അടക്കം

ഒന്ന് പോടാ ജീവിതമേ

നീ വരച്ചു വച്ച പാളത്തിലൂടെ
കൂകിപ്പായാന്‍
ഞാനെന്താ നിന്റെ തീവണ്ടിയാണോ ?

ഒന്ന് പോടാ
പോയി പണി നോക്കടാ
നീ പച്ച കാട്ടുമ്പോള്‍ പായാനും
ചുകപ്പു കാട്ടിയാല്‍ നില്‍ക്കാനും
ഞാനെന്താ നിന്റെ തീവണ്ടിയാണോ?

നിന്റെയൊരു ഒടുക്കത്തെ
അപായ ചങ്ങല …

നീ അത് വലിക്കുംപോളെക്കും
നിന്റെ നശിച്ച പാളം വിട്ട്‌
അടിവസ്ത്രങ്ങള്‍ അലക്കിയിട്ടപോലെ
കൊടികള്‍ കൊണ്ട് നീ അലങ്കരിച്ച
സ്റേഷനുകളെ തിരിഞ്ഞു പോലും നോക്കാതെ
ഞാന്‍ പറ പറന്നിരിക്കും
കുരുവി ക്കൂട്ടത്തിനോപ്പം

ഞാന്‍ നിന്റെ തീവണ്ടിയല്ല
ഒരു വണ്ടി തീ മാത്രം .

Generated from archived content: poem3_feb20_15.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here