അവൻ
ഇടക്കിടെ വരാറുണ്ടെന്നതിനാൽ
നമുക്ക് മുറിക്കുളളിൽ
കോറിയിടാം
‘നന്ദി വീണ്ടും വരിക’
മൗനത്തിന്റെ ചെരിപ്പിട്ട്
നമ്മളിനിയും കാണാത്ത
തുറന്ന പൂട്ടുകളിലൂടെ
കുറ്റാക്കുറ്റിയിരുട്ടിലെ
പൂച്ചക്കണ്ണായി
അവനെത്തുന്നത്
അതിഭാവന.
പക്ഷേ
തട്ടിമറിക്കപ്പെട്ട സ്വപ്‌നങ്ങളും
തട്ടിപ്പറിക്കപ്പെട്ട ഉറക്കങ്ങളും
അട്ടിമറിക്കപ്പെട്ട ആദർശങ്ങളും
ഒച്ചയുണ്ടാക്കുമ്പോൾ
ഒരു കളളനെ
നാമറിഞ്ഞു തുടങ്ങണം…
ഒഴിഞ്ഞ ധാന്യപ്പുരകളും
വറ്റിച്ച കിണറും
നിരന്ന കുന്നുകളും കണ്ട്
പ്രഭാതത്തിൽ നാം
മൂക്കത്ത് വിരൽ വയ്‌ക്കും.
അന്നും
മൂക്കില്ലാ രാജ്യങ്ങളിൽ
മുറിമൂക്കന്മാരുടെ
കിരീടധാരണങ്ങൾ
തകൃതിയായി നടക്കും..
Generated from archived content: poem1_june17.html Author: sivaprasd_palod