തുലാമാസ
വേവലാതിപ്പകലില്‍
ഒറ്റക്കും തെറ്റക്കും
പറന്നുവന്ന തുമ്പിക്കൂട്ടം
ചിറകരുകുകളില്‍
ക്രോധക്കടുംനിറം പേറി
ഇരുപ്പിലുമെടുപ്പിലും
പകയുടെ ചുടുകാറ്റുമായി
മരുന്നടിച്ചു മയങ്ങിക്കരിഞ്ഞ
തളിരുകള്‍ക്കുമേല്‍
ഒറ്റക്കും തെറ്റക്കും
പറന്നു വന്നു കനല്‍ക്കൂട്ടം
അവസാന ശക്തിയുമെടുത്തു
തുമ്പികളെടുക്കുന്നു കല്ലുകള്‍
പനികടുത്ത പെരും കല്ലുകള്‍
കൂര്‍പ്പിന്റെ കറും കല്ലുകള്‍
അന്നുപകല്‍
വിഷമേന്തിവന്നവര്‍ക്കു മീതേ
പകയായ് പെയ്തിറങ്ങി
തുമ്പികളെടുത്ത കല്ലുകള്‍
മൂവന്തിയാവും മുമ്പ്
ശേഷക്രിയ പൂര്‍ത്തിയാക്കി
ഇനിയും പേരിടാത്ത
ആകാശത്തേക്ക്
ഒറ്റക്കും തെറ്റക്കുമായി
തുമ്പിക്കൂട്ടം പറന്നുപോയി
Generated from archived content: poem1_oct29_11.html Author: sivaprasd_palod