വിഴുപ്പുകള്‍

പാത കിതച്ചു കൊണ്ട്
ചുരം കയറുന്നു

ഒന്നാം വളവ്
സംശയത്തിന്റെ
ഓരോട്ടോരിക്ഷ
കൂര്‍ത്ത് നോക്കി പോകുന്നു

വിലവെള്ളത്തിന്റെയും
വിസ്കിയുടെയും
തരിശുകുപ്പികള്‍
ഇണചേര്‍ന്ന്
കുടുംബാസൂത്രണ
ഉപാധികളുടെയും
വന്ധ്യതാ നിവാരണ കേന്ദ്രത്തിന്റെയും
ബോര്‍ഡുകള്‍ വളവു പങ്കിടുന്നു

രണ്ടാം വളവ്
ജടയഴിചിട്ടത് പോലെ
ഒരു പറങ്കിമാവിന്‍ തോട്ടം
തലവീര്‍ത്തു ഉടലു ചുങ്ങിയ
എന്ടോസള്‍ഫാന്‍ കുട്ടികളെ പോലെയാണ്
പറങ്കിമാങ്ങകള്‍ എന്ന്
നീ ഒരുപമ പറഞ്ഞു
മൂലക്കുരു ,അര്‍ശസ്സ്
പുറത്ത് പറയരുതാത്ത
രോഗങ്ങളുടെ നിര്‍മാര്‍ജനം
ചുമര്ചിത്രങ്ങളാകുന്നു

മൂന്നാം വളവ്‌
അരികു ചേര്‍ത്ത് നിര്‍ത്തി
മുടിയിഴകളിലേക്ക്
വിരലുകള്‍ തിരുകി
ഒരു ദീര്‍ഘ ചുംബനം
തരപ്പെടുത്തിയിടുക്കവേ
വശത്തൊരു മരത്തില്‍
പല്ലിളിച്ചു ഒരു കുരങ്ങന്‍
പൃഷ്ടം ചൊറിഞ്ഞു
ഒരു നഗരത്തുണിക്കടയുടെ
തുണിയില്ലാ പരസ്യം
മലര്‍ന്നു കിടക്കുന്നു

നാലാം വളവ്
നിര്‍ത്തി നോക്കിയാല്‍
അകലെ പട്ടണം കാണാം എന്നും പറഞ്ഞു
പുറത്തിറങ്ങിയ നീ
ഗതികെട്ടമണം ശ്വസിച്ചു
ഓക്കാനിച്ചു തിരിച്ചു കയറി
മണ്ണിടിച്ചിലിനു കെട്ടിയ ഭിത്തിയില്‍
വെള്ള പൂശി പാര്‍ടി പ്ലീനത്തിന്റെ
ചുവരെഴുത്തുകള്‍
സഖാവും സഖാവും
അണപ്പല്ലുകള്‍ ഞെരിച്ചു
മുന്‍പല്ലുകള്‍ കൊണ്ട്
ഐക്യപ്പെട്ട ഫ്ലക്സുകള്‍..
പഞ്ച നക്ഷത്ര സത്രത്തിന്റെ
ആര്‍ഭാടതീന്‍മേശകളില്‍
മുഖമില്ലാത്ത രൂപങ്ങള്‍
കോഴിക്കാല് പറിക്കുന്നു

അഞ്ചാം വളവ്
ഒരരുവി
തണുപ്പ് കല്ലിച്ച വെള്ളത്തില്‍
നിന്റെ പാദസരങ്ങള്‍
മുങ്ങിക്കുളിച്ചു
ഒരു കൈക്കുമ്പിള്‍ വെള്ളം കൊണ്ട്
നീ എന്നെ അഭിഷേകം ചെയ്തു
ചേര്‍ത്ത് പിടിക്കുമ്പോള്‍
നമ്മള്‍ രണ്ടു അരുവികള്‍ ആയിരുന്നു
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ
സ്വാഗതം വിരിഞ്ഞു നില്‍ക്കുന്നു

ആറാം വളവ്
ഇറങ്ങി വരുന്ന ഏതോ ലോറിയുടെ
നിലവിളി
കടന്നു പോയപ്പോള്‍ കുറ്റിയറുത്ത
കാട്ടുമരങ്ങളുടെ
നീണ്ടു നിവര്‍ന്ന ശവങ്ങള്‍
ജനസമ്പര്‍ക്കത്തിന്റെ
വീമ്പിളക്കലുകള്‍
വികസനന നായകന് അഭിവാദ്യങ്ങള്‍
പാറകളെ പോലും വെറുതെ വിടാത്ത
രാഷ്ട്രീയ പരസ്യങ്ങള്‍

ഏഴാം വളവ്
ഈയിടെ എങ്ങിനെ
കലാപരമായി ആത്മഹത്യ ചെയ്യാം
എന്ന ഒരു പുസ്തകം വായിച്ചെന്നും
കെട്ടിപ്പിടിച്ചു കൊണ്ട്
കൊക്കയിലേക്ക് ചാടിയാല്‍
കലാപരമായിരിക്കുമോ ,
ചിതറിക്കിടക്കുന്ന എണ്ണമറ്റ
പ്ളാസ്റിക് ഉറകള്‍
നിത്യശാന്തികിട്ടാത്ത ആത്മാക്കളാണെന്നും
നീ ഓര്‍മിപ്പിച്ചിരുന്നു

എട്ടാം വളവ്
വെള്ളച്ചാട്ടം കാണാന്‍
കുട്ടിയും പട്ടിയും ഉള്‍പ്പെടെ
ഏതോ കുബേര കുടുംബം
കൂട്ടത്തില്‍ ഒരുത്തന്റെ
കൂര്‍ത്ത നോട്ടം
സാരി അല്പം മാറിപ്പോയ
നിന്റെ വയറില്‍ കൊണ്ട്
നൊന്തെന്നു പറഞ്ഞു
നീ വിലക്കി
ഹരിത രാഷ്ട്രീയം മൊട്ടിട്ടു നില്‍ക്കുന്ന
ബാനറുകളില്‍ വെളുക്കെ ചിരിച്ചു
മുഖം മൂടികള്‍

ഒമ്പതാം വളവ്
തീ പിടുത്തം സൂക്ഷിക്കുക
എന്ന പലകയില്‍ നിന്നും
കാട്ടുപക്ഷി പറന്നു പോയി
നമുക്ക് തീ പിടിച്ചു തുടങ്ങിയിരുന്നു
പേയ് പിടിച്ച തീ
തീ പിടിച്ച പേയ്
ആളിക്കത്തി നമ്മളില്‍ തന്നെ
പിടഞ്ഞു തീര്‍ന്ന തീ
കെട്ടുപോയതറിയാതെ
പുകഞെത്ര നമ്മള്‍ ?
വഴിയിലെതോ മരത്തിന്‍
തൊലിപ്പുറത്ത് പച്ചകുത്തിയ
പ്രണയ സമവാക്യങ്ങള്‍
സ്വര്‍ണക്കടയുടെ മഞ്ഞച്ചിരി

പത്താം വളവ്
കയറ്റം കഴിയുകയാണ്
നന്ദി വീടും വരികെന്നു
അതിരിടുന്ന
കാട്ടുപഞ്ചയത്തുകള്‍
രഹസ്യവും പരസ്യവുമായ
എല്ലാ ജനായത്ത രോഗങ്ങള്‍ക്കും
ഒറ്റമൂലി നോട്ടീസുകള്‍
ജോലി വാഗ്ദാനങ്ങള്‍ ,
ആള്‍ദൈവങ്ങളുടെ
അധിക പ്രസംഗങ്ങള്‍,
ആരാധനാലയങ്ങള്‍
അനാഥശാലകള്‍ എന്നിവയുടെ
പിച്ചതെണ്ടല്‍ മന്ത്രങ്ങള്‍

എന്തൊക്കെയോ പായാരങ്ങള്‍
പിറുപിറുത്ത്
മൂടല്‍ മഞ്ഞു നമ്മളെ
വാത്സല്യത്തോടെ
പൊതിഞ്ഞു പിടിക്കുന്നു

Generated from archived content: poem2_jan4_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English