മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒട്ടകം എന്ന കഥ വായിക്കുക.
എല്ലാവരും അവനെ ഒട്ടകം എന്നാണ് വിളിക്കുന്നത്.
നീണ്ടുമെലിഞ്ഞ കമ്പിത്തൂണുകൾപോലുള്ള കാലുകൾ; കട്ടപ്പാരകൾ പോലുള്ള കൈകൾ, നീണ്ട കഴുത്തുള്ള ചീനഭരണിപോലുള്ള നെഞ്ഞ്, ഈ ഘടകങ്ങൾക്കു മുകളിൽ ഉണങ്ങിയ മച്ചിത്തേങ്ങാപോലുള്ള ഒരു തലയും അതാണ് ഒട്ടകം.
വെള്ളം നിറച്ച വലിയൊരു പീപ്പവണ്ടിയും വലിച്ചുകൊണ്ട് ഒട്ടകം രാവിലെയും വൈകുന്നേരവും തെരുവിലൂടെ നീങ്ങുന്നത് ഒരു കാഴ്‌ചതന്നെയാണ്. നാലു ചെറിയ ചക്രങ്ങളുള്ള ആ പീപ്പവണ്ടി വികൃതസ്വരം പുറപ്പെടുവിച്ചുകൊണ്ട് പ്രസവമടുത്ത പോർക്കിനെപ്പോലെ നിരങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതിനെ പിന്നിൽനിന്നു തള്ളിക്കൊടുക്കുകയാണെന്ന നാട്യത്തിൽ അഞ്ചാറു പിള്ളേരേയും കാണാം. പിള്ളേരിൽ ചിലർ തമ്മിൽ വഴക്കടിച്ച് ചില വികൃത ഗോഷ്‌ടികൾ കാട്ടി പിറുപിറുത്തുകൊണ്ട് നടക്കുകയായിരിക്കും. ചിലർ കഴുത്തു തിരിച്ച് തെരുവിലെ തമാശകൾ നോക്കി ഇളിക്കുന്നുണ്ടാകും. വണ്ടിയെ തൊടാതെ അതിനെ ചൂണ്ടിക്കൊണ്ടാണ് എല്ലാവരും പിറകിൽ നീങ്ങുന്നത്. ഒട്ടകം അതൊന്നും അറിയുന്നില്ല. മൂപ്പർ ഒറ്റയ്‌ക്കു മുൻപിൽ, കൈകൾ രണ്ടും വണ്ടിയുടെ ഇരുമ്പുകൊളുത്തിനോടു പിണച്ചുകെട്ടി, ചുണ്ടുകൾ ബലമായി അമർത്തിപ്പിടിച്ച് മുഖമുയർത്തി, മുൻപോട്ടു ചാഞ്ഞു വലിഞ്ഞുകൊണ്ടങ്ങനെ നീങ്ങുന്നുണ്ടാകും. ഇടയ്‌ക്ക് കീഴ്‌ചുണ്ടുനീട്ടി മൂക്കുചുളിച്ച് തെരുവിന്റെ ഇരുവശത്തേക്കും ഒന്നു നോക്കും. ആ വികൃതമായ നോട്ടമാണ് അവന് ഒട്ടകം എന്ന പേര് സമ്പാദിച്ചുകൊടുത്തത്.
ഹോട്ടലിലെ തീൻമേശപ്പുറത്തു വിരിച്ച് പഴകി നാറിയ ഒരു തുണിക്കഷ്‌ണമാണ് അവൻ ഉടുത്തിരിക്കുന്നത്. കൂടാതെ വലത്തെ കണങ്കാലിന്റെ നടുവിലായി ഒരു ശീലക്കഷ്‌ണവും സദാ ചുറ്റിക്കാണാം. ഏറെ കൊല്ലങ്ങൾക്കപ്പുറം പറ്റിയ ഒരു മുറിവിന്റെ സ്‌മരണയാണത്. മുറിവു പറ്റേ ഉണങ്ങി മീതെ രോമം മുളച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ആ ശീലക്കഷ്‌ണം അവൻ അങ്ങനെതന്നെ വച്ചുകൊണ്ടിരിക്കയാണ്. അതെങ്ങാനും കെട്ടഴിഞ്ഞുപോയാൽ താൻ ഉടനെ മറിഞ്ഞുവീണു മരിച്ചുപോകുമെന്നോ മറ്റോ ആയിരിക്കാം അവന്റെ വിചാരം. കാലിലെ ഒരലങ്കാരംപോലെയാണ് അവനത് കൊണ്ടുനടക്കുന്നത്.
ഹോട്ടലിന്റെ പിറകിൽ വിറകുപുരയുടെ ഒരരികൽ, എച്ചിൽ തൊട്ടിയുടെ സമീപത്താണ് അവന്റെ വിശ്രമസ്‌ഥാനം. വൈകുന്നേരം ജോലിയും കഴിഞ്ഞ് ഒരു കഷ്‌ണം ചുരുട്ടും വലിച്ചുകൊണ്ട് അവൻ അവിടെ കഴുത്തും നീട്ടി നിവർന്നിരിക്കും. അവന്റെ സഹായികളായ തെരുവുപിള്ളേർ അവന്റെ പുറത്തും ചുമലിലും കെട്ടിമറിഞ്ഞു കളിക്കാൻ തുടങ്ങും. അവന് അതൊരു നേരംപോക്കാണ്. കുറേനേരം അങ്ങനെ ഇരുന്നതിനുശേഷം അവൻ പെട്ടെന്നു ചാടിയെഴുന്നേല്‌ക്കും. പിള്ളേർ പട്ടികുട്ടികളെപ്പോലെ താഴെ പിരണ്ടു വീഴുകയും ചെയ്യും. ആ തമാശ കണ്ട് അവൻ കഴുതക്കരച്ചിലിന്റെ സ്വരത്തിൽ പൊട്ടിച്ചിരിക്കും.
ഒട്ടകവും ആ പിള്ളേരും പട്ടണത്തിലെ ആ വലിയ ഹോട്ടലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഹോട്ടലിലെ ആവശ്യത്തിനുള്ള വെള്ളം മുഴുവനും അടുത്ത ചിറയിൽനിന്നു പീപ്പവണ്ടിയിലാക്കി കൊണ്ടുവരിക, അതാണവന്റെ ജോലി. പതിനാറു കൊല്ലമായി ഈ ജോലി അവൻ മുടങ്ങാതെ നിർവഹിച്ചു വരുന്നു.
പതിനാറുകൊല്ലം മുൻപത്തെ അവന്റെ ജീവിതത്തെപ്പറ്റി ആർക്കും അറിഞ്ഞുകൂടാ. ആരും അന്വേഷിച്ചിട്ടുമില്ല. ആ പീപ്പവണ്ടിയുട ഒരു ഘടകമായിട്ടല്ലാതെ മറ്റൊരു തരത്തിൽ അവന്റെ ജീവിതത്തെ വിഭാവനം ചെയ്യാൻ സാദ്ധ്യമല്ലാതായിത്തീർന്നിരിക്കുന്നു.
അങ്ങനെ അവൻ ജീവിച്ചു. “എട്ടാൾക്കുള്ള ഊണ് ഒറ്റയ്‌ക്ക് ശാപ്പിടുന്ന പഹയൻ!” അങ്ങനെയൊരു പരാതിയേ ഹോട്ടൽ മാനേജർക്ക് ഒട്ടകത്തിന്റെ പേരിലുണ്ടായിരുന്നുള്ളൂ. വെള്ളം കൊണ്ടുവരുന്നതിനും പുറമെ ഹോട്ടലിലെ വിറകു കീറുന്ന ജോലിയും അവൻതന്നെ നിർവഹിച്ചുപോന്നു.
ആഗസ്‌റ്റ് വിപ്ലവംകൊണ്ട് ഇന്ത്യ കലങ്ങി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒട്ടകം അതൊന്നും അറിഞ്ഞില്ല. ഈ ലോകത്തിൽ അസാധാരണമായി ചിലതു നടക്കുന്നണ്ടെന്നു രണ്ടു പ്രാവശ്യം മാത്രം അവനനുഭവപ്പെട്ടു.
ഒരു ദിവസം രാവിലെ പതിവുപോലെ അവൻ പീപ്പവണ്ടിയും നിറച്ച് വരികയായിരുന്നു. വഴിക്കരികിലുള്ള ഒരു ഫാക്‌ടറിയുടെ മുൻപിൽ പിക്കറ്റിംഗു നടന്നുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു ലോറി നിറയെ പോലീസുകാർ പ്രത്യക്ഷപ്പെട്ടു. അവർ പിക്കറ്റു ചെയ്യുന്നവരെയും കാണികളെയും പരക്കെ ലാത്തിച്ചാർജു തുടങ്ങി. ആ ബഹളത്തിലാണ് ഒട്ടകം പീപ്പവണ്ടിയും വലിച്ചുകൊണ്ട് അവിടെച്ചെന്നു പെട്ടത്. അവൻ പീപ്പവണ്ടി താഴെയിട്ട് ഓടി. പാച്ചിലിൽ അവന്റെ പുറത്തും ഒരടി വീണു. പുറത്തു രണ്ടുകൈയും അമർത്തിപ്പിടിച്ചുകൊണ്ട് അവൻ തിരിഞ്ഞുനോക്കാതെ കഴുത്തും നീട്ടി കീഴ്‌ച്ചുണ്ടും നീട്ടി മൂക്കു ചുളിച്ചുകൊണ്ട് നെട്ടോട്ടം പാഞ്ഞു. തെരുവിലെത്തിയിട്ടും ഓട്ടം നിർത്തിയില്ല. അവൻ തെരുവിന്റെ ഇരുവശത്തുമുള്ള പീടികക്കാരെ നോക്കി വായ ഗുഹപോലെ പിളർത്തിക്കൊണ്ട് ഒരു പതിഞ്ഞ സ്വരത്തിൽ ‘അടിവരുന്നുണ്ട്’ എന്നു മുന്നറിവുകൊടുത്തുകൊണ്ടാണ് പായുന്നത്.
പട്ടണത്തിലുള്ളവരുടെയെല്ലാം പുറത്തു തല്ലുവീഴാൻ പോകുന്നവെന്നായിരുന്നു അവന്റെ വിശ്വാസം.
അന്നു മുഴുവനും ഒട്ടകം ആ വിറകുപുരയിൽത്തന്നെ ഭയപ്പെട്ടു ചൂളിപ്പിടിച്ചിരുന്നു. ഹോട്ടൽ മാനേജർ എത്രതന്നെ ഉപദേശിച്ചിട്ടും ശാസിച്ചിട്ടും മൂപ്പർ അനങ്ങിയില്ല. ഒടുവിൽ ആ പിള്ളേരെല്ലാവരുംകൂടി ആ പീപ്പവണ്ടി തള്ളിക്കൊണ്ട് ഒരു വിധത്തിൽ അവിടെയെത്തിച്ചു. ആ വണ്ടിയുടെ ശരിയായ ഭാരം അന്നാണ് ആ പിള്ളേർക്കനുഭവപ്പെട്ടത്.
രണ്ടാമത്തെ സംഭവം ആ പീപ്പവണ്ടി അവന്റെ മുതുകത്തു മറിഞ്ഞു വീണതാണ്. സാധാരണമനുഷ്യർ ആ നിമിഷം സിദ്ധികൂടിപ്പോകുമായിരുന്നു. തലമണ്ടയും പുറവും ചതഞ്ഞു ചോരയിൽ കുളിച്ചുകൊണ്ട് ഒട്ടകം പീപ്പയ്‌ക്കടിയിൽനിന്നും വലിഞ്ഞു.
കുറച്ചുദൂരം അവൻ ഇഴഞ്ഞ് അവിടെ വീണു. ഹോട്ടൽ മാനേജർ ഉടനെത്തന്നെ അവനെ ഒരു റിക്ഷാവണ്ടിയിൽ ആസ്‌പത്രിയിലേക്കയച്ചു. ഒട്ടകം ചത്തുപോകുമെന്ന് എല്ലാവരും വിചാരിച്ചു. അത്രത്തോളം അവൻ ഉടഞ്ഞു ചതഞ്ഞുപോയിരുന്നു. പക്ഷേ, ജീവിക്കുകതന്നെ ചെയ്‌തു.
ബോധം തെളിഞ്ഞപ്പോൾ അവൻ താനൊരു മിനുത്ത വെള്ളക്കിടക്കയിൽ കിടക്കുന്നതായിട്ടാണ് കണ്ടത്. അവൻ തന്റെ ദേഹം മുഴുവനും ഒന്നു നോക്കി. തലയും താടിയെല്ലും ചുമലും എല്ലാം വെള്ളശ്ശീലകൊണ്ട് വരിഞ്ഞു കെട്ടിയിരിക്കുന്നു. കണങ്കാലിലേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ ആ പഴയ ശീലക്കഷ്‌ണം അവിടെ കണ്ടില്ല. ഉടനെത്തന്നെ അവൻ ശിരസ്സിലെ ശീലക്കഷ്‌ണം പറിച്ചുചീന്തി കണങ്കാലിൽ ഭദ്രമായൊരു കെട്ടുകെട്ടി സമാധാനത്തോടെ കണ്ണടച്ചു കിടന്നു.
കുറച്ചുസമയം കഴിഞ്ഞു നഴ്‌സു വന്നു നോക്കിയപ്പോൾ അവൻ, ശിരസ്സിൽ നിന്നു വലിയൊരു രക്തധാരയോടുകൂടി വീണ്ടും ബോധംകെട്ടു കിടക്കുന്നതായിട്ടാണ് കണ്ടത്.
ഒന്നരമാസം അവൻ ആസ്‌പത്രിയിൽ കിടന്നു. വരാന്തയുടെ ഒരു മൂലയിലായിരുന്നു അവന്റെ കട്ടിൽ.
ഒരു ദിവസം രാത്രി, ഡ്യൂട്ടിയിലുള്ള ഡോക്‌ടർ, വരാന്തയിൽനിന്ന് ഒരു ശബ്‌ദം കേട്ടു ചെന്നുനോക്കിയപ്പോൾ, ഒട്ടകം ഒരു ഇരുമ്പുകട്ടിൽ പിറകെ പിടിച്ചുവലിച്ചുകൊണ്ടു വരാന്തയിലൂടെ നിങ്ങുന്ന കാഴ്‌ചയാണു കണ്ടത്. ആ പീപ്പവണ്ടി വലിക്കാൻ കഴിയാത്ത വെറുപ്പു പരിഹരിക്കുകയായിരുന്നു അവൻ.
പിറ്റേന്നുതന്നെ അവനെ ആസ്‌പത്രിയിൽനിന്നു പറഞ്ഞയച്ചു. ഹോട്ടലിലെത്തിയ നിമിഷം തന്നെ അവൻ തന്റെ പീപ്പവണ്ടിയും വലിച്ചുകൊണ്ട് ചിറയിലേക്കു പുറപ്പെട്ടു.
ഒരു ദിവസം ഹോട്ടൽ മാനേജർ ഒട്ടകത്തെ തന്റെ മുറിയിലേക്കു വിളിച്ചു.
ഒട്ടകം വല്ലാതെ അന്താളിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ അവൻ കുറേ നേരം മൂക്കും ചുണ്ടും ചുളിച്ചു മുഖമുയർത്തി നാറ്റിനോക്കി. ഒടുവിൽ അവൻ വളരെ ആദരവോടെ കഴുത്തു കഴിയുന്നത്ര നിട്ടിക്കൊണ്ടു മാനേജരുടെ മുൻപിൽ ഹാജരായി.
മാനേജർ അവനെ ആപാദചൂഡം ഒന്നു നോക്കിക്കൊണ്ടു പറഞ്ഞുഃ “എടോ നിന്നോട് ഒരു കാര്യം പറയാനാണ് വിളിച്ചത്. നിനക്കെത്ര വയസ്സായി?”
ഒട്ടകം മിഴിച്ചു നിന്നു.
“നിശ്ചയമില്ലായിരിക്കും – പോകട്ടെ നീ വളരെക്കാലമായി ഈ ഹോട്ടലിൽ വേലചെയ്‌തുവരുന്നു. നിന്റെ പേരിൽ എനിക്ക് ഒരു പ്രത്യേക വാത്സല്യം തോന്നുന്നു. അതുകൊണ്ട് ഞാൻ നിനക്ക് ഒരു വിവാഹം ഏർപ്പാടു ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു. നീ എന്തു പറയുന്നു?”
അതുകേട്ട് ഒട്ടകം ആകപ്പാടെ വിളറി മരവിച്ചുപോയി.
“നല്ലൊരു പെണ്ണാണ് – ആരാണെന്നറിയുമോ? ഇവിടെ അടുക്കളപ്പണിക്കു വരുന്ന മാതു. നിങ്ങൾ രണ്ടാളും ഈ ഹോട്ടലിലെ വേലക്കാരായതുകൊണ്ട് നീ അവൾക്കു വിശേഷിച്ച് ചെലവൊന്നും കൊടുക്കണ്ട. വിവാഹച്ചെലിനാണെങ്കിൽ…..
മാനേജർ മേശ തുറന്ന്, അതിൽ ഒരു വലിയ ഒഴിഞ്ഞ സിഗരറ്റു ടിന്നിൽ അടുക്കിവച്ചിരുന്ന നോട്ടുകളിൽനിന്നു പത്തുറുപ്പികയുടെ മൂന്നു നോട്ടുകൾ എടുത്ത് മേശപ്പുറത്തുവച്ചു.
”നിന്റെ ശമ്പളം വക പണം ഇവിടെയുണ്ട്. പോരാതെ വരുന്നത് എന്റെ സമ്മാനമായും തരാം. എന്താ നിനക്കു സമ്മതമാണോ?“
ഒട്ടകം ഉത്തരം പറയാതെ മിഴിച്ചു നിന്നു.
പെണ്ണ്, വിവാഹം, ഇവയൊന്നും തന്നെ ബാധിക്കുന്നതോ, തനിക്കവകാശപ്പെടാവുന്നതോ ആയ കാര്യങ്ങൾ അല്ലെന്നായിരുന്നു അന്നേവരെ അവൻ വിശ്വസിച്ചിരുന്നത്. മാനേജരുടെ പ്രസ്‌താവന അവന്റെ മുരടിച്ച സിരാകൂടങ്ങളിൽ ചില ചൊറിച്ചിലുകൾ ഉണർത്തിവിട്ടു. ഒട്ടകം മൂക്കും ചിറിയും ചുളിച്ച് മുറിയുടെ ഇരുവശത്തേക്കും മണത്തുനോക്കി.
”വേഗം ഉത്തരം പറയണം. നിനക്കു സമ്മതംതന്നെയല്ലേ!“ മാനേജർ ഗൗരവത്തോടെ കുറച്ചുറക്കെ ചോദിച്ചു.
ഒട്ടകം പല്ലിളിച്ചു തലയാട്ടി.
”എന്നാൽ പോകാം. നാളെ രാത്രിയിലാണ് നിന്റെ വിവാഹം – നാളെ നീ വെള്ളം കൊണ്ടുവരികയോ വിറകു കീറുകയോ ഒന്നും ചെയ്യണ്ട.“
ഒട്ടകം മെല്ലെ കോണിയിറങ്ങി, ഹോട്ടലിന്റെ പിൻവശത്തെത്തി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തെണ്ടിപ്പിള്ളേരെ ഓരോരുത്തരെയും വിളിച്ച് അവരുടെ ചെകിട്ടിൽ സ്വകാര്യമായി പറഞ്ഞുഃ ”നാളെ എന്റെ കല്യാണമാണ്.“
ആദ്യം അവരാരും അതു വിശ്വസിച്ചില്ല. ”എന്തു കല്യാണം? – കുറിക്കല്യാണമോ“ അവർ കളിയാക്കി.
അന്നു വൈകുന്നേരം ഹോട്ടൽ മാനേജർ ഒട്ടകത്തെ വിളിച്ച്, അവന് ഒരു പുതിയ ഷർട്ടും ഡബിൾദോത്തിയും വേഷ്‌ടിയും കൊടുത്തു.
മണവാളൻ ചമയുവാനുള്ള കോടിവസ്‌ത്രങ്ങൾ കണ്ടപ്പോൾ പിള്ളേർക്കു മനസ്സിലായി ഒട്ടകം പറഞ്ഞതു വാസ്‌തവമാണെന്ന്.
”ഏതാണ് പെണ്ണ്?“ അവർ ഒട്ടകത്തിന്റെ മുതുകത്തു കയറിനിന്നു തിരക്കി.
”നാളെ കാണാം.“ ഒട്ടകം ഗൗരവത്തോടെ പറഞ്ഞു.
പിറ്റേന്നു രാത്രിയായി. ഹോട്ടലിലെ തിരക്കെല്ലാം ഒഴിഞ്ഞു ശാന്തമായി.
പത്താംനമ്പർ മുറിയിൽ വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും ചെയ്‌തു വച്ചിട്ടുണ്ടായിരുന്നു.
കോടിവസ്‌ത്രങ്ങൾ ധരിച്ച് തെല്ലൊരു പരിഭ്രമത്തോടെ ഒട്ടകം മുറിയിലേക്കു പ്രവേശിച്ചു – അവന്റെ കണങ്കാലിലെ ശീലക്കെട്ട് അങ്ങനെത്തന്നെയുണ്ടായിരുന്നു.
വധു താഴെ പുല്ലുപായയിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്നുണ്ട്. ഒട്ടകം അവളെയൊന്നു നോക്കി. തവിട്ടുനിറത്തിൽ തടിച്ചുകൊഴുത്ത ആ തരുണി ആ ഹോട്ടലിലെ അടുക്കളപ്പണിക്കാരത്തി മാതുതന്നെയാണെന്ന് ഒട്ടകത്തിനു ക്ഷണം മനസ്സിലായി. മൃഗീയമായ ആനന്ദം അടക്കിക്കൊണ്ട് അവൻ അവളെത്തന്നെ നോക്കി മിഴിച്ചുനിന്നുപോയി.
മാനേജരുടെയും അയാളുടെ ചില കൂട്ടുകാരുടെയും സാന്നിദ്ധ്യത്തിലും അവരുടെ സഹായത്തോടുംകൂടി വിവാഹച്ചടങ്ങുകൾ എല്ലാം നടന്നു.
പിള്ളേർക്ക് അവിടേക്കു പ്രവേശനമുണ്ടായിരുന്നില്ല. അവർക്കു വിറകുപുരയുടെ മുകളിൽ കയറിനിന്നു നോക്കുവാനേ കഴിഞ്ഞുള്ളു.
നല്ല നിലാവുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് ഒരു മഴ ചാറി. കുറുക്കന്റെ കല്യാണത്തിനു വെയിലും മഴയും! ഒട്ടകത്തിന്റെ കല്യാണത്തിനു നിലാവും മഴയും” അങ്ങനെ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് പിള്ളേർ താഴെയിറങ്ങി ഉറങ്ങാൻ കിടന്നു.
വിവാഹം കഴിഞ്ഞ ഉടനെ പിന്നെ എന്തുചെയ്യണമെന്നറിയാതെ ഒട്ടകം മിഴിച്ചുനില്‌പായി. പഴയ സ്‌ഥാനത്തുതന്നെ പോയി കിടന്നുകൊള്ളുവാൻ മാനേജർ കല്‌പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങുന്ന പിള്ളേരുടെ ഇടയിൽ ആ മണവാളനും കിടന്നുറങ്ങുന്നുണ്ടായിരുന്നു.
അങ്ങനെ എന്താണു കിട്ടിയതെന്നോ എന്താണു പൊയ്‌പോയതെന്നോ ഒന്നും മനസ്സിലാകാതെ, ഒട്ടകം പഴയപോലെ ജീവിതം തുടർന്നുപോന്നു. ജീവിതത്തിൽ അവനു മനസ്സിലാക്കാൻ കഴിയാത്ത പല കാര്യങ്ങളിൽ ഒന്നായിരുന്നു ആ വിവാഹവും.
മാസങ്ങൾ കഴിഞ്ഞു.
പ്രത്യക്ഷത്തിൽ ഒട്ടകത്തിനു മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും തലച്ചോറിൽ ചിന്തകളുടെ ചൊറിച്ചിലുകൾ അവനനുഭപ്പെട്ടു. സാധാരണരോഗങ്ങളൊന്നും ബാധിക്കാത്ത അവനെ ഒരു വല്ലാത്ത തലവേദന പിടികൂടി.
പീപ്പവണ്ടി വലിക്കുമ്പോൾ തെരുവരികിലേക്കു നാറ്റി നോക്കുന്ന നോട്ടങ്ങളില്ല, അവന്റെ കഴുത്തു ചുരുങ്ങി ശിരസ്സു താഴ്‌ന്നു. അകാരണമായി അവനു കോപം വരും. അപ്പോൾ അവൻ ഒരു ചിലച്ച ഒച്ചയോടെ അലറും.
മാതുവിനെ അവൻ ചിലപ്പോഴെല്ലാം കാണാറുണ്ട്. അവൾ അടുക്കളയിൽ നിന്നും നാളികേരം അരയ്‌ക്കുന്നതും മസാല വറക്കുന്നതും അവനൊന്നുനോക്കും. അടുക്കളയിലെ കൊട്ടത്തളത്തിൽ വെള്ളം നിറയ്‌ക്കുമ്പോഴാണ് അവന് അവസരം കിട്ടുന്നത്. ഒട്ടകത്തെ കാണുമ്പോൾ മാതു വാ പൊത്തി കുലുങ്ങിച്ചിരിക്കും.
അവൻ എല്ലാം സഹിച്ചു.
വിവാഹം കഴിഞ്ഞ് ആറുമാസം ചെന്നപ്പോൾ മാതു നല്ല ആരോഗ്യത്തോടുകൂടിയ ഒരാൺകുഞ്ഞിനെ പ്രസവിച്ചതായി ഒട്ടകം കേട്ടു….
ഒരു ദിവസം വൈകുന്നേരം പീപ്പവണ്ടിയും വലിച്ചുകൊണ്ട് അവൻ പോവുകയായിരുന്നു.
പെട്ടെന്ന് പിള്ളേർ കൂവിഃ “ഒട്ടകത്തിന്റെ കുഞ്ഞ്.”
ഒട്ടകം കഴുത്തു തിരിച്ചു നോക്കി. തെരുവിന്റെ അരികിലൂടെ മാതു പോകുന്നുണ്ടായിരുന്നു. അവളുടെ മാറത്ത് ആ ഓമനക്കുഞ്ഞും ഉണ്ട്.
ഒട്ടകത്തിന്റെ കണ്ണുകൾ പ്രകാശിച്ചു. അവൻ ഒരു സാധാരണ മനുഷ്യനെപ്പോലെ ഭംഗിയായി പുഞ്ചിരി തൂകി. പിന്നെ മെല്ലെ വണ്ടി നിർത്തി. മാതുവിന്റെ അരികിലേക്കു നടന്നു.
മാതു പരിഭ്രമിച്ച് അങ്ങനെത്തന്നെ നിന്നു. ഒട്ടകം അവളുടെ ഒക്കത്തുനിന്ന് ആ ഇളംപൈതലിനെ വാരിയെടുത്ത് കക്ഷത്തിലിറുക്കി പിപ്പവണ്ടിയുടെ അരികിലേക്കുതന്നെ തിരിഞ്ഞുനടന്നു. കുഞ്ഞിനെ ഒരു കൈകൊണ്ടു കക്ഷത്തിലിറുക്കിപ്പിടിച്ച് മറ്റെ കൈകൊണ്ട് വണ്ടിയും വലിച്ച് അവൻ നീങ്ങിത്തുടങ്ങി.
മാതു ഉറക്കെ നിലവിളിച്ചുകൊണ്ട് വണ്ടിയുടെ പിന്നാലെ പാഞ്ഞു. പിള്ളേർ കൂക്കിവിളിച്ചു. ആളുകൾ കൂടിത്തുടങ്ങി. ബഹളംകേട്ട് ഒരു പോലീസുകാരനും അവിയെത്തി.
പോലീസുകാരന്റെ തല കണ്ടപ്പോൾ ഒട്ടകം പീപ്പവണ്ടിയുമിട്ടു പാഞ്ഞു.
എങ്ങോട്ടാണ് ഓടേണ്ടതെന്ന് അവൻ ആലോചിച്ചു. ഹോട്ടൽ പരിസരമല്ലാതെ മറ്റൊരു സ്‌ഥലം ഓർക്കുവാൻ അവനു കഴിഞ്ഞില്ല. കുഞ്ഞിനേയും കക്ഷത്തിലിറുക്കിക്കൊണ്ട് അവൻ നേരെ ഹോട്ടലിലേക്കു കുതിച്ചു.
അവിയ്ം പോലീസുകാരന്റെ തല കണ്ടപ്പോൾ അവൻ പരിഭ്രമത്തോടെ ഹോട്ടലിന്റെ മുകളിലേക്കു പാഞ്ഞു കയറി. ആ പഴയ പത്താംനമ്പർ മുറി തുറന്നു കിടന്നിരുന്നു. അവൻ മുറിക്കകത്തുകടന്ന് വാതിലടച്ചു.
ഹോട്ടൽ മാനേജരും ഒരു ചെറിയ ആൾക്കൂട്ടവും മാതുവും പോലീസുകാരനും മുറിയുടെ പുറത്തു തിങ്ങിക്കൂടി.
“എടോ വാതിൽ തുറക്കു.” മാനേജർ ആജഞ്ഞാപിച്ചു. ഉത്തരമില്ല.
വാതിലിന്മേൽ ഇടിച്ചുകൊണ്ട് മാനേജർ വീണ്ടും വിളിച്ചു. “നിന്നോടു മര്യാദയ്‌ക്കു വാതിൽ തുറക്കാനാണ് പറയുന്നത്.”
“കുട്ടിയെ ഞാൻ തരൂല.” ഒട്ടകം അകത്തുനിന്ന് ഒരു വിലാപസ്വരത്തിൽ പറഞ്ഞു.
“അക്കാര്യം പിന്നെ പറയാം. നീ വാതിൽ തുറന്നു പുറത്തു വാ…”
“ഈ കുട്ടി എനിക്കുള്ളതാണ്.” അകത്തുനിന്നും വീണ്ടും ആ വിലാപസ്വരം.“
”നിന്നോടു വാതിൽ തുറക്കാനാണ് പറഞ്ഞത്! മാനേജർ ശക്തിയോടെ വാതിലിന്മേൽ ഇടിച്ചു.
“തള്ളയെ എനിക്കു കിട്ടിയിട്ടില്ല. കുട്ടിയെ എനിക്കു വേണം.” ഒട്ടകം ദയനീയമായി പറഞ്ഞു.
“എന്താണ് അവൻ പറയുന്നത്? ഇതാരുടെ കുട്ടിയാണ്?” പോലിസുകാരൻ ചോദിച്ചു.
“ഇത് അവളുടെ കുട്ടിയാണ്.” മാനേജർ അശ്രദ്ധയോടെ പറഞ്ഞു.
“അതു മനസ്സിലായി. കുട്ടിയുടെ അച്ഛൻ?”
പോലീസുകാരന്റെ ചോദ്യം അവഗണിച്ചുകൊണ്ട് മാനേജർ ഉറക്കെ അകത്തേക്കു വിളിച്ചു ചോദിച്ചു. “നീ കുട്ടിയെ എന്തു ചെയ്യാൻ പോകുന്നു?”
“ഞാൻ ഒറ്റയ്‌ക്കു പോറ്റി വളർത്തും – അല്ലെങ്കിൽ വില്‌ക്കും – അല്ലെങ്കിൽ കൊല്ലും – ഇതെന്റെ കുട്ടിയാണ്.” ഒട്ടകം മറുപടി കൊടുത്തു.
“അമ്പടാ, നീ അത്രയ്‌ക്കായോ നീ വാതിൽ തുറക്കുന്നില്ലെങ്കിൽ വാതിൽ ചവിട്ടിപ്പൊളിച്ചു നിന്നെ ഞാൻ കൊല്ലും.”
“ഇനി വാതിലിലിടിച്ചാൽ ഞാൻ കുട്ടിയെ ജനാലയിൽക്കൂടി താഴോട്ടു വലിച്ചെറിഞ്ഞുകളയും – ഹും!”
ഒട്ടകം ഒരു വികൃതശബ്‌ദത്തോടെ ഭീഷണിപ്പെടുത്തി.
കുഞ്ഞിന്റെ കരച്ചിൽ അകത്തുനിന്നും കേട്ടു.
“അയ്യോ! ആ ജന്തു കുട്ടിയെ കൊല്ലും.” മാതു അർദ്ധപ്രജ്ഞയോടെ അലമുറകൊണ്ടു.
“കുഞ്ഞി – ബാവോ – ബാവോ!” അകത്തുനിന്നും ഒട്ടകത്തിന്റെ താരാട്ടുപാട്ടു കേട്ടു.“
മാനേജർ വിഷമത്തിലായി. ആളുകളിൽ ചിലർ അവിടെ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ അമ്പരന്നു നില്‌പായി. ചിലർക്ക് അതു നല്ലൊരു നേരമ്പോക്കായി തോന്നി. ‘ഇത് സിവിലാണ്. ക്രിമിനലല്ല. എനിക്കതിൽ ഒരു കാര്യവുമില്ല’ എന്ന ഭാവത്തിൽ പോലീസുകാരൻ താഴെയിറങ്ങിപ്പോകാൻ ഭാവിക്കുമ്പോൾ മാനേജർ അയാളെ തടഞ്ഞു നിർത്തി.
”ഇവിടെ ഒരു കൊലപാതകം നടക്കാൻ പോകുമ്പോൾ നിങ്ങൾ അതൊന്നും അറിയാത്ത മട്ടിൽ പോയ്‌ക്കളയുകയാണോ?“ മാനേജർ ഗൗരവത്തോടെ ചോദിച്ചു.
”അതുകഴിഞ്ഞാൽ എന്നെ വിളിച്ചാൽ മതി. അതുവരെ എനിക്കിതിൽ ഒരു കാര്യവുമില്ല.“ അത്രയും പറഞ്ഞ് പോലീസുകാരൻ ഗൗരവത്തോടെ കോണിയിറങ്ങിപ്പോയി.
എന്തു ചെയ്യണമെന്നറിയാതെ മാനേജർ കുഴങ്ങി. ബലാൽക്കാരമായി വാതിൽ തല്ലിപ്പൊളിച്ചാൽ, ഒട്ടകം ഭീഷണിപ്പെടുത്തിയപ്രകാരം കുഞ്ഞിനെ തെരുവിലേക്കെറിഞ്ഞാൽ കാര്യം അപകടത്തിലാകും.
കുഞ്ഞിന്റെ ഉഗ്രമായ കരച്ചിൽ വീണ്ടും കേട്ടു. ഒട്ടകം കുഞ്ഞിനെ താലോലിക്കുകയോ കൊല്ലുകയോ എന്താണ് ചെയ്യുന്നതെന്നറിയാൻ നിവൃത്തിയില്ല.
”എടോ കുട്ടിയെ നിനക്കുതന്നെ തരാം. അതങ്ങനെ വിശന്നു കരഞ്ഞു ചത്തുപോകും. നീ വാതിൽ തുറക്കൂ. ഞങ്ങൾ ഒന്നും ചെയ്യുകയില്ല.“ മാനേജർ ശാന്തസ്വരത്തിൽ പറഞ്ഞുനോക്കി ഉത്തരമില്ല.
കുഞ്ഞിന്റെ കരച്ചിൽമാത്രം തുടരെത്തുടരെ കേൾക്കാനുണ്ട്.
”അവൻ അവിടെ അങ്ങനെ അടച്ചിരിക്കട്ടെ. വിശക്കുമ്പോൾ അവൻ പുറത്തു ചാടും.“ കാണികളിൽ ഒരാൾ അഭിപ്രായപ്പെട്ടു.
”മേല്‌പുരയുടെ ഓടു നീക്കി മെല്ലെ അകത്തു കടക്കാൻ നോക്കിയാലോ?“ മറ്റൊരാൾ അഭിപ്രായപ്പെട്ടു.
”അവർ അകത്തേക്കു ചാടുന്നതിനുമുൻപുതന്നെ ആ മൃഗം അവരുടെ കഥ കഴിക്കും.“ മാനേജർ ദൃഢസ്വരത്തിൽ പ്രവചിച്ചു. ”അവർ അവിടെ അങ്ങനെ എത്ര ദിവസം ഇരിക്കുമെന്നു നോക്കാമല്ലോ.“
”അവന്റെ കാര്യം എന്തെങ്കിലുമാകട്ടെ. ആ കുഞ്ഞ്! അതു വിശന്നുചാകുകയില്ലേ?“ ഹോട്ടൽ ഏജന്റ് കണാരൻ പറഞ്ഞു.
”ഏതായാലും നാളെ നേരം പുലരട്ടെ. അപ്പോഴേക്ക് അവന്റെ പ്രകൃതം ഒന്നു മാറാതിരിക്കയില്ല.“
അങ്ങനെ തിരുമാനിച്ചു മാനേജരും കൂട്ടുകാരും അവിടെ നിന്നു പോയി.
ഏജന്റ് കണാരൻ മുറിയുടെ വാതില്‌ക്കൽ കാവൽ കിടന്നു. പിറ്റേന്നു രാവിലെ മാനേജരും കൂട്ടരും പത്താം നമ്പർ മുറിയുടെ പുറത്തുവന്നുനിന്നു വിളിതുടങ്ങി.
അകത്ത് നിശ്ശബ്‌ദം.
ഒടുവിൽ അവർ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടക്കാൻ തന്നെ തീരുമാനിച്ചു.
അവർ വാതിൽ പൊളിച്ചുനീക്കി അകത്തേക്കു പാളിനോക്കി.
മേൽപ്പുരയുടെ കഴുക്കോലിൽ നിന്ന് ഒട്ടകത്തിന്റെ നഗ്നമായ ശവം തൂങ്ങിക്കിടക്കുന്നു!
അവന്റെ മാറത്ത് ആ കുഞ്ഞും കിടക്കുന്നുണ്ട്. അതിനെ അവൻ താൻ ഉടുത്തിരുന്ന പഴന്തുണിയഴിച്ച് മാറോടുചേർത്തു ഭദ്രമായി കെട്ടിയിരിക്കുകയാണ്, കിടക്കവിരി കഴുക്കോലിൽ കെട്ടിയിട്ടാണ് അവൻ തൂങ്ങിയത്.
മാനേജർ മുറിയിലെ അലമാരയുടെ മീതെ കയറി, ഒട്ടകത്തിന്റെ മാറത്തുനിന്ന് ആ കുഞ്ഞിനെ അഴിച്ചെടുത്തു.
കുഞ്ഞിന്റെ ദേഹം തണുത്തിരുന്നില്ല. ഹൃദയം കുറേശ്ശെ മിടിക്കുന്നുണ്ടായിരുന്നു.
”കുട്ടി മരിച്ചിട്ടില്ല! കുട്ടി മരിച്ചിട്ടില്ല!“ അങ്ങനെ അട്ടഹസിച്ചുകൊണ്ട് മാനേജരും അവിടെ കൂടിയിരുന്നവരും പുറത്തേക്കോടി.
ആ നീണ്ട കഴുത്തു ചെരിച്ച്, നാക്കു നീട്ടി, പകുതി തുറന്ന കണ്ണുകളോടെ ഒട്ടകത്തിന്റെ നഗ്നമായ ശവം, ജാലകത്തിലൂടെ കടന്നുവന്ന കാറ്റിന്റെ സഹായത്തോടുകൂടി, ആ കുഞ്ഞിന്റെ നേർക്ക് ഒന്നു തിരിഞ്ഞുനോക്കി.
Generated from archived content: story1_dec10_10.html Author: sk_pottakkattu