അടിമയെന്ന് തലവര
അലസം മേയാം
കഴുത്തിൽ കയറില്ലാത്തവൻ
വിഴുപ്പു ചുമക്കുന്നവനെന്ന്
പരിഹാസത്തിന്റെ അലങ്കാരം.
ലക്ഷോപലക്ഷം ജനതകളോട്
കാലികമായ ഒരു ഉപമ,
ഒരു പാത്രം ലാളന
തൊട്ടുതീണ്ടാത്തവൻ,
ഓമനമൃഗങ്ങളുടെ
പേരു പട്ടികയിലില്ലാത്തവൻ
പണിയെടുത്ത് മാത്രം
തിന്നുശീലിച്ച
വമ്പൻ ബുദ്ധിക്കുടമ
ബുദ്ധിഹീനനെന്ന്
വിളിപ്പേര്.
എല്ലാ ഇസങ്ങളുടെയും
പാവം ഉപഭോക്‌താവ്
ഒരു യുദ്ധവും
നയിക്കാനിടയില്ലാത്ത യോദ്ധാവ്,
ഈ പീഡനകാലത്ത്
പലരും കാമം
ഉരച്ചും തീയിട്ടും കട്ടുമുടിച്ചും
കൊന്നും തിന്നും
തീർക്കുമ്പോൾ
ഇവനെയൊരിത്തിരി
ഏകാന്തതക്ക് വിട്ടേക്കുക
ഇവൻ കരഞ്ഞുതീർത്തോളും.
Generated from archived content: poem1_june2.html Author: sivaprasd_palod