അസുഖകരമായ ചിന്തയ്‌ക്ക്‌ സുഖകരമായ ഒരു മറുപടി

‘അച്ഛൻ കൊമ്പത്ത്‌’ എന്ന എന്റെ പുസ്‌തകത്തെക്കുറിച്ചുളള ഇലിപ്പക്കുളം രവീന്ദ്രന്റെ അസുഖകരമായ ചിന്ത കഴിഞ്ഞലക്കം ഉൺമയിൽ വായിച്ചു. തന്റെ ചിന്ത അസുഖകരമാണെന്ന്‌ രവീന്ദ്രനുതന്നെ ബോദ്ധ്യമുളള സ്ഥിതിക്ക്‌ ചികിത്സ എളുപ്പമാണ്‌. കാരണം, രോഗത്തെക്കുറിച്ചുളള ഒരു സാമാന്യജ്ഞാനമെങ്കിലും രോഗിക്കുളളത്‌ ചികിത്സയ്‌ക്ക്‌ ഗുണംചെയ്യുമെന്നാണ്‌ ഡോക്‌ടർമാരുടെ അഭിപ്രായം. ആ സാമാന്യജ്ഞാനം രവീന്ദ്രനുണ്ട്‌. രവീന്ദ്രനറിയാത്ത ചിലത്‌ ഞാൻ പറഞ്ഞുതരാം. ലക്ഷണം കണ്ട്‌ രോഗം നിർണ്ണയിക്കാനും അല്ലറ ചില്ലറ ചികിത്സ നിർദ്ദേശിക്കാനുമുളള സാമാന്യജ്ഞാനം എനിക്കുണ്ടെന്ന്‌ രവീന്ദ്രൻ ധരിക്കുക. ഞാനൊരു വൈദ്യന്റെ മകനാണല്ലോ. ‘മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും…’ എന്നാണല്ലോ പ്രമാണം.

ചിന്തയുടെ ഉറവിടം തലച്ചോറാണ്‌. തലച്ചോറിന്‌ അസുഖം ബാധിച്ചാൽ അതിൽ നിന്നുത്ഭവിക്കുന്ന ചിന്ത അസുഖകരമായിരിക്കും. പേടിക്കണ്ട….; രോഗകാരണം ഞാൻ കണ്ടെത്തി കഴിഞ്ഞു. അത്‌ രവീന്ദ്രന്റെ രാഷ്‌ട്രീയവിധേയത്വമാണ്‌. ‘രാഷ്‌ട്രീയവിധേയത്വം’ എന്നതുകൊണ്ട്‌ ഞാനുദ്ദേശിച്ചത്‌, ‘തിരുവായ്‌ക്ക്‌ എതിർവായില്ലെന്ന’മട്ടിൽ, സ്വന്തം അഭിപ്രായം മറച്ചുവച്ച്‌ രാഷ്‌ട്രീയ മേലാളന്മാരുടെ മുമ്പിലുളള രവീന്ദ്രന്റെ ആ ഓച്ഛാനിച്ചുനില്‌പാണ്‌. അവരുടെ പ്രീതി സമ്പാദിക്കാനുളള കസർത്താണ്‌. അത്‌ പൂർണ്ണമായി ഒഴിവാക്കണ്ട. കൈയിൽ കിട്ടിയതൊന്നും വിട്ടു കളയുകയും വേണ്ട.

ഇനി ചികിത്സ…

കണ്ണുകൾ ആകാവുന്നത്ര തുറന്നുപിടിച്ച്‌ നാലുപാടും നോക്കുക. കാതുകൾ ആകാവുന്നത്ര കൂർപ്പിച്ച്‌ ചുറ്റും ശ്രദ്ധിക്കുക. തലച്ചോറ്‌ ആർക്കും പണയംവയ്‌ക്കാതിരിക്കുക. ഇത്രയും പത്ഥ്യം തെറ്റാതെ അനുവർത്തിച്ചാൽ രവീന്ദ്രന്റെ സോക്കേട്‌ പെട്ടെന്ന്‌ ഭേദമാകാവുന്നതേയുളളു. രവീന്ദ്രൻ അതിന്‌ തയ്യാറാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1957- ലോക തൊഴിലാളിവർഗ്ഗം ആർപ്പു വിളിച്ചു… കുരവയിട്ടു….ലോകമുതലാളിത്തം ഞെട്ടിവിറച്ചു. ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിലെത്തി. അമേരിക്കൻ സാമ്രാജ്യത്വത്തിന്‌ ഇരിക്കപ്പൊറുതിയില്ലാതായി. അവർ നിയോഗിച്ച രണ്ട്‌ അമേരിക്കൻ ചിത്രകാരൻമാർ ഇങ്ങ്‌ കേരളത്തിലെത്തി. അവർ കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. അവർ ഒരു പുസ്‌തകമെഴുതി. ‘കമ്മ്യൂണിസം ഇൻ ഇന്ത്യ’ എന്നാണെന്നു തോന്നുന്നു അതിന്റെ പേര്‌. ആ പുസ്‌തകത്തിന്റെ രണ്ട്‌ അധ്യായങ്ങൾ ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തെയും, കെ.പി.എ.സിയേയും, തോപ്പിൽ ഭാസിയേയും കുറിച്ചാണ്‌. പുസ്‌തകം പറയുന്നു, ലോകത്താദ്യമായി ഇത്തരത്തിൽ ഒരു മാറ്റമുണ്ടാകാനുളള പ്രധാനകാരണം ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകമാണെന്ന്‌. രണ്ട്‌ കമ്മ്യൂണിസ്‌റ്റുപാർട്ടികളിലുംപെട്ട പല നേതാക്കളും ഇത്‌ ഉദ്ധരിച്ച്‌ ആവേശംകൊളളുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. ചരിത്രവസ്‌തുതകളെ ‘വളച്ചൊടിച്ചത്‌’ അമേരിക്കൻ ചരിത്രകാരന്മാരോ, നമ്മുടെ നേതാക്കളോ, അതോ സോമനോ?

ഉൺമ മോഹന്റെ നിരന്തരമായ നിർബന്ധത്തിനുവഴങ്ങി എന്റെ അച്‌ഛനെക്കുറിച്ച്‌ എഴുതാനിരുന്നപ്പോൾതന്നെ ഞാൻ ഒന്നു തീർച്ചപ്പെടുത്തിയിരുന്നു; പുസ്‌തകത്തിന്‌ രണ്ടുഭാഗങ്ങൾ ഉണ്ടാവണം. അതിലൊന്ന്‌, ഒരച്ഛനെക്കുറിച്ച്‌ മകന്‌ പറയാനുളളതാവണം. അടുത്തത്‌, ഒരു കലാകാരനും കമ്മ്യൂണിസ്‌റ്റുകാരനുമായിരുന്ന തോപ്പിൽഭാസി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന, ജീവിതാവസാനംവരെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്ന ഒന്നിന്റെ ഏറ്റുപറച്ചിലാവണം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി ഇന്ദ്രസദസ്സിൽ’ എന്ന ലഘുനാടകം ആ ഏറ്റുപറച്ചിലാണ്‌. അപ്പോൾ ‘ഒളിവിലെ ഓർമ്മകളി’ലും മറ്റും രവീന്ദ്രൻ വായിച്ചത്‌ അതിലുണ്ടാവാതെ തരമില്ലല്ലോ. അത്‌ മനസ്സിലാകാതെപോയ താങ്കൾ വസിക്കുന്നത്‌ കൂപത്തിലോ, മാളത്തിലോ?

‘വ്യക്തിനിഷ്‌ഠ ഇച്ഛകളല്ലല്ലോ ചരിത്രസൃഷ്‌ടിക്ക്‌ നിമിത്തമാകുന്നത്‌.’ കഷ്‌ടം! എവിടുന്നുകിട്ടി രവീന്ദ്രന്‌ ഈ പുത്തൻ സിദ്ധാന്തം? സ്വാതന്ത്ര്യം കാംക്ഷിക്കുമ്പോൾതന്നെ, അതിനുളള മാർഗ്ഗം ഹിംസയുടേതായിരിക്കരുത്‌ എന്ന ഗാന്ധിജിയുടെ വ്യക്തിനിഷ്‌ഠമായ ഇച്ഛയല്ലേ പില്‌ക്കാലത്തൊരു ദർശനവും ചരിത്രവുമൊക്കെയായ അഹിംസാസിദ്ധാന്തം. അടിച്ചമർത്തപ്പെട്ടവന്റെ മോചനം എന്ന മാർക്‌സിന്റെ വ്യക്തിനിഷ്‌ഠമായ ഇച്ഛയല്ലേ മാർക്‌സിസത്തിനാധാരം. മാർക്‌സിന്റെ സിദ്ധാന്തത്തിന്റെ ഫലപ്രാപ്‌തി എന്ന ലെനിന്റെ വ്യക്തിനിഷ്‌ഠമായ ഇച്ഛയല്ലേ ‘സർവരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ’ എന്ന ആഹ്വാനം; ‘നഷ്‌ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുളളത്‌ പുതിയൊരു ലോകം’ എന്ന മുദ്രാവാക്യം.

‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി ഇന്ദ്രസദസ്സിൽ’ എന്ന ലഘുനാടകത്തിലെ ഭാസിയുടെ ചില സംഭാഷണങ്ങൾ ശ്രദ്ധിക്കുക. “…പ്രസ്ഥാനത്തിന്‌ ഹാനികരമായേക്കുന്ന പരസ്യവിമർശനങ്ങൾ കർശനമായി നിയന്ത്രിക്കുകതന്നെവേണം. എന്നാൽ അർഹതപ്പെട്ട വേദികളിൽപോലും വരിയുടച്ച വണ്ടിക്കാളകളായിരിക്കണം പ്രവർത്തകരെന്ന നിലപാട്‌ നേതൃത്വത്തിനരുത്‌…‘ സോമനുദ്ദേശിച്ച അഭിപ്രായസ്വാതന്ത്ര്യം എന്താണെന്ന്‌ ഇനി എങ്ങനെയാണ്‌ പറഞ്ഞുതരേണ്ടത്‌? ശുദ്ധകലാവാദികളോട്‌ രവീന്ദ്രനെന്താ ഇത്ര നീരസം? ശുദ്ധമായതൊന്നും രവീന്ദ്രന്‌ പിടിക്കില്ല എന്നുണ്ടോ?

സഖാവ്‌ നായനാരുടെ ഭാര്യ ശാരദടീച്ചറെ ഓർത്ത സോമൻ ശ്രീമതി അമ്മിണിയമ്മയെ മറന്നതിൽ രവീന്ദ്രൻ വിലപിക്കുന്നു. രവീന്ദ്രൻ, താങ്കൾ തോപ്പിൽ ഭാസിയുടെ ആത്മകഥയുടെ രണ്ടാംഭാഗമായ ’ഒളിവിലെ ഓർമ്മകൾക്കുശേഷം‘ ഒന്നു വായിക്കുക. അതിൽ തോപ്പിൽഭാസിയും കാമ്പിശ്ശേരിയും താമ്രപത്രവും സ്വാതന്ത്ര്യ സമരപെൻഷനും വാങ്ങാതിരുന്നതിനുളള കാരണം വിശദീകരിക്കുന്നുണ്ട്‌.

ഭാസിയും കാമ്പിശ്ശേരിയും മധ്യതിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരത്തിൽ മുൻനിന്ന്‌ പ്രവർത്തിച്ച അവസരത്തിൽ സി.എം.സ്‌റ്റീഫൻ സി.പി പക്ഷത്തായിരുന്നു. സി.പിയുടെ അഞ്ചുരൂപ പോലീസിന്റെ സംഘാടകരിൽ ഒരാളായിരുന്നു. പില്‌ക്കാലത്ത്‌, ബന്ധപ്പെട്ട എം.പി എന്ന നിലയിൽ ആ സ്‌റ്റീഫനിൽനിന്നായിരുന്നു ഭാസിക്കും കാമ്പിശ്ശേരിക്കും താമ്രപത്രം സ്വീകരിക്കേണ്ടിയിരുന്നത്‌. അവർ ഇരുവരും ചേർന്ന്‌ ആ നാണംകെട്ട പണിക്ക്‌ പോകണ്ടാ എന്നങ്ങ്‌ തീരുമാനിച്ചു. അതല്ലാതെ, താമ്രപത്രത്തോടോ പെൻഷനോടോ ഉളള നിഷേധമായിരുന്നില്ല അതിനുപിന്നിൽ.

ഭാസി ജീവന്മരണപോരാട്ടത്തിൽപെട്ട്‌ ആശുപത്രിയിൽ കഴിയുന്ന കാലത്ത്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ്‌ നായനാർ ഉൾപ്പെടെ പലരും പെൻഷൻ വാങ്ങാൻ നിർബന്ധിച്ചു. (പെൻഷൻ വാങ്ങിയാൽ ചികിത്സയ്‌ക്ക്‌ ചെലവായ വലിയ തുക തിരികെ കിട്ടും.) അന്ന്‌ കാമ്പിശ്ശേരി മരിച്ചിരുന്നു. ഭാസി തന്റെ സ്‌നേഹിതനെ ഓർത്തു. പെൻഷൻ വാങ്ങണ്ടായെന്ന്‌ തീരുമാനിച്ചു. ഭാസിയുടെ ഈ വരികൾ ശ്രദ്ധിക്കുകഃ ”രാഷ്‌ട്രീയനേതാക്കളാരും തന്നെ ആദർശനിഷ്‌ഠ കാണിക്കുന്നില്ലെന്ന്‌ ഇപ്പോൾ ബോദ്ധ്യമുളളതുകൊണ്ട്‌ തികച്ചും അർഹമായ സാമ്പത്തികാനുകൂല്യം സ്വീകരിക്കാതിരുന്നത്‌ മണ്ടൻ ആദർശമായിപ്പോയെന്ന്‌ ഇപ്പോൾ തോന്നാറുണ്ട്‌.“ (ഒളിവിലെ ഓർമ്മകൾക്കുശേഷം, പേജ്‌ 342-343)

തന്റെ പേനയിലെ മഷി വറ്റാതിരുന്നതുകൊണ്ട്‌ തോപ്പിൽ ഭാസിക്ക്‌ ആ സാമ്പത്തിക ആനുകൂല്യം സ്വീകരിക്കേണ്ടിവന്നില്ല. പക്ഷെ, അമ്മിണിയമ്മയ്‌ക്ക്‌ അത്‌ വേണ്ടിവന്നു. സ്വീകരിച്ചതിലെന്താ തെറ്റ്‌. ഇതും ശാരദടീച്ചറുടെ പ്രവർത്തിയും തമ്മിൽ കൂട്ടിക്കുഴച്ചത്‌ കൂപമണ്ഡൂകബുദ്ധി പോലുമല്ല, തികഞ്ഞ അല്‌പത്തരമാണ്‌. ഭൗതികവാദത്തിലധിഷ്‌ഠിതമായ പ്രത്യയശാസ്‌ത്രമാണ്‌ മാർക്‌സിസം. മരണംവരെ ഒരു ഉറച്ച മാർക്‌സിസ്‌റ്റായിരുന്ന സഖാവ്‌ നായനാരുടെ ആത്മാവിന്‌ ’നിത്യശാന്തി‘ നേടിക്കൊടുക്കാനുളള ശാരദടീച്ചറുടെ പ്രവർത്തിയെയാണ്‌ ഞാൻ വിമർശിച്ചത്‌. ശാരദടീച്ചർ, അമ്മിണിയമ്മ, കാമ്പിശ്ശേരിയുടെ ഭാര്യ-ശരിയേത്‌, തെറ്റേത്‌ എന്ന്‌ രവീന്ദ്രന്‌ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?

അഹങ്കാരമെന്ന്‌ ധരിച്ചാലും വിരോധമില്ല, ’അച്ഛൻകൊമ്പത്ത്‌‘ പ്രസിദ്ധീകരിക്കുന്നതിനുമുമ്പുതന്നെ ഞാൻ അല്‌പസ്വല്‌പം പ്രശസ്‌തനായിരുന്നു. എന്റെ ആദ്യപുസ്‌തകമായ ’മാനവീയ‘ത്തിന്‌ വായനക്കാരുടെയും നിരൂപകരുടെയും സാമാന്യം ഭേദപ്പെട്ട അഭിപ്രായം കിട്ടുകയുണ്ടായി. 2003-ലെ അബുദാബി ശക്തി അവാർഡും കിട്ടി. രംഗകല എന്ന നിലയിലും ’മാനവീയം‘ ശ്രദ്ധിക്കപ്പെട്ടു. ഇത്‌ ഒരുവശം. മറുവശം, അഭിമാനിക്കത്തക്ക പൈതൃകമുളളവർ ഇടയ്‌ക്കൊക്കെ അതൊന്ന്‌ ഓർത്തെന്നിരിക്കും. രവീന്ദ്രനെന്തിനാ സങ്കടപ്പെടുന്നത്‌? രവീന്ദ്രനോട്‌ ഒട്ടും ഈർഷ്യ ഇല്ല. വിവരദോഷം കൊണ്ടെന്തോ പറഞ്ഞെന്നുവച്ച്‌, നമ്മളെന്തിനാ വെറുതേ..

കടപ്പാട്‌ ഃ ഉൺമ മാസിക

Generated from archived content: essay1_june15_05.html Author: soman_thoppilbhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here