അവന്‍ എന്നാല്‍
പുരുഷന്‍ ,കള്ളന്‍,
ബാലന്‍ എന്നാല്‍
പുല്ലിംഗവും
അവള്‍ എന്നാല്‍
സ്ത്രീ ,കള്ളി ,
ബാലിക എന്നാല്‍
സ്ത്രീലിംഗവും ആണെന്ന്
വ്യാകരണ ക്ലാസ്സിലാണ്
ആദ്യം അറിഞ്ഞത്
അതുവരെ
കല്ല് ,കള്ളം ,എന്നിവ പോലെ
എല്ലാം നപുംസക ലിംഗങ്ങളും
ആളുകള്‍ മൃഗങ്ങള്‍ കുട്ടികള്‍
അവര്‍ എന്ന പോലെ
അലിംഗങ്ങള്‍ ആയും
അചേതനങ്ങളും ആയും
നിലനിന്നിരിക്കണം
നിഴലുകള്‍
വേര്‍തിരിവില്ലാതെ
കൂടിപ്പിണഞ്ഞും
വ്യാകരണത്തെ പറ്റി
വ്യാകുലപ്പെടാതെയും
കഴിഞ്ഞു പോരുകയായിരുന്നു
പെട്ടെന്നൊരു ദിവസമാണ്
നിഴലുകളില്‍
ലിംഗഭേദം തിരഞ്ഞു തുടങ്ങിയത്
അപ്പോള്‍ ,
അപ്പോള്‍
പേശികള്‍ പെരുപ്പിച്ചു
കൂര്‍ത്ത് നോക്കുന്ന ,ചിലപ്പോളൊക്കെ
തല കുനിച്ചു നില്‍ക്കുന്ന
ആണ്‍ നിഴലും
കാല്‍ നഖം കൊണ്ട്
ചിത്രം വരയ്ക്കുന്ന
വാതില്‍ പഴുതില്‍ നിന്നും
പാളി നോക്കുന്ന ,
ചിലപ്പോളൊക്കെ
മുടിയഴിച്ചാടുന്ന
പെണ്‍ നിഴലും
ഗൃഹപാഠപുസ്തകം
നിറഞ്ഞു തുടങ്ങി
അച്ഛന്‍ അമ്മ
തന്ത തള്ള
പോത്ത് എരുമ
കാള പശു
എന്നിവയൊക്കെപ്പോലെ
ആണ്‍ സൈക്കിള്‍
പെണ്‍ സൈക്കിള്‍
ആണ്‍ പേന
പെണ്‍ പേന ,
ആണ്‍ റോഡ്
പെണ്‍ റോഡ് ,
ആണ്‍ കിണര്‍
പെണ്‍കിണര്‍ ..
പിന്നിങ്ങനെ സര്‍വതിലും
ലിംഗഭേദം തിരയുവാന്‍
പ്രാപ്തനാക്കിയ
വ്യാകരണ പുസ്തകമേ
ജീവിതമേ
നിന്നോടിപ്പോള്‍ എനിക്ക്
വെറുപ്പെന്ന ലിംഗാതീതമായ
വികാരം മാത്രം
നരച്ചു പൊന്തുന്നു ..
(അസ്വസ്ഥനായ ആണ്‍ നിഴല്‍
ഓസ്‌ട്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍ (ഗായത്രി) രചിച്ച ‘ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും
ഓര്‍മക്കുറിപ്പ്’ എന്ന പുസ്തകത്തിലെ പ്രയോഗം)
Generated from archived content: poem1_mar18_14.html Author: sivaprasad_palod