ഡി=പ്രണയവും രതിയും ഒഴുകിയ പുഴ

വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍,

പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,

കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍”

എന്ന് പാടി മരങ്ങളെയും പുഴകളെയും കൂട്ടുകാരെയും കൂട്ടിപ്പിടിച്ച കവി ഡി വിനയ ചന്ദ്രന്‍ ഇനി ഓര്‍മ മാത്രം . കവിതയുടെ കല്ലടയാര്‍ ആയിരുന്നു ഡി .വിനയ ചന്ദ്രന്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നിന്ന് അതിനു നേരെ തന്റെ പൊട്ടിയ കണ്ണാടിത്തുണ്ടുകള്‍ കാണിച്ചു പരിഹസിച്ചും ശാസിച്ചും ഒരു വേള കലഹിച്ചും മര്‍ദ്ദിച്ചും തിരുത്താന്‍ നോക്കിയ വാക്കിന്റെ പടയാളി വിടവാങ്ങുന്നു . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിപ്പിച്ചു വായനക്കാരന്റെ മനസ്സില്‍ അമ്ളമഴ പെയ്യിക്കുകയായിരുന്നു വിനയ ചന്ദ്രന്റെ കവിത .നരകം ഒരു പ്രേമകഥ എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊടിച്ചി, പത്താംമുദയം, കാട്, ഉപരിക്കുന്ന്, പേരറിയാത്ത മരങ്ങള്‍, വംശഗാഥ എന്നിവയാണു പ്രധാന കൃതികള്‍. കണ്ണന്‍ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്‍റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ടു മുറിവേറ്റവന്‍, ദിഗംബര കവിതകള്‍ (പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം) എന്നിവ.പരിഭാഷകള്‍ ആണ് .നരകം ഒരു പ്രേമകഥ എഴുതുന്നു എന്ന കവിതാസമാഹരത്തിന് 1996ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം, 2006ല്‍ ആശാന്‍ സ്മാരക പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, റഷ്യന്‍ സര്‍ക്കാരിന്‍റെ ഇസെല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലായിരുന്നു ജനനം. പ്രീ യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ഡി വിനയചന്ദ്രന്‍ പഠിച്ചത് തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലുമാണ്..ഫിസിക്സില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാന്തര ബിരുദവും നേടി. അധ്യാപകന്‍, നിത്യയാത്രികന്‍, പ്രണയത്തിന്‍റെ പാട്ടുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1993ല്‍ എംജി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ അധ്യാപകനായിരുന്നു. ഗഹനതയുടെയും മായികമായ ഭാവനകളുടെയും കുപ്പായം അണിയുംപോഴും സൂക്ഷ്മമായ കാഴ്ചകള്‍ ആണ് വിനയചന്ദ്രന്റെ കവിതകള്‍ വരച്ചിടുന്നത് .കവിതയുടെ പഴമക്കും ആധുനികകതക്കും ഇടയിലാണ് വിനയചന്ദ്രികയുടെ ഉദയം എന്ന് വേണം എങ്കില്‍ പറയാം .ആധുനിക കവിതക്ക് സംവേദന ക്ഷമത കുറവാണെന്നും ജീവിതത്തോട് അടുപ്പമില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്ന ആ ദശകത്തില്‍ ആണ് തന്റെ വരികള്‍ കൊട്ടിപ്പാടി വിനയ കവിയുടെ അവതാരം .പിന്‍ തലമുറയുടെ ഭാഷയായി മാറി വിനയ ചന്ദ്രന്റെ കവിത .അവധൂതനായ കവിയാണ് പി എങ്കില്‍ അതെ കിരീടം ആധുനികരില്‍ അവകാശപ്പെടാവുന്ന കവിയാണ് ഡി..കാണുന്ന ലോകമാണ് ഡി യുടെ കവിത .അത് കൊണ്ട് തന്നെ ബിംബങ്ങള്‍ കൊണ്ടുള്ള വാക്ചിത്രങ്ങള്‍ തന്നെയാണ് കവിതയുടെ വരികള്‍ ആകുന്നതും .ജീവനുള്ള ബിംബങ്ങള്‍ തിരഞ്ഞു പിടിച്ചു കവിതയില്‍ ഉറപ്പിക്കുന്ന മായാജാലം ആണ് ഇദ്ദേഹത്തിന്റേത് .സ്റെജില്‍ മാജിക്ക് കാണിക്കുന്നവനും തെരുവില്‍ മാജിക്ക് കാണിക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഡി യെ മറ്റു കവികളില്‍ നിന്നും വേറിട്ടതാക്കുന്നു .ഡി യുടെ കവിത നമ്മുടെ കണ്മുന്നില്‍ പച്ചയായി വാര്‍ന്നു വീഴുകയാണ് ,അതിന്റെ എല്ലാ തരം ചൂടും ചൂരും കൊണ്ട് അത് നമ്മളെ ഉണ്മാദികള്‍ ആക്കുന്നു ചിലപ്പോള്‍ .ഒരേ സമയം ധൈഷണികവും അതെ സമയം വൈകാരികവും ആയ ഒരു തരം ആത്മ പ്രകാശനം .ആധുനിക ലോകത്തിന്റെ സമസ്ത വ്യാകുലതകളും ആഗോള വത്കരണം , അമിതമായ വാണിജ്യ വത്കരണം, പാരിസ്ഥിതിക നാശം ,ബന്ധങ്ങളിലെ ശൈഥില്യം ,പ്രണയത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങള്‍ ,ആശയധാരകളുടെ പാതി വിപ്ലവാത്മകത ഒക്കെ കവിതകളില്‍ വന്നു നിറയുന്നു .വീടും ജീവിതവും വന്നു നുരയുംപോഴും അവയില്‍ നിന്ന് അന്യവത്കരിക്കപ്പെട്ട ജീവിതം പേറിയാണ് കവിയുടെ യാത്ര. ഹസ്വദൃഷ്ടിയുടെ കണ്ണാടി എടുത്ത്തണിയുംപോഴും ദൂരക്കാഴ്ച തനിക്കന്യമല്ല എന്ന് പല പ്രവചന സ്വഭാവം ഉള്ള കവിതകള്‍ കൊണ്ടും വിനയ ചന്ദ്രന്‍ തെളിയിക്കുന്നു .ഉദ്യാനങ്ങള്‍ കവിക്ക്‌ അന്യമാണ് .., ജീവിതംമരുഭൂവിലെ മരീചികയും മരുപ്പച്ചകളും കണ്ടു ലഹരിയുടെ വേദന പേറി നടക്കുന്ന കവിത .പാര്‍ക്കിലെ ബഞ്ച് എന്നാ കവിതയിലൂടെയും തനിക്ക് നഷ്ടപ്പെട്ട പൂവാടികള്‍ കവി കാണുന്നുണ്ട് . വര്തമാനവുമായോ ഭൂതവുമായോ ഒരു സമരസപ്പെടലിനും നിന്ന് കൊടുക്കാതെ തന്റെതായ വഴിയില്‍ മുന്നില്‍ പോയവരെയോ പിന്നില്‍ വരുന്നവരെയോ ശ്രദ്ധിക്കാതെ നടന്നു പോയ ഒരു മാന്ത്രികനും ഭ്രാന്തനും ആയ കവി ..കവിത കൊണ്ട് കാമുകന്‍ ആവുകയും ജീവിതം കൊണ്ട് അത് അല്ലാതിരിക്കുകയും ചെയ്ത വിചിത്ര ജീവി .ആണ് നിമിഷം മരിച്ചു പോയി ക്കൊണ്ടിരിക്കുന്ന പ്രകൃതിയെ തന്റെ തലച്ചോറില്‍ സൂക്ഷിക്കുന്ന പരിസ്ഥിതി സ്നേഹി ..സൌഹൃദങ്ങളെ ആഘോഷമാക്കിയ ,കവിത കൊണ്ട് വേദികളെ ആവേശഭരിതമാക്കിയ വിപ്ലവകാരി എന്നൊക്കെ ഡി യെ വായിച്ചെടുക്കാം .

ഭ്രാന്തന്‍ , കാമുകന്‍ ,കവി – ഇവരെല്ലാം ഭാവന കൊണ്ട് ഒരു പോലെയാണ് എന്ന ഷേക്സ്പിയര്‍ ‍വചനം ഡി ക്ക് ഏറെ ചേരും. കവിതയുടെ ഭ്രാന്തും, പ്രകൃതിയുടെ കാമുകനും എന്തും കവിതയായി മാറുന്ന കവിത്വവും വിനയചന്ദ്രന്റെ മുഖക്കുറികളായി.

എന്റെ കവിത

പുരാതനമായ

ഒരു പ്രേമവിലാപം ആകുന്നു

മെല്ലെ ആഴം വയ്ക്കുന്ന കടല്‍

എന്റെ കവിത

പൂര്‍ണചന്ദ്രോയത്തിലേക്ക്

തുള്ളിയുണരുന്ന കടല്‍

പ്രേമമെന്ന സുന്ദര വികാരത്തെ അതിന്റെ മാസ്മരികതയില്‍ കവി വരച്ചിടുന്നു .പ്രകൃതിയുടെ വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചയാണ് ഇവിടെ .ഞാനിതാ യാത്രയാകുന്നു പ്രിയേ ശുഭം

പ്രേമദുഖങ്ങള്‍ പ്രിയങ്ങളായ്‌ തീരുക ഇന്നിതെ ജീവിതം നാമോര്‍ത്തിരിക്കാതെ പെണ്ണുമാണും പ്രണയ സമയമായ്‌ തീരുന്നു .. എന്ന് പ്രണയത്തെ പറ്റി കവിയെ പിന്നെയും വാചാലനാക്കുന്നു.

വാക്ക് എത്ര മഴ നനഞ്ഞാലാണ്

ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും

അതിനു അതിന്റെ മരങ്ങളും

മൗനങ്ങളും തിരിച്ചു കിട്ടുന്നത്

എന്നിങ്ങനെ പ്രകൃതിയിലെക്കുള്ള ഒരു തിരിച്ചു പോക്കിനായി ഓരോ കവിതയിലും കവിയുടെ അനാദിയായ പ്രാര്‍ത്ഥന വന്നു ചേരുന്നുണ്ട് .

കാടിന് എന്ത് പേരിടും ?

കാടിന് ഞാന്‍ എന്റെ പേരിടും

എന്നാണു കവിക്ക്‌ തന്നോട് തന്നെയുള്ള ഉത്തരം .അക്ഷരാര്‍ഥത്തില്‍ ഒരു ഒറ്റമരക്കാട് ആയിരുന്നു ഡി. മരക്കവി എന്ന പേര് അദ്ദേഹം ആസ്വടിച്ചിരുന്നതായി തോന്നാം.

ഇത് കാട്ടുപൂവിന്റെ തേനല്ല ചാറ്റല്ല

തളിരിലും പൂവിലും കിളിയിലും

കുളിര് പകരും കളിക്കൂട്ടുകാരിപെണ്ണ് .

ഇതായിരുന്നു കവിയുടെ പ്രകൃതി ചിന്ത. കരയുന്നു ഞാവല്‍, കടമ്പ് പുന്നാഗങ്ങള്‍

കരയുന്നു കൈത,കടല്‍

കടല്‍ കാക്കകള്‍ ..

പ്രകൃതിയുടെ കരച്ചിലിനെ തന്റെ കരച്ചിലായി ലോകത്തെ അറിയിച്ച വാക്കുകള്‍. കരയുമ്പോഴും കലഹിക്കുകയും ,കലഹിക്കുമ്പോഴും കരയുകയും ചെയ്തു കവി . പ്രകൃതിയില്‍ ഊന്നിയ ആധ്യാത്മികത ആയിരുന്നു വിനയചന്ദ്രന്റെ ജീവിത സന്ദേശം .

വിനയ ചന്ദ്രന്റെ കവിതയ്ക്ക് നാടോടി ശൈലിയുടെ ലാഞ്ചനയും ചില നിരൂപകന്മാര്‍ കാണുന്നുണ്ട്. കാരണം ഡി ക്ക് കാണുന്നതില്‍ ഒക്കെ കവിത ഉണ്ടായിരുന്നു .അദേഹം സ്വയം വിശേശിപ്പിക്കുന്നത് അനാഥന്‍ എന്നാണ്. എകാകി, ആരും നിയന്ത്രിക്കാനില്ലാത്തവന്‍ എന്നൊക്കെ മറ്റുള്ളവര്‍ വിളിക്കുമ്പോഴും അനാഥന്‍ ആയി സ്വയം കാണാനുള്ള കവിയുടെ നിയോഗം .

ഒന്ന് താനല്ലയോ നിങ്ങളും ഞാനും

ഇക്കാടും കിനാക്കളും അണ്ടകടാഹവും …എന്ന് ചൊല്ലി തന്റെ ഒറ്റപ്പെടലിന് വലിയ സാമൂഹ്യമാനവും കവി നല്‍കുന്നു. ഞാന്‍ ഞാനല്ല , മേഘം, മഴ, വാന്‍ഗോംഗ്, സാവിത്രി എന്ന് ഞാന്‍ ആയിരിക്കുമ്പോഴും മറ്റെന്തൊക്കെയോ കൂടി ആണെന്ന് കവി വ്യക്തമാക്കുന്നു .

അദ്ദേഹത്തിന്റെ ചില വരികള്‍

ശവക്കോട്ടയില്‍ അടക്കിയെങ്കിലും

സതിയുടെ ശവം ശിവനെ

മൂന്നു ശീവേലി സമയത്തും ഓര്‍ക്കുന്നു.

പുറമ്പോക്കില്‍ ഉപേക്ഷിച്ച

പശുവിനെ തിന്നു വിശ്രമിക്കെ

കഴുകന്മാര്‍ അത് തിരിച്ചറിയുന്നുണ്ട്്.

യൂക്കാലിപ്റ്റസിന്‍െറ പട്ട അടരുന്നതും

കല്ലടരുകളില്‍നിന്ന് ഓന്തുകള്‍

തലപൊക്കി നോക്കുന്നതും

മയക്കംവിട്ട് ആട്ടിടയന്‍ ഭാംഗു കഴിക്കുന്നതും

അതുകൊണ്ടാണ്.

തനിക്കുപോരാത്തതുകൊണ്ടോ

താന്‍പോരിമ കൊണ്ടോ

തനിച്ചു പോരുന്നോ?

തീയും വെള്ളവുമല്ലെങ്കില്‍

തിണ്ണയില്‍ എന്റെ ഇടതുവശം ഇരിക്കാം

തീയും വെള്ളവുമാകുമ്പോള്‍

കാട്ടിലേക്കും കടലിലേക്കും

പോകാതെ എന്റെ അടുപ്പില്‍

പ്രവേശിക്കാം

എന്താണു പാകം ചെയ്തതെന്ന്‌

മിണ്ടരുത്‌, വായനക്കാരൻ പറയട്ടെ.

പരിഭ്രമം

ഇങ്ങനെ ഒരിക്കലും

ഭയം എന്നെ ബാധിച്ചിട്ടില്ല

എന്റെ പെണ്ണ് വരുമെന്ന്

പറയുന്ന ഈ ദിനം

പാതകളെയും ഭിത്തികളെയും

ആകാശക്കീറുകളെയും

മലമ്പാമ്പിന്റെ രൂപത്തില്‍ കാണുന്നു

വിറകുകൊള്ളിയായി

എന്റെ കൈകാലുകള്‍ ഉഴറുന്നു

വിശാല ജലാശയത്തിന്റെ അരികില്‍

പാളിനില്‍ക്കുന്ന

ഒറ്റത്തിരിയായി ഞാന്‍

Generated from archived content: essay2_feb28_13.html Author: sivaprasd_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅന്നവും അറിവും
Next articleജോസഫിന്റെ മണം
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here