കേരളകലാമണ്ഡലം

നവംബർ 1 കേരളപിറവിദിനമായും മലയാളം ദിനമായും ആചരിക്കുമ്പോൾ നവംബർ 9 കലാകേരളത്തിന്റെ അഭിമാനമായ കേരളകലാമണ്ഡലം സ്‌ഥാപിക്കപ്പെട്ട ദിനമാണ്‌. കേരളീയ കലകളെ പരിപോഷിപ്പിക്കുന്നതിൽ വിശിഷ്യ കഥകളിയെ ആഗോളപ്രശസ്‌തിയിലേക്കുയർത്തിയതിൽ മുഖ്യ പങ്കുവഹിച്ച കലാക്ഷേത്രമാണിത്‌. കലാമണ്ഡലത്തിന്റെ സ്‌ഥാപനം പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം ഇതു സംബന്‌ധിച്ച കുറച്ചു ചിത്രങ്ങളും നമുക്ക്‌പരിചയപ്പെടാം.

വള്ളത്തോളും കലാമണ്ഡലവും

ഷൊർണൂരിനടുത്ത്‌ ചെറുതുരുത്തിയിൽ കലാമണ്ഡലം ആസ്‌ഥാനം അറിയപ്പെടുന്നത്‌ വള്ളത്തോൾ നഗർ എന്നാണ്‌. ഭാരതീയ കലകളുടെ നവോത്ഥാനത്തിനായി ഒരു കലാകേന്ദ്രമെന്ന വള്ളത്തോളിന്റെ സ്വപ്‌നമാണ്‌ കലാമണ്ഡലത്തിന്റെ പിറവിക്കു പിന്നിൽ.

കുന്നംകുളം മണക്കുളം സ്വരൂപത്തിലെ മൂപ്പിൽ സ്‌ഥാനി കുഞ്ഞുണ്ണി വലിയതമ്പുരാൻ (കക്കാട്ടുകാരണപ്പാട്‌) കുന്നംകുളത്ത്‌ ഒരു കഥകളിയോഗം നടത്തിയിരുന്നു കളിയോഗം എന്നായിരുന്നു ഇതിന്റെ പേര്‌. മഹാകവി വള്ളത്തോളും കളിയോഗത്തിലെ സ്‌ഥിരം സന്ദർശകനായിരുന്നു. കലാമണ്ഡലം എന്ന ആശയം വള്ളത്തോളിൽ ഉണർത്തിയത്‌ കുഞ്ഞുണ്ണിരാജയുമായുള്ള സമ്പർക്കമായിരുന്നു. ആദ്യപടിയെന്നനിലയിൽ 1927-ൽ കുന്നംകുളത്ത്‌ ആരംഭിച്ച കഥകളിവിദ്യാലയമാണ്‌ കലാമണ്ഡലത്തിലേക്ക്‌ നയിക്കപ്പെട്ടത്‌. തന്റെ കളിയോഗത്തിന്റെ മുഴുവൻ സ്വത്തും കുഞ്ഞുണ്ണി തമ്പുരാൻ ഇതിലേക്ക്‌ സംഭാവന ചെയ്‌തു. പിന്നീട്‌ സൊസൈറ്റി മാതൃകയിൽ പ്രവർത്തിച്ചതിന്‌ ശേഷം 1930 നവംബർ 9ന്‌ കലാമണ്ഡലം പ്രവർത്തനം തുടങ്ങി. അദ്ധ്യക്ഷനായി വള്ളത്തോളും, സെക്രട്ടറിയായി മണക്കുളം മുകുന്ദരാജാവും രക്ഷാധികാരിയായി നിലമ്പൂർരാജാവും പ്രവർത്തിച്ചു.

പിന്നീടാണ്‌ ചെറുതുരുത്തിയിലേക്ക്‌ കലാമണ്ഡലം മാറ്റി സ്‌ഥാപിക്കപ്പെട്ടത്‌. അന്ന്‌ ചെറുതുരുത്തി ഉൾപ്പെട്ടിരുന്ന കൊച്ചിരാജാവംശത്തിൽ നിന്നും സ്‌ഥലം സൗജന്യമായി അനുവദിച്ചു. വള്ളത്തോൾ താമസം ചെറുതുരുത്തിയിലേക്കു മാറ്റി. 1973-ൽ മഹാകവിയുടെ 59-​‍ാം ജന്മദിനവും കലാമണ്ഡലത്തിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനവും ഒരുമിച്ച്‌ ആഘോഷിച്ചു.

കേരള ആട്‌സ്‌ അക്കാദമി

1934-ൽ ബർമയിലും 1951-ൽ കൽക്കത്തയിലും കലാമണ്ഡലത്തിലെ കലാകാരൻമാർ കഥകളി അവതരിപ്പിച്ചത്‌ കഥകളിയുടെ യശസുയർത്തി. 1957-ൽ കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്തു. 1962 നവംബറോടെ കേരള ആട്‌സ്‌ അക്കാദമിയായി ഉയർത്തി. 1955-ൽ പ്രധാനമന്ത്രി ജവർലാൽ നെഹ്‌റു 1980-ൽ പ്രധാനമന്ത്രി ഇന്ദാഗാന്ധി എന്നിവർ കലാമണ്ഡല പ്രവർത്തനങ്ങൾ നേരിട്ടുകാണാനെത്തി. തമിഴ്‌നാട്ടിലെ അഡയാറിൽ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ അഖിലലോക കൺവെൻഷൻ നടന്നപ്പോളാണ്‌ കേരളത്തിന്‌ വെളിയിൽ ആദ്യം കഥകളി അവതരിപ്പിക്കപ്പെട്ടത്‌. കൽക്കട്ടയിലെ വിശ്വഭാരതിയിലെ അവതരണത്തിന്‌ ശേഷമാണ്‌. രവീന്ദ്രനാദഥ ടാഗോറിന്റെ നിർദ്ദേശാനുസരണം ശാന്തിനികേതനിലും കഥകളി പഠിപ്പിക്കാനിടവന്നത്‌. കഥകളിയിൽ ആകൃഷ്‌ടരായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ന്‌ കലാസ്വാദകർ കലാമണ്ഡലത്തിലെത്തുന്നു.

പ്രവർത്തനങ്ങൾ

കഥകളിക്കുതന്നെയാണ്‌ പ്രഥമസ്‌ഥാനമെങ്കിലും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്‌, ഭരതനാട്യം, മോഹിനിയാട്ടം, പഞ്ചവാദ്യം, കൂടിയാട്ടം, കഥകളി സംഗീതം, മൃദംഗം തുടങ്ങി നിരവധി കലകളും ഉപകരണങ്ങളിൽ ശിക്ഷണവുമാണ്‌ കലാമണ്ഡലത്തിൽ. വിവിധ കളരികളിൽ ആശാൻമാരുടെ നേതൃത്വത്തിലാണ്‌ പഠിതാക്കൾക്ക്‌ പരിശീലനം. 6 വർഷമാണ്‌ പരിശീലന കാലാവധി. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിനനുസരിച്ച്‌ എല്ലാ പഠിതാക്കളും അധ്യാപകരും കലാമണ്ഡലത്തിൽ തന്നെ തമാസിക്കുന്നു.

നാട്യശാസ്‌ത്രവിധിപ്രകാരം നിർമ്മിച്ചിട്ടുള്ള കൂത്തമ്പലവും പ്രകൃതിയോടിണങ്ങി മണ്ണിലും മരത്തിലുമുള്ള കളരികളും കലാമണ്ഡലത്തിന്റ സവിശേഷതയാണ്‌. മെയ്യഭ്യാസം നേടിയെടുക്കാനുള്ള കച്ചകെട്ട്‌, എണ്ണയിടീൽ, മെയ്‌വർഗം, കൈവീശൽ, മെയ്‌തരിപ്പ്‌, കുനിഞ്ഞുവീശൽ, നിരയിൽ കുത്തിനിവരുക, തൊഴുതു കുത്തുക, തൂശിക്കിടുക എന്നിവയ്‌ക്ക്‌ ബാല്യത്തിൽതന്നെ നല്ല പരിശീലനം ലഭിക്കുന്നു. കണ്ണുസാധകവും ചെയ്യിക്കുന്നു. ആട്ടകഥകളും പഠനവിഷയമാണ്‌. കഥകളിക്കും മറ്റുമായുള്ള ആടയാഭരണങ്ങൾ മുഖത്തെഴുത്തായ ചുട്ടിയും തേപ്പും എന്നിവയിലും പരിശീലനമുണ്ട്‌. കഥകളിരംഗത്തും മറ്റുകലകളിലും കലാമണ്ഡലത്തിൽ പരിശിലനം നേടിയവർ ഇന്ന്‌ ധാരാളം. അവരെല്ലാം തന്നെ സ്വന്തം പേരിന്‌ മുന്നിൽ കലാമണ്ഡലം എന്ന്‌ ചേർക്കാറുണ്ട്‌. കലാമണ്ഡലത്തിന്‌ സ്വന്തമായി കളിയോഗവുമുണ്ട്‌.

പരിശീലനപരിപാടികൾക്കൊപ്പം കേരള കലാമണ്ഡലം എന്ന ത്രൈമാസികവും ഇവിടെ നിന്ന്‌ പുറത്തിറങ്ങുന്നു. കലാമണ്ഡലം സന്ദർശകർക്കായി ഒരു ആർട്‌ ഗാലറിയും പ്രവർത്തിച്ചുവരുന്നുണ്ട്‌.

Generated from archived content: essay1_may23_11.html Author: sivaprasd_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചില ഭൗമദിന ദുശ്‌ചിന്തകൾ
Next articleഭഗവാന്‌ ഭവ രോഗമോ?
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here