എത്ര വളര്‍ന്നാലും നീയെന്‍ പൊന്മകള്‍ കുഞ്ഞല്ലേ
എന്‍ മടിത്തട്ടില്‍ കളിക്കുന്ന പൈതലെ
അമ്മിഞ്ഞ പാല്‍മണം ഇന്നും മണക്കുന്നു ഞാന്‍
എന്‍ കുഞ്ഞേ നീ എന്റെ ചാരത്തിരിക്കുമ്പോള്‍
ഇന്നലെ വരെ നീ എന്‍ തണലില്‍ വളര്‍ന്നു
ഇന്നു നീ ആകാശ സീമ തേടി പറന്നു
അകന്നു പോവുകയില്ല നീ ഒരിക്കലും
അമ്മതന്‍ മനസില്‍ നീ എന്നും കളിക്കുന്നു
നീ പിച്ച വച്ചു നടന്ന മണ്ണില്‍
ഓടിക്കളിച്ചു വളര്‍ന്ന തൊടിയില്‍
അമ്മതന്‍ കാലുകള്‍ പതിയുമ്പോള്‍ കൂടെ
ഇന്നും രണ്ടു കുഞ്ഞോമല്‍ കാല്‍പ്പാടുകള്‍ പതിയുന്നു.
എല്ലാം ഈ മനസിന്‍ വിരിയുന്ന മോഹങ്ങള്‍
നിന്‍ വഴി തേടി നീ പോയി മറഞ്ഞില്ലേ
കൂടെ ഇരിക്കുവാന്‍ കൂടെ കളിക്കുവാന്‍
അമ്മതന്‍ നെഞ്ചോടു ചേര്‍ന്നൊന്നുറങ്ങുവാന്‍
താരാട്ടു പാട്ടൊന്നു വീണ്ടും മൂളുവാന്‍
താരിളം മേനിയില്‍ വീണ്ടും തലോടുവാന്‍
പൊന്മകള്‍ കവിളില്‍ കുഞ്ഞുമ്മകള്‍ നല്‍കുവാന്‍
നിന്റെ ലോകത്തില്‍ വീണ്ടൂം ഞാന്‍ മാത്രമായി തീരുവാന്‍
അമ്മതന്‍ മോഹങ്ങള്‍ സ്വാര്‍ത്ഥമാണെങ്കിലും
എന്‍ കുഞ്ഞേ നീ എന്റേതെന്നറിയുക
എന്റെ ജീവനും ആത്മാംശവും നീയല്ലേ
എന്നില്‍ നിന്നും പിരിഞ്ഞു നീ നില്‍ക്കുവതെങ്ങിനെ
എന്നിലേക്കെത്തുവാന്‍ ദൂരമേറെയില്ലെന്റുണ്ണി
കണ്ണൊന്നടച്ചു നീ അമ്മേ എന്നു വിളിക്കുക
പൊക്കിള്‍ക്കൊടിയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന നമ്മിളില്‍
ആത്മസംവേദനത്തിനു വേറെ വാക്കു വേണ്ട
അമ്മയെ അറിയുക എന്‍ കുഞ്ഞേ നീ എന്നെങ്കിലും
അന്നു നീ അറിയും നിന്നിലെ നിന്നെ തന്നെ
സ്നേഹം തളിര്‍ക്കട്ടെ നിന്നുള്ളില്‍ അലിവു വളരട്ടെ
നിന്റെ ലോകം നന്മയാല്‍ പൂരിതമാകട്ടെ…
Generated from archived content: poem1_may19_13.html Author: smitha-arunkumar