പിരിയും…ഇനിയുമൊരു അവധികാലത്തിന്‍റെ വരവുംകാത്ത്‌ ദിവസങ്ങള്‍ പുസ്തകസഞ്ചി ചുമന്ന് തള്ളി നീക്കും. തിരികേയുള്ള യാത്രയില്‍ രണ്ടാള്‍ക്കും സൈഡ്‌ സീറ്റ്‌ വേണ്ട. കേറുന്നേന്‌ മുന്നേ തലചായ്ച്ച്‌ ഉറക്കം പിടിക്കും. വീടെത്തിയാലും ആകപ്പാടെ ഒരു ക്ഷീണമാണ്‌. അങ്ങോട്ട്‌ പോകുമ്പോള്‍ ഇത്ര ക്ഷീണം ഉണ്ടാകാറില്ലല്ലോ എന്നു ഓര്‍ത്ത്‌ ചിന്തിച്ചു ചിന്തിച്ച്‌ ആവലാതിപ്പെട്ടിട്ട്‌ കാര്യമില്ല. മയങ്ങി തളര്‍ന്ന കണ്ണുകളും ശരീരവും താങ്ങി കട്ടിലിലേക്ക്‌ ഇഴഞ്ഞ്‌ കയറുമ്പോള്‍ എന്തൊക്കെയോ ചില ഗന്ധങ്ങള്‍ , എന്തെല്ലാമോ രുചികള്‍ ചുറ്റിനും അള്ളിപ്പിടിച്ചു കിടക്കുന്നപോലെ……

Generated from archived content: story1_may24_13.html Author: sonia_rafeek

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here