ഇത്തവണ ക്രിസ്ത​‍്യാനികൾ ക്രിസ്തുമസ്‌ ആഘോഷിക്കുന്ന വിധം

ഏറെ വ്യത്യസ്തമായ ഒരു അവസ്ഥയിലാണ്‌ കേരളത്തിലെ ക്രൈസ്തവ ജനതയെ സംബന്ധിച്ച്‌ ഇത്തവണത്തെ ക്രിസ്തുമസ്‌ ആഘോഷം. ചട്ടപ്പടിയിലുള്ള ആചാര രീതികൾ തിരുത്തി വിശ്വാസികളുടെ ആരാധനാക്രമത്തിൽ മാറ്റം വരുത്തിയിട്ടൊന്നുമല്ല ഈ വ്യത്യസ്തത. മറിച്ച്‌ കേരളത്തിലെ സഭ അവരുടെ വിശ്വാസികൾക്ക്‌ നൽകിയ രണ്ട്‌ ഉത്തരവുകൾ എന്നു പറയാവുന്ന രീതിയിലുള്ള നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇത്തവണത്തെ ക്രിസ്തുമസ്‌. അതിലൊന്ന്‌ ഇത്തവണത്തെ ക്രിസ്തുമസ്‌ മദ്യവിമുക്തമാകണം എന്ന വളരെ നിഷ്‌കളങ്കമായ സഭയുടെ സന്ദേശമാണ്‌.

നേർക്കുനേർ നോക്കിയാൽ തികച്ചും നന്മ ലാക്കാക്കി കൊണ്ടുള്ള സന്ദേശമായി മാത്രമേ നമുക്കിതിനെ കാണാൻ കഴിയൂ. അത്തരത്തിൽ മാത്രമേ അതിന്റെ വ്യാഖ്യാനത്തിന്‌ ഇടമൊള്ളുതാനും. നല്ല കുടിയന്മാരെ വിളിച്ച്‌ നല്ല ഇടയന്മാർ എക്കാലവും പറയുന്ന ഈ ഉപദേശം ഇന്നുവരെ ഇല്ലാത്തവണ്ണം കേരളീയ പൊതുസമൂഹത്തിന്റെ മുന്നിലേക്ക്‌ സഭ എടുത്തിടുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി നാം അന്വേഷിക്കേണ്ടതുണ്ട്‌. സഭ അതിന്റെ രാഷ്ര്ടീയ ഇടപെടലുകൾ വിമോചന സമരകാലത്തെപ്പോലെ സജീവമായി ചിന്തിക്കുന്ന ഒരു സമയത്താണ്‌ ഇത്തരമൊരു സന്ദേശത്തിന്റെ പ്രസക്തി നോക്കിക്കാണേണ്ടത്‌.

ഇതുപോലെ തന്നെയാണ്‌ അത്യധികം അപകടമെന്നു തോന്നുന്ന മാർ ജോസഫ്‌ പൗവ്വത്തലിന്റെ വിദ്യാഭ്യാസ പ്രസ്താവന. ക്രിസ്ത​‍്യൻ കുട്ടികളെല്ലാം ക്രൈസ്തവ മാനേജുമെന്റുകളുടെ സ്‌കൂളിൽ മാത്രം പഠിച്ചാൽ മതി എന്ന പൗവ്വത്തിൽ പിതാവിന്റെ ക്രൈസ്തവ ജനതയോടുള്ള നിർദ്ദേശം ഏറെ പകപ്പോടെയാണ്‌ പലരും കണ്ടത്‌.

ഈ രണ്ടു സന്ദേശങ്ങളിൽ ഏതു ശരി, ഏതു തെറ്റ്‌ എന്നതിനപ്പുറം ഇത്‌ പുറപ്പെടുവിച്ച രാഷ്ര്ടീയപരിസ്ഥിതികളാണ്‌ നാം ഇവിടെ ചർച്ച ചെയ്യേണ്ടത്‌.

മദ്യപാനം സമൂഹത്തിനാകെ ദോഷമാണെന്നും അത്‌ തുടച്ചു മാറ്റേണ്ടത്‌ അത്യാവശ്യമാണെന്നും തിരിച്ചറിവുള്ള ഒരുപാടു പേർ ജീവിക്കുന്ന ഇടമാണ്‌ കേരളം. ഇത്തരം പ്രവർത്തനങ്ങളിൽ ക്രൈസ്തവ സഭയുടെ പല നടപടികളും സ്വാഗതാർഹം തന്നെയാണ്‌ താനും. അതുകൊണ്ടു തന്നെ സഭയ്‌ക്ക്‌ മുഴുക്കുടിയന്മാരായ വിശ്വാസികളെ കുടിക്കരുതെന്ന്‌ ഉപദേശിക്കാം അവർക്ക്‌ നോട്ടീസു നൽകാം. അവരുടെ കുഞ്ഞുകുട്ടി പരാധീനങ്ങൾക്കും അമ്മ പെങ്ങന്മാർക്കും ഏറെ ആശ്വാസകരമാകും അത്‌. പണ്ട്‌ നാരായണഗുരു പറഞ്ഞ വാചകങ്ങളാണ്‌ ഓർമ്മയിൽ വരുന്നത്‌. “മദ്യം ഉണ്ടാക്കരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌” എന്ന ഗുരുദേവ ഉപദേശം ഗുരുവിന്റെ ‘പിന്മുറക്കാർ’ വളരെ ‘മാന്യമായി’തന്നെയാണ്‌ പിന്തുടർന്നത്‌.

എന്തായാലും സഭ അത്രയും കടുത്തുപറഞ്ഞില്ല. മദ്യം ഉണ്ടാക്കരുതെന്നും, വിൽക്കരുതെന്നും ഒഴിവാക്കി കുടിക്കരുതെന്നു മാത്രമാണ്‌ പറഞ്ഞത്‌. എത്ര സത്യസന്ധമായ നിലപാട്‌. കേരളത്തിലെ മദ്യമുതലാളിമാരിലും ബാർ ഉടമകളിലും എത്ര ശതമാനം ക്രൈസ്തവരുണ്ടെന്ന്‌ ഈ സഭാ നേതൃത്വത്തിന്‌ കൃത്യമായറിയാം എന്നതിന്റെ അച്ചട്ട ഉദാഹരണങ്ങളാണിത്‌. സഭ ഒരു ക്രൈസ്തവ മദ്യ മുതലാളിക്കും ഒരു ബാർ ഉടമസ്ഥനും ഒരു ഇടയലേഖനം അയച്ചതായി നാം അറിഞ്ഞിട്ടില്ല. ഇനി അങ്ങിനെയൊന്ന്‌ അയക്കാനുള്ള മനോബലം കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിന്‌ ഉണ്ടാകില്ലെന്നും നമുക്കറിയാം. മുട്ടിനു മുട്ടിന്‌ കുരിശടിയും, പള്ളിയും പണിയാൻ, സാധാരണ രാഷ്ര്ടീയക്കാർക്ക്‌ കിട്ടുന്നതുപോലെ ഓരോ മദ്യരാജാക്കന്മാരുടെ കയ്യിൽ നിന്നും വേണ്ടത്‌ വേണ്ട സമയത്ത്‌ സഭയ്‌ക്കും കിട്ടുന്നുണ്ടാകണം. അല്ലേൽ പിന്നെ ക്രിസ്തുമസ്‌ദിനങ്ങളിൽ കേരളത്തിലെ സകല മദ്യകേന്ദ്രങ്ങൾക്കും മുന്നിൽ ഒരു പന്തലിട്ട്‌ പട്ടക്കാരും പള്ളി പ്രമാണികളും ചേർന്ന്‌ ഒരു ധർണ നടത്തണം. എന്നിട്ട്‌ ഓരോ ഇടവകയിലേയും കുഞ്ഞാടുകൾ വരുമ്പോൾ ഉപദേശിച്ച്‌ തിരിച്ചയക്കണം. അല്ലാതെ നോട്ടീസിലൊതുക്കി കാര്യം അവസാനിപ്പിച്ചാൽ എന്തു ഫലം.

അപ്പോൾ പിന്നെ എന്തായിരുന്നു ഇടയലേഖന ഉദ്ദേശം. മറ്റൊന്നുമായിരിക്കില്ല, മറിച്ച്‌ സഭയും അതിന്റെ മാനേജുമെന്റുകൾക്കും വിദ്യാഭ്യാസക്കച്ചവടവും മറ്റ്‌ തരികിട പരിപാടികളും മാത്രമല്ല; ഇത്തരം നാല്‌ നല്ല വർത്തമാനങ്ങളും കൂടി പറയാൻ അറിയാം എന്ന്‌ വിശ്വാസികളെ അറിയിക്കുകയാണ്‌.

മക്കൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റു കിട്ടാൻ ലക്ഷങ്ങൾ വേണമെന്ന വലിയ സത്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന പാവപ്പെട്ട ക്രിസ്ത​‍്യാനികൾക്ക്‌ ഇത്തരം ഇടയപേച്ചുകൾ ആശ്വാസം തന്നെയായിരിക്കും. കാശുകൊടുത്ത്‌ നമ്മുടെ മക്കൾക്ക്‌ പഠിക്കാനൊത്തില്ലെങ്കിലും കണവന്റെ കള്ളുകുടി നിൽക്കുമല്ലോ എന്ന്‌ പാവം അമ്മമാർ വിശ്വസിക്കും. അങ്ങിനെ സഭയുടെ വിദ്യാഭ്യാസകച്ചവടമടക്കമുള്ള പരിപാടികളിൽ സംശയം തോന്നുന്ന എല്ലാ അമ്മമാർക്കും, പെങ്ങന്മാർക്കും, ഭാര്യമാർക്കും ഇത്തരം പൊടിമരുന്നുകൾ ഇത്തരം എല്ലാ ആശങ്കജനകമായ ദിനങ്ങളിലും സഭ നൽകാറുണ്ട്‌. ഇത്തവണ അത്‌ കള്ളുകുടി വിരുദ്ധ ക്രിസ്തുമസ്‌ എന്ന പേരിലാണെന്നു മാത്രം. അല്ലാതെ നല്ല കള്ളുകച്ചവടക്കാരനെ പിണക്കി എന്ത്‌ കള്ളു നിരോധനം. അതിനുള്ള ചാട്ടവാറൊന്നും ഒരുവിധപ്പെട്ട പിതാക്കന്മാരുടെ കൈകളിലില്ല.

കള്ളുകുടി നിരോധനം മുൻപുപറഞ്ഞതുപോലെ നിഷ്‌കളങ്കമായി തോന്നാമെങ്കിലും, നമ്മുടെ പിള്ളേർ നമ്മുടെ പള്ളിക്കൂടത്തിൽ പഠിച്ചാൽ മതിയെന്ന പൗവ്വത്തിൽ തിരുമേനിയുടെ സ്നേഹസന്ദേശം ഒരുപക്ഷെ കേരളം കാണാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനയായിട്ടാണ്‌ തോന്നുന്നത്‌.

തീർച്ചയായും നിലവിലിരിക്കുന്ന സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരായി സഭ നടത്തിയ പ്രതിഷേധങ്ങളെ പിൻപറ്റിയാണ്‌ പിതാവ്‌ ഇതു പറഞ്ഞതെങ്കിലും പിതാവ്‌ ഉദ്ദേശിച്ചതിനപ്പുറം മറ്റുചില ഇടങ്ങളിൽ ഇതുകൊണ്ടു എന്നതാണ്‌ സത്യം. പിതാവ്‌ പറഞ്ഞത്‌ കടുത്തുപോയി എന്ന്‌ ഏത്‌ സാംസ്‌കാരിക നേതാക്കളും രാഷ്ര്ടീയ പ്രവർത്തകരും പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, അങ്ങിനെ പറഞ്ഞവരുടെ എണ്ണം തുലോം കുറവായിരുന്നുതാനും. പക്ഷെ തീവ്രഹൈന്ദവ നേതൃത്വം അലങ്കരിക്കുന്ന കുമ്മനം രാജശേഖരന്റെ പ്രതികരണം ഒരുപക്ഷെ പൗവ്വത്തിൽ ശ്രദ്ധിച്ചുകാണില്ല. പിതാവിനു മുന്നിൽ തങ്ങളുടെ ‘വിദ്യാഭ്യാസ നിധി’യിൽ കൈയ്യിട്ടു വാരാൻ വരുന്ന സർക്കാർ മാത്രമല്ലേയുള്ളൂ.

പണ്ട്‌ ഈ നാട്ടിൽ കപ്പലിറങ്ങിയവർക്കെല്ലാം പള്ളിയും പള്ളിക്കൂടവും പണിയാൻ തയ്യാറായ ഒരു സംസ്‌കാരം അതിന്റെ പൂർണ അർത്ഥത്തിൽ ഇന്നുണ്ടെന്ന്‌ വിശ്വസിക്കുക വയ്യ. കാലമേറെ മാറി, മതേതരത്വം എന്നതിന്റെ അർത്ഥം എത്രയും വികൃതമായി പരിണതിപ്പെട്ട ഒരു കാലമാണിത്‌.

വടക്കേ ഇന്ത്യയിൽ പലയിടത്തും മിഷണറി പ്രവർത്തനങ്ങൾക്കായെത്തുന്ന പാതിരിമാരും കന്യാസ്ര്തീകളും വെട്ടേറ്റും കത്തിക്കരിഞ്ഞും കൊല്ലപ്പെടുമ്പോൾ കേരളം അതിനപവാദമായി നിൽക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ ചിന്തിക്കണം. ഇവിടെ ഇത്തരം മരണങ്ങളിൽ പലതും മഠങ്ങളിലും ധ്യാനകേന്ദ്രങ്ങളിലുമാണെന്ന്‌ ഓർക്കണം. ഇടതുപക്ഷമടക്കമുള്ള നവോത്ഥാന പ്രസ്ഥാനങ്ങളടക്കം ഉണ്ടാക്കിയ വലിയൊരു സാംസ്‌കാരിക അന്തരീക്ഷം ഇന്നും കേരളത്തിലുണ്ട്‌ എന്നതാണ്‌ ഇതിനുത്തരം.

മാറാടുകൾ പോലും ഒറ്റപ്പെട്ട സംഭവമാകുന്നത്‌ അതുകൊണ്ടാണ്‌. അത്‌ പിണറായി, അച്യുതാനന്ദൻ, ബേബി തുടങ്ങിയ ചെറിയ ചതുരങ്ങളിൽ വായിക്കപ്പെടേണ്ടതല്ല. അതിനപ്പുറം നമ്മുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണത്‌. മാനേജ്‌മെന്റ്‌ കോട്ടയിലെ കുറച്ചു സീറ്റു പോകുമെന്നു കരുതി, സർക്കാരിനോട്‌ പറയേണ്ട ഭാഷയിൽ പറയാതെ, ക്രിസ്ത​‍്യൻ പിള്ളേരെല്ലാം ക്രിസ്ത​‍്യൻ പള്ളിക്കൂടങ്ങളിൽ പഠിച്ചാൽ മതി എന്നു പറയുന്നത്‌, ഇത്തരം സാംസ്‌കാരിക മനസുള്ളവരുടെ നെഞ്ചിലാണ്‌ കൊള്ളുന്നത്‌. ഇത്‌ കേൾക്കുന്നവൻ ഹിന്ദുവാണെങ്കിൽ കാവിയുടുക്കാൻ സമയമേറെ വേണ്ടിവരില്ല.

നാലു ചുവരുകൾക്കുള്ളിലെ സഭ മാത്രമല്ല ലോകം എന്ന്‌ നേതൃത്വം തിരിച്ചറിയണം. കൃത്യമായി രാഷ്ര്ടീയം പറയാനും സഭ പഠിക്കണം. സി.പി.എമ്മിനോട്‌ അതിന്റെ വഴിയെതന്നെ എതിർക്കണം. അല്ലാതെ, വല്ലാതെ നില പരുങ്ങലിലാകുമ്പോൾ ചറപറ വെടിവെയ്‌ക്കരുത്‌. അത്‌ സ്വന്തം അടിത്തറ തന്നെ തോണ്ടിയേക്കും…

അതുകൊണ്ട്‌ ഇത്തവണ നന്നായിതന്നെ ക്രിസ്തുമസ്‌ ആഘോഷിക്കാം. ഏതായാലും സഭാവിശ്വാസികളുടെ മദ്യഷാപ്പ്‌ പൂട്ടാൻ ഒരു ഇടയലേഖനവും ഇല്ലാത്ത സ്ഥിതിക്ക്‌ ക്രിസ്തുമസിന്റെ അന്ന്‌ രണ്ട്‌ പെഗ്ഗടിച്ചാലും കുഴപ്പമില്ല. പിന്നെ പിള്ളേർക്ക്‌ നല്ല വിദ്യാഭ്യാസം കിട്ടണമെങ്കിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഏത്‌ പള്ളിക്കൂടത്തിൽ വേണമെങ്കിലും ചേർക്കാം, മാനേജ്‌മെന്റ്‌ ഫീസ്‌ കുറഞ്ഞ ഇടം ഏതാണെന്നുകൂടി നോക്കണേ…. കർത്താവ്‌ ചാട്ടവാറുമായി വരില്ലെന്ന്‌ ഉറപ്പുള്ള കാലത്തോളം ഇങ്ങനെയൊക്കെ പോകട്ടെ….

Generated from archived content: politics1_dec22_07.html Author: soji_antony

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here