വള്ളത്തോൾ എന്ന അക്ഷരപൗരുഷം

കേരള വാത്‌മീകി ദേശീയകവി എന്നൊക്കെ വിശേഷണങ്ങളുള്ള മഹാകവി വള്ളത്തോൾ 1878 ഒകടോബർ 16ന്‌ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചേന്നരിവില്ലേജിൽ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും കൊണ്ടയൂർ കുട്ടിപ്പാറുവമ്മയുടെയും മകനായി ജനിച്ചു. പന്ത്രണ്ടാം വയസിൽ കിരാതശതകം എന്ന മണിപ്രവാള കവിതയിലൂടെ ഇദ്ദേഹം കാവ്യരംഗത്തെത്തി. പതിനാറു വയസ്സുള്ളപ്പോൾ കോഴിക്കോട്‌ ഭാഷാപോഷിണി സഭ നടത്തിയ കവിതാമത്‌സരത്തിൽ വള്ളത്തോൾ ഒന്നാം സ്‌ഥാനം നേടി. ബധിര വിലാപം, മഗ്‌ദലനമറിയം, കൊച്ചുസീത, ബന്ധനസ്‌ഥനായ അനിരുദ്ധൻ, അച്ഛനും മകളും, ശിഷ്യനും മകനും തുടങ്ങിയ ഖണ്ഡകാവ്യങ്ങളും, ചിത്രയോഗം, മഹാകാവ്യം നൂതന വിഷയങ്ങളെ അവലംബിച്ചെഴുതിയ ലഘുകാവ്യങ്ങളുടെ സമാഹാരമായ സാഹിത്യമഞ്ജരി എന്നിവ വള്ളത്തോൾ കൃതികളാണ്‌. വാത്‌മീകിരാമായണം, ഋഗ്വേദം, മാർക്കാണ്ഡയം, മത്‌സ്യം, വാമനം എന്നീ പുരാണങ്ങളും ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേകം, പഞ്ചരാത്രം, സ്വപ്‌നവാസവദത്തം, എന്നീ ഭാസരൂപകങ്ങളും, ഹാസ്യചൂഢാമണി കർപ്പൂര ചരിതം, രുക്‌മിണീഹരണം, ത്രിപുരഗഹനം എന്നീ രൂപകങ്ങളും, അഭിജ്ഞാനശാകുന്തളം, ബോധി സത്വാപദാന കല്‌പലത, ഗാഥാസപ്‌തശതി എന്നീ വിവർത്തനകൃതികളും വള്ളത്തോൾ കൈരളിക്കു നൽകി. ഔഷധഹരണം എന്ന ആട്ടക്കഥയും, ആരോഗ്യ ചിന്താമണി, ഗർഭരക്ഷാക്രമം, നേത്രാമൃതം, ബാലചികിത്സ, വൈദ്യഭൂഷണം എന്നീ ആരോഗ്യകൃതികളും അദ്ദേഹത്തിന്റെതായുണ്ട്‌ന്ന. 1958 മാർച്ച്‌ 13ന്‌ മഹാകവി അന്തരിച്ചു.

വള്ളത്തോളും സ്വാതന്ത്ര്യസമരവും

മലയാളത്തിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശസ്‌നേഹവും മുറ്റുന്ന വരികളിലൂടെ അക്ഷരസമരത്തിന്റെ കവിയായി വള്ളത്തോൾ ഇന്ത്യൻ ദേശീയ പ്രസ്‌ഥാനവുമായി നേരിട്ടു ബന്ധം പുലർത്തിയ മഹാകവി ഗാന്ധിജിയുടെ അനുയായി. 1927 ലെ മദിരാശി കോൺഗ്രസ്‌ സമ്മേളനത്തിലും, 1928-ലെ കൽക്കത്ത സമ്മേളനത്തിലും വള്ളത്തോൾ പങ്കെടുത്തു. സ്വാതന്ത്ര്യസമരാശയത്തിൽ സ്വയം സമർപ്പിച്ച കവി വെയിൽസ്‌ രാജകുമാരൻ നൽകിയ പട്ടും വളയും നിരസിച്ചു.

‘ഭാരതമെന്ന പേർ കേട്ടാലഭിമാന

പൂരിതമാകണമന്തരംഗം

കേരളമെന്നു കേട്ടാലോ

തിളക്കണം ചോര

നമുക്കു ഞരമ്പുകളിൽ ’

എന്ന വരികളിൽ ദേശസ്‌നേഹം പരമകാഷ്‌ഠയിലെത്തുന്നു. ദേശീയപാതാകയുടെ ജീവൻ തുടിക്കുന്നതാണ്‌

പോരാ പോരാ നാളിൽ നാളിൽ

ദൂരദൂരമുയരട്ടെ

ഭാരതക്ഷ്‌മദേവിയുടെ

തൃപ്പതാകകൾ‘ എന്ന വരികൾ

’വന്ദിപ്പിൻ മാതാവിനെ

വന്ദിപ്പിൻ മാതാവിനെ

വന്ദിപ്പിൻ വരേണ്യയെ

വന്ദിപ്പിൻ വരദയെ

എന്നിങ്ങനെ ഭാരതത്തെ കവിത നെഞ്ചേറ്റുന്നു. ഭാരതപതാകയേന്താൻ കൈ കഴുകിത്തുടച്ച്‌ ഒരുങ്ങാൻ കവി ആഹ്വാനം ചെയ്‌തു.

ധ്വസ്‌ത്യ ഭുവനമാം ഭൗഷ്‌ട്യമേ

നിൻതലയെത്രയുയർത്തിപ്പരത്തിയാലും

ഇക്കർമ ഭൂവിൻ പിഞ്ചുകാൽ പോരുമേ

ചിക്കെന്നതൊക്കെ ചവിട്ടി താഴ്‌ത്തുവാൻ

എന്നതും സമസ്‌ത നന്മകളെയും ഗാന്ധിയിൽ കാണുന്ന

“ക്രിസ്‌തുദേവന്റെ പരിത്യാഗശീലവും

സാക്ഷാൽ കൃഷ്‌ണനാം ഭഗവാന്റെ

ധർമരക്ഷോപായവും

മുഹമ്മദിൻ സ്‌ഥൈര്യവും

എല്ലാമൊരിടത്തൊന്നിച്ചുകാൺമാൻ

വരുവിൻ ഭവാനെന്റെ

ഗുരുവിൻ നികടത്തിൽ

അല്ലെങ്കിലവിടത്തെ

ചരിത്രം വായിക്കുവിൻ”

എന്ന വരികളും ദേശസ്‌നേഹത്തിന്റെ പൂവാടികളാണ്‌. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ‘ശിപായി ലഹള’ യെന്നു പേരിട്ടു വിളിച്ചതിലുള്ള അമർഷം വള്ളത്തോൾ കവിതയിൽ ഇങ്ങനെയുയരുന്നു.

‘ആയിരത്തെണ്ണൂറ്റമ്പ-

ത്തേഴായ ക്രിസ്‌തീയാബ്‌ദം

മായാത്ത മനശ്‌ചിത്ര

മാണു നമ്മൾക്കെന്നും

ആയാണ്ടിൻ മെയ്‌ മാസത്തെ

തൂ വെളിച്ചത്താലത്രേ

സ്വീയമാം കൽക്കെട്ടിനെ

കണ്ടു ഭാരതവർഷം

മുപ്പതു കോടിയുടെ

കൈയാമം മുറിക്കുവാ-

നബ്‌മരഭര, സ്‌മൽപൂ-

രായുധമെടുത്തപ്പോൾ

തൽപ്രഭാപൂരാൽ കണ്ണു

മഞ്ഞളിച്ചധീശൻമാർ

കൽപ്പിച്ചു നൽകീനാമം

ശിപായി ലഹളപോൽ.

വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിലും കവി പങ്കെടുത്തു. 1947ൽ മദ്രാസ്‌ സർക്കാർ മലയാളത്തിന്റെ ആസ്‌ഥാന കവിയായി ഇദ്ദേഹത്തെ ആദരിച്ചു. 1955 പത്‌മഭൂഷൻ ബഹുമതിയും ലഭിച്ചു.

വള്ളത്തോളും കുട്ടികളും

നിരവധി ബാലകവിതകളിലൂടെ കുട്ടികളുടെ കവിയുമായി വള്ളത്തോൾ ഒരുറക്കുപാട്ട്‌ എന്ന താരാട്ടു കവിത ഇതിനുദാഹരണമാണ്‌.

എൻ കുഞ്ഞുറങ്ങിക്കൊൾകെൻ-

കുഞ്ഞുറങ്ങിക്കൊൾകെൻ

കുഞ്ഞുറങ്ങിക്കൊൾകെന്റെ തങ്കം,

നാളെ പുലർകാലത്തുൻമേഷമിന്നത്തേ-

ക്കാളുമിണങ്ങി യുണർന്നെണീപ്പാൻ

രാമായണത്തിൽ നിന്ന്‌ അടർത്തിയെടുത്തെഴുതിയ കൊഞ്ചൽ എന്ന കവിത ഇപ്രകാരമാണ്‌.

കന്യക തീർമാനം ചെയ്‌തു – മറ്റാരും വേ-

ണ്ടെന്നെയെന്നമ്മതാൻ വേട്ടാൽ മതി

പൊട്ടിച്ചിരിച്ചുപോയ്‌ സർവ്വരും, കുട്ടിയോ

കെട്ടിപ്പിടിച്ചിതുമാതൃകണ്‌ഠം.

ശ്രീകൃഷ്‌ണനെ വർണിക്കുന്ന കണ്ണൻ എന്ന കവിതയും കുട്ടികൾക്ക്‌ ഏറെ ആസ്വാധ്യമാണ്‌.

“മറ്റു മാനന്ദമേകുന്ന പദാർത്ഥങ്ങൾ

മുറ്റുമൊത്തിട്ടുണ്ടി കൊച്ചുമെയ്യിൽ

മറ്റാരുമല്ലതു മാന്യയശോദതാൻ

കറ്റക്കിടവായ കണ്ണനെത്രെ.

വള്ളത്തോളും കലാമണ്ഡലവും

കേരളപ്പെരുമയായ കഥകളിലെ ലോക കലകളുടെ ശ്രേണിയിലെത്തിക്കാനുള്ള വള്ളത്തോളിന്റെ ശ്രമങ്ങളാണ്‌. പിന്നീട്‌ കേരള കലാമണ്ഡലമെന്ന കലാശാലയുടെ സ്‌ഥാപനത്തിലേക്കെത്തിച്ചത്‌. 1930-ൽ മുകുന്ദരാജാവിന്റെ സഹായത്തോടെയാണ്‌ ഭാരതപ്പുഴയുടെ തീരത്ത്‌ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്‌ഥാപിക്കപ്പെട്ടത്‌. കഥകളി, മോഹിനിയാട്ടം, പഞ്ചവാദ്യം, കൂത്ത്‌, ഓട്ടൻതുള്ളൽ, ചെണ്ട, കഥകളി സംഗീതം തുടങ്ങി കേരളീയമായ സകലകലകളുടെയും ഈറ്റില്ലമാണിന്ന്‌ കലാമണ്ഡലം. കഥകളിയുടെ രൂപവും വള്ളത്തോളിന്റെ മുഖവും ആലേഖനം ചെയ്‌ത്‌ തപാൽ സ്‌റ്റാമ്പും പുറത്തിറങ്ങിയിട്ടുണ്ട്‌.

വള്ളത്തോൾ പുരസ്‌കാരം

വള്ളത്തോളിന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ തുക 1, 11, 111 രൂപയാണ്‌. 1991 -ൽ ആദ്യ പുരസ്‌കാരം പാലാ നാരായണൻ നായർക്ക്‌ ലഭിച്ചു. 2006-ൽ ഒ.എൻ.വി. കുറുപ്പിനും 2007-ൽ സുകുമാർ അഴീക്കോടിനും പുരസക്കാരം ലഭിച്ചു. 2008-ൽ പുതുശേരി രാമചന്ദ്രൻ, 2009-ൽ കാവാലം നാരായണപണിക്കർ 2010-ൽ വിഷ്‌ണുനാരായണൻ നമ്പൂതിരി എന്നിവർക്കും ലഭിച്ചു. വൈക്കം മുഹമ്മദ്‌ ബഷീർ, ബാലാമണിയമ്മ, എം.പി. അപ്പൻ, പൊൻകുന്നം വർക്കി, തകഴി, അക്കിത്തം, ഡോ. കെ.എം. ജോർജ്‌, പ്രൊഫ. ഗുപ്‌തൻ നായർ, പി. ഭാസ്‌കരൻ, ടി. പത്മനാഭൻ നായർ, എം. ലീലാവതി, സുഗതകുമാരി, എം.ടി. വാസുദേവൻ നായർ എന്നിവർക്കും വള്ളത്തോൾ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

Generated from archived content: essay1_mar15_11.html Author: sivaprasd_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here