ഫോസില്‍

കണ്ടെടുക്കുംപോള്‍
അത് ഏറെ
ദ്രവിച്ചു പോയിരുന്നു
നവീനം എന്ന് ഭാവിക്കുന്ന
ചില ആശയങ്ങള്‍ പോലെ

അതിന്റെ ചിതല്‍ പിടിച്ച
ശീലയില്‍
മണക്കുന്നുണ്ടായിരുന്നു
ഒരു പെരുമഴക്കാലം

വിയര്‍ക്കുന്നുണ്ടായിരുന്നു
ജീവിതം പോലെ
കടുത്ത ചില വേനലുകള്‍

കെട്ടടര്‍ന്ന കമ്പികളില്‍
കുരുങ്ങിക്കിടപ്പുണ്ടായിരുന്നു
ഒരു കാറ്റ്
മഴവില്ലിന്റെ ഒരു കഷണം
വഴിതെറ്റിവന്ന
ഒരു പൂമ്പാറ്റ

കൈപ്പിടിയില്‍
കാലഹരണപ്പെട്ടുപോയ
സ്വപങ്ങള്‍ ഒക്കെയും
ചളിപിടിച്ചു
ഒട്ടിക്കിടപ്പുണ്ടായിരുന്നു

കണ്ണീരും ചിരിയും
സീല്‍ക്കാരവും നിശ്വാസവും
പ്രതിഷേധവും പ്രതികാരവും
വിരഹവും സമാഗമവും
കൂട്ടലും കിഴിക്കലും
കടവും കുടിയിരുപ്പും
എല്ലാം അതില്‍
പതിഞ്ഞു കിടന്നിരുന്നു

അതൊരു
ശീലക്കുടയുടെ
ഫോസില്‍ ആയിരുന്നു

Generated from archived content: poem1_july30_12.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here