കണ്ണാടി ഉള്ളതുകൊണ്ട് മാത്രമാണ്
ഞാന്‍ എന്നെ തിരിച്ചറിയുന്നത്.
രാവിലെ , വീര്‍ത്ത കണ്ണൂമായി
ചപ്രത്തലമുടിയുമായി ഞാന്‍
പകല്‍, തേച്ചുമിനുങ്ങിയ ഡ്രസ്സും
തിളങ്ങുന്ന ഷൂസും, ചുണ്ടിലൊരു സ്മിതവുമായ്
വൈകുന്നേരങ്ങളില്‍
നീലയും, മഞ്ഞയും , ചുവപ്പും കലര്‍ന്ന
ബാറിലെ വെളിച്ചത്തില്‍ കുളിച്ച്
രൂപമേ അറിയാതെ ഞാന്‍!..
ഞാന്‍ എന്നെ തിരിച്ചറിയുന്നത്
കണ്ണാടി നോക്കുമ്പോഴാണ്
കണ്ണാടി കണ്ടു പിടിച്ചില്ലായെങ്കില്‍
ഒരു പക്ഷെ ഞാന്‍ എന്നെ തിരിച്ചറിയില്ലായിരുന്നു
ഞാന്‍ എപ്പോഴും അങ്ങിനെയാണ്
എന്റെ രൂപം എന്താണ്?
നീ, എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്
അതാണ് ഞാന്‍
ഏതു തരം കണ്ണാടിയിലും എനിക്കു കയറി നില്‍ക്കാം
ഞാനൊരു മെഴുകു പ്രതിമയാണ്
എന്റെ രൂപം എപ്പോഴും മാറ്റാം
ചിലപ്പോഴത് പാറക്കല്ലുപോലെ തോന്നാം
ചിലപ്പോഴത് ജലാശയമായി മാറാം!
ഏത് സൂചിപ്പഴുതിനിടയില്‍ കൂടിയും
നൂര്‍ന്നിറങ്ങിച്ചെല്ലാം
ഇന്നു രാവിലെ കണ്ണാടി നോക്കിയപ്പോള്‍
എനിക്കു മനസിലായി
മെഴുകു പ്രതിമ എന്നോടു തോല്‍ക്കും
എഴുപതു ശതമാനവും ജലത്തില്‍ തീര്‍ത്ത
എനിക്കല്ലേ മെഴുകു പ്രതിമയേക്കാള്‍ വഴക്കം
Generated from archived content: poem1_may04_12.html Author: somasundran_kuruvath