കവിത ഒരു കൊലപാതകം
കവി പാതകി
നേരം പുലരുമ്പോള്‍
പോലീസ് നായ
കവിതയില്‍ നിന്നും ഓടിപ്പോയ
ബിംബങ്ങളുടെ മണം പിടിക്കും
വിരലടയാള വിദഗ്ദര്‍
വരികളോട് തൊട്ടിരുന്ന
ആത്മാക്കളെ കണ്ടു പിടിക്കും
പ്രചോദനങ്ങള്‍ തൊടിയിലെ
വാഴകള്‍ക്കു മറവില്‍ നിന്നും
പുറത്ത് വഴിയില്‍ ആരും കാണാതെയും
എത്തി നോക്കും .
ചില സ്വകാര്യ കുറ്റാന്വേഷകര്‍
കവിയുടെ തലവര വരെ
കുഴിച്ചെടുക്കും
പാതകത്തിന് പ്രേരണ നല്‍കിയവരെ
ഒറ്റമുറിയില്‍
രഹസ്യമായി ചോദ്യം ചെയ്യും
.പൊതു ജനം വരും
കുശുകുശുക്കും
മൂക്കത്ത് വിരല്‍ വക്കും
കാതുകള്‍ കൊണ്ട് സംസാരിക്കും
സുഹൃത്തുക്കളും ശത്രുക്കളും
കൂടി നില്‍ക്കും
ഒരേ പോലെ സഹതപിക്കും
പത്രക്കാര്‍ വരും
പല കോണില്‍ കവിത കിടക്കുന്ന
തിരിയും മറിയും
പ്രസിദ്ധപ്പെടുത്തും …
പായയില്‍ പൊതിഞ്ഞു
കവിതയെ പോസ്റ്മോര്‍ട്ടത്തിനു
കൊണ്ട് പോകുമ്പോള്‍
കവി വിലങ്ങണിഞ്ഞു
വിചാരണക്ക് കുപ്പായമൂരും
Generated from archived content: poem6_mar18_15.html Author: sivaprasad_palod