ചില തിരഞ്ഞെടുപ്പ് കഥകള്‍

ഒന്ന്

കുഗ്രാമത്തിലെ അംഗനവാടി പോളിംഗ് ബൂത്ത്‌ ആയി ചമഞ്ഞതാണ് .വോട്ടെടുപ്പ് തുടങ്ങി.അപ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്നും ദീനമായ ഒരു ശബ്ദം .

‘’എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല . ബാലറ്റ് പുറത്തേക്ക് തരാമോ ?‘’.

നോക്കുമ്പോള്‍ അസാധാരണമായി തടിച്ച ഒരു സ്ത്രീ രൂപം. ചരിഞ്ഞാലും നിവർന്നാലും അംഗന്‍വാടിയുടെ വാതിലൂടെ അകത്തേക്ക് കയറാന്‍ പറ്റുന്നില്ല .. അത് കരുതി ബാലറ്റ് യന്ത്രം പുറത്തേക്കു കൊണ്ട് പോകാനും വകുപ്പില്ല .

ഒരാളുടെ സമ്മതിദാനാവകാശം നിഷേധിക്കരുതല്ലോ . അവസാനം വഴി കണ്ടെത്തി സ്ത്രീയെ അംഗന്‍ വാടിയുടെ ജനലിനു അടുത്തേക്ക് കൊണ്ട് വന്നു. പുറത്ത് നിന്നും അഴികള്‍ക്കിടയിലൂടെ കൈ ഞെരുക്കി ഉള്ളില്‍ കടത്തി ബാലറ്റ് യന്ത്രത്തില്‍ ബട്ടന്‍ അമർത്തിച്ചു വോട്ടു ചെയ്യിപ്പിച്ച സന്തോഷത്തോടെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്ളിലേക്ക് .വോട്ടര്‍ ബൂത്തിനു പുറത്തേക്ക് .

രണ്ട്

സ്വതവേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആളെ നിയമിക്കുമ്പോള്‍ അവനവന്റെ മണ്ഡലത്തില്‍ നിന്നും ദൂരെ ഏതെങ്കിലും ബൂത്തിലായിരിക്കും നിയമിക്കുക .അപരിചിതമായ സ്ഥലം, രണ്ട് ദിവസത്തെ അലച്ചില്‍ ഒക്കെ ചില ആളുകളെ രണ്ടെണ്ണം വീശാന്‍ പ്രേരിപ്പിക്കും .അങ്ങിനെ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ തലേന്ന് ബൂത്തില്‍ എത്തി രാത്രി തന്നെ സേവ തുടങ്ങി . പാതിരാ വരെ നീണ്ടു ..പുലർച്ചക്ക് പിന്നെയും രാവിലെ വോട്ടെടുപ്പ് തുടങ്ങണം ..മറ്റു ഓഫിസര്‍ മാര്‍ ചേര്‍ന്ന് ഒരു വിധം ബൂത്ത്‌ ഒക്കെ സജ്ജീകരിച്ചു .രാവിലെ ആളുകള്‍ വന്നു ക്യൂ നിന്ന് തുടങ്ങി. അപ്പോളാണ് ബൂത്തായി സൗകര്യം ഒരുക്കിയ പ്രൈമറി സ്കൂളിന്റെ അടച്ചിട്ട വാതില്‍ തള്ളി തുറന്നു ഒരു അവതാരം പുറത്തിറങ്ങിയത് ..ആളുകളെ ഒന്നിച്ചു കണ്ടതോടെ അവതാരം അവര്‍ക്ക് നേരെ അലറി .

‘’എന്താടാ എല്ലാവരും ഇവിടെ വന്നു ക്യൂ നിക്കണത് ? ഇവിടെ എന്താടാ എലക്ഷന്‍ നടക്കുന്നുണ്ടോ ……മക്കളെ …‘’

പിന്നെ ഉണ്ടായ കാര്യം പറയേണ്ടതില്ലല്ലോ .

മൂന്ന്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആളെ എടുക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തുടങ്ങും ജീവനക്കാരുടെ പരവേശം. ഉത്തരവാദിത്വം ഉള്ള പണി, ഹാജരായില്ലെങ്കില്‍ അറസ്റ്റ്‌ ഒക്കെ ഭീഷണി ആണ്. കുഞ്ഞുങ്ങള്‍ ഒക്കെ ഉള്ള സ്ത്രീ ജീവനക്കാര്‍ ആണെങ്കില്‍ പറയുകയും വേണ്ട. അപ്പോള്‍ പിന്നെ ഒരേ ഒരു വഴി എങ്ങിനെ എങ്കിലും ഡ്യൂട്ടി ഒഴിവാക്കി എടുക്കുക എന്നതാണ് .പക്ഷെ ഇത് അത്ര എളുപ്പം നടക്കുന്ന പണി അല്ല താനും .അങ്ങിനെ ഒരു ടീച്ചര്‍ ഡ്യൂട്ടി ഒഴിവാക്കിയ അനുഭവം. ടീച്ചര്‍ക്ക് 24 വയസ്സ് നല്ല ആരോഗ്യം ,വിവാഹം കഴിഞ്ഞിട്ടില്ല ,പ്രാരാബ്ധങ്ങള്‍ കുറവ്. ഡ്യൂട്ടിക്ക് പോകാവുന്നത്തെ ഉള്ളൂ. ഒഴിവാക്കി കിട്ടാന്‍ ഒരു നിർ വാഹവും ഇല്ല. അപ്പോള്‍ ടീച്ചര്‍ കണ്ടുപിടിച്ച പണി ..ഉടന്‍ ഒരു അഞ്ഞൂറ് രൂപ കെട്ടി നോമിനേഷന്‍ കൊടുത്തു സ്ഥാനാര്‍ഥിയായി . അപ്പോള്‍ പിന്നെ ഡ്യൂട്ടിക്ക് പോകേണ്ടല്ലോ . ജയിക്കണം എന്ന വാശി ഇല്ലാത്തതിനാല്‍ പ്രചാരണത്തിനും പോകേണ്ട.

നാല്

തിരഞ്ഞെടുപ്പിന് ബൂത്തില്‍ ഡ്യൂട്ടിയ്ക്ക് നിയമിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം കൂടും .പ്രിസൈഡിംഗ് ഓഫീസര്‍ക്ക്‌ ഒരു ജുഡിഷ്യല്‍ ജഡ്ജിയുടെ അധികാരം ആണ് .ബൂത്തിനു ഇരുനൂറു മീറ്റര്‍ പരിധിയില്‍ പുറത്ത് സായുധരായ പോലിസ്‌ ,ആര്‍മി സംഘം ഉണ്ടാകും .പ്രിസം ന്റിഗ് ഓഫീസര്‍ വെടി വയ്ക്കാന്‍ ഓര്‍ഡര്‍ കൊടുത്താല്‍ സൈന്യം വെടി വക്കണം .അത്ര അധികാരം ആണ് പ്രിസംന്റിഗ് ഓഫീസര്‍ക്ക് .

ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവര്‍ക്കുള്ള പരിശീലന ക്ലാസ്സില്‍ പരിശീലകന്‍ ക്ലാസ് എടുക്കുകയാണ് .

അത് വരെ ക്ലാസ്സ്‌ അത്ര തന്നെ ശ്രദ്ധിക്കാത്ത അതെ സമയം ഉത്തര വാദിത്വത്തില്‍ അമിത ഭയവും ഉള്ള ഒരു വനിതാ പ്രിസൈഡിംഗ് ഓഫീസര്‍ കസേരയില്‍ നിന്നും ചാടി എഴുനേറ്റു ചോദിച്ചു ..

‘’സാര്‍ സാര്‍ ഒരിക്കല്‍ കൂടി പറയു സാർ ,കേട്ടില്ല ..എപ്പോളാണ് സാര്‍ വെടി വക്കേണ്ടത് ..? രാവിലെയോ അതോ ഉച്ചക്ക് ആണോ ?‘’

അഞ്ച്

ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാര്‍ . തസ്തികയില്‍ ഭാര്യ അല്പം ഉയര്‍ന്നും ഭര്‍ത്താവ് താഴെയും ആണ് . ഇതിന്റെ പേരില്‍ വീട്ടില്‍ തന്നെ അല്ലറ ചില്ലറ സൌന്ദര്യ പിണക്കം നിലവില്‍ ഉള്ളപ്പോള്‍ ആണ് തിരഞ്ഞെടുപ്പ് ജോലി വരുന്നത് . കഷ്ടകാലം വരുന്ന വരവ് നോക്കണം. രണ്ടാള്‍ക്കും ഡ്യൂട്ടി കിട്ടി അതും ഒരേ ബൂത്തില്‍. ഭാര്യ പ്രിസൈഡിംഗ് ഓഫീസര്‍ , ഭര്‍ത്താവ് രണ്ടാം പോളിംഗ് ഓഫീസര്‍ ..ഭാര്യയ്ക്കാണ് അധികാരം കൂടുതല്‍ ..ഭര്‍ത്താവ് വിടുമോ ?

പരാതിയുമായി ജില്ലാ കലക്ടറുടെ ഓഫിസില്‍ എത്തി .

സാറേ വീട്ടില്‍ തന്നെ അവള്‍ക്കാണ് കൂടുതല്‍ അധികാരം .അതിപ്പോള്‍ വീട്ടിലല്ലേ ആരും കാണില്ലെന്ന് വയ്ക്കാം .ഇത് പോളിംഗ് ബൂത്തില്‍ നാല് ആളു കാണുന്നിടത്ത് അവള്‍ പ്രിസടിംഗ് ഓഫീസര്‍ ആയാല്‍ എനിക്ക് കുറച്ചിലാണ് ..ഒന്നുകില്‍ എന്നെ പ്രിസൈഡിംഗ് ഓഫീസര്‍ ആക്കണം .അല്ലെങ്കില്‍ ഭാര്യ ഇല്ലാത്ത വേറെ ബൂത്തിലേക്ക് എന്നെ മാറ്റണം . മൂന്നാം പോളിംഗ് ഓഫിസര്‍ ആയിട്ടായാലും മതി ..

ആറ്

നഗരത്തിലെ ഒരു കോളേജ്‌ ആണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളുടെ കേന്ദ്രം. ഇവിടെ നിന്നാണ് ബാലറ്റ് വിതരണം, ജീവനക്കാര്‍ക്കുള്ള യാത്രാ സൗകര്യം ഒക്കെ. അതിനായി എത്തിയതാണ് രണ്ട് പേര്‍. രണ്ട് പേര്‍ക്കും പ്രിസടിംഗ് ഓഫിസര്‍ ആയാണ് നിയമനം . കുറെ കാലം മുമ്പ് ഒരേ ഓഫീസില്‍ ഒപ്പം ജോലി ചെയ്ത സുഹൃത്തുക്കള്‍ രാവിലെ യാദൃചികമായി കണ്ടു മുട്ടിയതാണ് . അവര്‍ വരാന്തയോട് ചേര്‍ന്ന് നിന്ന് പഴയ കാലത്തെ രസങ്ങള്‍ പങ്കിട്ടു പറയുകയാണ്‌ . അരമണിക്കൂര്‍ ആയി ..മുക്കാല്‍ മണിക്കൂര്‍ ആയി അവര്‍ വര്‍ത്തമാനം പറഞ്ഞു തീരുമ്പോള്‍ അവര്‍ക്ക് പിറകെ നീണ്ട ക്യൂ അര കിലോമീറ്റര്‍ പിന്നിട്ടിരുന്നു .

സുഹൃത്തുക്കള്‍ ആയ പോളിംഗ് ഓഫീസര്‍ മാര്‍ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നത് കണ്ടു കാര്യം അറിയാതെ ഡ്യൂട്ടി സംബന്ധിച്ചവർ ആയിരിക്കും എന്ന് കരുതി ആളുകള്‍ അവര്‍ക്ക് പിന്നാലെ വരി നിന്നതാണ്.പിന്നെ വന്നവര്‍ അതിന്നു പിറകെ..അങ്ങിനെ ആണ് വലിയ ക്യൂ ആയത് .

ഏഴ്

വോട്ടെടുപ്പിനിടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ ഒരു വോട്ടറെ കരിങ്കാലിയാക്കി .സംഗതി സത്യം ആണ് സ്ഥലം പോളിംഗ് ബൂത്ത്‌ .പേര് വിളിച്ച വോട്ടര്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് . ചൂണ്ടു വിരലില്‍ മഷി പുരട്ടാന്‍ നില്‍ക്കുന്നു .സ്വതവേ പേടിക്കാരി ആയ ഓഫീസര്‍ ,ആദ്യമായി ഒരാളുടെ കയ്യില്‍ മഷി കുത്തുകയാണ് . ധൃതിയില്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ചു തുറന്നു .കുപ്പി കയ്യില്‍ നിന്നും മേശപ്പുറത്തെക്ക് അവിടെന്ന് നേരെ താഴേക്കും. കാത്തു നിന്ന വോട്ടറുടെ കാലിലേക്ക് വോട്ടറുടെ കാല്പത്തി മുഴുവന്‍ മഷി പരന്നു. വോട്ടു മഷി അല്ലെ ? തുടച്ചാലും തുടച്ചാലും പോകുകയും ഇല്ല .മഷി തട്ടിപ്പോയത്തോടെ പിന്നെ വോട്ടിനെത്തിയവര്‍ക്ക് മഷി പുരട്ടാന്‍ മാര്‍ഗം ഇല്ലാതായി. മഷി പുരട്ടാതെ പറ്റുകയും ഇല്ല.പിന്നെ അടുത്ത ബൂത്തിലെ ആളുകള്‍ സഹായിച്ചാണ് വോട്ടിംഗ് നടന്നത്. ..അങ്ങിനെ കാലില്‍ മഷി പരന്ന ആ വോട്ടര്‍ ആറുമാസത്തോളം നാട്ടില്‍ കരിങ്കാലി ആയി നടന്നു .

എട്ട്

വോട്ടെടുപ്പിന് എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ വാഹനങ്ങളില്‍ മാത്രം പോകണം എന്നാണു ചട്ടം . പോളിങ്ങിന്റെ രഹസ്യ സ്വഭാവവും സുരക്ഷയും കാക്കുന്നതിനു വേണ്ടിയാണ് അത് .അങ്ങിനെ ബാലറ്റ് യന്ത്രങ്ങളുടെ വിതരണം കഴിഞ്ഞു . എല്ലാവരും പോകാന്‍ വേണ്ടി ബസ്സുകള്‍ തയ്യാറായി. ഒരു ബൂത്തിലെക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ കാണാനില്ല . ഇവര്‍ക്ക് വേണ്ടി കാത്തു മറ്റുള്ളവരുടെയും നേരം വൈകുന്ന നിലയായി .അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇവര്‍ സര്‍ക്കാര്‍ വാഹനത്തിനു കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് കിട്ടിയ ഒരു ഓട്ടോ വിളിച്ചു പോളിംഗ് ബൂത്തിലേക്ക് വച്ചു പിടിച്ചതാണ് .

ഇതിനിടെ മറ്റൊരു സംഭവം . ഒരു പ്രിസിടിംഗ് ഓഫീസറെ കാണാന്‍ ഇല്ല . ഒരു എലെക്ടോനിക് ബാലറ്റ് മെഷീന്‍ ചുമരില്‍ ചാരി വച്ച നിലയില്‍ അനാഥമായി കാണുകയും ചെയ്തു . പിന്നെ ഇദ്ദേഹത്തിനായി തിരച്ചില്‍ ആയി. അവസാനം നഗരത്തിലെ ഒരു ബാറില്‍ നവ രസങ്ങളോടും കൂടെ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി എന്ന് രഹസ്യം .

ഒമ്പത്

വോട്ടെടുപ്പിന് മുന്നോടി ആയുള്ള നിരവധി പരിശീലന ക്ലാസുകള്‍ ഉണ്ട് . ഇതിനു പലരും വൈകി വരുന്നത് കണ്ടപ്പോള്‍ ഉത്തരവാദിത്വം കൂടിയ ഒരു പരിശീലകന്‍ വൈകി വരുന്ന എല്ലാരും ഒപ്പിടുമ്പോള്‍ വിശദീകരണം എഴുതണം എന്ന് നിബന്ധന വച്ചു. ആദ്യം എത്തിയത് ഗര്‍ഭിണി ആയ ഒരു എല്‍ പി സ്കൂള്‍ ടീച്ചര്‍. വൈകിയതിന് കാരണം ആയി ടീച്ചര്‍ എഴുതി ..ഗര്‍ഭിണി ആയത് കാരണം നടക്കാന്‍ വേഗത പോര. അത് കൊണ്ട് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ്സ്‌ പോയി. പിന്നെ വൈകി വന്നവര്‍ ഒക്കെ ആണുങ്ങള്‍ ആയിരുന്നു. അവര്‍ ഈ നിബന്ധന കാര്യം ഒന്നും അറിഞ്ഞിരുന്നില്ല. ഇവര്‍ എല്ലാരും ഒപ്പിട്ടതിനു ശേഷം ടീച്ചര്‍ കാരണം എഴുതിയ കോളത്തിന് താഴെ ടിറ്റോ (ആവര്‍ത്തന ചിഹ്നം )ഇട്ടു വച്ചു . പിന്നീട് വന്നവര്‍ ഒക്കെ ഇത് ആവര്‍ത്തിച്ചു . അവസാനം നിബന്ധന വച്ച ഉദ്യോഗസ്ഥന്‍ വന്നു പരിശോധിച്ചപ്പോള്‍ ഹാജരായ പുരുഷ പ്രജകളില്‍ ഭൂരിഭാഗം പേരും ഗര്‍ഭം ഉള്ളവര്‍

Generated from archived content: story2_apr29_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here