പ്രണയോത്സവം

ഇവിടെ നിന്ന് ബസ്റ്റോപ്പിലെത്താന്‍ കൃത്യം ഒരു കിലോമീറ്റര്‍ നടക്കണം വീര്‍ത്തുകെട്ടിയ മോന്തയുമായി കലഹക്കാരിയായ ഭാര്യയേപ്പോലെ മൂവന്തി നിന്നു . രാത്രിക്ക് പുതക്കാന്‍ കരിമ്പടം നെയ്യാനുള്ള നൂല്‍ക്കെട്ടുള്‍ അവള്‍ക്ക് തലയുടെ അല‍ങ്കാരഭാരമായി . കുറച്ചു നടന്നപ്പോള്‍‍ കറുത്ത മേഘങ്ങള്‍ കണ്ണീര്‍ തൂകാന്‍ തുടങ്ങി . ഞാനെന്റെ പഴങ്കുട നിവര്‍ത്തി അതിനെ പ്രതിരോധിച്ചു. ഏതോ മരത്തിന്റെ തണലില്‍ അഭയം തേടിയിരുന്ന ഒരു സ്ത്രീ എന്റെ കുടക്കുള്ളിലേക്ക് കയറി. പെട്ടന്നുണ്ടായ നടുക്കത്തില്‍ അവളെ പുറത്തേക്ക് തള്ളിക്കളയാന്‍ തോന്നിയെങ്കിലും ഞാനവളെ ഇറുകിപ്പിടിക്കുകയാണുണ്ടായത് . അവളെന്റെ വലതുകയ്യിലെ പെരുവിരല്‍ ഒരു പാമ്പാക്കി അവളുടെ ശരീരത്തിന്റെ കുന്നും താഴ്വാരങ്ങളും പരിചയപ്പെടുത്തി. അപ്പോള്‍ മത്തുപിടിപ്പിക്കുന്ന മണം പരന്നു. ബസ്റ്റോപ്പിനടുത്ത് എങ്ങോടെന്നോ മറ്റോ ചോദിക്കാനൊരുങ്ങുമ്പോഴേക്കും അവള്‍ അപ്രത്യക്ഷയായി.

” ഞാന്‍ ആലീസ്” ഒരു അശരീരി പോലെ.

ആ ശബ്ദം ഞാന്‍ കേട്ടു.

” പോയോ”? ഞാന്‍ ചോദിച്ചു.

” ആരു പോയോന്ന്?” എന്തായിത് ? റോസമ്മ കയര്‍ത്തു.

” ഞാന്‍ …ഞാന്‍ … ഞാനൊന്നും പറഞ്ഞില്ല” ”ഉം…” തീവണ്ടി വല്ലാതെ ലേറ്റാകുന്നു .. വണ്ടി കിട്ടാന്‍ പിന്നെയും താമസിക്കുന്നു ..”

” റോസമ്മേ , നീ തെറ്റിദ്ധരിക്കരുത് ” ഞാന്‍ പറഞ്ഞു .

ഈ ആലീസ് എന്നെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. എന്റെ സ്വസ്ഥമായ കുടുംബ ജീവിതം തകര്‍ക്കാനാണ് ഇവളുടെ ഒരുക്കമെന്നു തോന്നുന്നു . ഞാന്‍ ഇങ്ങനെയൊരു ആലീസുമായി സൗഹൃദം കൂടിയിട്ടില്ല. എനിക്ക് എത്സമ്മ, ലിസിമോള്‍, സാറാമ്മ, മേഴ്സിക്കുട്ടി ,ഫിലോമിന, എലിസബത്ത് ഇങ്ങനെ ഒട്ടേറെ സ്ത്രീകളെ അറിയാം അവരില്‍ ചിലരുമായി ഒരു പുരുഷനെന്ന നിലയില്‍ സ്വാഭാവികമായി ഇഷ്ടം കൂടിയിട്ടുണ്ട് അവരൊന്നും ആലീസിന്റെ കൂട്ട് ചാടിപ്പിടിക്കുന്നവരല്ല.

ഫെര്‍ണാണ്ടസ് പറഞ്ഞാണ് ഞാന്‍ ആലീസിനെക്കുറിച്ച് അറിയുന്നത്. അവന്‍ ഈ ഇഴഞ്ഞു നീങ്ങുന്ന വണ്ടിയിലെ യാത്രക്കാരനാണ്. ചിലപ്പോഴൊക്കെ അവന്‍ എന്റെ കമ്പാര്‍ട്ട്മെന്റില്‍ കയറി വിചിത്രമായ കഥകള്‍ പറഞ്ഞ് യാത്രയുടെ മുഷിപ്പ് ഒഴിവാക്കാറുണ്ട്. അതിനിടയില്‍ ഒരു ദിവസം അവന്‍ ആലീസിന്റെ കഥ പറഞ്ഞു.

ആലീസ് ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കുകയും വളരേപ്പേര്‍ ഒരേ സമയം അവളെ പ്രണയിക്കുകയും ചെയ്തിരുന്നത്രെ. മരണം വരെ ഇങ്ങനെ ഒരു കാമിനിയായിക്കഴിയുമെന്നും ഓര്‍ക്കാപ്പുറത്തൊരു നിമിഷത്തില്‍ എരി‍ഞ്ഞടങ്ങുന്ന ഒരു മത്താപ്പൂ പോലെ ഈ ലോകത്തു നിന്ന് അപ്രത്യക്ഷമാകെമെന്നും അവള്‍ കൂട്ടുകാരികളോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നെത്രെ.

” ഫെര്‍ണാന്‍ഡസേ, നീയും ആലീസുമായി പ്രണയമോ?”

” ഏയ് …ഞാനതിനു അവളെ കണ്ടിട്ടുവേണ്ടേ?”

” പിന്നെയെങ്ങിനെയാണ് നീ ആലീസിന്റെ നിറവും മെലിഞ്ഞ ശരീരവും കറപ്പും അകവളവും വിടര്‍ന്നു പറക്കുന്ന കണ്ണുകളുമെല്ലാം വര്‍ണ്ണിക്കുന്നത്?”

” അതെന്റെ സുഹൃത്തുക്കള്‍ ഫ്രാന്‍സിസും റഷീദും രഘുമോനുമൊക്കെ പറഞ്ഞല്ലേ?”

” ഏയ്.. അവളൊരു ദിവസം എന്റെ പാവം ഭാര്യയോട് ചോദിച്ചത്രെ നിങ്ങളിതൊക്കെ എങ്ങെനെ സഹിക്കുന്നു ഒരു പുരുഷന്റെ കൂടെ ഒരു ജന്മം മുഴുവന്‍ എന്തൊരു ബോറാണിത്? അവന്റെ ഭാര്യ മേഴ്സികുട്ടിയും അന്ന് ഏറെ ചിരിച്ചെത്രെ. പക്ഷെ ക്രമേണ ആലീസിനെ അവള്‍ ഭയക്കാനും വെറുക്കാനും തുടങ്ങിയെത്രെ.‍

അതിനു ശേഷമാണ് ഞാനെന്റെ മരണം സ്വപ്നം കാണുന്നത്. ഞാനും ആലീസും കൂടി മനോഹരമായ ഒരു കൊച്ചു വീട്ടില്‍ താമസിക്കുന്നു. ആലീസിന് എന്നും മുടിയില്‍ മുല്ലപ്പൂമാല ചൂടണം. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ വീട്ടില്‍ മുല്ലവള്ളികള്‍ പടര്‍ത്തിയത് . പുലര്‍ച്ചെ ഉണര്‍ന്നാപ്പൂക്കള്‍ പറിച്ച് അവള്‍ക്കു മുമ്പില്‍ ഞാന്‍ നിവേദ്യം വയ്ക്കുമായിരുന്നു. ആ പൂക്കളില്‍ അവളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ പറക്കുന്നുന്നതും നാസികാരന്‍ഡ്രങ്ങള്‍ ആസക്തിയോടെ വികസിക്കുന്നതും കണ്ട് ഞാന്‍ സന്തുഷ്ടനാകുമായിരുന്നു . ടെറസിനുമുകളില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികളില്‍ നിന്ന് പൂക്കളിറക്കുമ്പോഴാണ് ഞാന്‍ തലകുത്തി താഴേക്കുവീണത് . ഞാന്‍ മരിച്ചു . എന്റെ ശവം പട്ടടയിലേക്കു വയ്ക്കുമ്പോള്‍ ഞാന്‍ ചാടിയെഴുന്നേറ്റു. ” എന്താ..എന്തായിത്..” റോസമ്മ വേവലാതിപ്പെട്ടു. റോസമ്മയോടു ഒന്നും പറയാന്‍ കഴിയാതെ ഞാന്‍ വിമ്മിട്ടപ്പെട്ടു എന്തൊക്കെയോ പറഞ്ഞ് ഞാന്‍ റോസമ്മയെ ആശ്വസിപ്പിച്ചു.

ജേക്കബ്ബിന്റെ കല്യാണത്തിന് കൂടി, പ്രാര്‍ത്ഥനയ്ക്കു ശേഷം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ പിന്നെ ആലീസിനെ കാണുന്നത്. ഒരു കോഴിക്കാലിലെ ഇറച്ചിയുടെ സ്വാദ് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവളെന്നെ തോണ്ടി വിളിച്ചു .

” ലൂയിസേ”

ഞാന്‍ ഞെട്ടി. ആരൊക്കെയോ ശ്രദ്ധിക്കുന്നുന്നു .കറുത്ത വട്ടമുഖത്ത് കാമം വിതുമ്പുന്ന കണ്ണുകള്‍. ബ്ലുസിന്റെ ഇറക്കത്തിലൂടെ പുറത്തേക്ക് ചടാന്‍ ശ്രമിക്കുന്ന കൂമ്പന്‍ മുലകള്‍ . അവള്‍ അല്പ്പം ഉറക്കെത്തന്നെ ഇങ്ങനെയൊരു കവിത ചൊല്ലി.

പ്രേമത്തിന്റെ കൊടുമുടിയില്‍ കാമത്തിന്റെ വെന്നിക്കൊടി കാമമില്ലാത്തവന്റെ പ്രേമം പൗരഷത്തിന്റെ ശവമാണ്

ഞാനെന്റെ ഇരിപ്പിടത്തില്‍ നിന്ന് ആഹാരം ഉപേക്ഷിച്ച് ചാടിയെഴുന്നേറ്റു.

” എന്താ എന്തായിത് ലൂയിസേ?” മറ്റുള്ളവര്‍ ചോദിച്ചു .

ഞാനെന്റെ സ്വപ്നത്തില്‍ നിന്നുണര്‍ന്നു. ഫെര്‍ണാണ്ടസ് ആലീസിനെക്കുറിച്ച് പറഞ്ഞത് അവളുടെ കൊലപാതകത്തിനു ശേഷമാണ്. കൊന്നത് അവളുടെ അജ്ഞാത കാമുകന്‍ തന്നെയെത്രെ . പല പല കഷണങ്ങളഅയി അവളെ നുറുക്കി നഗരത്തിലെ അഴുക്കു ചാലില്‍ തള്ളുകയായിരുന്നു. അവളെ പ്രണയത്തിന്റെ രക്തസാക്ഷിയെന്നൊക്കെ ഫെര്‍ണാണ്ടസ് വിശേഷിപ്പിക്കുന്നത്. അതൊക്കെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള അവന്റെ അജ്ഞത . ”

”പ്രേതം, പ്രേതം, ആലീസ്സിന്റെ പ്രേതം ..” ഞാന്‍ പറഞ്ഞു.

” ഇതെന്തായിത് ?” റോസമ്മ കുറ്റപ്പെടുത്തുന്നതു പോലെ എന്നെ നോക്കി.

പിശാചിന്റെ ബാധയാണെങ്കില്‍ അതൊഴിയാന്‍ വേണ്ടി അവളൊരു പ്രാര്‍ത്ഥന ചൊല്ലി. അവളുടെ ശബ്ദത്തിലൂടെ അകമേ വളര്‍ന്നു മുറ്റിയ ഭീതി ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന കേട്ട കുട്ടികള്‍ അവരുടെ അമ്മച്ചിയോടൊപ്പം പ്രാര്‍ത്ഥിച്ചു. ഞാനാകെ നാണം കെട്ടവനേപ്പോലെയായി.

ഇപ്പോഴും ഞാന്‍ നഗരത്തിലെ അഴുക്കുചാലില്‍ കിടന്ന ആലീസിന്റെ മാംസ പുഷ്പ്പങ്ങളെക്കുറിച്ച് ഫെര്‍ണാണ്ടസ് പറഞ്ഞത് ഓര്‍ക്കുകയായിരുന്നു.

ഞാനുമായി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടുപോലുമില്ലാത്ത ഒരു സ്ത്രീ എന്നെ എന്തിനാണിങ്ങനെ ഭ്രമിപ്പിക്കുന്നത്? അതോ എന്റെ മനസിന്റെ വിഭ്രാന്തിയോ …?

നല്ല മഞ്ഞും തണുപ്പുമുള്ള ഒരു രാത്രിയായിരുന്നു. ഒരു പുതപ്പിനുള്ളില്‍ പരസ്പരം ഞാനും റോസമ്മയും ശാന്തമായി കിടന്നുറങ്ങി.

എന്റെ മുഖത്താരോ നഖമിട്ടു മാന്തി. വേദനിച്ചപ്പോള്‍‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു നാശം പിടിച്ച ഈ പിശാചു പിന്നെയും…

അല്ല ഇത് ആലീസല്ല റോസമ്മ അവളുടെ നഖമിട്ട് എന്റെ മുഖം മാന്തിപ്പൊളിക്കുകയാണ്. അവള്‍ പല്ലു ഞറുമ്മുന്നുണ്ടായിരുന്നു. കണ്ണൂകള്‍ ചുവന്നു തുറിച്ചു നിന്നു.

” നിന്റെയൊരാലീസ് ..കൊല്ലും ഞാന്‍” അവള്‍ അലറാനും ഏറേ ശക്തിയോടെ ശരീരം മാന്തിപ്പൊളിക്കാനും തുടങ്ങി . ” എന്റെ റോസമ്മേ… നിന്നോട് ഞന്‍ ഈ ആലീസിന്റെ കഥ … ഫെര്‍ണാന്‍ഡസ് പറഞ്ഞ കഥ ..”

” വേണ്ട… വേണ്ട ..പൊയ്ക്കോ താന്‍ പോയി ആലീസിന്റെ കൂടെ പൊറുത്തോ” കുട്ടികള്‍ ബഹളം കേട്ടുണര്‍ന്നു അവര്‍ ഭയന്നു കരയാന്‍ തുടങ്ങി. ” മക്കളേ വാ..” ഞാന്‍ വിളിച്ചു ” വേണ്ട .. എന്റെ മക്കളേ താന്‍ വിളിക്കേണ്ട പോയി ആ തേവിടിശ്ശിയുടെ…….. ”

” എടീ അവളെ ആരോ കൊന്നിട്ട് മാസങ്ങളായില്ലേ”

‘ അതിനെന്താ പ്രണയം അങ്ങനെയൊക്കെയാണെന്ന് ഞാനും വായിച്ചിട്ടുണ്ട്.. ചത്താലും ”

” എടീ ഞാനതിന് അങ്ങനെയൊരു ആലീസിനെ കണ്ടിട്ടില്ലല്ലോ”

എന്റെ മുഖത്തുനിന്നും മാറില്‍ നിന്നും ചോര വാര്‍ന്നൊലിക്കാന്‍ തുടങ്ങി.

അരിശമൊന്നടങ്ങിയെങ്കിലും റോസമ്മ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

**************

നന്ദി : ഉണര്‍വ് മാസിക

Generated from archived content: story1_june29_14.html Author: sivaraman_cheriyanadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here