മഴക്കുട്ടികൾ
പരീക്ഷകളുടെ
മാർച്ച് കടന്ന്
വയസൻ വിദ്യാലയം
ധാന്വന്തരം കുഴമ്പിട്ട്
കുളിച്ച്, കോണകം മാറ്റി
നരച്ച മുടി
തലയോടിലേക്ക്
ചീകിയൊപ്പിച്ച്
ചാഞ്ഞു കിടക്കുമ്പോൾ
മഴവന്നു
ഭൂമിയോടും
ആകാശത്തോടുമൊപ്പം
ഒന്നാം ക്ലാസിൽ ചേരാൻ…
പേര് ഃ ഈറൻ മഴ
ഈരാഞ്ചേരി മഴ,
പേമഴ, തുലാമഴ,
ചാറൽമഴ, പെരുമഴ
മഴക്ക് മതമില്ലായിരുന്നു
ഹിന്ദുമഴ, ഇസ്‌ലാംമഴ
നസ്രാണിമഴയല്ലായിരുന്നു…
പെയ്‌ത്തും തോരലും
ജനനസർട്ടിഫിക്കറ്റ്
കുതിർത്തതിനാൽ
മഴ
വയസ്സറിയിച്ചിട്ടില്ലായിരുന്നു…
മലയാളമോ
ഇംഗ്ലീഷ് മീഡിയമോ?
മഴ മന്ദബുദ്ധിയായി
വെളുക്കെച്ചിരിച്ചു,
ചറുപിറ, ചറുപിറ
വിറ്റർ പാറ്റർ
വിറ്റർ പാറ്റർ
ആണോ? പെണ്ണോ?
അടിച്ചു പെയ്യുമ്പോളാണും
നീറി നീളുമ്പോൾ പെണ്ണും….
മഴമൊഴി
അവസാനം
ജൂണിൽ വരണമെന്ന്
നനഞ്ഞ യൂണിഫോം..
മായ്‌ച്ചുമായ്‌ച്ചെഴുതാൻ
സ്ലേറ്റും പെൻസിലും
പുള്ളിക്കുട
സ്‌കൂബിഡേ
ലേബർ ഇന്ത്യയുമായി
വരണമെന്ന്
മഴ കേട്ടു…
ഇടിയോടൊപ്പം
മൂളിയും മുരണ്ടും കേട്ടു…
ജൂണിൽ
ഹാജർ വിളിച്ചപ്പോൾ
ഒന്നാം ബഞ്ചിലും
എല്ലാ ബഞ്ചിലും
ഒന്നാം ക്ലാസിലും
എല്ലാ ക്ലാസിലും
മഴ മഴ മഴ
മഴക്കുട്ടികൾ മാത്രം
പേരില്ലാത്ത
മതമില്ലാത്ത
വയസില്ലാത്ത
പാവം വെറും
മഴക്കുട്ടികൾ മാത്രം.
മണ്ണാങ്കട്ടയും കരിയിലയും
മണ്ണാങ്കട്ടയും
കരിയിലയും
ഒരു ഭരണഘടന
പ്രശ്‌നമായിരിക്കുന്നു.
പൊളിഞ്ഞുവീണ
തറവാട്ടുചുവരിൽ
ഒറ്റക്കായതിനാലും
പച്ചിലചാർത്തുകളുടെ
പരിഹാസച്ചിരികളിൽ
മനംനൊന്തുമാണ്
മണ്ണാങ്കട്ടയും
കരിയിലയും
കാശിക്കിറങ്ങിയത്….
വിയർപ്പിന്റെ
ഓഹരികൾക്ക്
കണക്കുപറയുന്ന
കലപ്പകളോ,
വേരുകളില്ലാതെ
പൂപ്പലുകൾ, നരച്ച
സ്‌മാരകചിത്രങ്ങളോ
കൂട്ടില്ലാതെ,
അവർ കാശിയിലേക്ക്
നയിക്കപ്പെടുകയായിരുന്നു….
മുജ്ജന്മ കർമകാണ്ഡങ്ങളിൽ
കണ്ണു മിഴിച്ച കാലസർപ്പം,
പേമാരി, കൊടുങ്കാറ്റുകളുടെ
പത്രത്താളുകളിൽ
ദുരൂഹമായ
തിരോധാനങ്ങളായി
മണ്ണാങ്കട്ടയും
കരിയിലയും
പിക്കറ്റിങ്ങുകളായി,
ജയിൽ നിറച്ചു
സമരങ്ങളായി,
വെറും ഹർത്താലായി,
കടും ബന്ദായി,
സിബിഐ അന്വേഷണം,
ഇന്റർപോൾ
ഇടപെടൽ,
പാർലമെന്റിന്റെ
ഇരു സഭകളും സ്‌തംഭിച്ച്
മണ്ണാങ്കട്ടയും
കരിയിലയും
ഒരുക്രമപ്രശ്‌നമായി
നടുത്തളത്തിൽ
ഇന്നയിക്കപ്പെടുകയായിരുന്നു.
Generated from archived content: poem1_oct11_10.html Author: sivaprasd_palod