ഭൂമിമലയാളത്തില്‍ പലതരം തരംതിരിവുകള്‍ നിലനില്‍ക്കെ ഒഴിച്ചുകൂടാനാവാത്ത തരംതിരിവ് മനുഷ്യമ്മാരുടെ തരംതിരിവ് തന്നെ. നമ്മുക്കു ചുറ്റും കാണുന്ന മനുഷ്യക്കോലങ്ങളെ ഇങ്ങനെ തരംതിരിക്കാം.
1.പണ്ഡിതന്‍
2. പാമരന്‍
3.തസ്കരന്‍
4. പീഡിതന്‍
പിന്നെ
5. പലവക
ഇതില്‍ ബഹുഭൂരിപക്ഷം ഉള്‍പ്പെടുന്ന “പലവക” വകുപ്പില്‍ പെട്ടവനാണ് കഥാനായകനായ ബിജുക്കുട്ടന്‍, വയസ്സ് 25. അതിരാവിലെ 10 മണിക്ക് കോഴി കൂവുന്ന ശബ്ദം കേട്ടു ബിജുക്കുട്ടന്‍ കിടക്കപ്പായില്‍നിന്ന് പിടഞ്ഞെണീറ്റു.ചുറ്റും നല്ല വെളിച്ചം,ക്ളോക്കില്‍ സമയം 10.ഈ കോഴിക്കെന്തുപറ്റി? കൂകാനും മറ്റും ഒരു നേരവുംകാലവുമില്ലേ എന്നു പിറുപിറുത്ത് അടുക്കളപ്പടിയില്‍ ചെന്നിരുന്നു.;”അമ്മേ ചായ” അമ്മ പറമ്പിലെങ്ങാണ്ടാ…അല്ലേലും പടിക്കുന്നകാലത്ത് വെളുപ്പാങ്കാലത്ത് കട്ടന്‍ ചായയുമായിവന്നു നെറുകയില്‍ തലോടി “മോനെ എണീക്ക്, പടിക്കണ്ടേ?” എന്നോതി സ്നേഹപുരസ്സരം ചായ കയ്യില്‍തരുന്ന അമ്മ ഇനി ഒര്‍മ്മകളില്‍ മാത്രം. പടിത്തവും കഴിഞ്ഞു റിസള്‍ട്ടുംവന്നു ജോലിയും കൂലിയുമില്ലാതെ തെക്കോട്ടും വടക്കോട്ടും നടക്കുന്നവന് ചായ കാച്ചുന്നതുതന്നെ അധികപറ്റാ…അപ്പൊഴാ കയ്യില്‍ പിടിപ്പിക്കുന്നകാര്യം.
അടുക്കളയില്‍ മൂടിവെച്ച ചായഗ്ളാസ്സിന്നുചുറ്റും ഈച്ചപ്പട റോന്തു ചുറ്റുന്നു.ആറിത്തണുത്ത ചായ ചുണ്ടോടടുപ്പിച്ചപ്പോള്‍ ഇതു തന്നെക്കാള്‍ ഏറെ അനുയോജ്യം ഈച്ചച്ചേട്ടന്‍മാര്‍ക്കാണെന്ന് തോന്നി. കിട്ടിയതും നക്കി ഉമ്മറത്തിറങ്ങി ഇരിപ്പായി. തിണ്ണയില്‍ നോക്കിയപ്പോള്‍ ആര്‍ക്കോവേണ്ടി ആരോ എഴുതി ഏവനൊക്കെയോ അച്ചടിച്ച ഒരു ദിനപ്പത്രം കിടപ്പുണ്ട്. താളുകള്‍ക്കിടയില്‍നിന്ന് കളറുള്ള സപ്ലിമെന്റ്റ് വലിച്ചെടുത്തു. പളപളാമിന്നുന്ന ഫോട്ടോയില്‍ ചായം തേച്ച സുന്ദരി ചിരിതൂകി ഇരിക്കുന്നു. “എന്‍റെ വ്യാകുലമാതാവേ! ഇതു തെക്കേലെ ത്രേസ്യാകൊച്ചല്ലെ” എട്ടാം ക്ളാസ്സില്‍ പി.എച്.ടി എടുത്തവളാണവള്‍. ഏതോ കണ്ണീര്‍സീരിയലില്‍ കണ്ണും മൂക്കും വീര്‍പ്പിച്ചു കാണിക്കുന്ന ഏര്‍പ്പാടില്‍ തുടങ്ങിയതാണ്. ഇന്നിപ്പോ “ഇമ്മിണി ബല്യ” സിനിമാനടിയാ..എന്താ സ്റ്റൈല്….!!!
“നഗരം കാണാത്ത നാണം മാറാത്ത നാടന്‍ പെണ്ണാണു നീ” എന്നു കവി പാടിയതല്ലെ? അപ്പോ നഗരംകണ്ടാല്‍ നാണം മാറുമെന്ന് അര്‍ത്ഥം. മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ നഗരത്തിലുള്ളവരെല്ലാം നാണംകെട്ടവരാണെന്നല്ലേ കവി അര്‍ത്ഥമാക്കിയത്? ആഹ്ഹ്ഹ്….എന്തേലുമാകട്ടെ…
പത്രം ചുരുട്ടി എങ്ങാണ്ടോ തിരുകിവെച്ച് അടുത്ത കാര്യപരിപാടിയിലേക്ക് കടന്നു. കുളി…വീട്ടില്‍ വേണോ? അതോ കുളത്തില്‍ വേണോ?? ആശങ്കാകുലം….വീട്ടിലാകാം,കുളക്കടവില്‍ ചില അസത്തുക്കള്‍ അനാവശ്യ അന്വേഷണങ്ങളുമായി ഇളിച്ചോണ്ട് നില്‍ക്കുന്നുണ്ടാകും. എന്തെല്ലാമാണോ അറിയേണ്ടത്…’ജോലി വല്ലോമായോ?, നോക്കുന്നുണ്ടോ?…കല്യാണം…..??” ഇതൊക്കെ അന്വേഷിക്കാന്‍ ഇവന്‍മാരൊക്കെ എന്‍റെ അച്ചന്‍റെ ആങ്ങളമാരോ മറ്റോ ആണോ…ഹഹ്… അല്ലേലും സ്വന്തം വീട്ടില്‍ കഞ്ഞി വെച്ചില്ലേലും അയലത്തെ വീട്ടില്‍ 2രൂപാ25പൈസായുടെ ഒണക്കമീനാ വെച്ചതെന്നുള്ള കണ്ടുപിടിത്തത്തില്‍ വയറുനിറഞ്ഞ് 2 എമ്പക്കവും വിട്ട് സംതൃപ്തനായി കിടന്നുറങ്ങുന്നവനാ മലയാളി.
കുളിച്ചു വൃത്തിയായി ഇന്നലെയിട്ട ഷര്‍ട്ടുമിട്ട് അവിടവിടെ കറപറ്റിയ മുണ്ടുമുടുത്ത് ഇറങ്ങി. സ്വയരക്ഷക്കായി ഒരായുധംകൂടി ചുരുട്ടിയെടുത്തു – രാവിലെ കണ്ട പത്രം. ഒരു ധൈര്യത്തിനു എന്തേലുമൊന്ന് ഖനത്തിന് മുറുക്കിപിടിക്കുന്നത് നല്ലതാ. പോകുന്നവഴിക്കു ഊണുമേശമേല്‍ ഒന്നെത്തിനോക്കി.അവിടെന്തൊക്കെയോ അത്ഭുതവിഭവങ്ങള്‍ അണിനിരന്നിരിക്കുന്നു. വട്ടത്തില്‍ പരന്ന് ഇളം തവിട്ടുനിറത്തിലുള്ള ചില ഗോളങ്ങള്‍. ഒന്നെടുത്ത് അമ്മാനമാടി, “എന്‍ട മ്മോ…ഇതെന്താ മാങ്ങയെറിയാനും മുറ്റത്ത് കറങ്ങിനടക്കുന്ന ചൊക്കിലിപട്ടികളെ എറിഞ്ഞോടിക്കാനും അമ്മ കണ്ടുപിടിച്ച ആയുധമോ മറ്റോ ആണോ?” ഇതിനെ അമ്മ “ഇഡ്ഡലി” എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. നന്നായി മുഴുത്ത നെല്‍മണികളെ പരന്ന ദോശയും ഉരുണ്ട ഇഡ്ഡലിയും നീണ്ട പുട്ടുമാക്കിമാറ്റുന്ന അത്ഭുത സിദ്ധി നേടിയവരാണല്ലോ നാമെല്ലാം. സര്‍വ്വധൈര്യവും സംഭരിച്ച് 2എണ്ണം ഉള്ളിലാക്കി.
കൊപ്ര ഉണക്കാന്‍ പായ വിരിച്ചോണ്ട് അമ്മ മുറ്റത്തുണ്ട്. താന്‍ രാവിലെ എങ്ങോട്ടാണെന്ന് അന്വേഷിക്കാനുള്ള ജിജ്ഞാസയൊന്നും ആ മുഖത്തില്ല. പോയാലും ഏതു വരെ പോകുമെന്നു അമ്മയ്ക്കറിയാം. അത്തുറുമാന്‍റെ ചായപ്പീടികയുടെ മുന്നിലെത്തിയപ്പോ ചില അട്ടഹാസങ്ങളും കൂകിവിളികളും കേട്ടു. വര്‍ഷങ്ങളായി മയിലാടുംകുന്നെന്ന ഈ കുഗ്രാമത്തിന്റെ സാംസ്കാരിക തലസ്താനമായി നിലകൊള്ളുന്ന സ്ഥാപനമാണ് “അത്തുറുമാന്‍സ് ടീ ഷാപ്പ്” . “ഷാപ്പ്” എന്ന വാക്ക് കേരളത്തില്‍ വളരയെറെ സാമൂഹിക പ്രതിബദ്ധത ആര്‍ജ്ജിച്ച വാക്കാണല്ലോ..ഏതായാലും അവിടേക്ക് വലിയ ശ്രദ്ധ കൊടുത്തില്ല. ഷാപ്പിന്‍റെ നടയില്‍ കൂനിക്കൂടിയിരുന്നു ചായ മോന്തുന്ന വെളിച്ചപ്പാടിണ്റ്റെ വക “എവിടേക്കാ?..ജോലിക്കാര്യം എന്തായി ഇഷ്ട്ടാ?” ഒരു നിമിഷം താനൊരു ബധിരനും മൂകനും ആയിരുന്നെങ്കില്‍ എന്നു അറിയാതെ മോഹിച്ചുപോയി. …അന്ധനും ആയിക്കൊട്ടെ; , ഒരു ജാടയ്ക്ക്……. വെളിച്ചം ദുഖമാണെന്നല്ലെ വെപ്പ്. അതോര്‍മ്മിപ്പിക്കാനല്ലെ നമ്മുടെ സര്‍ക്കാര്‍ മുടങ്ങാതെ കറണ്ട്കട്ടുകള്‍ നടത്തിപ്പോരുന്നത്. വെളിച്ചപ്പാടെന്നെ ദത്തെടുത്തിട്ടൊന്നുമില്ലല്ലൊ ഇത്രയേറെ വാത്സല്യം ചുരത്താന്‍…
ഇന്നത്തെ നടപ്പ് കളിക്കൂട്ടുകാരന്‍ ദാമുവിന്‍റെ വീട്ടിലേക്കാ. അവന്‍ പട്ടണത്തില്‍ നിന്നു വന്നെന്നൊരു വിവരം കിട്ടി. ഒരു വായില്‍ നിന്നു മറ്റൊരു വായിലെക്ക് സപ്രേക്ഷണം ചെയ്യപ്പെടുന്ന വാര്‍ത്താവിനിമയ മാര്‍ഗ്ഗം വഴിയാണ് ദാമുവിന്‍റെ വരവു അറിഞ്ഞത്. ആദിമമനുഷ്യന്‍റെ കാലത്തുള്ള വിവരസാങ്കേതികവിദ്യ തന്നെയാണ് ഇപ്പൊഴും ബിജുക്കുട്ടന്‍ ഉപയോഗിക്കുന്നത്. ടെലിഫോണ്‍ എന്ന സന്ദേശവാഹിനിയന്ത്രം ബിജുക്കുട്ടന്‍റെ വീടിന്‍റെ പടി ഇന്നേവരെ കടന്നിട്ടില്ല. ദാമു പട്ടണത്തിലെ ഏതോ ടി വി ചാനലില്‍ ആണ് ജോലി ചെയ്യുന്നത്. വിഡ്ഡിപ്പെട്ടി സംസ്കാരം ബിജുക്കുട്ടനത്ര പരിചിതമല്ല.
ദാമുവിന്‍റെ മുറിയുടെ വാതിലില്‍ ഉപചാരമര്യദയോടെ കൊട്ടാന്‍ കയ്യെടുത്തപ്പോള്‍ ഉള്ളില്‍ നിന്നൊരു വ്യത്യസ്ത ശബ്ദധ്വനി. ” ഹലോ, ഹായ്, നമസ്കാരം, വെല്‍കം ടു മലബാര്‍മത്തായീസ് തലതല്ലിവിളി….വിളിക്കൂ കേള്‍ക്കൂ ആസ്വദിക്കൂ” ദാമുതന്നെയോ ഉള്ളില്‍? ഒരു അപരിചിത ശബ്ദം.!! രണ്ടും കല്‍പിച്ചു മുട്ടിവിളിച്ചു.,വാതില്‍ തുറക്കപ്പെട്ടു. അവന്‍ നാളത്തെ പരിപാടിക്കു റിഹേഴ്സല്‍ എടുത്തതാണ് ബിജുക്കുട്ടന്‍ അല്‍പ്പം മുന്നേ അന്ത്രാളിച്ച്‌നിന്ന് കേട്ടത്.
“എന്താടാ നിന്‍റെ ശബ്ദമിങ്ങനെ?കൊങ്ങായ്ക്ക് പിടിച്ച മാക്രിയെപ്പോലെ?”
“എടാ അതാ ഇപ്പോ ചാനലിലെ ഫോണ്‍ ഇന്‍ പരിപാടികളുടെ അവതാരകരുടെ സ്റ്റൈല്‍,”
ബിജുക്കുട്ടനും അത്തരത്തിലൊരു അവതരണവിദ്വാന്‍ പണി ഏര്‍പ്പാടാക്കി തരാമെന്ന് ദാമു ഏറ്റു. കാര്യം വളരെ നിസ്സാരം. ദീര്‍ഖശ്വാസം വിട്ടാല്‍ പൊട്ടുന്ന ബനിയനും ചിറിക്ക് താഴെ മലബാറി ഗോട്ടിന്‍റെ കണക്ക് അല്‍പം പൂടയും, മുള്ളന്‍ പന്നീടെ മാതിരി തെറിപ്പിച്ച മുടിയും ചെവിയിലൊരു കടുക്കനും വേണം. പിന്നെ കയ്യില്‍കെട്ടാന്‍ വല്ല ചണം പിരിച്ചതോ പട്ടിയെ കെട്ടുന്ന തുടലോ മതിയാകും. പിന്നെ കഴുത്തില്‍ കെട്ടാന്‍ അഞ്ചാറ് മുള്ളാണി ചരടില്‍കെട്ടി കോര്‍ത്തതും വേണം. ഇംഗ്ളീഷ് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല മുഴുത്ത അവലോസുണ്ട തിന്നുന്ന വഴിക്ക് അരിയാതെ തൊണ്ടക്കുഴിയില്‍ കുടുങ്ങിയ ഒരു പ്രതീതി ഉളവാക്കണം. മലയാളം പറഞ്ഞാലോ … ഇന്നു വെളുപ്പിനെ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് തോന്നണം. വല്ല ഇംഗ്ളീഷ് പ്രേക്ഷകരും വിളിച്ചാല്‍ “ഉറക്കെ പറയൂ , കേള്‍ക്കുന്നില്ലല്ലോ ലൈന്‍ കട്ട് ആയെന്നു തോന്നുന്നു” എന്നൊക്കെ പറഞ്ഞു വേഗം കട്ട് ചെയ്ത് സംഗതി വെടിപ്പാക്കിക്കോണം .
വിദഗ്ദോപദേശങ്ങളാല്‍ ബിജുക്കുട്ടനെ വിദ്യാപരവശനാക്കി ദാമു യാത്രപറഞ്ഞു. അടുത്ത ആഴ്ച ബിജുക്കുട്ടനൊരു അവതാരക പണിയുമയാണ് അവന്‍ മയിലാടുംകുന്നിലെത്തിയത്. കൂട്ടുകാരന്‍റെ കൃതാര്‍ത്ഥത കണ്ട് ദാമു പുളകംകൊണ്ടു.
അങ്ങിനെ ബിജുക്കുട്ടനും വിഡ്ഡിപ്പെട്ടിയുടെ വിഡ്ഡിവേഷംകെട്ടി നട്ടുകാരെ വിഡ്ഡികളാക്കി പണം വാരാന്‍ തുടങ്ങി. ഒരു ചാനലില്‍ നിന്നു മറ്റൊന്നിലേക്ക് , ഒരു ഫോണില്‍ നിന്നു മറ്റൊന്നിലേക്ക്……അങ്ങിനങ്ങിനെ അവനും ഉദ്യോഗസ്തനായി. വിവാഹമാര്‍ക്കറ്റില്‍ അവന്‍ വിപുലമായി ലേലം ചെയ്യപ്പെട്ടു.
തന്‍റെ ആദ്യത്തെ പെണ്ണുകാണല്‍ ദിനമായി. ചായക്കപ്പുകളുമായി വന്ന നമ്രശീര്‍ഷയെ കണ്ടപാടെ വെളുവെളുത്ത ചിരിയോടെ ബിജുക്കുട്ടന്‍ ” ഹായ്, ഹലോ, നമസ്കാരം, വെല്‍ക്കം ടു വിളിയോവിളി . ആരാണ്, “.
ഇത് കേട്ട മാത്രയില്‍ ചായക്കപ്പുകള്‍ മേശമേല്‍ വെച്ച് നമ്രശീര്‍ഷ…. ” ഹായ് ഹലോ നമസ്കാരം ഗൂഡീവനിംഗ്, ഞാന്‍ നിങ്ങളുടെ സ്വന്തം റ്റിറ്റിമോള്‍, നിങ്ങള്‍ വിളിക്കെണ്ട നമ്പര്‍ 4433322, വിളിക്കാന്‍ മറക്കല്ലെ, വീണ്ടും കാണുംവരെ റ്റാറ്റാ, ബയ്ബയ്, നന്ദി, നമസ്കാരം….നിങ്ങളുടെ മാത്രം റ്റിറ്റുമോള്‍.”…
Generated from archived content: story1_july28_12.html Author: sonia_rafeek
Click this button or press Ctrl+G to toggle between Malayalam and English