ഹേമന്തം

ഗ്രാമഫോണില്‍ നിന്ന് ഒഴുകി ഇറങ്ങിയ ബീഥോവന്റെ ഒന്‍പതാം സിംഫണിയുടെ താളത്തിനൊത്ത് മാര്‍ഗരറ്റിന്റെ റോക്കിംഗ് ചെയര്‍ ഈണത്തില്‍ ആടിക്കൊണ്ടിരുന്നു. ജനാലകമ്പികളിലെ തുരുമ്പിന്റെ മഞ്ഞളിപ്പിനെ കോരിത്തരിപ്പിച്ച് ഈറന്‍ കാറ്റ് വെള്ളി വിതറിയ മുടിയിഴകളെ മെല്ലെ ഇളക്കി മറിക്കുന്നത് മാര്‍ഗരറ്റിനു സുഖമുള്ള കുസൃതിയായി അനുഭവപ്പെട്ടു. ‘ പണ്ടെ ഇവള്‍ ഇങ്ങിനെയാണ്’ വിളിക്കാത്തിടത്തൊക്കെയും കയറി വരും. ഉറക്കത്തിലേക്കു വഴുതി വീഴവേ ഒരു തലോടലായി മൃദുസ്പര്‍ശമായി വീശി വിരിക്കുന്ന ഇവള്‍ മാര്‍ഗരറ്റിന് ചെറുപ്പം മുതല്‍ക്കേ കൂട്ടുകാരിയും സഹയാത്രികയും ഒക്കെ ആയിരുന്നു. വെള്ളപ്പട്ട് പുതച്ച മുടിയിഴകളെ അവള്‍ കണ്ണിമകളിലേക്ക് കോരിയിടുമ്പോള്‍ മാര്‍ഗരറ്റ് നീണ്ട കൈവിരലുകളാല്‍ അവയെ മാടിയൊതുക്കി. മാര്‍ഗരറ്റിന്റെ കണ്‍മുനകള്‍‍ അനുവാദം ചോദിക്കാതെ ചുമരില്‍ പതിച്ചിരുന്ന അഗസ്റ്റിന്റെ വയനിലേക്ക് ഓടിയെത്തി. ചുവന്ന നിറമുള്ള ‘ സ്ട്രാടിവാരിയസ്’ വയലിന്‍ എന്നും അഗസ്റ്റിന്റെ ബലഹീനത ആയിരുന്നു. റോക്കിംഗ് ചെയറിന്റെ ആലസ്യത്തില്‍ നിന്ന് സ്വയം അടര്‍ത്തി മാറ്റി മാര്‍ഗരറ്റ് വയലിന്റെ കമ്പികളില്‍ വിരലോടിച്ചു. ‘’ മാര്‍ഗീ’‘ അങ്ങനെ വിളിക്കുവാന്‍ ആയിരുന്നു അഗസ്റ്റിന് ഏറെ ഇഷ്ടം. അവസാന ശ്വാസം വരെ മാര്‍ഗിയുടെ വിരല്‍ത്തുമ്പുകളില്‍ നിന്ന് പ്രസരിക്കുന്ന ചൂടുള്ള സ്നേഹത്തിന്റെ മാസ്മരികതയില്‍ അലിഞ്ഞു ചേരുവാന്‍ ഇഷ്ടപ്പെട്ടവന്‍ ആയിരുന്നു മാര്‍ഗിയുടെ അഗസ്റ്റിന്‍.

‘’ മാര്‍ഗി മരണത്തെ ഞാന്‍ ഭയക്കുന്നില്ല. ഞാന്‍ ഭയക്കുന്നത് നിന്റെ അസാന്നിധ്യമാണ്’‘

മരണക്കിടക്കയില്‍ അദ്ദേഹം മാര്‍ഗിയുടെ വിരലുകള്‍‍ നെഞ്ചോട് ചേര്‍ത്ത് പറഞ്ഞ വാക്കുകള്‍. കാണമറയത്തുള്ള ഏതോ ലോകത്തേക്കു യാത്രയാകുമ്പോള്‍ കൂടെ കുട്ടുവാന്‍ ഏകാന്തത എന്ന വിരസത മാത്രം. യാത്രയാകുന്നവനും യാത്രയാക്കുന്നവനും ഒരേ വികാരം…

പതിനെട്ടാം വയസില്‍ അഗസ്റ്റിന്റെ കൈ പിടിച്ചതാണ്. മാര്‍ഗിയുടെ അപ്പച്ചന്റെ കാപ്പിത്തോട്ടത്തില്‍ പുതുതായി ജോലിക്ക് വന്ന മാനേജരോട് അവള്‍ക്ക് വിശേഷിച്ച് ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങളുടെ സാമീപ്യം ഇടപഴകല്‍ എല്ലാം അവളില്‍ അഗസ്റ്റിന്റെ വ്യക്തിത്വത്തോട് ആരാധന നിറഞ്ഞ സ്നേഹത്തിന് വഴിയൊരുക്കി. വിശ്വസ്ഥനായ ജീവനക്കാരനും കുടുംബത്തിന്റെ അവിഭാജ്യ ഘടകവും ആയി മാറിയ അഗസ്റ്റിന് മാര്‍ഗരറ്റിന്റെ ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുവാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. വിവാഹശേഷം കുട്ടിക്കാനത്തെ എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസമാക്കി. സ്വന്തമെന്ന് പേരെടുത്ത് പറയുവാന്‍ ആരും തന്നെ ഇല്ലാത്ത അഗസ്റ്റിന്‍ സ്വന്തമെന്ന് പറയുവാന്‍ ഒരാള്‍ മാത്രം ആയിരുന്നില്ല മാര്‍ഗി. തന്റെ ജീവിതം തന്നെ ആയിരുന്നു അയാള്‍ക്ക് മാര്‍ഗി അപ്പച്ചന്റെ ആരോഗ്യം ക്ഷയിച്ച് വരവേ ബിസിനസ് കാര്യങ്ങള്‍ എല്ലാം അഗസ്റ്റിന്‍ തന്നെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുവാന്‍ തുടങ്ങി. തങ്ങളുടെ ജീവിതവസന്തം തളിരിട്ട ആ വീടിന് അവര്‍ ‘ ഹേമന്തം’ എന്ന് പേരിട്ടു.

ഇന്ന് ഒറ്റക്കിരിക്കുമ്പോള്‍ ആ ചുവരുകളില്‍ ഉരസി വരുന്ന നിശ്വാസങ്ങളില്‍ പോലും മാര്‍ഗരറ്റ് അഗസ്റ്റിനെ അറിയുന്നു. അഗസ്റ്റിന്റെ ശരീരം ഉറങ്ങുന്ന ഈ മണ്ണില്‍ തന്നെ ശിഷ്ടകാലം ജീവിക്കണമെന്ന ആഗ്രഹം പലപ്പോഴും അമ്മയുടെ പിടിവാശിയായി മക്കള്‍ പരാതിപ്പെട്ടു. അഗസ്റ്റിന്‍ വിട വാങ്ങിയിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു കാലത്തിന്റെ ഒരു പോക്ക് …!!! മരണശേഷവും അഗസ്റ്റിന്റെ ഒറ്റക്കുള്ള ഫോട്ടോ ഒന്നും ചുമരില്‍ കൊരുത്ത് തൂക്കുവാന്‍ മാര്‍ഗിക്ക് ഇഷ്ടമല്ല. ഇന്നും ഇരുവരും പിന്നിട്ട സന്തോഷ മുഹൂര്‍ത്തങ്ങളില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് എങ്ങും ..എവിടെയും…

ഇടക്ക് അപ്പച്ചന്റെ ചിത്രം പതിക്കാന്‍ തുടങ്ങിയ അനീറ്റയെ തടഞ്ഞുകൊണ്ട് മാര്‍ഗരറ്റ് പറഞ്ഞു ‘’ ആ കാലമാണ് മോളേ അമ്മച്ചിക്ക് ഓര്‍ക്കുവാന്‍ ഇഷ്ടം…’‘

ഡ്രോയിംഗ് റൂമില്‍ ഫോണ്‍ ചിലക്കുന്ന ശബ്ദം. എഴുപത്തിരണ്ടാം വയസ്സിന്റെ അവശതകളാല്‍ ബുദ്ധിമുട്ടി മാര്‍ഗരറ്റ് ഫോണിന്റെ അടുക്കല്‍ എത്തിയപ്പോള്‍‍ അതിന്റെ ഒച്ച നിലച്ചിരുന്നു. യന്ത്രങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് കാത്തു നില്‍ക്കുക? മനുഷ്യന് തന്നെ കാത്തു നില്‍പ്പുകള്‍ എന്നും മുഷിപ്പേകുന്നവ ആണല്ലോ…

വീണ്ടും മണിനാദം കോളര്‍ ഐഡിയില്‍ കടലുകള്‍ക്ക് അപ്പുറത്ത് നിന്ന് അലീനയുടെ നമ്പര്‍ തെളിഞ്ഞു വന്നു.

‘’ അമ്മേ, ദേ ഇവിടെ അച്ചുവിനും അമ്മുവിനും ഗ്രാന്റ് മദറിന്റെ സ്റ്റോറീസ് കേള്‍ക്കുവാന്‍ കൊതിയാകുന്നു എന്ന്’‘

‘’ അത് ഇനിയും കേള്‍ക്കാമല്ലോ മോളേ’‘

‘’ എന്നാലും അമ്മയ്ക്ക് ഇത്ര ധൃതി വച്ച് ഇവിടുന്നു പോകണമായിരുന്നോ? അമേരിക്കയില്‍ കിട്ടാത്ത എന്ത് സുഖമാണ് അമ്മയ്ക്ക് ആ മലനാട്ടില്‍ കിട്ടുന്നത്?’‘

‘’ നീ വഴക്കിടാതെ, ഇനിയിപ്പോ അടുത്ത മാസം അനീറ്റയുടെ പ്രസവത്തിനായി എനിക്ക് ദുബായ്ക്ക് പോകേണ്ടതല്ലേ? അതിനിടയില്‍ ഒരു ആഴ്ച അപ്പച്ചനോടൊത്ത്…’‘

‘’ ഹോ …അമ്മച്ചിയുടെ പറച്ചില്‍ കേട്ടാല്‍ തോന്നും അപ്പച്ചന്‍ വയലിനും പിടിച്ച് അമ്മച്ചിയേയും കാത്ത് അവിടെ ഇരിക്കുവാണെന്ന്’‘ അലീനയുടെ പരിഭവം.

‘’ നിനക്ക് അതൊന്നും മനസിലാകത്തില്ലെടി കൊച്ചെ ‘’ ഇത്രയും പറഞ്ഞ് ഫോണ്‍ വെയ്ക്കുമ്പോള്‍ മാര്‍ഗരറ്റിന്റെ ഓര്‍മ്മകളില്‍ നേരിയ നനവ് പടര്‍ത്തി അഗസ്റ്റിന്റെ സ്നേഹം ചെറു ചാറ്റലായി ഊര്‍ന്നിറങ്ങുന്നുണ്ടായിരുന്നു. പുറത്ത് മഴ പുതിയൊരു കഥയുടെ തുടക്കം കുറിച്ചു. കഥ പറയുവാന്‍ തുടങ്ങുമ്പോഴുള്ള മഴയുടെ താളഗതിയില്‍ നിന്ന് ഇന്നത്തെ മഴയുടെ ഭാവം ദു:ഖമോ ശൃംഗാരമോ രൗദ്രമോ ആണെന്ന് മാര്‍ഗരറ്റ് തിരിച്ചറിയും. അതിന് അനുസൃതമായ ഭാവത്തില്‍ താളം പിടിക്കുവാന്‍ മാര്‍ഗരറ്റിന്റെ മനസ്സും വെമ്പുന്നുണ്ടായിരുന്നു. അടക്കിപ്പിടിച്ച മഴത്തുള്ളികളെല്ലാം ഭൂമിയിലേക്ക് കൈവിട്ട് പോയ ദു:ഖത്തില്‍ നിര്‍വികാരയായി നില്‍ക്കുന്ന മേഘങ്ങള്‍ വിടവാങ്ങിയ ആകാശത്തെ മാര്‍ഗരറ്റിനു തെല്ലും ഇഷ്ടമല്ല. നഷ്ടങ്ങളുടെ കണക്കുകള്‍ അല്ലേ അവയ്ക്കു പറയാനുണ്ടാകു.

അമ്മയുടെ സേവനം തന്റെ രണ്ട് മക്കള്‍ക്കും വേണ്ടുവോളം നല്‍കുവാന്‍ മാര്‍ഗരറ്റിനു സന്തോഷമേയുള്ളു. എങ്കിലും അതിനായി ഹേമന്തം വിട്ട് പോകേണ്ടി വരുന്നതില്‍ മാത്രമേ മനസ്താപമുള്ളു. അനീറ്റ ദുബായിയിലും അലീന അമേരിക്കയിലും , രണ്ട് പേരുടേയും മക്കളെ നോക്കുവാനും മറ്റും മാര്‍ഗരറ്റ് സ്ഥിരമായി വിദേശത്ത് തന്നെ. ഇടക്ക് വീണു കിട്ടുന്ന കുറച്ച് ദിനങ്ങളാണ് കുട്ടിക്കാനത്തുള്ള ഹേമന്തത്തില്‍ ചിലവിടാന്‍ കിട്ടുന്നത്. അമ്മയെ ഒറ്റയ്ക്ക് നാട്ടില്‍ നിര്‍ത്തുവാന്‍ മക്കള്‍ക്കും താത്പര്യമില്ല. ലോകത്തില്‍ ഏത് കോണില്‍ ആയാലും അഗസ്റ്റിന്റെ ഓര്‍മ്മകള്‍ മാര്‍ഗിയെ വിട്ട് പിരിയില്ല എന്നിരുന്നാലും ഹേമന്തത്തിന്റെ പടി ചവിട്ടുമ്പോള്‍ അഗസ്റ്റിന്‍ ഒരു ഓര്‍മ്മ ആയല്ല മറിച്ച് ജീവനുള്ള ചേതനയുറ്റ ശരീരമായാണ് മാര്‍ഗിക്ക് അനുഭവപ്പെടുക. വിദേശവാസത്തിനിടയില്‍ അടച്ചിട്ട ഫ്ലാറ്റ് മുറിയുടെ തടവറയില്‍ കഴിയുന്ന ഓരോ നിമിഷവും കുട്ടിക്കാനത്തെ മഞ്ഞ് മലകള്‍ മാര്‍ഗിയെ ഉറ്റ് നോക്കി നില്‍ക്കുന്നതായി വെറുതെ തോന്നും.

ദുബായ് യാത്രയ്ക്ക് ഇനി ഏഴ് ദിവസങ്ങള്‍ ഉണ്ട്.

മൂത്തമകളായ അലീനയെ പ്രസവിക്കുന്ന സമയത്ത് അഗസ്റ്റിന്‍ കച്ചവട ആവശ്യത്തിനായി നിലമ്പൂര്‍ യാത്രയില്‍ ആ‍യിരുന്നു. തിരികെ എത്തുമ്പോള്‍ തന്നെ തേടി ഒരു സന്തോഷവാര്‍ത്ത് വീട്ടു പടിക്കല്‍ കാത്തു നില്‍പ്പുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, മാര്‍ഗിക്കായി ചന്ദനത്തടിയില്‍ കടഞ്ഞെടുത്ത ഉണ്ണിയേശുവിന്റെ ശില്‍പ്പവുമായി ആണെത്തിയത്. മാര്‍ഗി തന്റെ ചുക്കിച്ചുളിഞ്ഞ വിരലുകളാല്‍ ആ ചന്ദന ആ ശില്‍പ്പം ഒന്ന് തലോടി. അതിന്റെ സുഗന്ധം മനസ്സിന്റെ ചിതല്‍ കാര്‍ന്ന താളുകള്‍ക്ക് ഇന്നും അഗസ്റ്റിന്റേതായ എന്തിനോടും മാര്‍ഗിക്ക് അനുഭവപ്പെടുന്ന അഭിനിവേശത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല അന്നും ഇന്നും ഒരു പോലെ.

ഹേമന്തത്തില്‍ വീണു കിട്ടുന്ന ദിവസങ്ങള്‍ മാര്‍ഗിക്ക് സ്വര്‍ഗ്ഗത്തിലെ ദിനരാത്രങ്ങള്‍ പോലെയാണ്. കിടപ്പ് മുറിയുടെ ജനാലകള്‍ തുറന്നിട്ടാല്‍ നിറയെ കാറ്റാടി മരങ്ങള്‍ കാണാം. മലകളോട് വിശേഷം പറഞ്ഞ് ചൂളം കുത്തി വരുന്ന കാറ്റില്‍ അവയുടെ ആടിത്തിമിര്‍ക്കല്‍ കണ്ടിരിക്കുവാന്‍ അഗസ്റ്റിന് എന്തു ഇഷ്ടമായിരുന്നു. മഴക്കാലത്ത് ആകെ കുളിച്ച കാറ്റാടിമരങ്ങളില്‍ നിന്നും അടര്‍ന്ന് വീഴുവാന്‍ കൊതിക്കുന്ന വെള്ളത്തുള്ളികള്‍ അസ്വസ്ഥമായ സൂര്യന്റെ പൊന്‍ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണമണി മുത്തുകള്‍ ആണെന്നേ തോന്നു. അലീനയ്ക്ക് മൂന്ന് വയസുള്ളപ്പോളാണ് അഗസ്റ്റിന്‍ മുറ്റത്ത് ആ തൈമാവ് വച്ചത് എന്തിനാണെന്ന ചോദ്യത്തിന് അഗസ്റ്റിന്റെ മറുപടി മാര്‍ഗിയുടെ കാതുകളില്‍ ഒരു പ്രതിധ്വനി പോലെ അലയടിച്ചു ‘’ മാര്‍ഗീ നമുക്ക് രണ്ട് പെണ്മക്കള്‍ ആണെന്നു കരുതി അവരെ വീട്ടിനുള്ളില്‍ അടച്ചിട്ട് വളര്‍ത്തണോ? മാവിന്‍ കൊമ്പില്‍ കയറി ഒരു മാങ്ങയൊക്കെ പൊട്ടിച്ച് തിന്നോട്ടേടീ അവര്‍ അഗസ്റ്റിന്റെ പെണ്‍കൊച്ചുങ്ങള്‍ മരം കേറികള്‍ ആണെന്ന് ആരാനും പറഞ്ഞാല്‍ നമുക്കെന്താടീ ചേതം?’‘

ഓര്‍മ്മയില്‍ സൂക്ഷിച്ച് വച്ച വാക്കുകളുടെ കുസൃതിയില്‍ മാര്‍ഗരറ്റിന്റെ ചുണ്ടുകള്‍ ഒരു ചേറു പുഞ്ചിരിക്ക് വഴി നല്‍കി.

ചില്ല് അലമാരിയില്‍ ഭംഗിയായി അടുക്കിവച്ച ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ മാര്‍ഗരറ്റ് ഒരു നിധി പോലെ ഭദ്രമായി സൂക്ഷിക്കുന്നു. സംഗീതത്തെ തന്നോട് അടുപ്പിച്ചത് അഗസ്റ്റിനാണ്. ഇന്നും ഏകാന്തത എന്താണെന്ന് മാര്‍ഗിക്ക് അറിയില്ല. അതിന് കാരണം അഗസ്റ്റിന്‍ തന്നോടൊപ്പം കൂടപ്പിറപ്പായി വളര്‍ത്തിക്കൊണ്ട് വന്ന ഈ സംഗീത പ്രേമം തന്നെ. ഹേമന്തത്തിലെ മാര്‍ഗിയുടെ ഏഴ് ദിനങ്ങള്‍ ഏഴ് സ്വര്‍ഗ്ഗങ്ങളെ പോലെ കടന്ന് പോയി. ദുബായിലേക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വെളുപ്പിനെ നാല് മണിക്ക് ടാക്സിയുമായി കുഞ്ഞച്ചന്‍ വരും. മാര്‍ഗിയെ എയര്‍പോര്‍ട്ടില്‍ എത്തിക്കുവാന്‍ അനീറ്റയുടെ പ്രസവ ശുശ്രൂഷകള്‍ക്കുള്ള പച്ചമരുന്നുകളും ലേഹ്യങ്ങളും മറ്റും പാക്ക് ചെയ്ത് മാര്‍ഗരറ്റ് ഒന്നു മയങ്ങുവാന്‍ കിടപ്പറയിലേക്കു കയറി. മണി പതിനൊന്ന് ആയിരിക്കുന്നു.

അഗസ്റ്റിന്‍ ഈട്ടി തടിയില്‍ മനോഹരമായ് കൊത്തുപണികളാല്‍ പണികഴിപ്പിച്ച കിടക്കയില്‍ മാര്‍ഗരറ്റ് തല ചായ്ച്ചു. കട്ടിലിന്റെ അഗ്രഭാഗത്തായി രണ്ട് മയിലുകള്‍ പീലിവിടര്‍ത്തിയാടുന്ന ശില്‍പ്പം. അവയ്ക്ക് ഇത്രയും ഭംഗി ഇന്നേവരെ തോന്നിയിട്ടില്ല. അവയുടെ പീലികളില്‍ നിന്ന് ഈട്ടിത്തടിയുടെ തവിട്ട് നിറം ചോര്‍ന്നൊലിച്ച് മയില്‍പ്പീലി നിറങ്ങള്‍ കൈവന്ന പോലെ എന്തോ ഒരു ദിവ്യാനുഭവം …. മുഴച്ച് പൊന്തിയ വെരിക്കോസ് വെയീനുകളില്‍ നേരിയ വേദന അനുഭവപ്പെടുന്നു . കാലുകളില്‍ ആരോ തലോടുന്നുവോ? എത്ര പരിചിതമായ സ്പര്‍ശം … ചന്ദന ഗന്ധമുള്ള തലോടല്‍ …ദേഹമാസകലം കുളിര്‍ കോരിയിടുന്നതു പോലെ …തവിട്ട് നിറമുള്ള കമ്പിളി പുതപ്പിനുള്ളിലേക്ക് മാര്‍ഗി ശരീരം പൊതിഞ്ഞു വച്ചു. തിരുനെറ്റിയില്‍ മൃദുവായി പതിക്കുന്ന ആരുടേയോ ചുടു നിശ്വാസം …എവിടെയോ മറന്നു വച്ച ഒരു തലോടലായി ആ നിശ്വാസങ്ങള്‍ മാര്‍ഗിയുടെ മിഴികള്‍ തഴുകി ഒതുക്കി. ആ ചെറു ചൂടില്‍ … ചന്ദനഗന്ധത്തില്‍ മാര്‍ഗി ഉറങ്ങിത്തുടങ്ങി.

അരണ്ട വെളിച്ചത്തില്‍ ഗ്രാമഫോണില്‍ നിന്നും ബീഥോവന്റെ ഒന്‍പതാം സിംഫണി അരിച്ചിറങ്ങി. വെളുപ്പിനെ നാല് മണിക്ക് തന്നെ കുഞ്ഞച്ചന്‍ ടാക്സിയുമായി ഹേമന്തത്തിനു മുന്നിലെത്തി. മൂകമായ ഹേമന്തത്തിന്റെ വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു. അനീറ്റയുടെ ആകാംക്ഷകള്‍ മറുപടി തരാത്ത ഫോണിന്റെ ചിലമ്പിച്ച മണികളോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു…അപ്പോഴുമാര്‍ക്കും വേണ്ടി തുറക്കാതെ ഹേമന്തത്തിന്റെ വാതില്‍ അടഞ്ഞ് തന്നെ കിടന്നു….

Generated from archived content: story1_feb12_13.html Author: sonia_rafeek

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here