ജീവിതം അടിത്തട്ടിൽനിന്ന്
പ്രതീക്ഷകളുടെ നുരകളായി,
വലുതായി വലുതായി
ജലനിരപ്പിലെത്തുമ്പോൾ
ഉടഞ്ഞുടഞ്ഞ് ചിതറുന്നു.
കരിഞ്ഞും കത്തുന്ന വിളക്കും
ആർത്തിച്ചുവടെഴുമിരുട്ടും
നുണകൾ പെറ്റിടും കൂട്ടരും
പഴയ പ്രണയമൊഴികളും
വീണ്ടും
ഒരു മത്സ്യാവതാര വീർപ്പായി
ആത്മഗതത്തിന്റെ നീർക്കോലിയായി
തവളയുടെ മുദ്രാവാക്യമായി
ജീവിതത്തെ പടച്ചേയിരിക്കുന്നു!
വിരൂപനായ പായൽ
ആമയെ തുറുങ്കിലടച്ച്
ആജ്ഞകളുയർത്തുന്നു..
എല്ലാ കുമിളകളും
ഒരു മതിലിന്നദൃശ്യതയിൽ
ആരോയെറിയും കുരുക്കിൽ
പെട്ടുഴറി മരിക്കുന്നു…
നിമിഷങ്ങളുടെ കോട്ടയ്‌ക്കകത്ത്
പൊട്ടാത്ത ഒരു കുമിളയെങ്കിലും
കിട്ടാതെ വരുമോ..?
Generated from archived content: poem1_aug4.html Author: sivaprasd_palod