എടത്തിലച്ചൻ
വിരുന്നു വന്നൂ….
നല്ല തമ്പുരാട്ടി
അടിയന്റെ മക്കളൊടൊപ്പം
ആട്ടക്കളവും കളിച്ചു,
ഉപ്പേരിയും തിന്നു….
എടത്തിലച്ചൻ
പെട്ടിതുറന്നൂ….
അയ്യയ്യ!
എന്തെന്തു കോപ്പുകൾ,
അയലോക്കത്തേക്കു
തൊടുക്കുവാൻ
വാണപ്പടക്കം,
കണ്ടുരസിക്കാൻ
നിലച്ചക്രം, പൂത്തിരി,
കടലാസുപുലി,
ഏട്ടിൽ എന്തൊരു
പാൽ ഞരമ്പുള്ള പശു!
എടത്തിലച്ചൻ
മിണ്ടിയില്ല….
എന്റെ കൂരയിൽ,
ചെറ്റക്കിടപ്പറയിൽ,
എത്തിനോക്കി,
എടത്തിലച്ചന്റെ
സ്വരൂപത്തിലേക്ക്,
പറന്നുപോയ
കള്ളക്കാക്കയെപ്പറ്റി
എടത്തിലച്ചൻ
മിണ്ടിയില്ല…..
ഇവിടെ പുകതുപ്പി
അടിയന്റെ കൂട്ടരെ
പൊള്ളിച്ചുകൊന്ന
ചെകുത്താനെപ്പറ്റി,
അടിയനു മാട്ടും
മാരണവും ചെയ്യണ
മാറ്റാനെപ്പറ്റി,
എടത്തിലച്ചൻ
പറഞ്ഞല്ലോ….
സർവ്വാണിസദ്യക്ക്,
അടിയന്റെ
പേരുചേർക്കാമെന്ന്….
എടത്തിലെ
എച്ചിലുകോരാൻ,
അടിയനും പെണ്ണിനും
പണിതരാമെന്ന.്…..
അതുകൊണ്ടല്ലോ…
തുടികൊട്ടി,
അടിയനും കൂട്ടരും
നാടാകെ പാടണത്….
“പുത്തൂരം വീട്ടിൽ
പിറന്നോരെല്ലാം
പൂപോലഴകു
ള്ളോരായിരുന്നു.
Generated from archived content: poem1_feb21_11.html Author: sivaprasd_palod