വേദി ഒന്ന്
സുന്ദരീ…
തുറിച്ചു നോക്കുന്ന
നിന്റെ പൂച്ചക്കണ്ണുകൾ
വന്യമായ താളത്തിനൊപ്പം,
ചിരപുരാതനമായ
യക്ഷിക്കഥയിലെപ്പോൽ
നെഞ്ചിലേക്ക് കോർക്കുന്നു….
വേദി രണ്ട്
സുന്ദരീ…
ജന്‌മത്തിന്റെ
ബോധമണ്ഡലത്തിൽ നിന്നും
ജന്‌മാന്തരങ്ങളുടെ,
ഉപബോധത്തിന്റെയും
അബോധത്തിന്റെയും
വഴികളിലൂടെ
നിന്റെ ‘ക്യാറ്റ് വാക്ക്…’
വേദി മൂന്ന്
നിനക്കു തന്നെ
സുന്ദരീ…
ഭൂമിയുടെ ഭാരം,
പ്രപഞ്ചത്തിന്റെ താക്കോൽ.
ഒന്നിനും
രണ്ടിനുമിടക്കുന്ന ദൂരം…
ക്ലീയോപാട്ര
സന്ദർശക ഗാലറിയിലിരുന്ന്
കടവായിൽ രക്തമിറ്റിച്ച്
മുറുമുറുക്കുന്നത്
എനിക്കു കേൾക്കാം…
വേദി നാല്
വിധി കർത്താക്കൾ
വിഷം പുരട്ടി നീട്ടിയ
മീൻ തിന്ന്,
ചിറി നക്കിച്ചുവപ്പിച്ച്
വാലാട്ടി
ഞെളിഞ്ഞു നുണഞ്ഞ്
പിന്നെ കാലുപതറി
പിടഞ്ഞൊതുങ്ങുമ്പോൾ
ഒരു പടിഞ്ഞാറൻ
രക്തസാക്ഷി ഗാനം
തിരശ്ശീലക്കൊപ്പം.
വേദി അഞ്ച്
ഞാൻ
സൗന്ദര്യമത്സരത്തിന്റെ
അന്തിമവിധിക്കായ്
അനന്തം കാണികൾക്കിടയിൽ
രഹസ്യമായി
കാതോർത്തിരിക്കുന്നു.
Generated from archived content: poem_dec18.html Author: sivaprasd_palod