വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ബലിയാടാവാൻ ഇനി ആവില്ല. വയ്യ….. വരണ്ടു ഉണങ്ങിയ മണ്ണിനും നിസ്സങ്കമായ വിണ്ണിനും വിട. ഇനി വൈകിക്കുന്നില്ല…. മടുപ്പ് ഉണർത്തുന്ന പ്രഭാതങ്ങളും വിരസതയാർന്ന സായാഹ്‌നങ്ങളും കാണുവാൻ ഇനി ഈ ഭൂമിയിൽ ഞാൻ ഉണ്ടാവില്ല. ഭൂമി ദേവിയുടെ മടിത്തട്ടിൽ ഒരു അഞ്ച് അടി അഞ്ച് ഇഞ്ച് വിടവിൽ സ്വസ്‌ഥമായി ഉറങ്ങാം.
പണ്ടെങ്ങോ വാങ്ങിയ ഒരു സെവനോ ക്ലോക്ക് ബ്ലെയിന്റെ പാർശ്വങ്ങളിൽ വിരലോടിച്ചുകൊണ്ട് ഇടതുകയ്യും വലതുകയ്യും മാറി മാറി നോക്കി. ആരെ തിരഞ്ഞെടുക്കണം … ഇതൊരു കുഴപ്പിക്കുന്ന സമസ്യ ആണല്ലോ…. ഇടതനും വലതനും ഞരമ്പുകളാൽ നിബിഡമാണ്. …. ഇടതുമതി…. അതാ സൗകര്യം…. വലതനെ പുച്ഛത്തോടെ ഒരു നോട്ടമെറിഞ്ഞു…. ഒരു ആവശ്യം വന്നപ്പോൾ ഇടതു കയ്യാണ് ഉപരിച്ചത്…. നീലയും പച്ചയും നിറങ്ങളിൽ പടർന്നു പന്തലിച്ചു നില്‌ക്കുന്ന നാഡിസമൂഹത്തെ തലോടി ജനാലയിൽ കൂടി പുറത്തേക്കു നോക്കി നിന്നു. മന്ദമാരുതൻ ഒട്ടും മോശമില്ലാതെ വീശുന്നുണ്ട്… വികൃതിത്തരം കാട്ടുന്ന മുടിയിഴകൾക്കു അറിയാം എത്രതന്നെ ഇളകിയാലും മൃദുവായി തഴുകി ഒതുക്കാൻ വിരലുകൾ എത്തുമെന്ന്, എന്തൊരു അഹമ്മതി ! ! ! !
അപ്പോഴാണ് ജന്നൽ പടിയിൽ കാറ്റിൽ ഇളകി കളിക്കുന്ന മൊബൈൽ ഫോൺ ബില്ല് ശ്രദ്ധയിൽപെട്ടത്. ഇന്നാണല്ലോ ലാസ്‌റ്റ് ഡേറ്റ്…. ധൃതിപെട്ടു ഓൺലൈൻ ആയി ബില്ല് അടച്ചു. ഇല്ലെങ്കിൽ നാളെ മുതൽ പഹയന്മാർ സർവീസ് കട്ട് ചെയ്യും…. ഹാവൂ സമാധാനായി “ഹോ ഇപ്പോഴേലും ഓർത്തല്ലോ”.
മെല്ലെ ബ്ലേഡ് കയ്യോടു അടുപ്പിച്ചു. ഇളം നീല നിറമുള്ള നനുനനുത്ത കുഷ്യന്‌മേൽ അമർന്ന് ഇരുന്നു.
“അയ്യോ കഴിഞ്ഞ ആഴ്‌ച വാങ്ങിയ സോഫ അല്ലെ, രക്തം വീണാൽ കറ പിടിക്കുമല്ലോ” പെട്ടന്നുതന്നെ അലമാരയിൽ നിന്ന് ഒരു വെളള ടവൽ എടുത്തു സോഫമേൽ ഇട്ടു.
“ഹോ ഇപ്പോഴേലും ഓർത്തല്ലോ”.
സർവ്വ ശക്തിയും സംഭരിച്ചു കണ്ണുകൾ അടച്ചു ഒരൊറ്റ പൊന്തൽ….. കണ്ണുതുറന്നു നോക്കിയപ്പോൾ ഭൂതക്കണ്ണാടി വെച്ച് പോലും കാണാൻ സാധിക്കാത്ത ഒരു ചെറു പോറൽ. ഏതു നേരത്താണോ ഈ ആയുധം തിരഞ്ഞെടുക്കാൻ തോന്നിയത് ! ! മൂർച്ചയുള്ള ഒരു ബ്ലെയിഡോ കത്തിയോ വാങ്ങി വെക്കാത്തതിനു ഞാൻ എന്നെത്തന്നെ ശപിച്ചു. നാണംകെട്ട സെവെനോ ക്ലോക്ക് ബ്ലേഡ് പുറത്തേക്കു വലിച്ചെറിഞ്ഞു അടുക്കളയിലേക്കു വെച്ചുവിട്ടു ഒരു കത്തിക്കുവേണ്ടി.
പോകുന്ന വഴിയാണ് ഓർത്തത് ദോശക്കു അരിയും ഉഴുന്നും വെള്ളത്തിൽ ഇട്ടില്ലല്ലോ ….ആഹ്‌ഹ്‌ഹ…. ഇട്ടേക്കാം… നാളെ പട്ടിണിയായേനെ….
“ഹോ ഇപ്പോഴേലും ഓർത്തല്ലോ.”
അടുക്കളയിൽ നിന്നും സുന്ദരനായ ഒരു കത്തിയുമായി വരുന്ന വഴിക്ക് ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്ന ക്ലോക്കിൽ ഒന്നു നോക്കി. “ദൈവമേ 9.30 ഐഡിയ സ്‌റ്റാർ സിംങ്ങർ തുടങ്ങികാണും.”
“ഹോ ഇപ്പോഴേലും ഓർത്തല്ലോ.”
റിമോട്ടുമായി നേരെ സോഫയിലേക്ക് വഴുതി വീണു
“ഇനി ഇപ്പൊ നേരം പാതിരാവായി, ഇനി നാളെ ചാകാം.‘
Generated from archived content: story1_jan3_10.html Author: sonia_rafeek