അന്യർക്കു പ്രവേശനമില്ല
വിരുതിന്റെ വെളളയിൽ,
കറുത്ത അക്ഷരങ്ങളിൽ
അരുതിന്റെ
ബോർഡു വായിക്കാം..
ക്ഷമിക്കാം
എല്ലാവർക്കും എവിടെയും
അന്യനായവന്
എങ്ങനെ അകത്തു കടക്കാനാകും?
‘അനുവാദമില്ലാതെ
അകത്തു കടക്കരുത്..’
ഇവിടെ
വിരുതിനു ചക്രവാളം
ചുകപ്പ്,
അക്ഷരം
അരുതിന്റെ പച്ച.
ആരും എന്നും
ഒന്നുമനുവദിക്കാത്തവൾക്ക്
എങ്ങിനെ
അകത്തു കടക്കാനാകും?
അങ്ങിനെ,
നീയും ഞാനും
മണ്ണാങ്കട്ടയും കരിയിലയുമായി
പിന്നീട്
വിരുതിന്റെ കാറ്റത്ത്
അരുതിന്റെ മഴയിൽ
എവിടെയോ
‘സ്വാഗതം’ എന്ന ബോർഡു
വായിക്കും മുമ്പേ
നമ്മൾ
സ്വസ്ഥം, സുഖം
നാടോടിക്കഥക്കുളളിൽ.
Generated from archived content: poem_june25.html Author: sivaprasd_palod