പച്ചമരത്തണലില്‍

”മുയിനുട്ടമുയിനുറുക്കാന്‍

അയിനുള്ള കയിനത്തി

കയിനണ്ട് ര്യ!…”ഊം…”

പോത്തിന്‍ കൊമ്പുകൊണ്ട് പിടിയിട്ട പിശ്ശാംകത്തി ഇടത് കൈയില്‍ തേച്ചുകൊണ്ട് (ബാര്‍ബര്‍ ഷേവിംഗ് കത്തി തിരിച്ചും മറിച്ചും തേക്കുന്ന പോലെ) കണ്ടരു മുരണ്ടു.

പല സ്ഥലങ്ങളില്‍ കളീച്ചുകൊണ്ടിരുന്ന ഞങ്ങള്‍ കുട്ടികള്‍ ഇറയത്തേക്ക് ഓടിക്കയറി. ഒരു ചെറുകൂട്ടമായി ‍പരസ്പരം കെട്ടിപ്പിടിച്ചു നിന്നു.

” പോയി ചോറുതിന്നെട!”

കുട്ടികളുടെ കൂട്ടം ഒരുമിച്ച് അടുക്കളയിലേക്ക് ഒരോട്ടം അടുക്കളയില്‍ ഇരുന്ന തിന് ശേഷം മാത്ര മാണ് ശ്വാസം വിടുന്നത്. എന്നിട്ടും കുറേ നേരം ആരും സംസാരിച്ചില്ല. അത്രക്കുണ്ട് കുട്ടികള്‍ക്ക് കണ്ടരിനോടുള്ള പേടി.

എങ്ങിനെ പേടിക്കാതിരിക്കും

കണ്ടരിന് അഞ്ചടിയില്‍ മാത്രമേ ഉയരമുള്ളു. എങ്കിലും തടിച്ച് നല്ല ബലമുള്ള ശരീരമാണ്. കൈയും കാലും അനക്കുമ്പോള്‍ മസിലുകളുടെ ചലനം നമുക്കു കാണാം. നിറം ആനയേക്കാള്‍ കറുപ്പ്. ഉണ്ടക്കണ്ണ്. അതിന് ചുവപ്പു കലര്‍ന്ന മഞ്ഞ നിറമാണ്. വായില്‍ എപ്പോഴും വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കൂട്ടിയുള്ള മുറുക്കാന്‍. ചുണ്ടും വായയും എപ്പോഴും കടും ചുവപ്പ് ആയിരിക്കും. നിറം മങ്ങിയ ഒരു തോര്‍ത്ത് അരയില്‍ ചുറ്റിയിരിക്കും. അതാണ് ആകെയുള്ള വസ്ത്രം. അരയില്‍ ഒരു പിശ്ശാംകത്തി. ഒരു ഒറ്റാല്‍ ഒരു ചെറിയ വല. മുളകൊണ്ടുണ്ടാക്കിയ ഒരു കൂട ( മീന്‍ ഇടുന്നതിന്) ഒരു ഊത്തുളി. അതു രണ്ട് കൈയിലും തോളത്തുമായി. ഇത്രയും സാധനങ്ങളുമായി ഒരു ഭീകര രൂപം ഇതാണ് കണ്ടരു.

കണ്ടരുവിനെ ഇങ്ങനെയല്ലാതെ ഞാന്‍ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. അപ്പോള്‍ തോര്‍ത്ത് അഴിച്ച് തലയില്‍ കെട്ടിയിട്ടുണ്ട്. നീലയും ചാരനിറത്തിലുമുള്ള വരയിട്ട ഒരു ട്രൗസര്‍. ഒരു കുപ്പിക്കള്ള് ഇടതു കക്ഷത്തില്‍. വലതു കയ്യില്‍ ഒരു കുപ്പിക്കള്ള് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഇടതു കയ്യില്‍ ഒരു പെരുച്ചാഴി (വലിയ എലി) തലകീഴായി ആടുന്നു. കണ്ടരു മുന്നോട്ട് വരികയാണ്. റോഡിന്റെ ഇടതുവശത്തുനിന്ന് വലത്തോട്ടും വലതുവശത്തു നിന്ന് ഇടത്തോട്ടും ആടിയാടി മുന്നോട്ട്…!

എന്റെ ഉള്ളില്‍ ഒരു ഭയം!

റോഡിലൂടെ വന്ന ഞാന്‍ നേരെ പാടത്തേക്കിറങ്ങി വരമ്പിലൂടെ ഒരു കിലോമീറ്റര്‍ കൂടുതല്‍ ചുറ്റി വളഞ്ഞ് വീട്ടിലേക്ക്. അപ്പോള്‍ ഞാന്‍ പൊടിമീശയും ചെറിയ ഊശാന്‍ താടിയും മുളച്ചു തുടങ്ങുന്ന പ്രീഡിഗ്രിക്കാരന്‍. എന്നിട്ടും കണ്ടരു ഒരു പേടി സ്വപ്നം തന്നെ.

കണ്ടരു ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ആമയും പെരുച്ചാഴിയും അയാളുടെ ഇട്ഷ്ടഭോജ്യങ്ങളാണെന്നറിയാം.

അയാള്‍ക്ക് എത്ര പ്രായമാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ ഞാന്‍ എന്റെ ചെറുപ്രായത്തില്‍ കണ്ട കണ്ടരുവും എനിക്ക് ഇരുപത് വയസ്സുള്ളപ്പോള്‍ കണ്ട കണ്ടരുവിനും ഒരേ പ്രായമായിരുന്നു.

ഞാന്‍ എന്റെ ഡിഗ്രി ഫൈനല്‍ എക്സാം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോളാണ് കണ്ടരു മരിച്ചുവെന്നറിയുന്നത്. മരിക്കുമ്പോള്‍ കണ്ടരുവിന് എത്ര വയസായെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ചിലര്‍ പറഞ്ഞു നൂറുവയസ്സായെന്ന്, മറ്റു ചിലര്‍ പറഞ്ഞു നൂറ്റിരുപതാണെന്ന്. എന്നാല്‍ ഒരു കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. കണ്ടരുവിന്റെ ആരോഗ്യം ആമയും പെരുച്ചാഴിയും കുളക്കോഴിയും തിന്നതിന്റെ യാണെന്ന്.

നികന്നു പോയ പഴയ കുളത്തിന്റെ അരികില്‍ അതിന്റെ ഓര്‍മ്മക്കായി ഇപ്പോഴും കുറെ കൈതകള്‍.

പണ്ട് ഈ കൈതകള്‍ കുളത്തിലേക്ക് വേരുകള്‍ താഴ്ത്തി കുളിക്കാനെന്ന വണ്ണം അതിന്റെ തല കുളത്തിലേക്ക് കുനിച്ചു പിടിച്ചു നിന്നിരുന്നു. നീളമുള്ള കൈതോലകള്‍ വെള്ളത്തില്‍ മുട്ടിക്കിടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മുടിയഴിച്ചിട്ട് കുളിക്കാന്‍ നില്‍ക്കുന്നതായി തോന്നിയിരുന്നു.

ഈ കൈതോലക്കാടുകള്‍ക്കിടയിലൂടെ നടന്ന് അതിവിദഗ്ദമായാണു കണ്ടരു ആമയേയും പെരുച്ചാഴിയേയും വരാലിനേയുമെല്ലാം പിടിച്ചിരുന്നു. അന്ന് ഈ കൈതകളില്‍ വലിയ ചക്കകളും അതു തിന്നാന്‍ വരുന്ന വാലന്‍ കിളികളും ഉണ്ടായിരുന്നു. പഴുത്തു നിന്ന കൈതകള്‍ സുഗന്ധം പരത്തിയിരുന്നു. ആ സുഖന്ധം പാടത്തിനപ്പുറം വരെ എത്താറുണ്ടായിരുന്നു.

പക്ഷെ ഇപ്പോള്‍ ഈ കൈതകളില്‍ ഉണങ്ങിയ ചെറിയ ചക്കകളും ഭംഗിയില്ലാത്ത കുറെ കൈതോലകളും മാത്രം.

ഈ കൈത ഇനി പൂക്കില്ല.

ഇതില്‍ വലിയ ചക്കകള്‍ പഴുക്കുകയും അതു തിന്നാന്‍ വാലന്‍ കിളികളും വരില്ല. പാടത്തിനപ്പുറത്തു നിന്ന് മണം പിടിച്ച് കൈതപ്പൂ പറിക്കാന്‍ കുട്ടികളും വരില്ല. കൈതക്ക് കുളം നഷ്ടപ്പെട്ടു.

വേരുകള്‍ക്കിടയില്‍ കൂടുകൂട്ടിയിരുന്ന കുളക്കോഴികളെ നഷ്ടപ്പെട്ടു.

കുളക്കോഴികളേയും ആമയേയും പിടിക്കാന്‍ വന്നിരുന്ന കണ്ടരുവിനെ നഷ്ടപ്പെട്ടു.

പിന്നെന്തിനു കൈത പൂക്കണം!

വലിയ ചക്കകള്‍ ഉണ്ടാവനം!

കുളത്തിലേക്ക് ഉണ്ടായിരുന്ന ചെറിയ തോട് ഇപ്പോഴും പൂര്‍ണ്ണമായി നികന്നിട്ടില്ല. റിച്ചു കളഞ്ഞ പുളിയന്‍ മാവിന്റെയും വരിക്കപ്ലാവിന്റെയും കുറേ വേരുകള്‍ ഇനിയും മരിക്കാത്ത തോടിന് പാലം തീര്‍ത്തിരിക്കുന്നു.

ഞാന്‍ ആ പാലത്തില്‍ ഇരുന്നു.

മുന്‍പിവിടെ നിറയെ വേരുകളുണ്ടായിരുന്നു.പുളിയന്‍ മാവില്‍ കാറ്റു വീശുന്നതും നോക്കി എത്രയോ നേരം ഇവിടെ ഇരുന്നിട്ടുണ്ട്.

ഒരു ചെറു കാറ്റു വീശിയാല്‍ മതി പഴുത്ത പുളിയന്‍ മാങ്ങകള്‍ താഴെ വീഴും.

ഒരു മാങ്ങ വീണാന്‍ മതി ഞങ്ങള്‍ മത്സരിച്ചോടും മാങ്ങ തിന്നുന്നതിലല്ല, ആദ്യം മാങ്ങ എടുക്കുന്നതിലായിരുന്നു ഞങ്ങളുടെ മത്സരം. അതിന്റെ പേരില്‍ അമ്മയുടെ കൈയ്യില്‍ നിന്നും എത്രയോ തല്ലു വാങ്ങിയിരിക്കുന്നു.

ആ മാവില്‍ നിന്ന് മാങ്ങ പറിക്കാറില്ലായിരുന്നു. വലിയ ഉയരമായിരുന്നു അതിന്. കൂടാതെ കുരുമുളകു വള്ളികളും നിറയെ പുളിനീറുകളും. മാവില്‍ കയറാന്‍ ആരെയും അനുവദിച്ചില്ല.

അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ പെയ്യുന്നതുവരെ മാവിന്‍ ചുവട്ടിലെ കാത്തിരിപ്പും, തോടിനു കുറുകെയുള്ള വേരുകളില്‍ ഊഞ്ഞാലാട്ടവുമായിരുന്നു മുഖ്യവിനോദം.

വായില്‍ പഴുത്ത പുളിയന്‍ മാങ്ങയുടെ സ്വാദ് നിറഞ്ഞു. പുളിയന്‍ മാങ്ങ ഞങ്ങള്‍ തിന്നാറില്ലായിരുന്നു. കുടിക്കുകയായിരുന്നു ചെയ്തിരുന്നത്.

നന്നായി പഴുത്ത് മാങ്ങ കൈകള്‍ കൊണ്ട് നന്നായി അമര്‍ത്തും. പിന്നെ ഈ വേരുകള്‍ക്കിടയില്‍ മൃദുവായി ഇടിക്കും. എന്നിട്ട് മാങ്ങയുടെ ഞെട്ടില്‍ ചെറിയൊരു ദ്വാരം ഉണ്ടാക്കും. പിന്നെ നീരെല്ലാം വലിച്ചു കുടിക്കും.

പുളിയന്‍ മാവ് എന്നോ മുറിച്ചുപോയി. ഈ വേരുകള്‍ മാത്രം ഓര്‍മ്മയ്ക്കായി.

പുളിയന്‍ മാവു മാത്രമല്ല, ആത്തയും സപ്പോട്ടയും തത്തമ്മചെടിയുമെല്ലാം എന്നോ മുറിച്ചു പോയി.
പുല്ലു മുളക്കാതിരുന്ന പറമ്പു നിറയെ പുല്ലു വളര്‍ന്നു നില്‍ക്കുന്നു. കുട്ടികളാരും പറമ്പില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നില്ല.

”എന്താ പറമ്പില് പോയിരിക്കണെ, അവിടെ വല്ല ഇഴജന്തുക്കളും ഉണ്ടാകും ഇങ്ങണീറ്റു വാ”

പകുതി ശാസനയോടെ അമ്മ വിളിക്കുന്നു. അമ്മക്ക് ഞാനിപ്പോഴും കുട്ടി തന്നെ. ‘ ദേ കണ്ടരു വരുന്നുണ്ട് വേഗംങ്ങട് ഓടിവാ!

എന്നാണൊ അമ്മ പറഞ്ഞത്. ആയിരിക്കും.

ഏതായാലും ഞാന്‍ വേഗമെണീറ്റ് പുല്ലു പടര്‍ന്ന് പടിക്കെട്ടുകള്‍ കയറി അമ്മയുടെ അരികിലേക്ക് നടന്നു.

Generated from archived content: story1_sep21_11.html Author: somasundran_kuruvath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here