രാമായണം
പനംപട്ട മറച്ച
ചെറ്റക്കുടിലിലിരുന്ന്
ലവനും കുശനും
ഭക്ഷണം കിട്ടാതെ ചത്ത
പെറ്റമ്മയുടെ കഥ ചൊല്ലി
പ്പാടതു പുതു ദരിദ്രായണം.
ക്രിയകൾ
സങ്കലനം പഠിക്കുമ്പോൾ
ഞാനെന്റെ പിതൃത്വം കണ്ടു,
കൂട്ടാൻ പഠിപ്പിച്ചോർ തന്നെ
കുറയ്‌ക്കാനും പഠിപ്പിക്കവേ
മനസ്സാക്ഷിയൊന്നിലുമില്ലാതായി.
ഗുണനം പഠിച്ച്
വർഷങ്ങൾ നീണ്ടു,
കൂട്ടിക്കുറച്ച്, ഗുണിച്ച് ഹരിക്കവേ
കാലം കുറുകി
ഹരണഫലം ജീവനും
ശിഷ്‌ടം മരണവുമായിരുന്നു.
ഭ്രാന്തിന്റെ വിളി
കുട മലർത്തിപ്പിടിച്ചീറൻ
മഴയൊരുക്കൂട്ടാൻ
വെയിൽ വിളക്കു തെളിച്ചും
തൊഴുത്തിലെ കുറുമ്പഴി-
ച്ചന്യന്റെ വിളതീറ്റും
ഫലിതം നുണയാനും
ഒരു ഭ്രാന്ത്
വിളിച്ചുകൊണ്ടേയിരിക്കുന്നു.
നിഴൽ
ഒളിച്ചു കളിക്കുന്ന കുട്ടി
പ്രഭാതത്തിൽ സ്വപ്നങ്ങളിൽ നിന്നകന്ന്
ദൂരേയ്‌ക്ക് വിരുന്നുപോവുന്നു.
ഉച്ചയ്‌ക്ക് കത്തുന്ന മണലിൽ
കാല്‌ചുവട്ടിൽ കരയുന്നു
മൂവന്തിക്ക്,
അനുസരണയില്ലാത്തവനായി
താലിപ്പൊന്നു മോഷ്‌ടിച്ച്
നാടുവിട്ടോടുന്നു..
അറുതി
കാത്തിരുന്ന് മുഷിവാണ് പ്രണയം
കരച്ചിലുകളാണ് തൊഴിൽ തേടൽ
കായും നീരും തേടി
കാട് കയറവേ,
മരപ്പൊത്തിൽ നിന്ന്
കവിത ആഞ്ഞുകൊത്തുമ്പോൾ
നക്ഷത്രങ്ങൾ പെറ്റുവീണ്
പഴയ പീലി പെരുകിയത്
നീറി നീറി വിളിച്ചറിയിക്കുന്നു….
Generated from archived content: poem2_apr28.html Author: sivaprasd_palod