ഞാൻ മുങ്ങിത്താഴുകയാണ്…
ശാന്തമായ ഉപ്പുരസമുള്ള നീലജലത്തിൽ താഴേക്ക്……
“ആരെങ്കിലും ഈ കൈകളിലൊന്നു പിടിക്കൂ. എന്നെ രക്ഷിക്കൂ…..”
ഞാൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ എന്റെ ശബ്‌ദം പുറത്തേക്ക് വന്നിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി.
എന്താണ് സംഭവിച്ചത്. എങ്ങനെയാണ് ഞാനീ വെള്ളത്തിലേക്ക് വീണത്.
ഓ എനിക്ക് മനസ്സിലായി.
ഞാൻ കപ്പലിന്റെ ഡെക്കിൽ നിൽക്കുകയായിരുന്നു.
കപ്പൽ തന്നെയായിരുന്നോ? കായലിന്റെ നടുവിൽ കൊണ്ടുനിർത്തിയ ഒരു ചങ്ങാടമായിരുന്നോ, അതോ ഒരു ബോട്ടുജെട്ടി…?
ഏതായാലും അവിടെ വെളുത്ത കൈവരികൾ ഉണ്ടായിരുന്നു. വെർട്ടിക്കലായി മാത്രം നിർത്തിയ കുറ്റികൾ. അവയ്‌ക്കിടയിലൂടെയാണ് ഞാൻ വെള്ളത്തിലേക്ക് വീണത്.
അവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഒരുപാടാളുകൾ ഉണ്ടായിരുന്നു. എനിക്കു പരിചയമുള്ള എല്ലാവരും തന്നെ. അവിടെ എന്റെ പിറന്നാളാഘോമാണ് നടന്നിരുന്നത്. അതെ, ഈ വർഷത്തെ എന്റെ രണ്ടാം പിറന്നാൾ ദിനമായിരുന്നു അത്.
ചിലപ്പോഴൊക്കെ അങ്ങിനെ സംഭവിക്കാറുണ്ട്. ജന്മനക്ഷത്രം ഒരു മാസത്തിൽ തന്നെ രണ്ടുതവണ വരും. അതുകൊണ്ട് അവസാനത്തെ നക്ഷത്രദിനത്തിൽ പിറന്നാളാഘോഷിക്കുകയാണ്.
അവിടെയും ഇവിടെയുമൊക്കെ ചെറിയ കൂട്ടങ്ങളായി ആളുകൾ നിൽക്കുന്നു. മുഴുവനും നരച്ച തലമുടിയുമായ് ആളുകൾക്കിടയിലൂടെ അമ്മ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
എന്റെ അടുത്തുമാത്രം ആരുമില്ല. ഞാൻ മാത്രം ഒറ്റയ്‌ക്ക്. ഞാൻ ചുറ്റും നോക്കി. എല്ലാവരും പതുക്കെ സംസാരിക്കുന്നു.
ഒരുപാടു കുട്ടികളുള്ള വീടാണ് എന്റേത്. അവരെല്ലാം എവിടെപോയി.
ആരുടെയും ശബ്‌ദം കേൾക്കുന്നില്ല. അപ്പോഴാണ് ഞാൻ അവരെ കാണുന്നത്. അമ്മമാരുടെ ഒക്കത്തും കാലിനോട് ചേർത്ത് കെട്ടിവച്ചതുപോലെയും കുട്ടികളെ അവർ അടക്കി നിർത്തിയിരിക്കുന്നു. കുട്ടികൾ എന്നെ നോക്കുവാനായി തിരിയുമ്പോൾ ബലമായി അവരുടെ തലപിടിച്ച് മറുദിശയിലേക്ക് തിരിക്കുകയാണ് അവരുടെ അമ്മമാർ.
എന്റെ പിറന്നാളാഘോഷത്തിൽ ഞാൻ മാത്രം തനിച്ച്. ചില ബന്ധുക്കൾ എന്റെ അടുത്തുവന്ന് ചിരിച്ചു എന്ന് വരുത്തുന്നു.
ചിരിക്കുന്നതിനും കരയുന്നതിനും ഇടയ്‌ക്കുള്ള ഒരു ഭാവപ്രകടനം. അതിൽ അല്‌പം പുച്്ഛം കലർന്നിരുന്ന ചില മുരടന്മാരായ ആളുകൾ അടുത്തു വന്ന് ‘ഉം……’ എന്ന് മൂളിയിട്ട് പതുക്കെ തിരിഞ്ഞു നടക്കുന്നു. ആ അമർത്തിയുള്ള മൂളലിലും അല്‌പം സ്‌നേഹവായ്‌പ് ഉണ്ടായിരുന്നു.
പിന്നെയും വെറുതെ ആയപ്പോഴയാണ് ഞാൻ കൈ വരികൾക്ക് അടുത്ത് ചെന്ന് ജലത്തിലേക്ക് നോക്കി നിന്നത്.
കൊച്ചുകുട്ടികൾ വരെ അമ്മമാരുടെ ബലിഷ്‌ഠകരങ്ങൾ ഭേദിച്ച് അപ്പോൾ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചെറിയ കൂട്ടങ്ങളായി നിൽക്കുന്നവരും എന്നെ കാണുന്നുണ്ടായിരുന്നെങ്കിലും കാണാത്തതുപോലെ മറ്റെവിടെക്കൊ നോക്കി നിൽക്കുകയായിരുന്നു.
പെട്ടന്നാണ് ഞാൻ വെള്ളത്തിലേക്ക് വീണത്. ഞാൻ ഉറക്കെ വിളിച്ചുകൂവി. കൈകാലുകളിട്ടടിച്ചു. കൈകൾ പരമാവധി വെള്ളത്തിന് മുകളിലേക്കുയർത്തി. ആരെങ്കിലും എന്റെ കൈയിൽ ഒന്നു തൊടും എന്ന് ഞാൻ കരുതി.
ഓരോ തവണ വെള്ളത്തിന് മുകളിലേക്ക് പൊങ്ങുമ്പോഴും വെള്ളത്തിലേക്ക് നോക്കി നിൽക്കുന്ന ഒരാൾക്കൂട്ടത്തെ ഞാൻ പ്രതീക്ഷിച്ചു.
പക്ഷെ അവിടെയെല്ലാം ശാന്തമായ ശൂന്യതയായിരുന്നു. വളരെ ശാന്തമായി എന്റെ പിറന്നാൾ ആഘോഷിക്കുകയാണ്.
കൈകാലുകൾ അടിക്കുന്നത് നിർത്തിയതുകൊണ്ട് ചുറ്റും നീലജലം എനിക്ക് വ്യക്തമായി.
മുകൾ പരപ്പിലെ വെളിച്ചം കുറഞ്ഞ് കുറഞ്ഞ് വന്നു. ഞാൻ താഴേക്ക് താഴേക്ക് പോവുകയാണ്.
ഇപ്പോൾ എനിക്ക് വെള്ളം കുറെക്കൂടി വ്യക്തമായി കാണാം. ഇതു കടൽ തന്നെയാണ്.
ആഴത്തിന്റെ അനന്തത! എന്തൊരു ശാന്തത!
കാത്തിയുടെ ഉറക്കെയുള്ള ചിരി ആ ശാന്തത തകർത്തു. കാത്തി ഇങ്ങനെ ചിരിക്കാറില്ല.
ഇന്ത്യക്കാരെപ്പോലെ മറ്റുള്ളവരെ കളിയാക്കിച്ചിരിക്കാൻ കാത്തിക്ക് എങ്ങനെ കഴിയുന്നു.
കാത്തിതന്നെ പറഞ്ഞതുപോലെ മറ്റുള്ളവരുടെ വീഴ്‌ചകളെ നോക്കി കളിയാക്കിച്ചിരിക്കുന്നത് ഇന്ത്യക്കാർ പ്രത്യേകിച്ച് നിന്റെ മലയാളികൾ മാത്രമാണ്.
“ലോകത്ത് വേറെ എവിടെയും ഞാനത് കണ്ടിട്ടില്ല.”
കാത്തി, നീയും ഇങ്ങനെ ചിരിക്കാൻ തുടങ്ങിയോ? നിനക്കെങ്ങിനെ ഇതിനു കഴിയുന്നു. എന്റെ ശബ്‌ദവും പുറത്തേക്ക് വരുന്നുണ്ടായിരുന്നോ എന്നെനിക്ക് അറിഞ്ഞുകൂടായിരുന്നു.
കാത്തിയുടെ ശബ്‌ദം വീണ്ടും.
‘പാപത്തിന്റെ ഫലം മരണമാണ്.’
ശാന്തമായ ബൈബിൾ വചനത്തിന് ശേഷം കാത്തി വീണ്ടും ചിരിച്ചു ഉറക്കെ.
“പക്ഷെ നീ ഒരു കാര്യത്തിൽ ഭാഗ്യവാനാണ്. നീയെപ്പോഴും പറയാറുള്ളതുപോലെ നിന്റെ സ്വന്തം വചനം പോലെ, പകൽ വെളിച്ചത്തിൽ ഒരു മെഴുകുതിരി നാളം പോലെ ആരാലും ശ്രദ്ധിക്കാതെ നീ അണഞ്ഞു പോയിരിക്കുന്നു.”
കാത്തി, എന്തൊരത്‌ഭുതമാണ്.
കാത്തി ശുദ്ധമലയാളത്തിൽ യാതൊരു തെറ്റും വരുത്താതെ, നിനക്കെങ്ങിനെ ഇതു സാധിക്കുന്നു.
രണ്ടു വർഷം നിരന്തരം കൈമാറിയ ഇ-മെയിലുകൾക്ക് ശേഷം ആദ്യമായി നിന്നെ നേരിട്ട് കണ്ടപ്പോൾ നീ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ പറഞ്ഞത് നിനക്കും.
അവസാനം ഡയറിയിൽ നീയെഴുതിയ വരികൾക്ക് താഴെ ഞാൻ എഴുതി. അതിനു താഴെ നീ എഴുതും വീണ്ടും ഞാൻ എഴുതും.
ഡയറിയിലെ പേജുകൾ ഓരോന്നായി കീറിക്കളഞ്ഞ് അവസാനം പുറംചട്ടയിലും എഴുതിതീർത്തു. താജ്‌മഹലിന് താഴെ വരണ്ടു കിടന്നിരുന്ന യമുനയിലേക്ക് വലിച്ചെറിഞ്ഞ ഡയറിയുടെ ബാക്കി ഇപ്പോളെവിടെയായിരിക്കും. അതൊന്നു വീണ്ടും കാണാൻ കൊതിയാവുന്നു. നമ്മളാദ്യം കണ്ട ദിവസം തന്നെ ആഗ്രയിലേക്ക് പോവുകയായിരുന്നല്ലോ. അതിനും രണ്ടു ദിവസം മുൻപ് ഞാൻ ഡൽഹിയിലെത്തി നിന്റെ ആഗ്രഹം പോലെ എല്ലാം അറേൻജ് ചെയ്‌തിരിക്കുകയായിരുന്നു.
നീ ഡെൽഹിയിൽ കാലുകുത്തുന്നതുവരെ കുഴപ്പമുണ്ടായിരുന്നില്ല. അതുവരെയുള്ള കമ്മ്യൂണിക്കേഷനുകളെല്ലാം ഇ-മെയിൽ വഴിയായിരുന്നല്ലോ. നേരിൽ കണ്ട് നാക്ക് വളച്ച് തുടങ്ങിയപ്പോഴല്ലേ പിടിച്ചത് പുലിവാലാണെന്ന് മനസ്സിലായത്.
അന്നുരാത്രി ആ തടിച്ച ഇസ്രയേലിക്കാരിയുടെ കൂടെ നിന്റെ ഹോട്ടലിൽ കൊണ്ടുവിട്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം എത്രയാണെന്ന് പറയാൻ പറ്റില്ല. അന്ന് രാത്രിമുഴുവൻ ഞാൻ ഒന്നേ പ്രാർത്ഥിച്ചുള്ളൂ നീ പറയുന്ന ഇംഗ്ലീഷ് പകുതിയെങ്കിലും എനിക്ക് മനസ്സിലാക്കിത്തരണമേ എന്ന്. പിന്നീട് പലപ്പോഴും നമ്മൾ അതു പറഞ്ഞ് ചിരിച്ചിട്ടുണ്ട്. അല്ലെങ്കിലും എപ്പോഴും അബദ്ധങ്ങൾ ഓർക്കുന്നതാണ് രസം. അബദ്ധങ്ങൾ ജീവിതത്തിന്റെ പാൽപായസങ്ങളാണ്. പക്ഷെ നീ ഇങ്ങനെ മലയാളം പറയണമന്ന് സത്യത്തിൽ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചിട്ട് കാര്യവുമില്ല എന്നെനിക്കറിയാമായിരുന്നു.
എന്റെ സന്ദേഹങ്ങൾക്ക് മറുപടിയൊന്നും ഉണ്ടായില്ല. ഞാൻ പറയുന്നത് കേൾക്കുക പോലും ചെയ്യാതെ കാത്തി അനർഗളമായി തുടർന്നുകൊണ്ടേയിരുന്നു.
“എനിക്കേറ്റവും അടുത്തറിയുന്ന ഏറ്റവും വലിയ വിഡ്‌ഢിയാണു നീ. നീ പറയാറുള്ളതുപോലെ എല്ലാവരെയും അടുത്തറിയുമ്പോൾ മാത്രമാണ് അവരെത്രമാത്രം വിഡ്‌ഢികളാണെന്ന് നാമറിയുക.”
‘ചിലപ്പോൾ നീയങ്ങനെ വലിയ ഫിലോസഫി പറയുമെങ്കിലും എനിക്കിത് നിന്നോടുമാത്രമെ പറയാൻ കഴിയുകയുള്ളു. കാരണം നിന്നേക്കാൾ കൂടുതലായൊരടുപ്പം വേറൊരാളോടും എന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല.“
’ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുകയില്ല. കാരണം, നീ ജീവിതത്തിൽ ആരെയും സ്‌നേഹിച്ചിട്ടില്ല. അതുകൊണ്ടാണ് നിനക്ക് എവിടെയും സ്‌നേഹം തിരിച്ചുകിട്ടാത്തത്. എല്ലാവരുമുണ്ടായിട്ടും നീ ഇങ്ങനെ ഒറ്റക്ക് ജീവിക്കേണ്ടിവന്നത്. നീ എന്നോടു മാത്രം പറഞ്ഞിട്ടുള്ള നിന്റെ പഴയ കാമുകിമാരിലാരും നിന്നോടുകൂടെയില്ലാത്തത്.
‘നീയൊരു മഹാഭീരുവായിരുന്നു. നിന്റെ ജീവിതത്തോട് ചേർക്കേണ്ടിവന്ന സമയത്ത് നീ അവരിൽ നിന്ന് ഓടിയകന്നു. അല്ലെങ്കിൽ നിന്റെ പിന്നാലെ കെഞ്ചിനിന്നവരോട് നിന്റെ കുടുംബത്തെ പറഞ്ഞ് പേടിപ്പിച്ചു. ജാതിയും മതവും പറഞ്ഞ് ഒളിച്ചോടി..’
‘നിന്റെ പേരിൽ അവർ എത്ര അപമാനങ്ങൾ സഹിച്ചിട്ടുണ്ടാകും. എന്നിട്ട് നിനക്ക് എന്തുനേടാനായി. നിന്റെ കുടുംബം നിന്നെ അംഗീകരിച്ചോ? നിന്നെ അവർ ഒരു വിഡ്‌ഢി അല്ലെങ്കിൽ ഒരു ഭീരു എന്നു മാത്രമെ കണക്കാക്കുന്നുള്ളൂ.’
‘നീ സ്വയം ഒരു സാഡിസ്‌റ്റാണ്. നീ നിന്നെത്തന്നെ പീഢിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നീ സ്വയം സ്‌നേഹിക്കാൻ പഠിച്ചുകഴിഞ്ഞാൽ നിന്നോടു യഥാർത്ഥ സ്‌നേഹമുള്ളവരെ നിനക്ക് മനസ്സിലാക്കാൻ പറ്റും.
യഥാർത്ഥത്തിൽ നീയൊരു മനോരോഗിയാണ്. പലപ്പോഴും ഞാനിതു നിന്നോടു പറഞ്ഞപ്പോൾ നിനക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല.’
‘നിങ്ങളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള എന്നേപ്പോലുള്ളവരുടെ ധാരണക്ക് തികച്ചും വിപരീതമാണ് നിന്റെ സ്‌ഥിതി. നിങ്ങൾക്ക് ആർക്കും പരസ്‌പരവിശ്വാസമില്ല. പുറമേ കാണിക്കുന്നതിനപ്പുറം ആത്മബന്ധം നിങ്ങൾക്കുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എനിക്ക് പറയാൻ കഴിയും നിങ്ങളുടെ വീട്ടിൽ പരസ്‌പരം തുറന്ന് സംസാരിക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല. അത്ര കുടുസ്സു മനസ്സുള്ളവരാണ് നിങ്ങൾ.’
‘നീയെന്തിനാണ് ജീവിതം ഇങ്ങനെ തകർത്ത് കളയുന്നത്. മദ്യം കഴിച്ചാൽ നിനക്ക് ഉറങ്ങാൻ കഴിയുമായിരിക്കും. അതിനൊപ്പം അലിയിച്ചുകളയുവാനുള്ളതല്ല നിന്റെ സർഗ്ഗശേഷികൾ. നീ കുറഞ്ഞ പക്ഷം നിന്നെയെങ്കിലും സ്‌നേഹിക്കുക. നിന്നിൽ ഞാനൊരു പിക്കാസോയോ, വാൻഗോഗിനേയോ അതിനുമപ്പുറത്തോ ഉള്ള കലാകാരനെ കാണുന്നു.”
’കഴിഞ്ഞമാസം ഞാൻ നിനക്ക് ഒരു സെറ്റ് ബ്രഷും പെയിന്റും ഒരു വലിയ പാലറ്റും വാങ്ങിത്തന്നിട്ടാണ് ബാംഗ്ലൂരിലേക്ക് മടങ്ങിയത്. ഒരു ചാർക്കോളും.‘
’അപ്പോൾ നീ പറഞ്ഞു. ഈ ചാർക്കോളുകൊണ്ട് ആദ്യം വരക്കുന്നത് നിന്റെ പോർടെയിറ്റ് ആയിരിക്കുമെന്ന്. എന്നിട്ട് നീ അതുകൊണ്ട് ആർട്ടിസ്‌റ്റ് നമ്പൂതിരിയുടെ സ്‌കെച്ച് ചെയ്‌തത് എനിക്ക് കാണിച്ചു തന്നു. അത് വളരെ നന്നായിട്ടുണ്ട്. പക്ഷെ നിനക്കത് എങ്ങനെ കാണിക്കാൻ തോന്നി.‘
’എനിക്കറിയാം നിനക്കെന്നെ എത്രത്തോളം ഇഷ്‌ടമാണെന്ന്. നീ വിളിച്ചാൽ ഏതു നരകത്തിലും ഞാൻ കൂടെയുണ്ടാകുമെന്ന്.‘
’ഞാൻ നീട്ടിപ്പിടിച്ച ഈ കരങ്ങളിൽ ഒന്നു തൊടൂ. നിനക്കതിന് കഴിയുമോ. ഒന്നുറക്കെ കാത്തി എന്നൊന്നു വിളിക്കൂ. എനിക്കൊരു ഉറപ്പുതരൂ….‘
കാത്തിയുടെ ശബ്‌ദം നേർത്ത് നേർത്ത് ഇല്ലാതായി.
വീണ്ടും നീലജലത്തിനടിയിൽ വെളിച്ചം വച്ചുതുടങ്ങി. വളരെ താഴെ പവിഴപുറ്റുകളും ഒഴുകുന്ന ഉദ്യാനങ്ങളും കാണാൻ തുടങ്ങി.
കുട്ടിക്കാലത്ത് വായിച്ച കഥയിലെ കടലിനടിയിലെ കൊട്ടാരമാണോ അത്.
ഞാൻ വെളളത്തിനടിയിലേക്ക് വളരെ വേഗം താഴാൻ തുടങ്ങി.
എനിക്ക് ചുറ്റും നിറയെ ചെറിയ മീനുകൾ വട്ടമിട്ട് നിൽക്കുന്നത് ഞാൻ കണ്ടു.
ഇപ്പോഴാണ് ഞാനെന്റെ കാൽപാദങ്ങൾ കാണുന്നത്. അത് മിക്കവാറും മീനുകൾ കൊത്തിത്തിന്നുകഴിഞ്ഞു. എല്ലുകൾ മാത്രമാണ് ബാക്കി. മുകളിലേക്ക് നോക്കും തോറും കഴുത്തിന് താഴെക്കുള്ള ഭാഗങ്ങളെല്ലാം മീനുകൾ തിന്നുകൊണ്ടിരിക്കുന്നു.
വളരെ സൗമ്യരായ മീനുകൾ, നല്ല ഭംഗിയുള്ളവ, അവ എന്നെ വേദനിപ്പിക്കാതെ തിന്നുകൊണ്ടിരുന്നു. എനിക്കവയോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി.
കാത്തി പറഞ്ഞതുപോലെ ഞാൻ സ്‌നേഹിക്കാൻ പഠിച്ചു തുടങ്ങുകയാണോ?. ഭംഗിയുള്ള രണ്ടു ചെറിയ മീനുകൾ എന്റെ കണ്ണിനു നേരെ വന്നു. വളരെ മൃദുവായി എന്റെ കണ്ണുകൾ അവ കൊത്തിയെടുത്തു. എന്നിട്ടും എന്റെ കാഴ്‌ച നഷ്‌ടപ്പെട്ടില്ല. എനിക്ക് എല്ലാം കാണാമായിരുന്നു.
ഞാൻ താഴേക്ക് അതിവേഗത്തിൽ പോയിക്കൊണ്ടിരുന്നു. എന്റെ ഒപ്പം ചെറുമീനുകളുടെ കൂട്ടവും. എനിക്ക് പവിഴപ്പുറ്റുകൾ നിറഞ്ഞ കൊട്ടാരത്തിലെത്തുവാൻ ധൃതിയായി.
വളരെ വേഗം ഞാൻ അവിടെയെത്തി.
അസ്‌ഥിമാത്രമായ പാദങ്ങളാണ് ആദ്യം പവിഴപ്പുറ്റിൽ സ്‌പർശിച്ചത്.
അപ്പോഴേക്കും ഭംഗിയുള്ള സൗമ്യ മീനുകൾ എത്തി എന്റെ കാലിലെ ഓരോ എല്ലുകളും വേർതിരിച്ചെടുത്ത് ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചു. എനിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. ഞാനെന്റെ അസ്‌ഥിമാത്രമായ കൈകൾകൊണ്ട് അവയെ തലോടി. അവയോടെനിക്ക് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി.
ചെവി തുളച്ചുകയറുന്ന ബെൽ ശബ്‌ദം. ഒപ്പം വാതിൽ മുട്ടും.
’യെസ്‘ ഞാൻ പറഞ്ഞു.
ഉടനെ വാതിൽ തുറന്നു. റൂംബോയ് എന്റെ മേലേക്ക് ചാടിവീഴുമെന്ന് എനിക്ക് തോന്നി.
’സാർ, ഫോണെടുക്കൂ. കുറെ നേരമായി വിളിക്കുന്നു.‘
ഇവനും എന്നെ ചീത്ത പറഞ്ഞു തുടങ്ങിയോ. മറുത്തൊന്നും പറയാതെ ഫോണെടുത്തു.
റിസപ്‌ഷനിൽ നിന്നാണ്.
’സാർ, എയർപോർട്ടിൽ നിന്ന് ഒരു കോൾ ഉണ്ട്.
കണക്‌ട് ചെയ്യട്ടെ.‘
യെസ്, ഞാൻ പറഞ്ഞു.
’ഞാനാണ് കാത്തി, എന്റെ ഫ്ലെറ്റ് അനൗൺസ് ചെയ്‌തു. ഞാൻ നിന്നെ മനഃപൂർവ്വം വിളിക്കാതിരുന്നതാണ്. യാത്ര പറയാൻ എനിക്ക് പറ്റില്ലായിരുന്നു. ഞാൻ എല്ലാം പായ്‌ക്ക് ചെയ്‌ത് വെച്ചിട്ടുണ്ട്. വിസ്‌കിയും. നീ ഇന്നലെ രണ്ട് പെഗ്ഗ് മാത്രമെ കഴിച്ചുള്ളു. നീ അധികം കുടിക്കരുത്. രാത്രി മുഴുവൻ നിന്നെ ഞാൻ വഴക്കുപറഞ്ഞു. നീ ഉറങ്ങുന്നതുവരെ. അപ്പോൾ സമയം നാല് കഴിഞ്ഞിരുന്നു. പിന്നീട് ഞാൻ കുറെ കരഞ്ഞു. പില്ലോ മുഴുവൻ എന്റെ കണ്ണുനീരാണ്. എനിക്കിനി എന്നെങ്കിലും ഇന്ത്യയിലേക്ക് വരാൻ പറ്റുമോ എന്നറിയില്ല. നീ എപ്പോഴെങ്കിലും ബംഗളുരു വരുമ്പോൾ നമ്മുടെ ഈ മുറിയിൽ തന്നെ താമസിക്കണം.‘
കാത്തി ബംഗളുരു എന്നു പറഞ്ഞപ്പോൾ അതിന് വല്ലാത്തൊരു സുഖം തോന്നി. കുറെ തവണ ഞാൻ പറഞ്ഞു കൊടുത്തു പഠിപ്പിച്ചതാണ്. ആദ്യമായാണ് അവളത് ശരിയായി പറഞ്ഞ് കേൾക്കുന്നത്.
കുറച്ചുനേരം കാത്തി ഒന്നും പറഞ്ഞില്ല.
’നീ ഉറങ്ങുകയാണോ? ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?‘
ഉണ്ട്.
എയർ പോർട്ടിൽ അനൗൺസ് ചെയ്യുന്നതിന്റെ ശബ്‌ദം ഫോണിലൂടെ കേൾക്കാം.
’പോകാൻ സമയമായി. ഗോഡ് ബ്ലെസ് യു.‘
കാത്തി ഫോൺ വച്ചു.
ഞാൻ കട്ടിലിൽ നിന്നെണീറ്റു.
എന്റെ ഡ്രസ്സുകളും എക്‌സിബിഷൻ സ്‌റ്റാളിൽ നിന്നും കളക്‌ട് ചെയ്‌ത ബ്രോഷറുകളും എല്ലാം വളരെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു.
ഇന്നലത്തെ പത്രങ്ങൾ ടീപ്പോയിൽ മടക്കി വച്ചിരിക്കുന്നു.
ഡോറിനടുത്തുള്ള ചുമരിൽ മഞ്ഞനിറത്തിലുള്ള പാസ് ഒട്ടിച്ചു വച്ചിരിക്കുന്നു. വലിയൊരു ക്വസ്‌റ്റ്യൻ മാർക്കിന് താഴെ മറന്നുപോകാതിരിക്കാനുള്ള ചെക്ക് ലിസ്‌റ്റ്.
ഞാൻ ഒരു മറവിക്കാരനാണെന്ന ഓർമ്മപ്പെടുത്തൽ ഞാൻ എന്തെങ്കിലും മറന്നുപോകും എന്ന് കാത്തിക്ക് നന്നായറിയാം.
മേശപ്പുറത്തിരുന്ന മിനറൽ വാട്ടർ ഒരു കവിൾ കുടിച്ച് ഞാൻ തിരിച്ച് കട്ടിലിൽ കിടന്നു.
ഇടതുവശത്തെ പില്ലോ എടുത്തു. അത് മുഴുവൻ നനഞ്ഞിരിക്കുന്നു. ഞാനത് മാറത്ത് കൈപിണച്ചു.
കാത്തിയുടെ മണം.
ഞാൻ കണ്ണുകളടച്ചു.
അതു നിറഞ്ഞു തുളുമ്പി.
Generated from archived content: story1_may12_11.html Author: somasundran_kuruvath